Tuesday, September 05, 2017 Last Updated 0 Min 42 Sec ago English Edition
Todays E paper
Friday 01 Sep 2017 04.32 PM

സംഗീത ശ്രീവത്സം

ഗായകനായും സംഗീതസംവിധായകനായും മലയാളിമനസ്സിലിടം നേടിയ ശ്രീവത്സന്‍.ജെ.മേനോന്‍ കുടുംബത്തോടൊപ്പം ഓണം ഓര്‍മ്മകളുടെ സുഗന്ധവുമായി...

uploads/news/2017/09/142296/sreevalsmjmenon1.jpg

മണ്‍സൂണ്‍ അനുരാഗ, വിസ്മയ, വാനപ്രസ്ഥം തുടങ്ങി വ്യത്യസ്തമായ ആല്‍ബങ്ങളാണ് ചെയ്തവയിലേറെയും. വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്ങനെ ?


പുതുമയേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാണ് കൂടുതലും ശ്രമിക്കാറ്. അതു ചിലപ്പോള്‍ പൂക്കളാവാം, മഴയാവാം, കുഞ്ചന്‍ നമ്പ്യാരാവാം മറ്റു ചിലപ്പോള്‍ നവരസങ്ങളുമാവാം.

ഇതെല്ലാം ഒരു ശ്രമമാണ്. ചിലതെല്ലാം മനസ്സില്‍ ആലോചിച്ചുറപ്പിച്ചിട്ട് അവസാനം നടക്കാതിരിക്കാറുമുണ്ട്. ഒരു ആല്‍ബം ചെയ്തതിന് ശേഷം പിന്നീട് അതെക്കുറിച്ച് ചിന്തിക്കുകയോ െടന്‍ഷനടിക്കുകയോ ചെയ്യാറില്ല. ഒരെണ്ണം കഴിഞ്ഞാല്‍ അടുത്തത്.

വാനപ്രസ്ഥമെന്ന ആല്‍ബത്തെക്കുറിച്ച് ?


ചെറുകഥയെ ആസ്പദമാക്കി ആദ്യമായാണ് ഞാന്‍ സംഗീതം ചെയ്യുന്നത്. വ്യത്യസ്തമായ ചിന്തയും എം.ടി.സാറിന്റെ വാനപ്രസ്ഥമെന്ന കഥയുമാണ് ആകര്‍ഷിച്ചത്.

മൈ മദേഴ്‌സ് ലാപ്‌ടോപ് ആയിരുന്നല്ലോ ആദ്യചിത്രം... ?


മണ്‍സൂണ്‍ അനുരാഗ ആല്‍ബത്തിന്റെ റിവ്യു ഇന്‍ഡ്യ ടുഡേയില്‍ വന്നു. അന്ന് അത് തയ്യാറാക്കിയത് ഇന്ത്യ ടുഡേ സീനിയര്‍ കറസ്‌പ്പോണ്‍ഡന്റായ രൂപേഷ് പോളാണ്. ആ സൗഹൃദമാണ് രൂപേഷിന്റെ ആദ്യ ചിത്രമായ മൈ മദേഴ്‌സ് ലാപ്‌ടോപ്പിലെത്തിച്ചത്.

അവിചാരിതമായാണ് രൂപേഷ് ലാപ്‌ടോപ്പിനെക്കുറിച്ച് പറഞ്ഞത്. കേട്ട മാത്രയില്‍ മികച്ചൊരു ചിത്രമായാണ് എനിക്ക് തോന്നിയത്. താല്പര്യം തോന്നിയ വിഷയമായതുകൊണ്ട് അത് ചെയ്തു.

അദ്ധ്യാപനവും സംഗീതവും ഒരുമിച്ച് ?


തൃശ്ശൂരിലെ കാര്‍ഷിക സര്‍വകലാശാല അദ്ധ്യാപകനാണ് ഞാന്‍. സംഗീതവും അദ്ധ്യാപനവും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ ഇതുവരെ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. ഒരു സമയത്ത് അദ്ധ്യാപനമാണെങ്കില്‍ അതില്‍ മാത്രം ശ്രദ്ധിക്കും. സംഗീതമാണെങ്കില്‍ അത് മാത്രം. ഒരു സമയത്ത് ഒരു ജോലി മാത്രം.

ശ്രോതാക്കളുടെ മനസ്സറിഞ്ഞ് സംഗീതം ചെയ്യാന്‍ ശ്രമിക്കാറുണ്ടോ ?


പലപ്പോഴും സംഗീതപ്രേമികളെ മുന്നില്‍ കണ്ട് സംഗീതം ചെയ്യാനാവില്ല. നമ്മുടെ മനസ്സിലെ ആശയങ്ങള്‍ കഴിവിനനുസരിച്ച് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുക. അത്രമാത്രം. ചെയ്തതിന് ശേഷം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി അത് സ്വീകരിക്കുമ്പോള്‍ ഒരു സന്തോഷം. അത്രമാത്രം.

പ്രഗത്ഭര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍?


ലാല്‍ഗുഡി ജയരാമന്‍ സാര്‍, പാലക്കാട് രഘുസാര്‍, ഹരിഹരന്‍ സാര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, ജോണ്‍സണ്‍ മാസ്റ്റര്‍, എം. ജി.രാധാകൃഷ്ണന്‍ ചേട്ടന്‍. എം.ടി.സാര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി സാര്‍ എന്നിവര്‍ക്കൊപ്പവും കഥകളി രംഗത്ത് ശങ്കരന്‍ എമ്പ്രാന്തിരിയാശാന്‍, ഹൈദരാലിയാശാന്‍, വെണ്മണി ഹരിദാസേട്ടന്‍ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനായിട്ടുണ്ട്.

അവരുടെ ജീവിതത്തില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങളാണ് എന്റെ സംഗീതത്തിലും ജീവിതത്തിലും നന്മകളുണ്ടാക്കിത്തന്നത്.

മറക്കാനാവാത്ത അനുഭവങ്ങള്‍ ?


ഷാജി.എന്‍.കരുണ്‍ സാറിന്റെ സ്വപാനത്തില്‍ സംഗീതം ചെയ്യാനായത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവമാണ്. സൗന്ദര്യസങ്കല്‍പ്പങ്ങളെയൊട്ടാകെ മാറ്റി മറിക്കുന്ന കാഴ്ചപ്പാടുകളാണ് അദ്ദേഹത്തിന്റേത്. പലപ്പോഴും അദ്ദേഹം പറയുന്ന ആശയങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സംഗീതത്തില്‍ വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഷാജി സാറിനൊപ്പം വര്‍ക്ക് ചെയ്യാനാവുന്നത് മികച്ചൊരു അനുഭവമാണ്. ഒരു സംഗീതസംവിധായകനെ അല്ലെങ്കില്‍ ഗായകനെ പുതിയ ചിന്താതലങ്ങളിലേക്കെത്തിക്കുകയാണ് ഷാജി സാര്‍ ചെയ്യാറുള്ളത്.

ചിലപ്പോള്‍ റൂമിയുടെ കവിതകളെ ആസ്പദമാക്കി സംഗീതം ചെയ്യാനും അല്ലെങ്കില്‍ ചിലപ്പോള്‍ ചെമ്പകപ്പൂവിന്റെ സുഗന്ധത്തെക്കുറിച്ച് സംഗീതം ചെയ്യാനും ചിലപ്പോള്‍ മയിലിന്റെ നടത്തത്തെ വര്‍ണ്ണിച്ച് സംഗീതം ചെയ്യണമെന്നും അദ്ദേഹം പറയാറുണ്ട്. ഇത്തരം ചിന്തകള്‍ ഒരു സംഗീതസംവിധായകന്റെ സര്‍ഗ്ഗാത്മകമായ കഴിവുകളെ പുറത്തേക്ക് കൊണ്ടുവരുകയാണ് ചെയ്യുന്നത്.

ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തി?


ഒരാളല്ല ഒരുപാട് പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര വാസുദേവന്‍ സാറിനെയാണ് സംഗീതജീവിതത്തില്‍ ഞാന്‍ മാതൃകയാക്കുന്നത്. ഒരു മാതൃകാവ്യക്തിയെ തെരഞ്ഞെടുക്കുന്നതിനേക്കാള്‍ നല്ലത് സ്വന്തമായി നല്ല തീരുമാനങ്ങള്‍ ജീവിതത്തില്‍ തെരഞ്ഞെടുക്കുകയാണ്.

ആകാശവാണിയിലെ കാലം ?


സംഗീതജീവിതത്തില്‍ ഏറെ പ്രോത്സാഹനം ലഭിച്ചത് ആകാശവാണിയില്‍ നിന്നാ ണ്. ആകാശവാണിയില്‍ സംഗീതക്കച്ചേരികള്‍ ലൈവായാണ് ചെയ്തിരുന്നത്.

ഒരു മണിക്കൂറാണ് സംഗീതക്കച്ചേരി അവതരിപ്പിക്കുന്നതെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ പാടി നിര്‍ത്താനും മികച്ച സംഗീതസദസ്സുകള്‍ അവതരിപ്പിക്കാനും പഠിച്ചത് അവിടെ നിന്നാണ്. ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്.

ദക്ഷിണാമൂര്‍ത്തി സാറിന്റേയും എം. ജി.രാധാകൃഷ്ണന്‍ ചേട്ടന്റേയും പാട്ടുകളാണ് ഞാന്‍ ആകാശവാണിയില്‍ ഏറെയും പാടിയിട്ടുള്ളത്.

കുടുംബത്തെക്കുറിച്ച് ?


അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണെന്റെ കുടുംബം. ഭാര്യ ഇന്ദു. മകള്‍ സുഭദ്ര കൊച്ചി എസ്.സി.എം.എസ് കോളജില്‍ ബി.സി.എ ചെയ്യുന്നു. മകന്‍ നാരായണന്‍ തൃപ്പൂണിത്തുറ ചിന്മയയില്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നു.

ശില്പ ശിവ വേണുഗോപാല്‍
ഫോട്ടോ : കണ്ണന്‍ നായര്‍

Ads by Google
TRENDING NOW