Tuesday, March 05, 2019 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 11 Mar 2018 12.34 AM

എഴുത്തിന്റെ വഴിയിലും നൂറുമേനി

uploads/news/2018/03/199225/s1.jpg

അയോധ്യയില്‍ ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിനു ശേഷമുള്ള ദിവസങ്ങള്‍. രാജ്യത്തെന്നപോലെ കേരളത്തിലും സംഘര്‍ഷത്തിനും പിരിമുറുക്കത്തിനും അയവുവന്നിരുന്നില്ല. പി.ഡി.പി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിയുടെ തീപ്പൊരി പ്രസംഗത്തില്‍ മുസ്ലിം ചെറുപ്പക്കാര്‍ ആകര്‍ഷിക്കപ്പെട്ട സമയമായിരുന്നു അത്‌. ക്ഷേത്രങ്ങളില്‍ ഉത്സവത്തിന്റെ നാളുകള്‍. ഒരുദിവസം വൈകുന്നേരം കോഴിക്കോട്‌ മാറാടിനു സമീപം നടുവട്ടം ക്ഷേത്രത്തിലെ ഉത്സവവരവ്‌ നടക്കുകയാണ്‌. ബേപ്പൂരില്‍ നിന്ന്‌ നടുവട്ടം ഭാഗത്തേക്ക്‌ ബേപ്പൂര്‍ -മീഞ്ചന്ത റോഡിലൂടെയാണ്‌ ആഘോഷ വരവ്‌. ഭക്‌തിയുടെ നിറവിലായിരുന്നു വിശ്വാസികള്‍. നടുവട്ടം പള്ളിക്കു സമീപമെത്തിയപ്പോഴാണ്‌ അപ്രതീക്ഷിതമായ ആ സംഭവമുണ്ടായത്‌. റോഡരികിലുള്ള നടുവട്ടം പള്ളിയില്‍ നിന്ന്‌ ഒരു കല്ല്‌ ആഘോഷ വരവിനു നേരെ വന്നു വീണു. മുന്‍നിരയിലെ പൂജാരിക്കു പരുക്കേറ്റു. നാടു കത്താന്‍ ഇനിയെന്തുവേണം? വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വെടിവയ്‌പു നടന്ന പള്ളിയായതിനാല്‍ സംഭവത്തിന്റെ ഗൗരവം കൂടി.
അന്ന്‌ കോഴിക്കോട്‌ മുതലക്കുളം മൈതാനിയില്‍ ബി.ജെ.പിയുടെ പൊതുയോഗം നടക്കുകയാണ്‌. ബി.ജെ.പി ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ. പി.എസ്‌ ശ്രീധരന്‍പിള്ള വേദിയില്‍ ഇരിക്കുന്നു. അപ്പോഴാണ്‌ ഒരു ദൂതന്‍ അദ്ദേഹത്തിനു കുറിപ്പ്‌ നല്‍കുന്നത്‌. കുറിപ്പ്‌ കൊടുത്തയച്ചത്‌ മുസ്ലിംലീഗ്‌ നേതാക്കളായ മുന്‍ മന്ത്രി ഡോ.എം.കെ മുനീറും അഡ്വ. എസ്‌.വി ഉസ്‌മാന്‍ കോയയും. നടുവട്ടത്ത്‌ ക്ഷേത്രത്തിലെ ആഘോഷ വരവിനു നേരെ കല്ലേറുണ്ടായെന്നും പ്രശ്‌നത്തില്‍ ഉടന്‍ ഇടപെട്ട്‌ പരിഹരിക്കണമെന്നുമായിരുന്നു കുറിമാനം. അദ്ദേഹം സ്‌ഥലത്തെത്തി പൂജാരിയെ കണ്ടു. അഭിഭാഷകനെന്ന നിലയ്‌ക്ക് ശ്രീധരന്‍പിള്ളയുടെ കക്ഷിയായിരുന്നു പൂജാരി. അന്നു രാത്രി ഒന്നും സംഭവിക്കില്ലെന്ന്‌ പൂജാരിയില്‍നിന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളില്‍നിന്നും ഉറപ്പുവാങ്ങി. പിറ്റേന്ന്‌ ശ്രീധരന്‍പിള്ള മുന്‍കൈയെടുത്ത്‌ സ്‌ഥലം സി.ഐയുടെ സാന്നിധ്യത്തില്‍ ക്ഷേത്ര കമ്മിറ്റിയുടെയും പള്ളി കമ്മിറ്റിയുടെയും ഭാരവാഹികളെ ഒന്നിച്ചിരുത്തി ചര്‍ച്ചയ്‌ക്കു വേദിയൊരുക്കി. മഅദനിയുടെ പ്രസംഗത്തില്‍ ആകൃഷ്‌ടനായ ചെറുപ്പക്കാരനാണ്‌ കല്ലെറിഞ്ഞതെന്നു വ്യക്‌തമായി. മഹല്ല്‌ കമ്മിറ്റി ഇതില്‍ ക്ഷമാപണം നടത്തിയതോടെ സംഭവം അവിടെ അവസാനിച്ചു. ഒരു വലിയ കലാപം ഒഴിവായ നിമിഷങ്ങള്‍ ശ്രീധരന്‍പിള്ളയുടെ മനസില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നു.

ജനകീയ മുഖം

ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന്‌ കോഴിക്കോട്‌, അത്യപൂര്‍വ അനുഭവത്തിനു സാക്ഷിയായി. രാഷ്‌ട്രീയവും മതവും കോറിയിട്ട അതിര്‍വരമ്പുകള്‍ ഇല്ലാതായ നിമിഷം. മാനവിക മൂല്യങ്ങള്‍ വാനോളം ഉയര്‍ന്ന വൈകാരിക മുഹൂര്‍ത്തം. പരിപാടിയുടെ മുഖ്യസംഘാടകര്‍ കോണ്‍ഗ്രസ്‌ നേതാക്കളായ എം.കെ രാഘവന്‍ എം.പിയും കെ.പി.സി.സി അംഗം എന്‍.കെ അബ്‌ദുറഹിമാനും. ജനറല്‍ കണ്‍വീനര്‍ മുസ്ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ന്യൂസ്‌ എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്‌ഥാന പ്രസിഡന്റുമായ കമാല്‍വരദൂര്‍. പ്രാസംഗികരായി സി.പി.എം നേതാവും മന്ത്രിയുമായ കെ.ടി ജലീലും ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരനും. ഉപരാഷ്‌ട്രപതി എം.വെങ്കയ്യനായിഡു മുഖ്യാതിഥി. നൂറുപുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും അഭിഭാഷക വൃത്തിയില്‍ റൂബി ജൂബിലി ആഘോഷിക്കുകയും ചെയ്യുന്ന അഡ്വ. പി.എസ്‌.ശ്രീധരന്‍പിള്ളയെ ആദരിക്കുന്നതിനു കോഴിക്കോട്‌ പൗരാവലി ഒരുക്കിയ സ്വീകരണ ചടങ്ങായിരുന്നു അത്‌.
കൊലപാതക രാഷ്‌ട്രീയം കേരളത്തില്‍ അരങ്ങു തകര്‍ക്കുമ്പോഴാണ്‌ വ്യത്യസ്‌ത രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്‌നേഹത്തില്‍ പൊതിഞ്ഞ ആദരവ്‌. ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു തന്നെ അദ്‌ഭുതപ്പെടുത്തിയ നിമിഷങ്ങള്‍ പ്രസംഗത്തില്‍ സൂചിപ്പിക്കുകയും ചെയ്‌തു. ഈ ആദരവിലൂടെ കോഴിക്കോട്‌ രാജ്യത്തിനു മാതൃകയായി മാറിയെന്ന്‌ ഉപരാഷ്‌ട്രപതി വിലയിരുത്തി. രാജ്യത്തിന്റെ എല്ലാ ഭാഗത്തും കോഴിക്കോടിന്റെ രാഷ്‌ട്രീയ കൂട്ടായ്‌മ താന്‍ എടുത്തുകാട്ടുമെന്ന്‌ ഉപരാഷ്‌ട്രപതി അടിവരയിട്ടപ്പോള്‍ സദസില്‍ നിറഞ്ഞ കൈയടി.
സൗമ്യമായ പെരുമാറ്റവും പുഞ്ചിരിയില്‍ നിറച്ചുവച്ച സ്‌നേഹവുമാണ്‌ ശ്രീധരന്‍പിള്ളയെ മതേതരത്വത്തിന്റെ ഭൂമികയിലെ വെള്ളിനക്ഷത്രമാക്കിയത്‌. മുസ്ലിം മതനേതാക്കളും ക്രൈസ്‌തവ സമൂഹവും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ജനകീയന്‍. കേരളത്തില്‍ അടുത്ത കാലത്ത്‌ നടന്ന മൂന്നു മുസ്ലിം സംഘടനകളുടെ സമ്മേളനങ്ങളിലും നിറഞ്ഞ സാന്നിധ്യം ശ്രീധരന്‍പിള്ളയായിരുന്നു. മലപ്പുറം കുരിയാട്‌ നടന്ന മുജാഹിദ്‌ സമ്മേളനത്തിലും ഇ.കെ.വിഭാഗം സമസ്‌തയുടെ സമ്മേളനത്തിലും. കാരന്തൂര്‍ സുന്നി മര്‍കസ്‌ റൂബി ജൂബിലി സമ്മേളനത്തില്‍ മര്‍കസ്‌ കുടുംബാംഗമെന്നാണ്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌.

എഴുത്തിന്റെ ലോകം

അഡ്വ.പി.എസ്‌. ശ്രീധരന്‍പിള്ള വെറുമൊരു രാഷ്‌ട്രീയക്കാരനല്ല ഇന്ന്‌. ബി.ജെ.പിയുടെ മൂന്‍ സംസ്‌ഥാന പ്രസിഡന്റ ്‌ എന്നതിലുപരി നൂറു പുസ്‌തകങ്ങള്‍ രചിച്ച എഴുത്തുകാരന്‍ എന്ന പൊന്‍തൂവല്‍ അദ്ദേഹത്തിന്‌ സ്വന്തം. മൂന്നു കര്‍മ മണ്ഡലങ്ങളിലെ പ്രകാശ ഗോപുരം- രാഷ്‌ട്രീയം, അഭിഭാഷക വൃത്തി, എഴുത്ത്‌..
11 കവിതാ സമാഹാരങ്ങള്‍, അഞ്ച്‌ ചരിത്ര പുസ്‌തകങ്ങള്‍, 18 നിയമ പുസ്‌തകങ്ങള്‍, 13 രാഷ്‌ട്രീയ വിശകലനങ്ങള്‍, സാമ്പത്തിക ശാസ്‌ത്രം, സാമൂഹികം, സാംസ്‌കാരികം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ മറ്റു കൃതികള്‍. ഇംഗ്ലീഷിലും മലയാളത്തിലും രചനകള്‍.
1987-ല്‍ പുറത്തിറങ്ങിയ പൊതുസിവില്‍ കോഡ്‌ സംബന്ധിച്ച കൃതിയാണ്‌ ആദ്യത്തേത്‌. 2003-ലാണ്‌ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്‌. ആദ്യ പുസ്‌തകത്തിന്‌ അവതാരിക എഴുതിയത്‌ എം.ടി വാസുദേവന്‍ നായര്‍. രണ്ടു കൃതികള്‍ക്ക്‌ അവതാരിക എഴുതിയത്‌ എം.പി വീരേന്ദ്രകുമാര്‍. പഴശ്ശിസ്‌മൃതി എന്ന കവിതാ സമാഹാരം രാഷ്‌ട്രപതി ഭവനില്‍ പ്രകാശനം ചെയ്‌തത്‌ അന്നത്തെ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍. ഇത്‌ അപൂര്‍വ സംഭവമാണ്‌. 30 പുരസ്‌കാരങ്ങള്‍ ഇതിനകംതന്നെ ഈ പ്രതിഭയെ തേടിയെത്തി. ഇതില്‍ എട്ടെണ്ണം സാഹിത്യ സംഭാവനയ്‌ക്കാണ്‌. ആറ്‌ ഗവര്‍ണര്‍മാരില്‍ നിന്ന്‌ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ചു. നാലു സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്‌ ഗവര്‍ണര്‍മാരാണ്‌ എന്ന പ്രത്യേകതയുമുണ്ട്‌. കേരളത്തില്‍ മാത്രമല്ല ഷാര്‍ജ ബുക്ക്‌ ഫെയറിലും മൂന്ന്‌ പുസ്‌തകങ്ങള്‍ പ്രകാശനം ചെയ്‌തു. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സജീവ സാന്നിധ്യം. പത്രങ്ങളില്‍ കോളമിസ്‌റ്റ്. നിരന്തര വായന. രാത്രി ഒന്നുവരെ എഴുത്തും വായനയും. ചെങ്ങന്നുര്‍ വെണ്‍മണി സ്വദേശിയായ ഇദ്ദേഹം പി.എസ്‌ വെണ്‍മണി എന്ന പേരിലാണ്‌ ആദ്യകാലത്ത്‌ കവിതകള്‍ എഴുതിയിരുന്നത്‌.

അഭിഭാഷകന്റെ റോള്‍

കോഴിക്കോട്ടെ ഡി.സി.സി ഓഫീസും കെട്ടിടവും മാണിയേടത്ത്‌ ബാലന്‍ എന്ന ആളുടേതായിരുന്നു. വാടക കെട്ടിടം പിന്നീട്‌ ഒഴിഞ്ഞുകൊടുക്കാന്‍ കോണ്‍ഗ്രസ്‌ തയാറായില്ല. കീഴ്‌കോടതി മുതല്‍ സുപ്രീംകോടതിവരെ നീണ്ട നിയമയുദ്ധം. ഒഴിപ്പിക്കാന്‍ വന്ന ആമീനെ തടയല്‍. സംഘര്‍ഷം. ബാലനു വേണ്ടി കേസ്‌ നടത്തിയിരുന്നത്‌ ശ്രീധരന്‍പിള്ളയാണ്‌. 27 കൊല്ലമായി ഉടമയ്‌ക്ക് അനുകൂല വിധിയുണ്ടായിട്ടും കെട്ടിടം ഒഴിഞ്ഞുകൊടുക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി നിശ്‌ചിത ദിവസത്തിനകം ഒഴിയാന്‍ ഉത്തരവിടുകയും ചെയ്‌തു. എന്നിട്ടും വിധി നടപ്പാകാത്തതിനാല്‍ എ.ഐ.സി.സി പ്രസിഡന്റ്‌ സോണിയാ ഗാന്ധിക്കും കെ.പി.സി.സി പ്രസിഡന്റിനും പിള്ള സ്‌റ്റാറ്റ്യൂട്ടറി നോട്ടീസ്‌ അയച്ചു. അന്ന്‌ യു.പി.എ ഭരണമാണ്‌ കേന്ദ്രത്തില്‍. പാര്‍ട്ടി ഓഫീസ്‌ ഒഴിഞ്ഞുകൊടുക്കാത്ത വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കണമെന്നും സോണിയയ്‌ക്കെതിരേ ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തണമെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഉപദേശിച്ചു. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ പിള്ള അതിനോട്‌ യോജിച്ചില്ല. ഒത്തുതീര്‍പ്പിലൂടെ ഈ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തുകയായിരുന്നു. അഭിഭാഷക വൃത്തിയെ അങ്ങേയറ്റം സ്‌നേഹിക്കുകയും തൊഴിലിനോടു നൂറുശതമാനം നീതിപുലര്‍ത്തുകയും ചെയ്യാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ വക്കീലന്‍മാര്‍ ആക്രമിച്ചപ്പോഴും പോര്‍വിളി നടത്തിയപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം തോളോടുതോള്‍ ചേര്‍ന്നുനിന്നു.
നിയമസഭയില്‍ യു.ഡി.എഫ്‌ ഭരണകാലത്ത്‌ കെ.എം. മാണി ബജറ്റ്‌ അവതരിപ്പിച്ചപ്പോള്‍ ഇടതുപക്ഷം നിയമസഭ സംഘര്‍ഷ മേഖലയാക്കിയിരുന്നു. അന്ന്‌ നിയമസഭയിലെ കേസ്‌ സംബന്ധിച്ച്‌ ഒരു ഉന്നത സി.പി.എം നേതാവ്‌ നിയമോപദേശം തേടിയത്‌ ശ്രീധരന്‍പിള്ളയോടാണ്‌. രാഷ്‌ട്രീയത്തിനതീതമായി കേസുകള്‍ വാദിക്കുന്ന അഭിഭാഷകനാണ്‌ അദ്ദേഹം. മുസ്ലിംലീഗുകാരും കോണ്‍ഗ്രസുകാരുമെല്ലാം വിശ്വസിച്ചുകൊണ്ട്‌ കേസുകള്‍ ഏല്‍പ്പിക്കുന്നത്‌ ഇദ്ദേഹത്തെയാണ്‌. സി.പി.എമ്മിന്റെ കേസുകളും വാദിച്ചു ജയിച്ചിട്ടുണ്ട്‌. ഇതിനു പുറമേ ബി.ജെ.പിയുടെ കേസുകളും. പതിനാലു ജില്ലകളിലും കോടതികളില്‍ ഹാജരായി കേസ്‌ വാദിക്കുന്നു എന്ന പ്രത്യേകതയും ശ്രീധരന്‍പിള്ളയ്‌ക്കുണ്ട്‌. സി.ബി.ഐയുടെ സ്‌റ്റാന്‍ഡിംഗ്‌ കോണ്‍സല്‍ ആയി സേവനമനുഷ്‌ഠിച്ചു. യു.ഡി.എഫ്‌-എല്‍.ഡി.എഫ്‌ ഭരണകാലത്ത്‌ 12 കേസുകളില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി. 120 ജൂണിയര്‍ അഭിഭാഷകരെ വാര്‍ത്തെടുത്തു എന്ന പ്രത്യേകതയും ശ്രീധരന്‍പിള്ളയ്‌ക്കു സ്വന്തം. ഇതില്‍ മൂന്നുപേര്‍ ജഡ്‌ജിമാരാണ്‌.

രാഷ്‌ട്രീയത്തിലെ അതികായന്‍

രാഷ്‌ട്രീയം കലയാണെന്ന വിശ്വാസക്കാരനാണ്‌ ശ്രീധരന്‍പിള്ള. ബി.ജെ.പിയുടെ സംസ്‌ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചപ്പോള്‍ പാര്‍ട്ടിക്കു നേട്ടമുണ്ടാക്കാനും കഴിഞ്ഞു. ലക്ഷദ്വീപില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്‌ക്കു വിത്തുപാകിയത്‌ ശ്രീധരന്‍പിള്ളയാണ്‌. ഒമ്പതു വര്‍ഷം ഇദ്ദേഹത്തിനായിരുന്നു ലക്ഷദ്വീപിന്റെ ചുമതല. സ്വന്തം കൈയില്‍നിന്നു പണമെടുത്ത്‌ വിമാനയാത്ര നടത്തിയാണ്‌ അവിടെ പാര്‍ട്ടി കെട്ടിപ്പടുത്തതെന്നു പറയുമ്പോള്‍ പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ കൂറ്‌ വെളിപ്പെടും. ഇതിന്റെ ഫലമായിരുന്നു 2004-ലെ തെരഞ്ഞെടുപ്പില്‍ അവിടെ എന്‍.ഡി.എ യ്‌ക്കുണ്ടായ വിജയം. ലക്ഷദ്വീപില്‍ നിന്ന്‌ ബി.ജെ.പിക്ക്‌ ആദ്യമായി ഒരു എം.പി പാര്‍ലമെന്റിലെത്തി. കേരളത്തില്‍ മൂവാറ്റുപുഴയില്‍നിന്ന്‌ പി.സി തോമസും ജയിച്ചു. രണ്ടും ചരിത്രപരമായ വിജയമായിരുന്നു. എന്നാല്‍ വ്യക്‌തി എന്ന നിലയില്‍ സാഹചര്യങ്ങളുടെ വേട്ടയാടലിനു ഇദ്ദേഹവും വിധേയനായി. പല സംഭവങ്ങളൂം ഉണങ്ങാത്ത മുറിവുകളായി ആ മനസില്‍ അവശേഷിക്കുന്നുണ്ട്‌.
പാരമ്പര്യമായി ബി.ജെ.പിയുടെ വഴിയിലെ യാത്രക്കാരനായിരുന്നില്ല ശ്രീധരന്‍പിള്ള. അദ്ദേഹത്തിന്റെ പിതാവ്‌ പി.എസ്‌.പിയുടെ പ്രവര്‍ത്തകനായിരുന്നു. ജീവിതത്തിന്റെ ഏതോ ഘട്ടത്തിലാണ്‌ അദ്ദേഹം ബി.ജെ.പി രാഷ്‌ട്രീയത്തില്‍ എത്തിപ്പെട്ടത്‌. തന്റെ വളര്‍ച്ചയ്‌ക്ക് കാരണം താന്‍ സ്‌നേഹിക്കുന്ന പ്രസ്‌ഥാനമാണെന്ന്‌ അദ്ദേഹം ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു. ചെങ്ങന്നൂരില്‍ നിന്ന്‌ കോഴിക്കോട്ടെത്തി ഈ ചരിത്ര നഗരത്തിന്റെ ഭാഗമായ അദ്ദേഹം സ്‌നേഹം പകുത്തു നല്‍കിയാണ്‌ എതിരാളികളുടെ മനസിലെ വിദ്വേഷത്തിന്റെ മഞ്ഞുരുക്കുന്നത്‌. ഇതാണ്‌ മറ്റു രാഷ്‌ട്രീയക്കാരില്‍ നിന്നു ശ്രീധരന്‍പിള്ളയെ വ്യതിരിക്‌തനാക്കുന്ന ഘടകവും. ഒരര്‍ത്ഥത്തില്‍ അഭിഭാഷക കുടുംബമാണ്‌ അദ്ദേഹത്തിന്റേത്‌. ഭാര്യ റീത്തയും മകന്‍ അര്‍ജുനും മരുമകന്‍ അരുണും സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. മകള്‍ ആര്യയും മരുമകള്‍ ജിപ്‌സയും ഡോക്‌ടര്‍മാരാണ്‌.
ഏത്‌ പ്രതികൂലസാഹചര്യത്തിലും സംഘര്‍ഷഭരിതമായ ഘട്ടങ്ങളിലും ഒരു ചെറുപുഞ്ചിരിയോടെ സംയമനം പാലിച്ചു നീങ്ങുന്ന പിളള പൊതുരംഗത്ത്‌ എല്ലാവര്‍ക്കും ഒരു വിസ്‌മയമാണ്‌. ആരോടും പകയില്ലാതെ ശത്രുതയില്ലാതെ എല്ലാം നോക്കിക്കാണാന്‍ കഴിയുന്നത്‌ തന്നില്‍ ഒരു എഴുത്തുകാരന്റെ മനസുളളതു കൊണ്ടാണെന്ന്‌ പിളള സാക്ഷ്യപ്പെടുത്തുന്നു.

എം. ജയതിലകന്‍

Ads by Google
Sunday 11 Mar 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW