Friday, May 24, 2019 Last Updated 10 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 03.31 PM

അന്നും... ഇന്നും...


uploads/news/2017/07/130921/childartist260717b.jpg

ജോമോന്‍ ജോഷി


ക്രോണിക് ബാച്ച്ലറില്‍ മമ്മൂട്ടിയെ എറിയുന്ന കല്ല് കൊണ്ട് ഇന്നസെന്റ് വീഴുന്ന രംഗം പെട്ടെന്നാരും മറക്കില്ല. എറിയുന്ന ആ വികൃതി പയ്യനും ഓര്‍മ്മയിലുണ്ടാകും.

പിന്നീട് പോക്കിരി രാജ, ഭാസ്‌കര്‍ ദ റാസ്‌കല്‍, കാണ്ഡാഹാര്‍ തുടങ്ങി ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകളിലും ഉണ്ടായിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം ആ വികൃതി പയ്യന്‍, ജോമോന്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു.

അരങ്ങേറ്റം


സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് കലോത്സവ വേദികളില്‍ സജീവമായിരുന്ന ജോമോന്‍ മിമിക്രി, മോണോ ആക്ട്, മൈം, ദഫ് മുട്ട്, അര്‍ബന മുട്ട്, നാടകം തുടങ്ങി വിവിധ ഇനങ്ങളില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു.

സബ് ജില്ലാ തലത്തില്‍ മൂന്നു തവണ മികച്ച നാടക നടനായും തിരഞ്ഞെടുക്കപ്പെട്ടു. കലോത്സവ വേദികളില്‍ നിന്നാണ് വെള്ളിത്തിരയിലേക്കുള്ള വാതില്‍ തുറന്നു കിട്ടുന്നത്. തിരക്കഥാകൃത്ത് ഭരതന്‍ ഞാറയ്ക്കലിന് ജോമോന്റെ പിതാവുമായുണ്ടായിരുന്ന സൗഹൃദമാണ് പുരസ്‌കാരം എന്ന ചിത്രത്തിലേക്ക് ജോമോന്‍ വന്നത്.

ആദ്യം അഭിനയിച്ചത് പുരസ്‌കാരത്തില്‍ ആണെങ്കിലും പുറത്തിറങ്ങിയ ആദ്യ ചിത്രം സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വ്വം ആയിരുന്നു. തുടര്‍ന്ന് ഉന്നതങ്ങളില്‍, കവര്‍ സേ്റ്റാറി, രാക്ഷസരാജാവ്, കരുമാടിക്കുട്ടന്‍, അണുകുടുംബം.കോം, ക്രോണിക്ക് ബാച്ച്‌ലര്‍ തുടങ്ങി ചിത്രങ്ങളിലെ പ്രധാന ബാലതാരമായി ചെറുതായിരുന്നെങ്കിലും ക്രോണിക്ക് ബാച്ചിലറിലെ വേഷമാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.

പഠനം


സ്‌കൂള്‍ കാലഘട്ടത്തിലാണ് ജോമോന്‍ കൂടുതല്‍ വേഷങ്ങള്‍ ചെയ്തത്. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാതിരിക്കാന്‍ വേണ്ടിമാത്രമാണ് സിനിമയില്‍ നിന്നും താല്‍ക്കാലിക അവധിയുമായി മടങ്ങിയത്.

പുതുവൈപ്പ് സി.എം.ഇ.പി.എസ്, സെന്റ്മേരീസ് യു.പി.സ്‌കൂള്‍ ഞാറയ്ക്കല്‍, ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ ഞാറയ്ക്കല്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

ജേര്‍ണലിസത്തിലെ ബിരുദത്തിനു ശേഷം ഇപ്പോള്‍ എല്‍.എല്‍.ബി പഠനത്തിലാണ്. പഠനത്തിനിടയിലും സിനിമ തന്നെയാണ് മനസ്സില്‍. എറണാകുളം ലോ കോളജിലെ അവസാനമായപ്പോഴേക്കും വീണ്ടും സിനിമാമേഖലയില്‍ സജീവമാവുകയാണ് ജോഷിയുടെയും ടെസിയുടെയും മകനായ ജോമോന്‍.

രൂപേഷ് പീതാംബരന്‍


അച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥ പറഞ്ഞ സ്ഫടികം എന്ന ചിത്രത്തിലെ ചാക്കോ മാഷിനെയും തോമസ് ചാക്കോ എന്ന ആട് തോമയെയും സിനിമ പ്രേമികള്‍ക്ക് മറക്കാന്‍ കഴിയില്ല. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതിരിപ്പിക്കാന്‍ ഭദ്രന്‍ കണ്ടെത്തിയത് രൂപേഷിനെയായിരുന്നു.

ശക്തമായ കഥാപാത്രവും അഭിനയവും ആയിരുന്നിട്ടും രൂപേഷിനെ സിനിമാലോകം പിന്നീട് കണ്ടത് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പഠനത്തിനു പ്രാമുഖ്യം നല്‍കി, ബംഗലൂരുവില്‍ ജോലിയും ലഭിച്ച ശേഷമാണ് രൂപേഷ് വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തിയത്.

തിരിച്ചു വരവ്


എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു സ്ഫടികത്തില്‍ അഭിനയിക്കുന്നത്. അതിനു ശേഷം സിനിമയില്‍ നിന്നും ഒരുപാട് വേഷങ്ങള്‍ക്കായി വിളിച്ചെങ്കിലും പഠനം കഴിഞ്ഞു മതിയെന്നുള്ള തീരുമാനത്തില്‍ ഉറച്ചുതന്നെ നിന്നു.

പഠനം പൂര്‍ത്തിയാക്കി ജോലിയും ലഭിച്ചു. അതിനു ശേഷം 2012ല്‍ പുറത്തിറങ്ങിയ തീവ്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു രൂപേഷിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ്. പിന്നീട് യു ട്ടു ബ്രൂട്ടസ് എന്ന ചിത്രവും രൂപേഷ് സംവിധാനം ചെയ്ത് മലയാളസിനിമയില്‍ ചുവടുറപ്പിച്ചു.

യു ട്ടു ബ്രൂട്ടസിന്റെ സമയത്താണ് ഒരു മെക്സിക്കന്‍ അപാരതയിലെ കഥാപാത്രം രൂപേഷിനെ തേടിയെത്തിയത്. ക്യാമ്പസ് രാഷ്ര്ടീയത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ ശക്തമായ വേഷമാണ് രൂപേഷ് അവതരിപ്പിച്ചത്. വലിയ ചര്‍ച്ചകളാണ് ഒരു മെക്സിക്കന്‍ അപാരത ഏറ്റുവാങ്ങിയത്.

രാഷ്ട്രീയതാത്പര്യങ്ങള്‍ കുറവ്


ടൊവിനോ തോമസ് പ്രതിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ എതിര്‍ പാര്‍ട്ടിക്കാരനായാണ് രൂപേഷ് ഒരു മെക്സിക്കന്‍ അപാരതയില്‍ വേഷമിട്ടത്. അതുകൊണ്ടുതന്നെ രൂപേഷിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഉയര്‍ന്നിരുന്നു.

രൂപേഷിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നത്. പടം ഇറങ്ങട്ടെ... ബാക്കി എന്നിട്ട്...എസ്എഫ്ഐക്കാരുടെ മേല്‍ ഒരുതുള്ളി ചോര പൊടിഞ്ഞാല്‍ മോനേ രൂപേഷേട്ടാ ഇങ്ങള് തീര്‍ന്നു എന്നായിരുന്നു പോസ്റ്റ്.

എസ്എഫ്ഐക്കാരന്റെ ഭീഷണിയ്ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ തൊട്ട് താഴെ തന്നെ മറുപടിയും രൂപേഷ് നല്‍കി. ഞാന്‍ എന്റെ അഡ്രസ് തരാം വന്ന് തീര്‍ക്കൂ.. എന്നായിരുന്നു രൂപേഷിന്റെ കമന്റ്.

രൂപേഷ് ഇത് സ്‌ക്രീന്‍ ഷോട്ടെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സിനിമയും രാഷ്ര്ടീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും ഇത്തരം ആളുകളേക്കുറിച്ച് നാണക്കേട് തോന്നുന്നെന്നുമാണ് രൂപേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ഒരു മെക്സിക്കന്‍ അപാരതയ്ക്കു ശേഷം രണ്ടു മൂന്നു ഹ്രസ്വചിത്രങ്ങളിലും രൂപേഷ് അഭിനയിച്ചു. അഭിനയം ഇഷ്ടമാണെങ്കിലും സംവിധായകക്കുപ്പായം വീണ്ടുമണിയാനുള്ള തയാറെടുപ്പിലാണ് രൂപേഷ്. സിനിമയില്‍ തന്നെ സജീവമായുള്ള രൂപേഷിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ചലച്ചിത്രപ്രേമികള്‍.

കെ. ആര്‍ ഹരിശങ്കര്‍

Ads by Google
Ads by Google
Loading...
TRENDING NOW