Wednesday, March 13, 2019 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 11 Mar 2018 12.34 AM

നാണയങ്ങളുടെ നാഡിമിടിപ്പറിഞ്ഞ ജസ്‌റ്റിന്‍

uploads/news/2018/03/199222/s2.jpg

പൂവ്വാര്‍ ജംഗ്‌ഷനില്‍ നിന്നും വിഴിഞ്ഞം ഭാഗത്തേക്കുള്ള റോഡില്‍ ഉദ്ദേശം 300 മീറ്റര്‍ പടിഞ്ഞാറോട്ട്‌ നടന്നാല്‍ കത്തോലിക്ക വിശ്വാസത്തിന്റെ ആഴം സൂചിപ്പിച്ചു കൊണ്ട്‌ തലയുയര്‍ത്തി നില്‍ക്കുന്ന സെന്റ്‌ ബെര്‍ത്തലോമിയോസ്‌ പള്ളി കാണാം. തിരുവനന്തപുരം അതിരൂപതയില്‍പ്പെടുന്ന ഈ പള്ളിയുടെ ഇടത്‌ ഭാഗത്തുകൂടി കടപ്പുറത്തേക്കും മറ്റും പോകുന്ന ഇടറോഡ്‌. റോഡില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ കടലോരപ്രതീതി തോന്നും. തെരുവ്‌ പോലെ അടുത്തടുത്തിരിക്കുന്ന വീടുകള്‍. പള്ളിയുടെ പിന്നിലായി സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന അസംഖ്യവീടുകളിലൊന്നിലാണ്‌ ആഗോളശ്രദ്ധ പിടിച്ചു പറ്റിയ ജസ്‌റ്റിന്‍ എന്ന മനുഷ്യന്‍ താമസിക്കുന്നത്‌. പളളിയുടെ പേര്‌ തന്നെയാണ്‌ ജസ്‌റ്റിന്‍ സ്വന്തം വീടിനും നല്‍കിയിരിക്കുന്നത്‌.
ചായം തേച്ച്‌ ഒരുങ്ങാന്‍ കൊതിച്ച്‌ നില്‍ക്കുന്ന മട്ടിലുള്ള ഇരുനില വീട്‌. വീടിന്റെ മതില്‍ കെട്ടിനുള്ളില്‍ സ്‌ഥാപിച്ചിരിക്കുന്ന ഒരു ബോര്‍ഡില്‍ 'ജസ്‌റ്റിന്‍ ഗില്‍ബര്‍ട്ട്‌ ലോപ്പസ്‌ - വേള്‍ഡ്‌ ഗിന്നസ്‌ റെക്കോര്‍ഡ്‌ ഹോള്‍ഡര്‍, ലാര്‍ജെസ്‌റ്റ് കോയിന്‍ കളക്ഷന്‍' എന്ന്‌ ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നു.
58 കാരനായ ജസ്‌റ്റിന്‍ ഗില്‍ബര്‍ട്ട്‌ ലോപ്പസ്‌ നാട്ടില്‍ അറിയപ്പെടുന്നത്‌ ബാബു എന്ന ഓമനപ്പേരിലാണ്‌. താന്‍ ഗിന്നസിലെത്തിയതിന്റെ ഓര്‍മ്മകളിലേക്ക്‌ ഗില്‍ബര്‍ട്ട്‌ സഞ്ചരിച്ചു തുടങ്ങി.
'' ഇവിടെനിന്നും 150 മീറ്റര്‍ അപ്പുറത്താണ്‌ കടല്‍. എന്റെ അപ്പൂപ്പന്‍ മീന്‍പിടുത്തക്കാരനായിരുന്നെങ്കിലും അച്‌ഛന്‌ കച്ചവടമായിരുന്നു തൊഴില്‍. എനിക്ക്‌ 5 വയസ്സ്‌ ഉള്ളപ്പോളാണ്‌ കടപ്പുറത്തുള്ള ഞങ്ങളുടെ കുടില്‍ പൊളിച്ചു പണിയുന്നത്‌. പൊളിച്ച വീട്ടില്‍ നിന്നും കിട്ടിയ ഒരു മുളംകുറ്റി ഞാന്‍ വെറുതേ എടുത്തു കുലുക്കി നോക്കി. ഉള്ളില്‍ എന്തോ കിടന്ന്‌ കിലുങ്ങുന്ന ശബ്‌ദം കേട്ട്‌ ഞാനത്‌ പൊട്ടിച്ചു. അഞ്ചാറ്‌ ചെമ്പുനാണയങ്ങള്‍ - ഒരു കാശ്‌, രണ്ട്‌ കാശ്‌, ചക്രം. ഇതില്‍ ഒരു വശത്ത്‌ രാജാവിന്റെ പടവും മറുവശത്ത്‌ ശംഖ്‌മുദ്രയും. ഞാനതെടുത്ത്‌ ഭദ്രമായി സൂക്ഷിച്ചു വച്ചു. പ്രീഡിഗ്രിയും ഐ.റ്റി.ഐ യിലെ ടര്‍ണ്ണര്‍ ട്രേഡ്‌ പഠനവും കഴിഞ്ഞ്‌ കടല്‍ കടന്ന്‌ ജോലിക്കെത്തിയത്‌ ഷാര്‍ജയിലെ ആര്‍ചിറോഡന്‍ എന്ന ഗ്രീക്ക്‌ കമ്പനിയില്‍. അവിടെവച്ച്‌ വിദേശികളായ നിരവധി സുഹൃത്തുക്കളുണ്ടായി. പല രാജ്യങ്ങളിലേയും ചക്രവര്‍ത്തിമാരുടേയും ദേവന്‍മാരുടേയും ചിത്രങ്ങളുള്ള നാണയങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു. അങ്ങനെ മുളംകുറ്റിയില്‍ നിന്നും കിട്ടിയ നാണയങ്ങള്‍ സൂക്ഷിച്ച അഞ്ചുവയസ്സുകാരന്റെ അവേശത്തോടെ വീണ്ടും നാണയങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി''.
ജസ്‌റ്റിന്റെ നാണയ ശേഖരത്തില്‍ ചക്രവര്‍ത്തിമാരുടെ ചിത്രം ആലേഖനം ചെയ്‌ത നാണയങ്ങള്‍ മുതല്‍ ആദിവാസി പെണ്‍കുട്ടികളില്‍ നിന്നു കിട്ടിയവ വരെയുണ്ട്‌. വിജയനഗരസാമ്രാജ്യത്തിലെ ബല എന്നു പേരുണ്ടായിരുന്ന കടുകുമണി രൂപത്തിലുള്ള സ്വര്‍ണ്ണനാണയം, അക്‌ബര്‍ ചക്രവര്‍ത്തിയുടെ ദിന്‍ഇലാഹി, റഷ്യയുടെ റൂബിള്‍, ഇറ്റലിയുടെ ലിറ, ലോകത്തിലെ ഏറ്റവും ചെറിയ വെള്ളി നാണയമായ താര തുടങ്ങിയവയും ജസ്‌റ്റിന്റെ ശേഖരത്തിലുണ്ട്‌. ഗിറ്റാര്‍ രൂപത്തിലുള്ള നാണയങ്ങള്‍, താലി രൂപത്തിലുള്ള നാണയങ്ങള്‍, ഹെയര്‍പിന്‍ തുടങ്ങി ലോക കവികള്‍ ,യവനദേവന്‍മാര്‍, വിശുദ്ധര്‍, പക്ഷിമൃഗാദികള്‍ ,ഇന്ത്യന്‍ സ്വാതന്ത്രസമര സേനാനികളായ ഗാന്ധിജിയുടേയും നേതാജിയുടേയും നെഹ്രുവിന്റെയും ഭഗത്സിംഗ്‌, പട്ടേല്‍ പിന്നെ അശോക ചക്രവര്‍ത്തിയുടെ പൗണ്ട്‌, മാര്‍ക്കസ്‌ നാണയം, കനിഷ്‌കന്‍, ഷാജഹാന്‍, മുഹമ്മദ്‌ തുഗ്ലക്ക്‌ എന്നു തുടങ്ങി ശ്രീരാമപട്ടാഭിഷേകം ആലേഖനം ചെയ്‌ത നാണയം വരെ ജസ്‌റ്റിന്റെ ശേഖരത്തിലുണ്ട്‌.
സിംഗപ്പൂര്‍,അംഗോള, അബുദാബി, ഷാര്‍ജ, റിയാദ്‌, അജ്‌മന്‍, തമിഴ്‌നാട,്‌ കേരളത്തിലെ ഇതര ജില്ലകള്‍ ഉള്‍പ്പെടെ 100- ല്‍ കൂടുതല്‍ വേദികളില്‍ ജസ്‌റ്റിന്‍ നാണയ പ്രദര്‍ശനം നടത്തിയിട്ടുണ്ട്‌. അമേരിക്കയിലെ ന്യൂമിസ്‌മാറ്റിസ്‌റ്റ് എന്ന നാണയ ശേഖര സംഘടന നാണയ പ്രദര്‍ശനത്തിന്‌ ക്ഷണിച്ചെങ്കിലും കൃത്യസമയത്ത്‌ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പോകാന്‍ സാധിച്ചില്ല.
ഐക്യരാഷ്‌ട്ര സഭ അംഗീകരിച്ച 180 രാജ്യങ്ങളുള്‍പ്പെടെ ദ്വീപുകളും മറ്റ്‌ ചെറു രാജ്യങ്ങളും അടക്കം 550 പ്രദേശങ്ങളില്‍ നിന്നും ഉള്ള 15000ത്തില്‍ കൂടുതല്‍ നാണയങ്ങള്‍ ജസ്‌റ്റിന്റെ ശേഖരത്തിലുണ്ട്‌. അതിനു വേണ്ടി തന്റെ 30 വര്‍ഷത്തെ വിദേശ ജോലിയില്‍ നിന്നും കിട്ടിയ ശമ്പളത്തിന്റെ 80 ശതമാനവും ചെലവായിട്ടുണ്ട്‌. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തെ ഒരു നാണയം വാങ്ങാന്‍ ജോര്‍ദ്ദാന്‍കാരനായ യൂസഫ്‌ എന്നയാളിന്‌ 500 ദര്‍ഹം കൊടുക്കേണ്ടി വന്നതായും ജസ്‌റ്റിന്‍ പറഞ്ഞു. ജസ്‌റ്റിന്റെ കളക്ഷന്‍ ഭ്രമം കണ്ട്‌ വിദേശത്ത്‌ ഒപ്പം ജോലി നോക്കിയിരുന്ന ഒരു സുഹൃത്ത്‌ ചോദിച്ചത്‌ ''നിനക്ക്‌ വേറെ ജോലിയൊന്നുമില്ലേ. നിന്റെ ഈ ഭ്രാന്ത്‌ ഇനി എന്നാണ്‌ തീരുക'' എന്നാണ്‌. ഇതുപോലുള്ള ചോദ്യങ്ങള്‍ പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ടെങ്കിലും ജസ്‌റ്റിന്‌ പ്രയാസമൊന്നുമില്ല.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവും ആര്‍ച്ച്‌ ബിഷപ്‌ സൂസൈപാക്യവും കോവളത്തെ ചൊവ്വരയില്‍വച്ച്‌ റഷ്യന്‍ വനിതയും തങ്ങളുടെ കൈവശമുണ്ടായിരുന്ന വിദേശ നാണയങ്ങള്‍ സംഭാവനയായി നല്‍കിയ കാര്യവും പ്രത്യേകം ഓര്‍മ്മിക്കുന്നു. പിണറായിയിലെ പ്രദര്‍ശനം കാണുന്നതിന്‌ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, കാര്‍ത്തിക തിരുന്നാള്‍ തമ്പുരാട്ടി, ഗാനഗന്ധര്‍വ്വനായ യേശുദാസ്‌, സൂര്യകൃഷ്‌ണമൂര്‍ത്തി എന്നിവരുടെ അഭിനന്ദനങ്ങളും വിലമതിക്കാനാവാത്തതാണെന്ന്‌ ജസ്‌റ്റിന്‍ കരുതുന്നു.
30 കൊല്ലത്തെ വിദേശജോലിക്കും നാണയ ശേഖര തിരക്കിനും ഇടയില്‍ മലയാളത്തിനുപുറമേ അറബി, ഹിന്ദി, ഉറുദു, തമിഴ്‌, ഗ്രീക്ക്‌, ഇംഗ്‌ളീഷ്‌ ഭാഷകളും കൈകാര്യം ചെയ്യാന്‍ പഠിച്ചു. 2003 ല്‍ വി.ജെ.റ്റി ഹാളില്‍ നടന്ന നാണയ പ്രദര്‍ശനം കാണാനെത്തിയ ടൂറിസം ഡയറക്‌ടര്‍ ആണ്‌ ജസ്‌റ്റിന്‌ ഗിന്നസിലേക്ക്‌ വഴി തെളിച്ചത്‌. അങ്ങനെ 232- രാജ്യങ്ങളുടെ നാണയങ്ങളുമായി 1972- ല്‍ ഹോങ്കോങ്ങുകാരന്‍ സഞ്‌ജയ്‌ റിലാങ്‌ സ്‌ഥാപിച്ച റെക്കോര്‍ഡ്‌ 2008- ല്‍ ജസ്‌റ്റിന്‍ തകര്‍ത്തു. 280 രാജ്യങ്ങളിലെ നാണയങ്ങളാണ്‌ ഗിന്നസ്‌ റിക്കാര്‍ഡ്‌ അധികാരികള്‍ക്ക്‌ മുമ്പില്‍ ഹാജരാക്കിയതെങ്കിലും 255 രാജ്യങ്ങളാണ്‌ അവര്‍ അംഗീകരിച്ചത്‌.
30 കൊല്ലത്തെ വിദേശ ജോലിയില്‍ നിന്ന്‌ ലഭിച്ച വരുമാനത്തിന്റെ 80 ശതമാനവും ചെലവാക്കി ശേഖരിച്ച നാണയങ്ങളും സംഭാവനകളായി കിട്ടിയ നാണയങ്ങളും ചേര്‍ത്ത്‌ ജസ്‌റ്റിന്റെ ശേഖരത്തിലുള്ള 15000- ത്തില്‍ കൂടുതല്‍ നാണയങ്ങള്‍ക്ക്‌ വില നിശ്‌ചയിക്കാന്‍ ആര്‍ക്കും കഴിഞ്ഞെന്നു വരില്ല. എങ്കിലും നാണയ ചരിത്ര പഠനകേന്ദ്രം കേരളത്തിലുണ്ടായാല്‍ തന്റെ പക്കലുള്ള നാണയങ്ങള്‍ സൗജന്യമായി നല്‍കാന്‍ തയ്യാറാണെന്ന്‌ ജസ്‌റ്റിന്‍ പറയുന്നു.
വിശ്രമജീവിതത്തിന്‌ പ്രായം എത്തിയെങ്കിലും നാണയ പ്രദര്‍ശനങ്ങളും അഭിമുഖങ്ങളും മറ്റുമായി തിരക്കേറിയ ജീവിതം തന്നെയാണ്‌ ഇപ്പോഴും. ഇതിനിടയില്‍ ജസ്‌റ്റിന്റെ അപേക്ഷ പരിഗണിച്ച്‌ ഹയര്‍ സെക്കണ്ടറി , ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ മേലധികാരികള്‍ക്ക്‌ ഡി.പി.ഐ യില്‍ നിന്നും എച്ച്‌.എസ്‌.എസ്‌. ഡയറക്‌റ്ററേറ്റില്‍ നിന്നും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജസ്‌റ്റിന്റെ നാണയ ശേഖരം അധ്യാപകരും കുട്ടികളും കണ്ടിരിക്കേണ്ടത്‌ പഠനത്തിന്റെ ഭാഗമായ ഒരു പ്രക്രിയയായി പരിഗണിക്കപ്പെടുന്നു.
ഇത്‌ തനിക്ക്‌ ലഭിച്ച അത്യപുര്‍വ അംഗീകാരമായി ജസ്‌റ്റിന്‍ കരുതുന്നു.
അദ്ധ്യാപികയായ ഭാര്യ ഡോര്‍ത്തിയും പ്രവീണ്‍, ബെന്‍ എന്നിങ്ങനെ രണ്ട്‌ ആണ്‍മക്കളും അടങ്ങുന്നതാണ്‌ ജസ്‌റ്റിന്റെ കുടുംബം.

ചന്ദ്രന്‍ പനയറക്കുന്ന്‌

Ads by Google
Sunday 11 Mar 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW