Thursday, January 24, 2019 Last Updated 38 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 12 Mar 2018 03.46 PM

എന്റര്‍ടെയ്ന്‍ ചെയ്യാനുള്ളതാണ് സിനിമ - ഡിജോ ജോസ് ആന്റണി

uploads/news/2018/03/199714/CiniINWdijojose120318a.jpg

അഭിനേതാക്കളുടെ നിരയില്‍ ഏറെയും പുതുമുഖങ്ങള്‍. ടെക്‌നിക്കല്‍ സൈഡില്‍ സംവിധായകനുള്‍പ്പെടെയുള്ളവരത്രയും പുതുമുഖങ്ങള്‍. നിര്‍മിച്ചത് പുതിയൊരുബാനറും. എന്നിട്ടും റിലീസ് ചെയ്ത എല്ലാ തിയേറ്ററിലും ആദ്യഷോ തന്നെ ഹൗസ്ഫുള്‍. റിലീസ് ചെയ്ത് നാലുവാരം പിന്നിടുമ്പോള്‍ നിര്‍മാണച്ചെലവിന്റെ ഇരട്ടിയിലേറെ വരുമാനമുണ്ടാക്കിയ ചിത്രമെന്ന പേരും 2018 ലെ ആദ്യ ഹിറ്റ് എന്ന പദവിയും.

പറഞ്ഞുവരുന്നത് 'ക്യൂന്‍' എന്ന ചിത്രത്തെക്കുറിച്ചാണ്. ഡിജോ ജോസ് ആന്റണി എന്ന നവാഗത സംവിധായകന്‍ പ്രധാനവേഷങ്ങളിലേക്കെല്ലാം പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കിയ 'ക്യൂന്‍' ഒരു കാമ്പസ് ഫിലിം എന്ന ലേബലിലാണ് തിയേറ്ററിലെത്തിയത്.

പക്ഷേ കാമ്പസിനപ്പുറം സമകാലീന സമൂഹത്തില്‍ ഏറ്റവും പ്രസക്തമായ ഒരു വിഷയം കൂടി കൈകാര്യം ചെയ്യുന്ന പ്രമേയമായിരുന്നു ക്യൂനിന്റേത്. അതുവഴിവളരെയേറെ സാമൂഹ്യ പ്രസക്തിയുള്ള ചിത്രമെന്ന പേരും ക്യൂനിന് ലഭിച്ചു.

കാമ്പസിനു മാത്രം ഇഷ്ടപ്പെടാവുന്ന ചിത്രമെന്നാണ് നിര്‍മാണ വേളയില്‍ ക്യൂനിനെപ്പറ്റി പലരും കരുതിയത്. പക്ഷേ ക്യൂന്‍ മുന്നോട്ടുവച്ച വിഷയത്തിന്റെ പ്രസക്തി സമൂഹത്തിന്റെ നാനാതുറയിലും പെട്ടവരെ ആകര്‍ഷിച്ചു. മുന്നണിയിലും പിന്നണിയിലും നവാഗതര്‍ മാത്രമായിട്ടും ചിത്രം കാണാന്‍ തീയേറ്ററ്റിന് മുന്നില്‍ പ്രേക്ഷകര്‍ തിരക്കു കൂട്ടി.

2018ലെ എണ്ണം പറഞ്ഞ ഹിറ്റാകും ക്യൂന്‍ എന്നാണ് ഇന്‍ഡസ്ട്രിയിലുള്ളവരുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. അങ്കമാലി ഫിസാറ്റ് കോളേജില്‍ നിവിന്‍ പോളിയുടെ ജൂനിയറായിരുന്നു ക്യൂന്‍എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണി. നിവിനെപ്പോലെ സിനിമ സ്വപ്നം കണ്ട് നടന്നൊരാള്‍. നിവിന് അഭിനയമായിരുന്നുഹരമെങ്കില്‍ ഡിജോയ്ക്ക് ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു ഇഷ്ടം എന്നുമാത്രം.

സംവിധായകനാകുക എന്ന ലക്ഷ്യത്തോടെ ഡിജോ അലഞ്ഞത് വര്‍ഷങ്ങള്‍. എങ്കിലും ആദ്യചിത്രം തന്നെ വന്‍വിജയമാക്കാന്‍ ഡിജോയ്ക്ക് സാധിച്ചു.ക്യൂന്‍ നേടിയ വന്‍വിജയത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകനുമായി നടത്തിയ അഭിമുഖം.

? താങ്കളുടെ ആദ്യചിത്രമാണിത്. പുതുമുഖങ്ങളെ പ്രധാന വേഷത്തിലഭിനയിപ്പിച്ച്ഒരു ചിത്രമൊരുക്കാന്‍ എങ്ങനെ ധൈര്യം തോന്നി.


ഠ സത്യത്തില്‍ ഇതെന്റെ ധൈര്യമല്ല. നിര്‍മാതാക്കളുടെ ധൈര്യമാണ്. നല്ലചിത്രമാണെങ്കില്‍ പുതുമുഖങ്ങളാണെങ്കിലും ഓടും എന്നത് നിര്‍മാതാക്കളുടെ കാഴ്ചപ്പാടായിരുന്നു. അതനുസരിച്ച് അവര്‍ ഫണ്ട് മുടക്കിയതുകൊണ്ടാണ് ഈചിത്രം ഉണ്ടായത്. അവര്‍ കണക്കു കൂട്ടിയതുപോലെ ചിത്രം വന്‍ വിജയവുമായി.

? എങ്കിലും ആദ്യചിത്രത്തില്‍ എസ്റ്റാബ്ലിഷ്ഡ് ആയ താരങ്ങള്‍ ഉണ്ടായാല്‍കൊള്ളാം എന്ന് തോന്നിയിട്ടില്ലേ.


ഠ തീര്‍ച്ചയായും. പ്രധാന വേഷത്തില്‍ പ്രമുഖ താരങ്ങളെ കിട്ടിയാല്‍ പുതുമുഖസംവിധായകരുടെ റിസ്‌ക് പകുതി കുറയും. ഞാനും ആ വഴിക്ക് നീങ്ങിയതാണ്. രണ്ട് വര്‍ഷത്തോളം പല പ്രമുഖ നടന്മാര്‍ക്കും യോജിച്ച പല കഥകളുംതയ്യാറാക്കി അവരുടെ അടുത്തു ചെന്ന് പറഞ്ഞതാണ്. പക്ഷെ ഡേറ്റ്കിട്ടിയില്ല. ചിലരുടെ അടുത്ത് കഥ പറയാന്‍ അപ്പോയ്ന്‍മെന്റ് പോലും കിട്ടിയില്ല.നിര്‍മാതാക്കളും സബ്ജക്ടും റെഡി. അഭിനേതാക്കളില്ല. ആ സ്ഥിതി വന്നപ്പോഴാണ്പുതുമുഖങ്ങളെ വച്ച് നിര്‍മിക്കാം എന്ന നിര്‍ദ്ദേശം നിര്‍മാതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. അത് കണക്കിലെടുത്താണ് പുതുമുഖങ്ങള്‍ക്കായി ഓഡിഷന്‍നടത്തിയതും അവരില്‍നിന്ന് കുറേപ്പേരെ സെലക്ട് ചെയ്ത് ഷൂട്ടിംഗ്
തുടങ്ങിയതും.
uploads/news/2018/03/199714/CiniINWdijojose120318b.jpg

സിനിമ പാഷന്‍

? എഞ്ചിനിയറിംഗ് ബിരുദധാരിയാണ് താങ്കള്‍. എന്നിട്ടും ആ മേഖല ഉപേക്ഷിച്ച് സിനിമയിലെത്തി. സംവിധായകനാകുക എന്നതായിരുന്നോ മോഹം.


ഠ സിനിമയാണ് എന്റെ പാഷന്‍. എഞ്ചിനിയറിംഗ് കഴിഞ്ഞ് ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും ഒക്കെയായി കുറച്ചുകാലം ജോലി ചെയ്തിരുന്നു. സിനിമയോടുള്ള ഇഷ്ടം കൊണ്ട് എഞ്ചിനിയറിംഗ് ജോലി ഉപേക്ഷിച്ചു. ജീന്‍ മാര്‍ക്കോസിന്റെ 39; എയ്ഞ്ചല്‍സ് 39; എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി വര്‍ക്ക് ചെയ്താണ് സിനിമയിലെത്തിയത്. അതിനു ശേഷം കുറേ ഷോര്‍ട്ട് ഫിലിംസും ആല്‍ബങ്ങളും ചെയ്തു. ഷോര്‍ട്ട് ഫിലിംസ് ചെയ്തു ചെയ്താണ് സിനിമ ചെയ്യാനുള്ള കോണ്‍ഫിഡന്‍സായത്. എങ്ങനെയെങ്കിലും സിനിമ ചെയ്‌തേ പറ്റൂ എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതാണ് ക്യൂന്‍ എന്ന ചിത്രത്തിലൂടെ സാക്ഷാത്കരിച്ചത്.

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമ

? ന്യൂജനറേഷന് യോജിച്ച കാമ്പസ് മൂവി എന്നതായിരുന്നോ ലക്ഷ്യം


ഠ യൂത്തിന് ഇഷ്ടപ്പെടുന്ന മൂവി എന്നതിനപ്പുറം എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന സിനിമയാകണം എന്നാഗ്രഹിച്ചിരുന്നു. യൂത്തിനിഷ്ടപ്പെടുന്ന
സിനിമയായാല്‍ തുടക്കത്തില്‍ തീയേറ്ററില്‍ ആളുണ്ടാകും. ഇനിഷ്യല്‍ കളക്ഷന്‍ കിട്ടും. പക്ഷേ എല്ലാവര്‍ക്കും ഇഷ്ടമായാലേ ഹിറ്റാകൂ എന്ന ബോധ്യമുണ്ടായിരുന്നു. അതിനാല്‍ അത്തരമൊരു മാസ് മൂവി ഉണ്ടാക്കാനാണ് ശ്രമിച്ചത്. കാമ്പസ് ബാക്ഗ്രൗണ്ടില്‍ ഒരു പാതി. കോടതിയും ആശുപത്രിയും പോലീസ് സ്‌റ്റേഷനുമൊക്കെയായി അടുത്ത പാതി എന്ന കാഴ്ചപ്പാടില്‍ ചിത്രം ഒരുക്കിയത് അതുകൊണ്ടാണ്.

ആള്‍ക്കൂട്ട ഫ്രെയിമുകള്‍

? ഐ.വി. ശശി, ഷാജി കൈലാസ് എന്നിവരുടെ ചിത്രങ്ങളിലേതുപോലെ വന്‍ ആള്‍ക്കൂട്ടമുള്ള ഫ്രെയിമുകളാണ് ചിത്രത്തിലേറെയും. ഒരു നവാഗതനായിട്ടും എങ്ങനെ മാനേജ് ചെയ്തു.


ഠ ഞാന്‍ പറഞ്ഞില്ലേ, എങ്ങനെയും സിനിമ ചെയ്യുക എന്നതായിരുന്നു എന്റെ മോഹം. അത് എന്ത് പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ചെയ്‌തേ അടങ്ങൂ എന്ന വാശിയായിരുന്നു. കാമ്പസും കോടതിയുമൊക്കെ പശ്ചാത്തലമാകുന്നതിനാല്‍ ക്യൂന്‍ ഒട്ടേറെ ആള്‍ക്കാര്‍ ഫ്രെയിമില്‍ വരുന്ന ചിത്രമാണ്. നിരവധി സീനുകളില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വേണം. അതൊക്കെ കൃത്യമായി പ്ലാന്‍ ചെയ്ത് എടുത്തവയാണ്. അത്രയും റിച്ച്‌നെസ് ഫ്രെയിമില്‍ വന്നില്ലെങ്കില്‍ സിനിമ പാളിപ്പോകും എന്നതിനാല്‍ ധാരാളം ക്രൗഡിനെ ഉള്‍പ്പെടുത്തിയാണ് ചിത്രീകരിച്ചത്. നിര്‍മാതാക്കള്‍ അതിനെ സപ്പോര്‍ട്ട് ചെയ്തതും രക്ഷയായി. 71 ദിവസം നീളുന്ന ചിത്രീകരണം വേണ്ടി വന്നിരുന്നു.

ക്യൂന്‍ എന്ന ടൈറ്റില്‍

? ചിത്രത്തിന്റെ ടോട്ടാലിറ്റി നോക്കിയാല്‍ പാതിയോളം സീനിലേ നായികയുള്ളൂ. എന്നിട്ടും ക്യൂന്‍ എന്ന നായികാ പ്രാധാന്യമുള്ള ടൈറ്റില്‍ ആണ് സ്വീകരിച്ചത്.


ഠ നായികയോട് മറ്റു കഥാപാത്രങ്ങള്‍ക്ക് തോന്നുന്ന ഇഷ്ടമാണ് ഈ ചിത്രത്തിന്റെ കരുത്ത്. ആ ഇഷ്ടവും വാത്സല്യവും നിലനിര്‍ത്താന്‍ പറ്റിയ ഒരു പേര് എന്ന നിലയിലാണ് ക്യൂന്‍ എന്ന ടൈറ്റിലിട്ടത്. മുഴുവന്‍ സീനില്‍ നായിക പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും മിക്ക സീനിലെയും ചര്‍ച്ച നായികയെപ്പറ്റിയാണ്. ഫസ്റ്റ് ഹാഫില്‍ നായിക വരുംമുമ്പേ കാമ്പസില്‍ അത് ചര്‍ച്ചയാകുന്നു. സെക്കന്റ് ഹാഫില്‍ നായികയുടെ മരണാനന്തരം നടക്കുന്ന കോടതി വിചാരണയിലും നായിക തന്നെയാണ് ചര്‍ച്ചാവിഷയം. അതുകൊണ്ട് ഫീമെയ്ല്‍ ഓറിയന്റഡായ ഒരുടൈറ്റില്‍ ഇടുന്നതില്‍ അപാകത തോന്നിയില്ല.

ഓഡിഷനും വര്‍ക്ക്‌ഷോപ്പും

? മിക്കവരും പുതുമുഖങ്ങള്‍ എങ്ങനെയായിരുന്നു സെലക്ഷന്‍


ഠ ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍, അവരുടെ പേര്, സ്വഭാവരീതി, പെരുമാറ്റം, രൂപം എന്നിവയെപ്പറ്റിയൊക്കെ വ്യക്തമായ കാഴ്ചപ്പാട് എനിക്കും തിരക്കഥാകൃത്തുക്കള്‍ക്കും ഉണ്ടായിരുന്നു. അതിന് മാച്ച് ചെയ്യുന്ന അഭിനേതാക്കളെ കണ്ടെത്താന്‍ മൂന്നാഴ്ചയിലേറെ നീണ്ട ഓഡിഷന്‍ നടത്തിയിരുന്നു. കഥാപാത്രങ്ങളുടെ ഇരിപ്പ്, നടപ്പ്, സംസാരരീതി എന്നിവയെപ്പറ്റി നല്ല ബോധ്യമുള്ളതിനാല്‍ അതിന് യോജിച്ചവരെ പിന്‍ പോയിന്റ് ചെയ്ത് കണ്ടെത്താനായി. അവര്‍ക്കായി വര്‍ക്ക്‌ഷോപ്പും നടത്തിയിരുന്നു. അതോടെ അഭിനയിക്കാന്‍ തെരഞ്ഞെടുത്തവരില്‍ നല്ല സൗഹൃദവും കൂട്ടായ്മയും ഉടലെടുത്തു. അങ്ങനെ നല്ല തയ്യാറെടുപ്പിന് ശേഷമാണ് ചിത്രീകരണം നടത്തിയത്. നായികയെ കണ്ടെത്താനായിരുന്നു അല്പം താമസം നേരിട്ടത്. കുറേ പെണ്‍കുട്ടികള്‍ വന്നെങ്കിലും ചിന്നു എന്ന കഥാപാത്രത്തിന് യോജിച്ചയാളെ കണ്ടെത്താനായില്ല. ഭാഗ്യവശാല്‍ അവസാന ദിവസം സാനിയ വന്നു. ആദ്യ കാഴ്ചയില്‍ തന്നെ ചിന്നു എന്ന കഥാപാത്രത്തിന് സാനിയ അനുയോജ്യയാണെന്ന തോന്നി. സെലക്ഷന്‍ കഴിഞ്ഞ ശേഷമാണ് പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണ് സാനിയ എന്ന് ഞാനറിഞ്ഞത്. പക്ഷേ എഞ്ചിനിയറിംഗ് ബിരുദത്തിന് പഠിക്കുന്ന കഥാപാത്രമായി സാനിയ നന്നായി തിളങ്ങി. ഡി ഫോര്‍ ഡാന്‍സിലൂടെ ഫെയിമസാണെങ്കിലും ഞാന്‍ സാനിയയെക്കുറിച്ചറിയുന്നത് ഓഡിഷന് വന്ന ശേഷമാണ്. നൃത്തമറിയാവുന്ന കുട്ടിയായതിനാല്‍ ആ കഥാപാത്രമാകുന്നതില്‍ സാനിയക്ക് പ്രയാസമുണ്ടായുമില്ല. സാനിയയുടെ കഥാപാത്രം പ്രേക്ഷകര്‍ക്കിഷ്ടമായാല്‍ ചിത്രം ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. ഭാഗ്യവശാല്‍ അത് സംഭവിച്ചു.

കോടതിക്കെതിരെ വിമര്‍ശനം

? കോടതിയെ ശക്തമായി വിമര്‍ശിക്കുന്നതാണ് ചിത്രത്തിന്റെ രണ്ടാം പാതി. മന: പൂര്‍വ്വമാണോ അത്.


ഠ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളും ഞാനും എത്രയോ തവണ ചര്‍ച്ച ചെയ്ത് ആലോചിച്ചുറപ്പിച്ചാണ് ആ രംഗങ്ങള്‍ എഴുതിയത്. നമ്മുടെ നാട്ടിലെ ലിംഗവിവേചനത്തില്‍ കോടതികളുടെ നിലപാട് കൂടി വിമര്‍ശിക്കപ്പെടേണ്ടതാണ് എന്നു തോന്നി. അങ്ങനെ പ്ലാന്‍ ചെയ്‌തെടുത്ത സീനുകള്‍ തന്നെയാണ്. ശക്തമായ സാമൂഹികവിമര്‍ശനമുള്ള ചിത്രം എന്ന് ആദ്യദിനം തന്നെ വിലയിരുത്തല്‍ വന്നതും അങ്ങനെയാണ്. കാമ്പസിന് പുറത്തുള്ളവര്‍ക്ക് ചിത്രം സ്വീകാര്യമായത് അതുകൊണ്ട് കൂടിയാണ്.
uploads/news/2018/03/199714/CiniINWdijojose120318c.jpg

സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്

? കോടതി രംഗങ്ങളില്‍ ചിലത് സെന്‍സര്‍ ചെയ്യപ്പെട്ടിരുന്നു എന്ന് കേട്ടു .


ഠ ശരിയാണ്. സലിം കുമാര്‍ അവതരിപ്പിച്ച മുകുന്ദന്‍ വക്കീലിന്റെ വാദങ്ങള്‍ കോടതി നിലപാടുകള്‍ക്ക് കൂടി എതിരായിരുന്നു. അദ്ദേഹം കോടതിയില്‍ വാദിക്കുന്ന ചില രംഗങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെട്ടു. എങ്കിലും ഞങ്ങള്‍ ഉന്നയിക്കാനുദ്ദേശിച്ച വിഷയങ്ങള്‍ പരിക്കില്ലാതെ തീയേറ്ററിലെത്തിക്കാനായി. തീയേറ്ററില്‍ കാണിക്കാനാകാത്ത രംഗങ്ങള്‍ ഞങ്ങള്‍ പിന്നെ യൂറ്റിയൂബില്‍ അപ് ലോഡ് ചെയ്തിരുന്നു. നല്ല പ്രതികരണമാണതിന് കിട്ടിയത്.

സീനിയര്‍ താരങ്ങള്‍

? ചിത്രത്തില്‍ ഏറെയും പുതുമുഖങ്ങളാണ്. എങ്കിലും ഏതാനും സീനിയര്‍ താരങ്ങള്‍ കൂടിയുണ്ട്. അവരുടെ സഹകരണം.


ഠ വിജയരാഘവന്‍, സലിംകുമാര്‍, നന്ദു, ശ്രീജിത് രവി, കലാശാല ബാബു തുടങ്ങിയ സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നല്ല സഹകരണമാണ് നല്‍കിയത്. ഞങ്ങള്‍ചിത്രീകരിക്കുന്ന വിധം നോക്കി നല്ല രീതിയില്‍ ഈ ചിത്രം വരുമെന്ന് അവര്‍ പലരോടും പറഞ്ഞതായറിയാം. സെക്കന്റ് ഹാഫിനെ ശരിക്കും മികച്ചതാക്കിയത് സീനിയര്‍ താരങ്ങളുടെ സാന്നിധ്യമാണ്. ചിത്രം ഇറങ്ങിയ ശേഷം അവരൊക്കെ നന്നായി അപ്രിഷിയേറ്റ് ചെയ്തു.

മാര്‍ക്കറ്റിംഗ് സ്‌റ്റൈല്‍

? ഒരു പുതുമുഖ ചിത്രമായിട്ടും റിലീസായിടത്തെല്ലാം ആദ്യ ഷോ തന്നെ ഹൗസ്ഫുള്‍ ആക്കാനായി. എന്തായിരുന്നു മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി.


ഠ ഞങ്ങള്‍ ഒട്ടേറെ ചെറുപ്പക്കാരുടെ പ്രയത്‌നമാണീ സിനിമ. അതിനാല്‍ സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിച്ചുള്ള മാര്‍ക്കറ്റിംഗ് ആദ്യമേ തുടങ്ങി. ചിത്രത്തിലെപ്രധാനപ്പെട്ട ചില രംഗങ്ങള്‍, ഗാനങ്ങള്‍, അഭിനേതാക്കളും ടെക്‌നീഷ്യന്മാരുമായുള്ള ഇന്റര്‍വ്യു എന്നിവ സോഷ്യല്‍ മീഡിയയിലൂടെയും, യുട്യൂബിലൂടെയും നേരത്തേ ഓഡിയന്‍സിലെത്തിക്കാനായി. ട്രെയിലറുകള്‍ക്കൊക്കെ നല്ല സ്വീകാര്യതയായിരുന്നു. റിലീസിന് മുമ്പേ ഗാനങ്ങള്‍ ഓഡിയന്‍സ്ഏറ്റെടുത്തപ്പോഴെ ചിത്രം ഹിറ്റാകും എന്ന പ്രതീക്ഷയുണ്ടായിരുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് പോലെ ഒരു ബാനര്‍ വിതരണച്ചുമതല ഏറ്റെടുത്തതിനാല്‍ നല്ലതീയേറ്ററുകളും കിട്ടി. 87 സെന്ററുകളിലാണ് റിലീസ് ചെയ്തത്. നല്ല ഇനിഷ്യല്‍ കിട്ടാന്‍ അതും സഹായിച്ചു .

പ്രചോദനമാകും ഈ വിജയം

? പുതുമുഖങ്ങളെ വച്ച് ഒരു വന്‍വിജയം. എന്തു തോന്നുന്നു ഇപ്പോള്‍.


ഠ ഞങ്ങള്‍ ഒരു പാട് ചെറുപ്പക്കാരുടെ കന്നിച്ചിത്രമാണിത്. ചിത്രത്തിന്റെ വിജയം ഞങ്ങള്‍ക്കൊക്കെ ബ്രേക്ക് നല്‍കിക്കഴിഞ്ഞു. ഞങ്ങളെപ്പോലെ സിനിമ സ്വപ്നം കാണുന്ന നിരവധി ചെറുപ്പക്കാര്‍ വേറെയുണ്ട്. താരങ്ങളുടെ ഡേറ്റ് കിട്ടാത്തതിനാല്‍ സിനിമ ചെയ്യാനാകാത്തവര്‍. ഈ ചിത്രം അവര്‍ക്ക് പ്രചോദനമാകും. പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്താലും വിജയിപ്പിക്കാനാകും എന്ന തോന്നല്‍ അവര്‍ക്ക് ധൈര്യമേകും. പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്യാം എന്ന ധൈര്യം നിര്‍മാതാക്കള്‍ക്കും ലഭിക്കും. നല്ല ബാനറുകള്‍ ചിലപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കാന്‍ മുന്നോട്ട് വന്നെന്ന് വരും.

സിനിമാ സങ്കല്പം

? എന്താണ് താങ്കളുടെ സിനിമാ സങ്കല്പം.


ഠ പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നതാവണം സിനിമ എന്നത് തന്നെയാണ് എന്റെ സങ്കല്പം. നൂറോ നൂറ്റമ്പതോ രൂപ നല്‍കി തീയേറ്ററിലെത്തുന്ന പ്രേക്ഷകന്‍എന്റര്‍ടെയിന്‍മെന്റ് കൊതിച്ചു തന്നെയാണ് വരുന്നത്. അതു നല്‍കുന്നത് തന്നെയാവണം സിനിമ. ഒപ്പം ഒരു സോഷ്യല്‍ മെസ്സേജ് കൂടി നല്‍കാനായാല്‍ നല്ലത്. ഒരുതരം ഇന്‍സ്പിറേഷന്‍. പക്ഷേ രണ്ടുരണ്ടര മണിക്കൂര്‍ പ്രേക്ഷകരെ മുഷിയാത്ത രീതിയില്‍ തീയേറ്ററില്‍ പിടിച്ചിരുത്താനാവുക എന്നതാണ് പ്രധാനം. സിനിമ ഒരുക്കുമ്പോള്‍ അതാണ് എന്റെ മനസ്സില്‍ .

ഉണ്ണിക്കൃഷ്ണന്‍ ശ്രീകണ്ഠപുരം

Ads by Google
Monday 12 Mar 2018 03.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW