Saturday, December 15, 2018 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 10 Mar 2018 02.05 AM

കൊല്ലാനുള്ള അവകാശം ആര്‍ക്കും നല്‍കരുത്‌

uploads/news/2018/03/199094/bft1.jpg

ഒരു മനുഷ്യനു സ്വാഭാവികമായി ജീവിച്ചുമരിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കാന്‍ ബാധ്യസ്‌ഥമായ ജനാധിപത്യ രാജ്യത്തു ചിന്തിക്കാന്‍ പോലും സാധ്യമല്ലാത്തതാണു ദയാവധം. സുപ്രീം കോടതി വിധി ശക്‌തമായി എതിര്‍ക്കപ്പെടേണ്ടതിനു കാരണങ്ങള്‍ ഏറെയുണ്ട്‌. ദയാവധം ശക്‌തമായ നിയമത്തിന്റെ പിന്‍ബലത്തോടെ മാത്രമേ നടപ്പാകൂ എന്നു പറയുന്നതിലും അര്‍ഥമില്ല. നമ്മുടെ മുന്‍കാല അനുഭവം വച്ചുനോക്കുമ്പോള്‍ നിയമത്തെ തങ്ങളാലാവും വിധം വളച്ചൊടിച്ച്‌ അതില്‍ പഴുതുകള്‍ കണ്ടെത്താമെന്നു തെളിയിച്ചിട്ടുള്ളവരുടെ നാടാണിത്‌. എത്ര കര്‍ക്കശമായ നിയമം കൊണ്ടുവന്നാലും അതിനെ മറികടക്കാനുള്ള സാധ്യതയും ഏറെയാണ്‌. ദയാവധം സംബന്ധിച്ച സുപ്രീംകോടതി വിധി അപകടകരവും അംഗീകരിക്കാന്‍ പാടില്ലാത്തതുമാണ്‌.
ഒരു വ്യക്‌തിക്ക്‌ അന്തസായി മരിക്കാനുള്ള സാഹചര്യമാണു കോടതി നല്‍കേണ്ടിയിരുന്നത്‌. എന്നാല്‍, സുപ്രീം കോടതി വിധിയിലൂടെ കൊല്ലാനുള്ള അധികാരം നല്‍കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. ഇതു നിര്‍വഹിക്കേണ്ടതാകട്ടെ ഡോക്‌ടര്‍മാരും. ഭിഷഗ്വരന്‍മാര്‍ ജീവന്‌ കൈത്താങ്ങാകേണ്ടവരാണ്‌. അവര്‍ ആരാച്ചാര്‍മാരാകുന്നത്‌ അംഗീകരിക്കാന്‍ കഴിയുന്നതല്ല.
നീണ്ട കാലത്തെ രോഗാവസ്‌ഥയും അതിന്റെ ഫലമായുള്ള ദീര്‍ഘകാലത്തെ ചികിത്സയുമെല്ലാം മനുഷ്യജീവിതത്തിന്റെ ഭാഗമായിട്ടേ കാണാന്‍ കഴിയൂ. എന്നു വിചാരിച്ച്‌ ജീവിതം ഇല്ലാതാക്കാമെന്നു പറയുന്നതിനു യാതൊരു ധാര്‍മിക അടിത്തറയുമില്ല. ആത്മഹത്യ കുറ്റകരമാണെന്നു കരുതുന്ന നാടാണ്‌ നമ്മുടേത്‌.
കോടതി വിധി നിയമത്തിന്റെ ദുരുപയോഗത്തിനു വഴിയൊരുക്കും. രോഗികളായി ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന വൃദ്ധമാതാപിതാക്കളെയും നിത്യരോഗികളായ മറ്റു പലരേയും ബന്ധപ്പെട്ടവര്‍ ദയാവധത്തിന്‌ ഇരയാക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ആദ്യമാദ്യം രോഗത്തിനു ചികിത്സിച്ച ശേഷം പിന്നീട്‌ നിഗൂഢമായി മരണത്തിലേക്കു തള്ളിവിട്ടാല്‍ അതും ദയാവധത്തിന്റെ ലേബലിലേ വരികയുള്ളൂ. നിയമസാധുതയോടെ ആസൂത്രിതമായി ജീവനെടുക്കാമെന്നു വന്നാല്‍ അതുപയോഗിക്കാന്‍ മടിയില്ലാത്തവരും ഇന്നാട്ടിലുണ്ട്‌.
സ്വത്തും മറ്റും കരസ്‌ഥമാക്കി വൃദ്ധമാതാപിതാക്കളെ ഉപേക്ഷിക്കുന്നവരും ധാരാളമുണ്ട്‌. കഴിവു കുറഞ്ഞവര്‍, അംഗവിഹീനര്‍, നിത്യരോഗികള്‍ തുടങ്ങിവരുടെ ഭാവിപോലും കരിനിഴലിലാക്കുന്ന അപകടമാണ്‌ ദയാവധം സാധൂകരിക്കുന്നതിലൂടെ സംഭവിക്കുക. ദൈവം ചമയാന്‍ മനുഷ്യന്‌ അവകാശമില്ല. മനുഷ്യനു സംഹരിക്കാനുള്ള അവകാശമില്ല. അത്‌ സ്രഷ്‌ടാവിനു മാത്രമേയുള്ളൂ. അതുകൊണ്ട്‌ ദൈവത്തിന്റെ ജോലി നിയമം മൂലം മനുഷ്യനു ചാര്‍ത്തിനല്‍കുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ല.
നെതര്‍ലന്‍ഡ്‌സിലാണ്‌ നിലവില്‍ ദയാവധം നിയമം മൂലം സാധൂകരിച്ചിട്ടുള്ളത്‌. എന്നാല്‍, അവിടെനിന്ന്‌ കേള്‍ക്കുന്നതാകട്ടെ ഭയാനകമായ വാര്‍ത്തകളും. അവിടെ ദയാവധനിയമം ദുരുപയോഗം ചെയ്‌ത്‌ മനുഷ്യരെ ആസൂത്രിതമായി കൊന്നുതള്ളുകയാണെന്നാണു വിവരം. അവിടെ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടാല്‍ ജീവനോടെ തിരിച്ചുപോരാമെന്ന വിശ്വാസം പ്രായംചെന്നവരില്‍ നഷ്‌ടമായിക്കഴിഞ്ഞത്രേ. ഡോക്‌ടര്‍മാരെ ഭയപ്പെടേണ്ട സ്‌ഥിതി. വലിയ പ്രതിസന്ധിയും പ്രതിഷേധവും ഇതുമൂലം നെതര്‍ലന്‍ഡ്‌സിലുണ്ടാകുന്നുണ്ട്‌. അതുകൊണ്ട്‌ എല്ലാവര്‍ക്കും സ്വാഭാവികമായി മരിക്കാനുള്ള അവസരമുണ്ടാക്കുകയാണു വേണ്ടത്‌.

ഫാ. പോള്‍ തേലക്കാട്ട്‌

Ads by Google
Saturday 10 Mar 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW