Monday, June 24, 2019 Last Updated 15 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 04.44 PM

പത്തില്‍ എട്ടു പൊരുത്തവുമായി ജീവിതം തുടങ്ങി; മറ്റൊരു സ്ത്രീ കണ്ടപ്പോള്‍ കുട്ടികളെ പോലും മറന്ന് ഇറങ്ങിപ്പോയ സുഗുണനില്‍ നിന്ന് ജീവനാംശം പോലും കൈപ്പറ്റാതെ സിന്ധുവിനെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഈ നിശ്ചയദാര്‍ഢ്യം

uploads/news/2018/03/200081/Weeklyfamilycourt130318.jpg

വര്‍ഷങ്ങള്‍ക്കുമുമ്പ് കരഞ്ഞുകലങ്ങിയ മിഴികളുമായി സിന്ധു എന്റെ മുറിയിലേക്കു കയറിവന്നത് ഇന്നലെയെന്നപോലെ ഞാനോര്‍ക്കുന്നു. നിറഞ്ഞൊഴുകിയ കണ്ണുനീര്‍ സാരിത്തലപ്പുകൊണ്ടു തുടച്ച്, അവള്‍ തന്റെ ജീവിതം ഒരു കഥ പറയുംപോലെ എന്നോടു പങ്കുവച്ചു:

''ജാതകത്തിന്റെ പേരില്‍ ഒരുപാട് ആലോചനകള്‍ മാറിപ്പോയശേഷമാണ് സുഗുണേട്ടനുമായുള്ള എന്റെ വിവാഹം നടന്നത്. സ്വകാര്യബാങ്ക് ജീവനക്കാരനായിരുന്നു അദ്ദേഹം. ഞങ്ങള്‍ തമ്മില്‍ 'പത്തില്‍ എട്ടു പൊരുത്തം' എന്നാണു ജ്യോത്സ്യന്‍ പറഞ്ഞത്. അതൊക്കെ വെറും അന്ധവിശ്വാസമാണെന്ന് പിന്നീടെനിക്കു ബോധ്യമായി.

സുഗുണേട്ടന്‍ വീട്ടിലെ മൂത്തമകനായതുകൊണ്ട് വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഞങ്ങള്‍ക്ക് മാറിത്താമസിക്കേണ്ടിവന്നു. ആദ്യത്തെ കുറച്ചുനാള്‍ സാമ്പത്തികമായി ഒരുപാട് പ്രയാസമനുഭവിച്ചു. ഞാനൊരു ജോലിക്കു ശ്രമിച്ചെങ്കിലും അദ്ദേഹം പോകാന്‍ അനുവദിച്ചില്ല.

ഇതിനിടെ ഞങ്ങള്‍ക്ക് രണ്ടുപെണ്‍മക്കള്‍ ജനിച്ചു. അതോടെ ഉത്തരവാദിത്വങ്ങള്‍ കൂടി. കുട്ടികള്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയപ്പോള്‍ വീട്ടില്‍ ഞാന്‍ തനിച്ചായി. വെറുതെ ഇരിക്കേണ്ടല്ലോ എന്നു കരുതി തുണിതയ്ച്ചു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. ആദ്യമൊക്കെ അടുത്ത വീടുകളില്‍നിന്നും പിന്നീട് ദൂരെനിന്നും തയ്യല്‍ ലഭിച്ചു. ഞാന്‍ കഷ്ടപ്പെടുന്നതു കണ്ട് പലപ്പോഴും അദ്ദേഹം എന്നെ വഴക്കുപറയുമായിരുന്നു.

''നീ എന്തിനാ ഇങ്ങനെ വിശ്രമമില്ലാതെ ജോലി ചെയ്യുന്നെ? നിനക്കും മക്കള്‍ക്കും ജീവിക്കാനുളളത് ഞാന്‍ കൊണ്ടുവരുന്നുണ്ടല്ലോ.''
എങ്കിലും ഞാനത് കാര്യമാക്കിയില്ല. എനിക്കു കിട്ടുന്ന പണം വീട്ടാവശ്യങ്ങള്‍ക്ക് എടുക്കാന്‍ അദ്ദേഹം അനുവദിച്ചുമില്ല. എല്ലാം ബാങ്കില്‍ നിക്ഷേപിച്ചു.

അങ്ങനെ വളരെ സന്തോഷത്തോടെ കഴിയുമ്പോഴാണ് വീടിനടുത്ത് ലത എന്ന സ്ത്രീ താമസത്തിനു വന്നത്. സ്‌നേഹിച്ചു വിവാഹം കഴിച്ചവളാണ് ലത. പക്ഷേ ആറുമാസംമുമ്പ് അവളുടെ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു. ആ മരണത്തിനു കാരണം ലതയാണെന്നു പറഞ്ഞ് ഭര്‍ത്തൃഗൃഹത്തില്‍നിന്ന് അവളെ പുറത്താക്കി.

അയാളോടൊപ്പം ഇറങ്ങിേപ്പായതുകൊണ്ട് സ്വന്തം വീട്ടുകാരും അവളെ സ്വീകരിച്ചില്ല. ഒരു ജോലിയുളളതുകൊണ്ട് വാടകവീടുകളില്‍ മാറിമാറി താമസിക്കുകയാണവള്‍.

അതുകൊണ്ട് എനിക്കവളോടു സഹതാപം തോന്നി. ഒരു സഹോദരിയെപ്പോലെ ഞാനവളെ സ്‌നേഹിച്ചു, വിശ്വസിച്ചു. ഏതു സമയത്തും വീട്ടില്‍ വന്നുപോകാനുളള സ്വാതന്ത്ര്യവും കൊടുത്തു.

സുഗുണേട്ടന്‍ ജോലിക്കു പോകുന്ന റൂട്ടിലാണ് ലതയുടെ ഓഫീസ്. അദ്ദേഹം പോകുമ്പോള്‍ ലതയെക്കൂടി കൊണ്ടുപോകാന്‍ ഞാനാണാവശ്യപ്പെട്ടത്. അതെന്റെ കുടുംബം തകര്‍ക്കുമെന്ന് ഞാനപ്പോള്‍ കരുതിയില്ല. ക്രമേണ അവര്‍ തമ്മില്‍ അടുപ്പത്തിലായി. അതൊന്നും ഞാനറിഞ്ഞില്ല. അദ്ദേഹത്തെ എനിക്ക് അത്രയ്ക്കു വിശ്വാസമായിരുന്നു.

ഒരിക്കല്‍ ഓഫീസ് ആവശ്യത്തിനായി സുഗുണേട്ടന്‍ തിരുവനന്തപുരത്തു പോയി. അവിടെയെത്തിയിട്ട് വിളിക്കാമെന്നു പറഞ്ഞിരുന്നു. പക്ഷേ സുഗുണേട്ടന്‍ വിളിച്ചില്ല.

ഞാന്‍ അങ്ങോട്ടു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ചോഫ്! എന്തെങ്കിലും സംഭവിച്ചു കാണുമോ എന്നോര്‍ത്ത് ഞാന്‍ വല്ലാതെ പേടിച്ചു. ഒടുവില്‍ അദ്ദേഹത്തിന്റെ സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചു. സുഗുണേട്ടന്‍ അവിടേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിപ്പോയതാണെന്ന് അയാള്‍ പറഞ്ഞു.

എന്നോടും കുട്ടികളോടും പറയാതെ അദ്ദേഹം എന്തിനാണ് ട്രാന്‍സ്ഫര്‍ വാങ്ങിയത് എന്ന ചോദ്യം എന്നെ അലട്ടി. അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ലതയോടൊപ്പം അദ്ദേഹം പുതിയൊരു ജീവിതം ആരംഭിച്ച കാര്യം പിന്നീടാണറിഞ്ഞത്.

മക്കളെ ഞാന്‍ ഇക്കാര്യം അറിയിച്ചില്ല. അവരുടെ ഭാവിയോര്‍ത്ത് അദ്ദേഹത്തോടു ക്ഷമിക്കുകയും ചെയ്തു. എങ്കിലും ബാങ്കിന്റെ തിരുവനന്തപുരം ബ്രാഞ്ചില്‍ വിളിച്ച് നമ്പര്‍ വാങ്ങി ഞാന്‍ സുഗുണേട്ടനെ വിളിച്ചു.

എന്നെയും മക്കളെയും വേണ്ട, ഇനിയുളള കാലം ലതയോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നെന്ന് അദ്ദേഹത്തിന്റെ നാവില്‍നിന്നു കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. ജീവനുതുല്യം സ്‌നേഹിച്ചിട്ടും എന്നെ മനസിലാക്കാന്‍ സുഗുണേട്ടനു സാധിച്ചില്ലല്ലോ.

പിന്നീട് അച്ഛനെ അന്വേഷിക്കുന്ന മക്കളോട് എന്തുപറയുമെന്ന ചിന്തയായി എനിക്ക്. കാര്യങ്ങള്‍ തിരിച്ചറിയാനുളള കഴിവുണ്ടായിരുന്നതുകൊണ്ട് ഞാന്‍ പറയാതെതന്നെ അവര്‍ എല്ലാം മനസിലാക്കി.

തയ്യലില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചു. മറ്റൊരു സ്ത്രീയുടെ സാമീപ്യം ആഗ്രഹിക്കുന്ന സുഗുണേട്ടനെ എനിക്കിനി വേണ്ട. ഇനിയുളള കാലം മക്കള്‍ക്കുവേണ്ടിയുളളതാണ്.'' സിന്ധു പറഞ്ഞുനിര്‍ത്തി.

ജീവനാംശം കൊടുക്കാന്‍ കോടതി സുഗുണനോട് ആവശ്യപ്പെട്ടെങ്കിലും തന്നെയും മക്കളെയും വേണ്ടാത്ത ആളില്‍നിന്ന് യാതൊന്നും സ്വീകരിക്കാന്‍ തയാറല്ലെന്നും തന്നോടു ക്ഷമിക്കണമെന്നും സിന്ധു കോടതി മുമ്പാകെ പറഞ്ഞു.

പിന്നീട് സ്വന്തം കഠിനാധ്വാനം കൊണ്ട് അവര്‍ കുട്ടികളെ പഠിപ്പിച്ചു. മൂത്തമകളെ വിവാഹം കഴിപ്പിച്ചയച്ചു.

Ads by Google
Tuesday 13 Mar 2018 04.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW