Monday, September 10, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 12 Mar 2018 02.09 AM

വിസ്‌മയ കാഴ്‌ചയൊരുക്കി പാലക്കുന്ന്‌ പാഠശാലയില്‍ മുടിയേറ്റ്‌

uploads/news/2018/03/199631/re5.jpg

കരിവെള്ളൂര്‍ :മുഖത്ത്‌ വിളക്കെണ്ണ കരിതേച്ച്‌ വസൂരി കലയായി ഉഗ്രരൂപം പൂണ്ട്‌ കാളിയെത്തിയപ്പോള്‍ കാണികള്‍ അമ്പരന്നു.ചെണ്ടയുടെ രൗദ്രതാളവും ചടുലമായ ചുവടുകളും കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളും ആ പുറപ്പാടിന്‌ ഗാംഭീര്യമേകി. കത്തുന്ന പന്തത്തിനൊപ്പം ആളുന്ന മുഖഭാവങ്ങളുടെ മിന്നലാട്ടം വിസ്‌മയ കാഴ്‌ചയായി. പിന്നെ തിന്മയ്‌ക്കു മേല്‍ നന്മയുടെ വിജയം കുറിക്കുന്ന ദാരികനിഗ്രഹം.
പാലക്കുന്ന്‌ പാഠശാല ഗ്രന്ഥാലയത്തിനു വേണ്ടി നിര്‍മ്മിച്ച താല്‍ക്കാലിക കെട്ടിടത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ്‌ കേരള നാടന്‍കലാ അക്കാദമി കീഴില്ലം ഉണ്ണികൃഷ്‌ണന്‍ സംഘത്തിന്റെ മുടിയേറ്റിന്‌ വേദിയൊരുക്കിയത്‌.
കഥകളിയിലേതു പോലെ സങ്കീര്‍ണമായ വേഷവിധാനങ്ങളും ചമയങ്ങളുമാണ്‌ തെക്കന്‍ കേരളത്തിലെ പൗരാണിക അനുഷ്‌ഠാന കലയുടെ പ്രത്യേകത.
മണിക്കൂറുകളാണ്‌ ചുട്ടിയിടുന്നത്‌. ചാക്യാരുടെ സമാനമായ ഉടുത്തുകെട്ട്‌, കഴുത്താര, മുല മാറ്‌, വള, ഹസ്‌ത കുടം, പിടിയരിഞ്ഞാണം, ചുവന്ന കുപ്പായം എന്നിവയാണ്‌ പ്രധാന വേഷങ്ങള്‍ .കഥകളിയില്‍ ഉപയോഗിക്കുന്ന കുറ്റിച്ചാമരത്തെക്കാള്‍ വലുപ്പവും ഭാരവുമുള്ള കഴുത്താരയാണ്‌ മുടിയേറ്റില്‍ ഉപയോഗിക്കുന്നത്‌.വരിക്കപ്ലാവിന്‍ തടിയില്‍ കൊത്തിയെടുത്തതാണ്‌ ഈ കിരീടം.
കാളിയെ കൂടാതെ ദാരികന്‍, ശിവഭൂതഗണങ്ങളില്‍ പ്രധാനിയായ കൂളി ,ദാനവേന്ദ്രന്‍ എന്നിവയാണ്‌ പ്രധാന കഥാപാത്രങ്ങള്‍.ഹാസ്യ അവതരണമായ കൂളി ഏറെ ആകര്‍ഷിക്കുന്നവയാണ്‌.കേരള സംഗീത അക്കാദമി, ഫോക്‌ ലോര്‍ അക്കാദമി അവാര്‍ഡുകള്‍ നേടിയ കീഴില്ലം ഉണ്ണികൃഷ്‌ണനാണ്‌ കാളിയെ അവതരിപ്പിച്ചത്‌. ദാരികനായി ഉണ്ണികൃഷ്‌ണനും ദാനവേന്ദ്രനായി ആനന്ദു ഉദയനും അരങ്ങിലെത്തി.
ശങ്കരന്‍, അജി(ചെണ്ട), മിഥുന്‍ ( വലം തല), അനില്‍, മിഥുന്‍ (ഇലത്താളം), ഗോപാലകൃഷ്‌ണന്‍ നെല്ലാടന്‍ ( പന്തം ) എന്നിവരാണ്‌ പിന്നണിയില്‍. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.രാഘവന്‍ കെട്ടിടോദ്‌ഘാടനം നിര്‍വഹിച്ചു.വത്സന്‍ പിലിക്കോട്‌ പ്രഭാഷണം നടത്തി.
ഡോ.വി.ലിസി മാത്യു, ടി.വി.വിനോദ്‌, വൈക്കത്ത്‌നാരായണന്‍ , കൊടക്കാട്‌ നാരായണന്‍, വി.വി.പ്രദീപന്‍, എ.ശശിധരന്‍, പി.ഗോപി പ്രസംഗിച്ചു. പി.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു.

Ads by Google
Monday 12 Mar 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW