Wednesday, June 19, 2019 Last Updated 14 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 12 Mar 2018 12.27 PM

ഇനി നടുനായകന്‍ ഇല്ലാത്ത പൂരം

''അപൂര്‍വമായ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ശിവസുന്ദറിന് ഉയരം പത്തടിയോട് അടുത്തു വരും. നിലത്തിഴയുന്ന തുമ്പിക്കൈ, ഉയര്‍ന്ന വായുകുംഭം. ആകര്‍ഷകമായ തലക്കുന്നി, വിരിഞ്ഞ മസ്തകം, 18 നഖങ്ങള്‍, ഗാംഭീര്യമുള്ള ശരീരം, അല്‍പ്പം കുറഞ്ഞ ഇടനീളം, ലക്ഷണമൊത്ത വാല്‍''
uploads/news/2018/03/199677/mgmsplTCRnews120318a.jpg

തൃശൂര്‍: പൂരം എത്തും മുമ്പേ തിരുവമ്പാടി ശിവസുന്ദര്‍ യാത്രയായി. തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയെത്തുന്ന ആ തലപ്പൊക്കം ഇനിയില്ലെന്ന് വിശ്വസിക്കാനാവാതെ ആനപ്രേമികള്‍. സംസ്ഥാനമൊട്ടാകെ നിന്ന് നൂറുകണക്കിന് ആളുകളാണ് ശിവസുന്ദറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്.

പതിനഞ്ച് വര്‍ഷം തിരുവമ്പാടിയുടെ തിടമ്പേറ്റിയ ഗജവീരന്‍ ഇക്കുറി തൃശൂര്‍പ്പൂരത്തിന് നടുനായകത്വം വഹിക്കാന്‍ ഉണ്ടാവില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ ആള്‍ക്കൂട്ടം വിതുമ്പി. തൃശൂര്‍ പൂരത്തിന് ശിവസുന്ദര്‍ തെക്കേ ഗോപുരത്തിലൂടെ കുടമാറ്റത്തിന് പുറത്തു വരുന്ന കാഴ്ച ഒരിക്കല്‍ കണ്ടവര്‍ മറക്കില്ല.

ജില്ലയ്ക്കകത്തും പുറത്തുമുള്ള വിവിധ ക്ഷേത്രങ്ങളില്‍നിന്നും ദേവസ്വങ്ങളില്‍ നിന്നും ഭാരവാഹികളും എത്തിയിരുന്നു. ചുവന്ന പട്ടു പുതപ്പിച്ചു കിടത്തിയ ശിവസുന്ദറിന്് അന്തിമ ഉപചാരമര്‍പ്പിക്കാന്‍ ശിവസുന്ദറിന്റെ ആരാധകര്‍ തിരക്കുകൂട്ടി. പലരും വാവിട്ടു കരഞ്ഞു. ചെറിയ കുട്ടികളും മുതിര്‍ന്നവരും ശിവസുന്ദറിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ മുട്ടുകുത്തി നമസ്‌കരിച്ചു. പാപ്പാന്‍ ചന്ദ്രന്‍ ശിവസുന്ദറിന്റെ ജഡത്തിലേക്കുവീണ് അലമുറയിട്ടത് കൂട്ടക്കരച്ചിലിനിടയാക്കി.

ഇത്തവണ പൂരത്തിന് തെക്കോട്ടിറക്കത്തിനും കുടമാറ്റത്തിനും ഗാംഭീര്യത്തോടെ നില്‍ക്കുന്ന ശിവസുന്ദര്‍ ഉണ്ടാകില്ലെന്ന് പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. അസുഖം മാറി ഇക്കുറിയും പൂരത്തിന് ശിവസുന്ദര്‍ എത്തുമെന്ന ദേശക്കാരുടെയെല്ലാം പ്രാര്‍ഥനകള്‍ വിഫലമാക്കിയാണ് ശിവസുന്ദര്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ചരിഞ്ഞത്. 46 വയസ് മാത്രമാണ് ശിവസുന്ദറിന് ഉണ്ടായിരുന്നത്. ആനകളുടെ പ്രായം അനുസരിച്ച് ശിവസുന്ദറിന്റേത് അകാല മരണമാണ്.

uploads/news/2018/03/199677/mgmsplTCRnews120318a1.jpg

എരണ്ടക്കെട്ടു ബാധിച്ചതിനെ തുടര്‍ന്ന് അറുപത്തിയേഴ് ദിവസമായി ചികിത്സയിലായിരുന്നു ശിവസുന്ദര്‍. പൂരങ്ങളുടെ പൂരത്തിന് ഒട്ടും കുറുമ്പുകാട്ടാതെ ഗൗരവം അല്‍പ്പംപോലും ചോരാതെയുള്ള എഴുന്നള്ളി വരവ് ഓര്‍ത്തു പറഞ്ഞായിരുന്നു പലരും വിതുമ്പിയത്. പൂക്കോട് ശിവന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആനയെ 2003 ല്‍ വ്യവസായി ടി.എ. സുന്ദര്‍ മേനോന്‍ വാങ്ങി തിരുവമ്പാടി ക്ഷേത്രത്തില്‍ നടയ്ക്കിരുത്തുകയായിരുന്നു. 28 വര്‍ഷം തിരുവമ്പാടിക്കുവേണ്ടി തിടമ്പേറ്റിയ ചന്ദ്രശേഖരന്റെ വിയോഗത്തിന് ശേഷമാണ് തിരുവമ്പാടി ശിവസുന്ദര്‍ പൂരപ്രേമികളുടെ മനസില്‍ കയറിപ്പറ്റിയത്.

അപൂര്‍വമായ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ശിവസുന്ദറിന് ഉയരം പത്തടിയോട് അടുത്തു വരും. നിലത്തിഴയുന്ന തുമ്പിക്കൈ, ഉയര്‍ന്ന വായുകുംഭം. ആകര്‍ഷകമായ തലക്കുന്നി, വിരിഞ്ഞ മസ്തകം, 18 നഖങ്ങള്‍, ഗാംഭീര്യമുള്ള ദേഹം, അല്‍പ്പം കുറഞ്ഞ ഇടനീളം, ലക്ഷണമൊത്ത വാല്‍ ഇതൊക്കെയായിരുന്നു ശിവസുന്ദറിന്റെ സവിശേഷത. നിരവധി ബഹുമതികളും ശിവസുന്ദറിനെ തേടിയെത്തിരുന്നു. 2007 ല്‍ ഇളങ്ങളം ഗജരാജ സംഗമത്തില്‍നിന്നും കളഭകേസരി പട്ടം, 2008 ല്‍ പട്ടത്താനം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍നിന്നും മാതംഗ കേസരിപ്പട്ടം എന്നിവ അതില്‍ ചിലതുമാത്രം.

തിടമ്പേറ്റാനുള്ള നിയോഗം നീണ്ട പതിനഞ്ചു വര്‍ഷവും നിറവേറ്റി. പതിനാറാം വര്‍ഷം കൈയെത്തും ദൂരത്തെത്തിയപ്പോഴാണ് പൂരനഗരിയുടെ സ്‌നേഹം മുഴുവനും ഏറ്റുവാങ്ങിയ ശിവസുന്ദറിന്റെ മടക്കം. വികാരനിര്‍ഭരമായ യാത്രയയപ്പാണ് ശിവസുന്ദറിന് നാട് നല്‍കിയത്. നാട്ടാനകളില്‍ അഴകൊത്ത കൊമ്പന് ഒന്‍പത് ആനകള്‍ ചേര്‍ന്ന് പ്രണാമം അര്‍പ്പിച്ചു. തൃശൂര്‍ പൂരത്തിന് ഒപ്പം നില്‍ക്കാറുള്ള കൂട്ടാനകള്‍ പ്രണാമം അര്‍പ്പിക്കാനെത്തിയതോടെ പൂരനഗരി തേങ്ങി. ഒടുവില്‍ ജനം അവരുടെ പ്രിയപ്പെട്ട ശിവസുന്ദറിന് യാത്രാമംഗളമേകി.

**അവസാനം തിടമ്പേറ്റിയത് അയിലൂര്‍ ക്ഷേത്രത്തില്‍
തൃശൂര്‍: ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ അവസാനം തിടമ്പേറ്റിയത് പാലക്കാട് അയിലൂര്‍ ക്ഷേത്രത്തില്‍. കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു രാജകീയ പ്രൗഢിയോടെയുള്ള ആ എഴുന്നള്ളിപ്പ്്. അതിനുശേഷം തിരിച്ചെത്തിയതോടെയാണ് ശിവസുന്ദറിന് സുഖമില്ലാതായത്. അതോടെ ചെമ്പുക്കാവില്‍നിന്നും ആനയെ വിദഗ്ധ ചികിത്സക്കായി തിരുവമ്പാടി കൗസ്തുഭത്തിലേക്ക് മാറ്റി. 2002 ല്‍ നടയിരുത്തുന്നതുവരെ പൂക്കോട് ശിവനായി അറിയപ്പെട്ടിരുന്ന ശിവസുന്ദര്‍ അതിന് മുന്‍പ് കൂര്‍ക്കഞ്ചേരി പൂരം എന്നിവയ്ക്ക് സ്ഥിരമായി പങ്കെടുത്തിരുന്നു.

Ads by Google
Monday 12 Mar 2018 12.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW