Monday, December 17, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.35 AM

ഹിറ്റായ ഹിറ്റ്‌ വിക്കറ്റ്‌

uploads/news/2018/03/200193/4.jpg

കൊളംബോ: രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ ഹിറ്റ്‌ വിക്കറ്റാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന 'നേട്ടം' കര്‍ണാടകയുടെ യുവ താരം ലോകേഷ്‌ രാഹുലിന്‌. നിദാഹാസ്‌ ട്രോഫി ത്രിരാഷ്‌ട്ര ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന മത്സരത്തിലാണു രാഹുല്‍ ഹിറ്റ്‌ വിക്കറ്റായി 'റെക്കോഡിട്ടത്‌'.
ലെഗ്‌ സ്‌പിന്നര്‍ ജീവന്‍ മെന്‍ഡിസ്‌ എറിഞ്ഞ പത്താം ഓവറിലാണു സംഭവം. പന്ത്‌ നേരിടാന്‍ പിന്നോട്ടിറങ്ങി കളിച്ച രാഹുലിനു പിഴച്ചു. താരത്തിന്റെ കാല്‍ തട്ടി ബെയ്‌ല്‍സ്‌ വീണു. രാഹുല്‍ ഹിറ്റ്‌ വിക്കറ്റായതോടെ ഇന്ത്യ നാലിന്‌ 85 റണ്ണെന്ന നിലയിലായി. നായകന്‍ രോഹിത്‌ ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ്‌ റെയ്‌ന എന്നിവര്‍ പുറത്തായതോടെ പരുങ്ങിയ ഇന്ത്യക്കു രാഹുലിന്റെ ഹിറ്റ്‌ വിക്കറ്റ്‌ കൂടുതല്‍ ആഘാതമായി. പക്ഷേ മനീഷ്‌ പാണ്ഡെയുടെയും ദിനേഷ്‌ കാര്‍ത്തിക്കും ചേര്‍ന്ന്‌ ഇന്ത്യയെ ജയത്തിലേക്കെത്തിച്ചു.
ട്വന്റി20 ക്രിക്കറ്റില്‍ ഹിറ്റ്‌ വിക്കറ്റാകുന്ന പത്താമനാണു രാഹുല്‍. ഡേവിഡ്‌ ഒബൂയെ, എ.ബി.ഡിവിലിയേഴ്‌സ്, ദിനേഷ്‌ ചാന്‍ഡിമല്‍, മിസ്‌ബ ഉള്‍ ഹഖ്‌, മുഹമ്മദ്‌ ഹഫീസ്‌, ഗാരേത്‌ ഹോപ്‌കിന്‍സ്‌, അംജദ്‌ ജാവേദ്‌, കാളം മക്ലിയോഡ്‌, മാര്‍ക്‌ ചാപ്‌മാന്‍ എന്നിവരാണു മുന്‍ഗാമികള്‍. ഇതില്‍ ഡേവിഡ്‌ ഒബൂയെയും മിസ്‌ബയും നേരിട്ട ആദ്യ പന്തില്‍ ഹിറ്റ്‌ വിക്കറ്റായി.
ഏകദിനത്തില്‍ നാല്‌ ഇന്ത്യക്കാരാണു ഹിറ്റ്‌ വിക്കറ്റായത്‌. രാജ്യാന്തര തലത്തില്‍ 65 തവണ ഹിറ്റ്‌ വിക്കറ്റുകള്‍ രേഖപ്പെടുത്തി. പാകിസ്‌താനെതിരേ 1995 ല്‍ നടന്ന ഏകദിനത്തില്‍ ഹിറ്റ്‌ വിക്കറ്റായ നയന്‍ മോംഗിയയാണ്‌ ഒന്നാമന്‍. 2003 ല്‍ ന്യൂസിലന്‍ഡിനെതിരേ അനില്‍ കുംബ്ലെയും മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 2008 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയും ഹിറ്റ്‌ വിക്കറ്റായി. ഇംഗ്ലണ്ടിനെതിരേ 2011 ല്‍ നടന്ന ഏകദിനത്തില്‍ ഹിറ്റ്‌ വിക്കറ്റായ വിരാട്‌ കോഹ്ലിയാണ്‌ ഏറ്റവും ഒടുവില്‍ പട്ടികയില്‍ ഇടംപിടിച്ചത്‌. ടെസ്‌റ്റിലും ഏകദിനത്തിലും ഹിറ്റ്‌ വിക്കറ്റായ ഏക താരവും കോഹ്ലിയാണ്‌. ടെസ്‌റ്റിന്റെ ചരിത്രത്തില്‍ ഇതുവരെ 158 ഹിറ്റ്‌ വിക്കറ്റുകളുണ്ടായി. മുന്‍ നായകന്‍ ലാലാ അമര്‍നാഥാണ്‌ ഹിറ്റ്‌ വിക്കറ്റായ ആദ്യ ഇന്ത്യന്‍ താരം. മുന്‍ താരം മൊഹീന്ദര്‍ അമര്‍നാഥ്‌ കരിയറില്‍ മൂന്നുവട്ടമാണു ഹിറ്റ്‌ വിക്കറ്റായത്‌. രാഹുല്‍ അസാധാരണ റെക്കോഡ്‌ നേടിയ മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിനു ജയിച്ചിരുന്നു. രണ്ടു മത്സരങ്ങള്‍ ജയിച്ചതോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ സജീവമായി. മനീഷ്‌ പാണ്ഡെ (42), ദിനേഷ്‌ കാര്‍ത്തിക്‌ (39) എന്നിവരുടെ 68 റണ്ണിന്റെ അപരാജിത കൂട്ടുകെട്ടാണു ജയത്തിന്റെ അടിത്തറ. പ്രേമദാസ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 152 റണ്ണെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യ തിരിച്ചടിച്ചതോടെയാണു ലങ്ക ഒതുങ്ങിയത്‌. 27 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്ത പേസര്‍ ശാര്‍ദൂല്‍ ഠാക്കൂറാണ്‌ ബൗളര്‍മാരില്‍ തിളങ്ങിയത്‌.

വാഷിങ്‌ടണ്‍ സുന്ദര്‍ രണ്ട്‌ വിക്കറ്റും ജയദേവ്‌ ഉനാത്‌കട്ട്‌, യുസ്‌വേന്ദ്ര ചാഹാല്‍, വിജയ്‌ ശങ്കര്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. 55 റണ്ണെടുത്ത ഓപ്പണര്‍ കുശല്‍ മെന്‍ഡിസാണു ലങ്കയുടെ ടോപ്‌ സ്‌കോറര്‍. മഴ മൂലം വൈകി ആരംഭിച്ച മത്സരം 19 ഓവര്‍ വീതമാക്കി ചുരുക്കിയിരുന്നു. ഉപുല്‍ തരംഗ (24 പന്തില്‍ 22), ധനുഷ്‌ക ഗുണതിലകെ (എട്ട്‌ പന്തില്‍ 17), നായകന്‍ തിസാര പെരേര (ആറ്‌ പന്തില്‍ 15), ശനക (16 പന്തില്‍ 19) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനോട്‌ അഞ്ചു വിക്കറ്റിനു തോറ്റതിന്റെ ക്ഷീണത്തിലാണു ലങ്ക കളിക്കാനിറങ്ങിയത്‌. ഇന്ത്യ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട്‌ അഞ്ചു വിക്കറ്റിനു തോറ്റിരുന്നു. ബംഗ്ലാദേശിനെ ആറു വിക്കറ്റിനു തോല്‍പ്പിച്ചാണ്‌ ഇന്ത്യ മത്സരത്തിലേക്കു തിരിച്ചുവന്നത്‌.

Ads by Google
Wednesday 14 Mar 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW