Thursday, September 14, 2017 Last Updated 11 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jun 2017 04.48 PM

സ്വപ്‌നം വിടരുന്ന കണ്ണുകള്‍


uploads/news/2017/06/122881/jayaprabhaINW2.jpg

എണ്‍പതുകളിലെ പ്രണയനായികയ്ക്ക് ഇപ്പോള്‍ തോന്നുന്നത് ?


വലിയൊരു ഭാഗ്യമാണ് എനിക്ക് കിട്ടിയത്. പ്രണയം, ശരാബി, സഞ്ചോഗ്, അന്തലുനിഗത, മേഘസന്ദേശം, സാഗരസംഗമം(ചിലങ്കയൊലി), സിരി സിരി മൂവ്വാ എന്നിവയിലൊക്കെ പ്രണയഗാനങ്ങളും കിട്ടിയിട്ടുണ്ട്. മണ്‍മറഞ്ഞ ഒരുപാട് പ്രഗല്ഭര്‍ക്കൊപ്പം വര്‍ക്ക് ചെയ്തു.

കെ വിശ്വനാഥ് ജി, കെ. രാഘവേന്ദ്രറാവു സാര്‍, കെ. ബാലചന്ദ്രര്‍ സാര്‍, ദാസരി നാരായണ റാവൂ സാര്‍, കെ.ബാപ്പുജി തുടങ്ങി കന്നഡത്തിലും ബോളിവുഡിലും മലയാളത്തിലുമൊക്കെയുള്ള എല്ലാ സംവിധായകരും എനിക്ക് ശരിക്ക് ഗുരുക്കന്മാര്‍ തന്നെയാണ്.

എന്റെ എല്ലാ വിജയങ്ങള്‍ക്കും കാരണം ഇവരാണ്. പതിനാലാം വയസ്സില്‍ ഞാനെത്തുമ്പോള്‍ എനിക്കൊപ്പം അഭിനയിക്കുന്ന മിക്ക താരങ്ങള്‍ക്കും നാല്‍പ്പതും അന്‍പതും വയസ്സുണ്ട്. എന്‍.ടി.ആര്‍ സാര്‍, നാഗേശ്വരറാവു ജി, രാജ്കുമാര്‍ സാര്‍ എന്നിങ്ങനെ എന്റെ നായകന്മാരെല്ലാം ഹീറോ എന്നതിലുപരി എന്നെ പ്രൊട്ടക്ട് ചെയ്ത് കെയര്‍ തന്നവരാണ്. നിര്‍മ്മാതാക്കളും അതുപോലെയായിരുന്നു.

എന്റെ ഒരു സിനിമ വിജയിച്ച് അടുത്ത സിനിമയ്ക്ക് വേണ്ടി എന്നെ അന്വേഷിച്ചു വന്നാല്‍ അവര്‍ പറയുന്നത് ജയാ, ഈഫ് യു മേക്ക് ദിസ് ഫിലിം സക്‌സസ്ഫുള്‍ വീ വില്‍ ഗിവ് യു കാര്‍.. ഞാനൊരിക്കലും ഈ സുവര്‍ണ്ണലോകത്തു നിന്ന് പുറത്തു പോയിട്ടില്ല. അതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് പോകരുതെന്ന് പലരും പറഞ്ഞത്.

പിന്നെന്തിനായിരുന്നു അങ്ങനെയൊരു തീരുമാനം ?


ഞാനതിന് ഒരിക്കലും ഫിറ്റ് ആയിരുന്നില്ല. എന്‍.ടി.ആര്‍ സാറാണതിന് കാരണം. തെലുങ്ക് ദേശം പാര്‍ട്ടിയില്‍ അദ്ദേഹത്തിന് ഒരു സപ്പോര്‍ട്ട് ആവശ്യമാണെന്ന് പറഞ്ഞ് എന്നെ വിളിപ്പിച്ചു. ആദ്യമത് കേട്ടപ്പോള്‍ ഞാന്‍ സര്‍...പൊളിറ്റിക്‌സിലോ, ഞാ നോ?? എന്നാണ് ചോദിച്ചത്.

ജയാ, നീ പൊളിറ്റിക്‌സിലേക്ക് പോയാല്‍ ഇന്‍ഡസ്ട്രിക്കു പോലുമത് അംഗീകരിക്കാനാവില്ല എന്നു പലരും പറഞ്ഞു. രാഷ്ട്രീയത്തെക്കുറിച്ച് ഒരു വാചകം പറയാനോ, മൈക്കിലൂടെ സംസാരിക്കാനോ അറിയില്ല. പക്ഷേ അദ്ദേഹം വിട്ടില്ല. എനിക്ക് ഒരു സീറ്റും ഓഫര്‍ ചെയ്തു. എന്‍.ടി.ആര്‍ എന്ന വലിയ മനുഷ്യന്റെ വാക്കുകള്‍ തള്ളിക്കളയാന്‍ എനിക്കാവുമായിരുന്നില്ല.

പണ്ടു മുതലേ എന്റെ സന്തോഷത്തെക്കുറിച്ച് ചിന്തിക്കാതെ ആരു പ്രശ്‌നത്തില്‍ പെട്ടാലും ഞാന്‍ സഹായിക്കും. ആ സ്വഭാവമാണ് ജനങ്ങളിലേക്കും ഞാന്‍ നല്‍കിയത്. എനിക്കതില്‍ അഭിമാനമുണ്ട്. ജനങ്ങളുടെ വലിയ പിന്തുണയില്‍ ഞാന്‍ എം.പിയായി.

പാര്‍ലമെന്റ് ഒരു നല്ല പ്ലാറ്റ്‌ഫോമാണ്. നല്ല ഗൃഹപാഠത്തോടെ ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ എല്ലാവരുമത് കേള്‍ക്കും. ജനങ്ങളുടെ ശബ്ദമായി ഞാന്‍ മാറുന്നതില്‍ അഭിമാനം തോന്നിയിട്ടുണ്ട്. വ്യക്തിപരമായും എന്നെയത് മാറ്റിയിട്ടുണ്ട്. ജനങ്ങള്‍ക്കു വേണ്ടിയാകുമ്പോള്‍ ഞാന്‍ എന്നെത്തന്നെ മറക്കും. റാണി ചിറ്റൂര്‍ചെന്നമ്മയാകും. ഒട്ടും പരിചിതമില്ലാത്ത മേഖലയെക്കുറിച്ചു പോലും സംസാരിക്കും.

രാഷ്ട്രീയം പഠിപ്പിച്ചത് ?


രാഷ്ട്രീയത്തില്‍ വരും മുമ്പ്, എല്ലാം വളരെ എളുപ്പമായിരുന്നു എന്നാണ് വിചാരിച്ചിരുന്നത്. റോഡുപണിയുന്നത്, അല്ലെങ്കില്‍ ഒരു പാലം, അതൊക്കെ ഞൊടിയില്‍ സാധിച്ചെടുക്കാവുന്നതാണെന്നായിരുന്നു ധാര ണ. ഇതൊന്നും പ്രാക്ടിക്കല്ലല്ല എന്ന് 16 വര്‍ഷം എം.പിയായി സേവനമനുഷ്ഠിച്ചപ്പോള്‍ മനസ്സിലായി.

എങ്ങനെയാണ് ഒരു ഫയല്‍ നീങ്ങുന്നത്, എപ്പോള്‍ മുതലാണ് വെല്ലുവിളികള്‍ തുടങ്ങുന്നതെന്ന് തിരിച്ചറിഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുക്കന്നതിന് മുമ്പ്, അതായത് ജനപ്രതിനിധിയായി മത്സരിക്കണമെന്ന് ചിന്തിക്കുന്ന നിമിഷം മുതല്‍ വെല്ലുവിളി തുടങ്ങും.

സ്ത്രീയായതു കൊണ്ട് വെല്ലുവിളികള്‍ ഇരട്ടിയായിരുന്നില്ലേ ?


ഉറപ്പായും. സ്ത്രീയായതു കൊണ്ടു മാത്രം കടന്നു പോകേണ്ട ദുര്‍ഘട പാതകളുണ്ട്. എതിര്‍പാര്‍ട്ടികള്‍ മാത്രമല്ല കൂട്ടത്തിലുള്ളവര്‍ പോലും തകര്‍ക്കാന്‍ ശ്രമിക്കും, സ്വഭാവദൂഷ്യം പറയും, എങ്ങനൊക്കെ തള്ളിയിടാന്‍ കഴിയുമോ ആ വഴികളൊക്കെ കണ്ടെത്തും. ഏറ്റവുമവസാനം ക്രൂരമായി ഇല്ലാതാക്കാന്‍ ശ്രമിക്കും. അവിടെ നിന്നൊക്കെ പിടിച്ചു കയറിയാല്‍ കാത്തിരിക്കുന്നത് വന്‍വിജയമായിരിക്കും.

സരോജിനി നായിഡു, റാണി ലക്ഷ്മി ഭായി, ഇന്ദിരഗാന്ധി, ചിറ്റൂര്‍ റാണി ചെന്നമ്മ എന്നിങ്ങനെ ഒരുപാട് സ്ത്രീരത്‌നങ്ങള്‍ക്ക് ജന്മം നല്‍കിയ രാജ്യമാണ് ഭാരതം. ആ രക്തം എന്നിലുമുണ്ട്. അതാണെനിക്ക് കരുത്തായത്. വളരെ നാണം കുണുങ്ങിയായ, അന്തര്‍മുഖയായിരുന്നു ഞാന്‍.

ഒരാളൊന്നു സൂക്ഷിച്ചു നോക്കിയാല്‍ കരയുമായിരുന്നു. രണ്ടു മിനിറ്റ് സംസാരിക്കാന്‍ പറഞ്ഞാല്‍ പേടിയായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലെത്തിയപ്പോള്‍ അതെല്ലാം മാറി. ഇപ്പോള്‍ എത്ര മണിക്കൂറു വേണമെങ്കിലും ജനങ്ങളോട് സംസാരിക്കാന്‍ എനിക്കു കഴിയും.

Advertisement
Ads by Google
Ads by Google
TRENDING NOW