Tuesday, July 23, 2019 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Dec 2017 01.56 PM

നേരത്തെ അസ്തമിച്ച എന്റെ സൂര്യന്‍


uploads/news/2017/12/173853/soman121217a3.jpg

ആദ്യമായി സോമേട്ടന്റെ സിനിമ കണ്ടപ്പോള്‍, ഒടുവിലത്തെയും


സോട്ടേന്റെ ആദ്യചിത്രം കാണാന്‍ ഞങ്ങള്‍ പോയത് ഇന്നും ഞാനോര്‍ക്കുന്നു. സോമേട്ടനും ഞാനും മക്കളായ സാജിയും സിന്ധുവും ഒരുമിച്ചാണ് തിരുവനന്തപുരത്തെ ഒരു തിയേറ്ററില്‍ പോയത്.

രാജാമണി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അന്ന് ഒന്നരവയസുള്ള സിന്ധു 'ഡാഡി' എന്ന് ഉച്ചത്തില്‍ വിളിക്കാന്‍ തുടങ്ങിയതും പടം തീര്‍ന്ന് ലൈറ്റ് തെളിഞ്ഞപ്പോള്‍ തിരിച്ചറിഞ്ഞ കാണികള്‍ സോമേട്ടന് ചുറ്റും കൂടിയതും ഇപ്പോഴും ഞാനോര്‍ക്കുന്നു.

ഞാനും സോമേട്ടനും കൂടി ആദ്യമായി ഒന്നിച്ചുകണ്ട ചിത്രം 'ഏഴു രാത്രികള്‍' ആയിരുന്നു- മാവേലിക്കരയില്‍ വച്ച്. പിന്നീട് ഒടുവിലായി സോമേട്ടനുമായി കണ്ട ചിത്രം 'ലേലം' ആയിരുന്നു എന്ന് പറയേണ്ടിവരുമ്പോള്‍ സങ്കടമുണ്ട്.

കാരണം പിന്നെ സോമേട്ടന്‍ അധികകാലം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നില്ല. ലേലത്തിന്റെ ഷൂട്ടിംഗ് സമയത്ത് രണ്‍ജി പണിക്കരുടെ അതിശക്തമായ ഡയലോഗുകള്‍ വീട്ടില്‍വച്ചും ഞങ്ങളെ പറഞ്ഞുകേള്‍പ്പിക്കുമായിരുന്നു.

രണ്‍ജിയുമായി കടുത്ത ആത്മബന്ധമായിരുന്നു സോമേട്ടന്. ലേലത്തിന്റെ എണ്‍പതാമത് ദിവസം പോസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ സോമേട്ടന്‍ എറണാകുളം പി.വി.എസ്. ഹോസ്പിറ്റലില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു. അകലെനിന്നാണെങ്കിലും ആ പോസ്റ്റര്‍ എത്തിവലിഞ്ഞ് നോക്കിയിരുന്നു സോമേട്ടന്‍.

ആദ്യമായി നസീറിനെ കണ്ടപ്പോള്‍


കൊട്ടാരം വില്‍ക്കാനുണ്ട് എന്ന ചിത്രത്തില്‍ നേരത്തെ സൂചിപ്പിച്ച 'ചന്ദ്രകളഭം' എന്ന് തുടങ്ങുന്ന ഗാനം ചിത്രീകരിച്ച വേളയിലാണ് ഞാന്‍ നസീര്‍ സാറിനെ ആദ്യമായി നേരിട്ടുകണ്ടത്. സെറ്റില്‍ കൃത്രിമമായി ഉണ്ടാക്കിയ കുളത്തിലേക്ക് ചന്ദ്രന്റെ നിലാവ് ക്രമീകരിച്ചാണ് ആ പാട്ടിന്റെ ചിത്രീകരണം നിര്‍വഹിച്ചത്.

സോമേട്ടനെ കണ്ടയുടനെ തന്നെ നസീര്‍ സാര്‍ അടുത്തുവന്ന് ഷേക്ക് ഹാന്‍ഡ് ചെയ്യുകയും അഭിനന്ദനങ്ങള്‍ പറയുകയും ചെയ്തു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ഞങ്ങളെ രണ്ടുപേരെയും ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം അയച്ച ബെന്‍സ് കാറിലാണ് ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നത്.

പുത്രീസവിശേഷമായ സ്‌നേഹത്തോടെയാണ് നസീര്‍ സാര്‍ എന്നെ പരിഗണിച്ചത്. അദ്ദേഹം തന്നെ ചില സമയങ്ങളില്‍ കറി വിളമ്പിത്തന്നതും ഞാനോര്‍ക്കുന്നു.. ഇത്രയേറെ മനുഷ്യസ്‌നേഹമുള്ള ഒരുമനുഷ്യന്‍ മലയാളസിനിമയുടെ വരദാനമാണെന്ന് ഉറപ്പിച്ചുപറയാം.

കമലഹാസന്‍ - ഹരിപോത്തന്‍ - പ്രിയദര്‍ശന്‍ - ഐ.വി.ശശി


സോമേട്ടന്‍ ഏറെ സ്‌നേഹിച്ചിരുന്ന ഒരാളായിരുന്നു കമലഹാസന്‍. ഏതാണ്ട് 40-പരം പടങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചു. രണ്ടുപേരും ഒരുമിച്ചുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗ് വേളയില്‍ കമല്‍ പ്രൊഡ്യൂസറോട് പറയും. ''ഞങ്ങള്‍ക്ക് ഒരു മുറി മതി'' എന്ന്. അത്രമാത്രം ഹൃദയബന്ധമായിരുന്നു അവര്‍ തമ്മില്‍.

അവര്‍ ഒന്നിച്ചഭിനയിച്ച 'കാത്തിരുന്ന നിമിഷം' എന്ന ചിത്രത്തില്‍ നായിക വിധുബാല വിമാനത്തകരാറു മൂലം എത്താന്‍ വൈകുമെന്നറിയിച്ചു. ഷൂട്ടിംഗ് മുടങ്ങുമെന്ന അവസ്ഥ. കമലും വിധുബാലയും ഒന്നിച്ച് 'ശാഖാനഗരത്തില്‍ ശശികാന്തം ചൊരിയും ശാരദപൗര്‍ണമി'' എന്ന ഗാനം പാടി മോട്ടോര്‍സൈക്കിളില്‍ പോകുന്ന രംഗമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. സംവിധായകന്‍ ആകെ വിഷമിച്ചു.

പെട്ടെന്ന് സോമേട്ടന് ഒരു ഐഡിയ. ''കമലേ... നീ ബൈക്കില്‍ കയറ്. നീയും ഞാനും കൂടി ആ ഡ്യൂയറ്റ് പാടി ഷൂട്ട് ചെയ്യുന്നു.'' സോമേട്ടന്‍ പറഞ്ഞു. കമല്‍ ചാടിക്കയറി, സോമേട്ടന്‍ എറണാകുളത്തുനിന്നും അരൂര്‍ വരെ ബൈക്കോടിച്ചു. വഴിനീളെ ആള്‍ക്കൂട്ടം. ആരും കുറ്റംപറഞ്ഞില്ല.

പ്രൊഡ്യൂസറും സംവിധായകനും ഹാപ്പി. പക്ഷേ 15 കുപ്പി ബിയറാണ് ആ സീന്‍ ചിത്രീകരണത്തിന് വേണ്ടിവന്നത്. കമലിനെ ഞങ്ങളാദ്യം കണ്ടത് മദ്രാസില്‍ വച്ചാണ്. എന്നെ പരിചയപ്പെടുത്തി കഴിഞ്ഞപ്പോള്‍ കമല്‍ പറഞ്ഞു.''സോമാ കഴിഞ്ഞ പ്രാവശ്യം ഭാര്യയെന്നു പറഞ്ഞ് എന്നെ കാണിച്ചത് മറ്റൊരാളെയായിരുന്നല്ലോ?'' കളിയാക്കാന്‍ പറഞ്ഞതാണെന്ന് കുറെക്കഴിഞ്ഞാണ് എനിക്കു മനസ്സിലായത്.

ഹരിപോത്തന്‍ സോമേട്ടന് ചെയ്ത സഹായങ്ങള്‍ മറക്കാനാവില്ല. അദ്ദേഹത്തിന്റെ ബാനറായ സുപ്രിയ ഫിലിംസ് നിര്‍മ്മിച്ച ഹിറ്റ് ചിത്രങ്ങളില്‍ മിക്കതിലും സോമേട്ടന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. മദ്രാസില്‍ അദ്ദേഹവും ജയഭാരതിയും ഒന്നിച്ചു താമസിച്ച വീടിന്റെ മുകളിലത്തെ നില കുറെക്കാലം വാടകയില്ലാതെ ഹരിപോത്തന്‍ സോമേട്ടന് വിട്ടുനല്‍കിയിരുന്നു.

പ്രിയദര്‍ശനെയും സോമേട്ടന് വലിയ വാത്സല്യമായിരുന്നു. പ്രിയദര്‍ശന്റെ സിനിമാ പ്രവേശനകാലത്ത് സോമേട്ടന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്. അത് പ്രിയദര്‍ശന്‍ തന്നെ പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. സംവിധായകന്‍ ജേസിയും സോമേട്ടനും തമ്മില്‍ തികച്ചും സഹോദര ബന്ധമായിരുന്നു. 'സോമു' എന്നായിരുന്നു സോമേട്ടനെ ജേസി വിളിച്ചിരുന്നത്.

ജേസിയുടെ എല്ലാ പടങ്ങളിലും സോമേട്ടന്‍ ഉണ്ടായിരുന്നു. ഇടക്കാലത്ത് ചില ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും ഐ.വി. ശശിയുമായും ഇണപിരിയാത്ത ബന്ധമാണ് ഉണ്ടായിരുന്നത്. 'മനസ്സാ വാചാ കര്‍മ്മണാ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസം മൂലം 5 വര്‍ഷക്കാലം സോമേട്ടന്‍ ശശിയുടെ ചിത്രത്തില്‍ അഭിനയിച്ചില്ല.

ഒടുവില്‍ കമലഹാസനും സീമയുംകൂടി മുന്‍കൈയെടുത്താണ് സോമേട്ടനെ ഐ.വി. ശശി ചിത്രങ്ങളിലേക്ക് മടക്കിക്കൊണ്ടുവന്നത്. 'വൃതം' എന്ന ചിത്രത്തിലാണ് സോമേട്ടന്‍ പിന്നീട് അഭിനയിച്ചത്. വൃതത്തിനു ശേഷം ശശിയെടുത്ത മിക്ക ചിത്രങ്ങളിലും സോമേട്ടന്‍ ഉണ്ടായിരുന്നു. സീമയുമായുള്ള വിവാഹത്തിനും സോമേട്ടന്‍ മുന്‍കൈയെടുത്തിരുന്നു.

വിവാഹച്ചടങ്ങിന്റെ ചുമതലക്കാരായിരുന്നത് സോമേട്ടനും നടന്‍ ജയനുമായിരുന്നു. വിവാഹത്തിന് മുമ്പ് സോമേട്ടന്‍ ശശിയോട് പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. ''അളിയാ, നമ്മളിതുവരെ വെറും തമാശയ്ക്കാണ് അളിയാ വിളിച്ചിരുന്നത്. ഇപ്പോഴിതാ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. സീമ എന്റെ സ്വന്തം പെങ്ങളാണ്. അതിനെ ചതിക്കാന്‍ വല്ല പദ്ധതിയുമുണ്ടെങ്കില്‍ നിന്നെ ഞാന്‍ ഭൂമിയില്‍ വച്ചേക്കില്ല.''

യുവതലമുറയില്‍ സോമേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ഗണേശനായിരുന്നു. ഗണേശനോട് പുത്രസവിശേഷമായ സ്‌നേഹമായിരുന്നു സോമേട്ടന്. സുരേഷ് ഗോപിയുമായുള്ള ബന്ധവും ഊഷ്മളമായിരുന്നു. അതേ തരത്തില്‍ തന്നെയാണ് ചെറിയാന്‍ കല്പകവാടിയോടും സോമേട്ടന്‍ പെരുമാറിയിരുന്നത്.

നാട്ടില്‍ സലിം കാമ്പിശ്ശേരി, മാമ്മന്‍ മത്തായി എം.എല്‍.എ., മുന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാരായിരുന്ന രവീന്ദ്രന്‍ നായര്‍, പി.എസ്. ജോസ് എന്നിവരായിരുന്നു സോമേട്ടന്റെ സുഹൃത്തുക്കള്‍. മിക്കപ്പോഴും അവരുടെ എല്ലാം കുടുംബത്ത് ഒത്തുകൂടുമായിരുന്നു. മാമ്മന്‍ മത്തായിയും ജോസും അടുത്തകാലത്ത് അന്തരിച്ചു.

Tuesday 12 Dec 2017 01.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW