Wednesday, June 19, 2019 Last Updated 36 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 09 Mar 2018 04.04 PM

കുഞ്ഞിന്റെ സംരക്ഷണം

മക്കളെ വളര്‍ത്തുക ഏറെ ക്ലേശകരവും ഉത്തരവാദിത്തവുമുള്ള കാര്യമാണ്. കുട്ടികളെ എങ്ങനെ നന്നായി വളര്‍ത്താമെന്നു സോദാഹരണം വ്യക്തമാക്കുന്ന പ്രമുഖ മോട്ടിവേഷണല്‍ ട്രെയിനറും ഫാമിലി കൗണ്‍സിലറും എഴുത്തുകാരനുമായ പ്രൊഫ. പി. എ.വര്‍ഗീസിന്റെ പംക്തി
uploads/news/2018/03/198893/GOODPARENTING090318a.jpg

ഒരു കുഞ്ഞിന്റെ ജനനം മുതല്‍ അമ്മയും അച്ഛനും ഒരേ പോലെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുഞ്ഞിന്റെ വൈകാരികവും ബുദ്ധിപരവുമായ വളര്‍ച്ചയ്ക്ക് മാതാപിതാക്കള്‍ ഇരുവരും നിര്‍വ്വഹിക്കേണ്ടതായ ചില ഉത്തരവാദിത്വങ്ങളുണ്ട്.

കുഞ്ഞിന്റെ പിറവി


പ്രസവസമയത്ത് ഭര്‍ത്താവ് ഭാര്യയുടെ ഒപ്പമുണ്ടാകണം. അത് സ്‌നേഹത്തിന്റേയും പങ്കുവയ്ക്കലിന്റേയും പ്രതീകമാണ്. ഭാര്യയുടെ കൈയില്‍ പിടിച്ച് പ്രസവവേദനയില്‍ പങ്ക് ചേരുക. കുട്ടിയെക്കാണുമ്പോഴുള്ള സന്തോഷം രണ്ട് പേരുംകൂടി പങ്കിടുക.

കുഞ്ഞ് പിറക്കുന്ന ആഴ്ചയിലാണ് അമ്മയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി. മുലയൂട്ടണം, ഉറക്കണം, ഓരോ കൊച്ചുകൊച്ചു കാര്യത്തിലും ശ്രദ്ധവേണം. പലപ്പോഴും എന്തു ചെയ്യണമെന്നറിയാതെ അമ്മ വിഷമിക്കാറുണ്ട്. അപ്പോള്‍ സാന്ത്വനത്തിന്, സഹായത്തിന് ഭര്‍ത്താവില്ലെങ്കിലോ?

ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത നിമിഷമാണ് കുഞ്ഞിന്റെ ജനനം. അനുഭൂതിദായകവും വികാരതീവ്രവുമായ നിമിഷമാണത്. ഈ നാളുകളില്‍ ക്ഷീണം, സന്തോഷം ഇവ ഇടകലര്‍ന്നുള്ള ഒരു സമ്മിശ്രവികാരം മനസ്സില്‍ നിറയും.

ഗര്‍ഭാശയത്തില്‍ വെള്ളത്തിലായിരുന്നതുകൊണ്ട് കുഞ്ഞിന്റെ തൊലി ചിലപ്പോള്‍ പൊളിഞ്ഞ് പോയെന്ന് വരാം. അത് താനേ ശരിയായിക്കൊള്ളും. ഒപ്പം ശരീരത്തിലുണ്ടാകുന്ന ചെറുപാടുകളും തൊലി പൊട്ടിയുള്ള അടയാളങ്ങളും.

ആദ്യ മൂന്ന് മാസത്തിനുള്ളില്‍ പകലുറക്കം എട്ട് മണിക്കൂറില്‍നിന്ന് അഞ്ച് മണിക്കൂറായി കുറയും. അമ്മയുടേയും അച്ഛന്റേയും ശബ്ദം കുട്ടി തിരിച്ചറിയാന്‍ തുടങ്ങും.അമ്മയെ നോക്കാനും കഴിവാര്‍ജ്ജിക്കും. ചില കുഞ്ഞുങ്ങള്‍ പകല്‍ ഉറങ്ങുകയും രാത്രിയില്‍ അമ്മയെ ഉറക്കാതിരിക്കുകയും ചെയ്യും. അങ്ങനെയാണെങ്കില്‍ പകല്‍ സമയത്ത് അച്ഛന് അമ്മയെ സഹായിക്കാം.

കുഞ്ഞിന്റെ പരിചരണം


തല പുറത്താകുന്നതോടെ കുഞ്ഞ് ശ്വാസമെടുക്കും. ആദ്യ കരച്ചില്‍ പുറത്ത് വരും. നിങ്ങള്‍ കൊടുക്കാന്‍ പോകുന്ന സാഹചര്യമനുസരിച്ച് വിജയിക്കുകയോ, പരാജയപ്പെടുകയോ ചെയ്യാന്‍ സാദ്ധ്യതയുള്ള ഒരാള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നു.

കുഞ്ഞിനെ നന്നായി പൊതിഞ്ഞ് കിടത്തിയാല്‍ കുഞ്ഞിന് സുരക്ഷിതത്വം തോന്നും. ആദ്യ ദിവസങ്ങളില്‍ അമ്മയും കുഞ്ഞും എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാണ്. കുഞ്ഞ് ചുമയ്ക്കും, തുമ്മും. കൂര്‍ക്കംവലിക്കും, ശ്വാസോച്ഛ്വാസത്തില്‍ വ്യതിയാനങ്ങള്‍ വരും.

പേടിക്കേണ്ട. കുഞ്ഞ് ശ്വസിച്ച് തുടങ്ങിയിട്ട് അധികം സമയമായില്ലല്ലോ. ഉറങ്ങുമ്പോള്‍ ഞെട്ടിയെഴുന്നേല്‍ക്കുന്നതും ശബ്ദം കേട്ടാല്‍ ഭയക്കുന്നതും സാധാരണമാണ്.

കുഞ്ഞിന്റെ കവിളില്‍ തൊട്ടാല്‍ വാ തുറക്കും. കുഞ്ഞിന്റെ താഴത്തെ ചുണ്ടില്‍ പയ്യെ ഉരസിയാല്‍ പാല്‍ കുടിക്കാന്‍ കുഞ്ഞ് തയ്യാറാകും. മുലപ്പാലാണ് കുഞ്ഞിന് ഏറ്റവും നല്ലത്.

ആറ് മാസംവരെയൊക്കെ മുലപ്പാല്‍ മാത്രം മതിയാകും. മുലപ്പാല്‍ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും. ബ്രെസ്റ്റ് ക്യാന്‍സര്‍ വരാതിരിക്കാന്‍ ഇത് സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

ആദ്യനാളുകളിലുണ്ടാകുന്ന മഞ്ഞനിറത്തിലുള്ള ഒരു ദ്രാവകം കൊളസ്ട്രം കുഞ്ഞിന് വളരെ നല്ലതാണ്. പഞ്ചസാരയും പ്രോട്ടീനും വിറ്റാമിനുകളും മിനറലുകളും അതില്‍ ധാരാളമടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുവാനുള്ള ആന്റിബോഡികളും. ജനിക്കുമ്പോള്‍ 8ാം തവണ മുലയൂട്ടുന്നത് മൂന്ന് മാസമാകുമ്പോഴേക്കും 68 തവണയായി കുറയും.

പാല് മതിയാകുമ്പോള്‍ കുഞ്ഞ് സൂചനകള്‍ നല്‍കും. തുപ്പിക്കളയുന്നത് കൂടുതല്‍ കഴിച്ചത് കൊണ്ടാകാം. കുപ്പിപ്പാല്‍ കൊടുക്കുന്നെങ്കില്‍ കുപ്പിയും നിപ്പിളും സ്‌റ്റെരിലൈസ് ചെയ്തിരിക്കണം. ഇടയ്ക്കിടയ്ക്ക് മാറ്റുകയും വേണം.

കുഞ്ഞിന്റെ ദേഹം എപ്പോഴും വൃത്തിയാക്കണം. ഒരു സ്‌പോഞ്ച് ഉപയോഗിച്ച് കുട്ടിയെ തുടയ്ക്കാം. ഒരു ചെറിയ കത്രികകൊണ്ട് കുഞ്ഞിന്റെ നഖം വെട്ടാം.

കുഞ്ഞിന്റെ വൈദ്യപരിശോധന ആദ്യ ദിവസങ്ങളില്‍ത്തന്നെ നടത്തിയിരിക്കണം. എന്തെങ്കിലും കുഴപ്പമോ, അസാധാരണത്വമോ അങ്ങനെ അറിയാന്‍ കഴിയും. തൂക്കവും നീളവും ശരിയാണോയെന്ന് ആദ്യമേ നോക്കിയിരിക്കണം. ആദ്യ മൂന്നു മാസത്തിനുള്ളില്‍ ആറ് പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കേണ്ടതുണ്ട്.

കുഞ്ഞ് വളരുന്നു


കുഞ്ഞ് കരയുന്നത് അമ്മയുടേയോ അച്ഛന്റേയോ ശ്രദ്ധയ്ക്കും സാമിപ്യത്തിനുവേണ്ടിയാകാം. അതിന് അസ്വസ്ഥത തോന്നുമ്പോള്‍, ചൂടോ, തണുപ്പോ അനുഭവപ്പെടുമ്പോള്‍ കരഞ്ഞെന്ന് വരും. മുലയൂട്ടുകയോ, ഡയപ്പര്‍ മാറ്റുകയോ, തട്ടി ആശ്വസിപ്പിക്കുകയോ, ചൂടും തണുപ്പും ക്രമീകരിക്കുകയോ ചെയ്താല്‍ കരച്ചില്‍ നിര്‍ത്തും.

ഇവര്‍ക്ക് എന്തെങ്കിലും നുണയാന്‍ കൊടുത്താല്‍ കരച്ചില്‍ നിര്‍ത്തിയെന്ന് വരും. കുഞ്ഞിനെ അമിതമായി കുലുക്കുന്നത് വലിയ ആപത്ത് ഉണ്ടാക്കിയെന്ന് വരും. ബ്രെയിന്‍ ഹോമറേജിനുപോലും ഇത് വഴിതെളിച്ചേക്കാം.

ആദ്യ ആഴ്ചയില്‍ കുഞ്ഞ് 8 മണിക്കൂര്‍ പകലും എട്ടര മണിക്കൂര്‍ രാത്രിയും ഉറങ്ങും. മൂന്ന് മാസം കഴിയുമ്പോള്‍ പകലുറക്കം രണ്ടുമൂന്ന് മണിക്കൂറും രാത്രിയില്‍ പത്ത് മണിക്കൂറുല്‍ കൂടുതലും ആകും. മലര്‍ത്തിക്കിടത്തിവേണം കുഞ്ഞിനെ ഉറക്കാന്‍.

മുലയൂട്ടുന്നത് പെട്ടെന്ന് നിര്‍ത്തരുത്. കുഞ്ഞ് ഇഷ്ടക്കുറവുകാണിക്കുന്ന സമയത്തെ മുലയൂട്ടല്‍ ആദ്യം വേണ്ടെന്ന് വയ്ക്കാം. അങ്ങനെ കുറേശ്ശെയായി വേണം നിര്‍ത്താന്‍.

കുട്ടി മുട്ടിലിഴയാന്‍ തുടങ്ങുന്നതോടെ അതിന്റെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കണം. ഈ സമയത്ത് കാണുന്നതെല്ലാം പിടിച്ചെടുത്ത് വായിലേക്ക് കൊണ്ടുപോകാനുള്ള പ്രവണതയുണ്ട്.

മുതിര്‍ന്ന കുട്ടിക്ക് തന്റെ കൊച്ചനുജത്തിയേയോ, കൊച്ചനിയനേയോ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അമ്മയുടെ സ്‌നേഹം മൊത്തം കവര്‍ന്നെടുക്കുന്ന കുഞ്ഞിനോട് ദേഷ്യവും. ഇത് മനസ്സിലാക്കി, മുതിര്‍ന്ന കുട്ടിക്ക് കുറച്ച് സമയം മാറ്റിവയ്ക്കുക. ശ്രദ്ധയും വൈകാരിക സ്‌നേഹവും ലാളനയും കൊടുക്കുക. മൂത്തയാള്‍ ഇതുപോലെ ആയിരുന്ന കാലം ഓര്‍മ്മപ്പെടുത്താം.

ചിട്ടകള്‍ കൊണ്ടുവരുക


കുഞ്ഞിന്റെ ജനനത്തീയതി, പിറന്ന സമയം, ആശുപത്രി, ഡോക്ടര്‍, ഭാരം, നീളം, പ്രസവരീതി, മുലയൂട്ടുന്നതിലെ ബുദ്ധിമുട്ടുകള്‍, ജന്മനായുള്ള പ്രശ്‌നങ്ങള്‍, കുടുംബങ്ങളിലെ പാരമ്പര്യരോഗങ്ങള്‍, പ്രതിരോധ കുത്തിവയ്പുകള്‍ ഇവയെല്ലാം കൃത്യമായി ഡയറിയില്‍ എഴുതിവയ്ക്കണം.

ആറ് മാസമാകുമ്പോഴേക്കും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ആഹാര സാധനങ്ങള്‍ കൊടുക്കാം. ഭക്ഷണത്തിനും മുലയൂട്ടുന്നതിനും ഒരു ക്രമം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. വിശന്നുള്ള കരച്ചില്‍ മാതാപിതാക്കള്‍ക്ക് മനസ്സിലാകണം.

ആവശ്യമുള്ള ജലം മുലപ്പാലില്‍നിന്ന് ലഭിക്കുന്നതുകൊണ്ട് വേറെ വെള്ളം കൊടുക്കേണ്ട ആവശ്യമില്ല. ആവശ്യമുള്ള ഭക്ഷണം കൊടുത്താല്‍ മതി. കുട്ടി തരുന്ന അടയാളങ്ങള്‍ ശ്രദ്ധിക്കുക. സ്പൂണ്‍ തട്ടിക്കളയുകയാണെങ്കില്‍ പിന്നെ കൊടുക്കാന്‍ ശ്രമിക്കരുത്.

ഉറക്കത്തിനും ഭക്ഷണത്തിനും ചിട്ടകള്‍കൊണ്ടുവരണം. ഉറങ്ങുന്നതിനും ഭക്ഷണത്തിനും വ്യക്തമായ സമയം വേണം. കുട്ടികള്‍ ഉറങ്ങാതെ കിടന്ന് കരയുമ്പോള്‍ കരയട്ടെയെന്ന് കരുതുന്നത് ശരിയല്ല.

അലമുറയിട്ട് കരഞ്ഞിട്ടും നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ എടുത്ത് സാന്ത്വനിപ്പിക്കുന്നില്ലെങ്കില്‍ അത് അരിക്ഷിതാവസ്ഥയിലേക്ക് നയിക്കും. ഏഴെട്ട് മാസമാകുമ്പോള്‍ 'കളര്‍ഫുള്‍' ആയിട്ടുള്ള പുസ്തകത്തില്‍നിന്ന് വായിച്ച് കേള്‍പ്പിക്കാവുന്നതാണ്.

6 മാസം കഴിയുന്നതോടെ എടുക്കാന്‍ വേണ്ടി മാത്രം കരഞ്ഞെന്ന് വരും. പിടിവാശിക്ക് വഴങ്ങാതെ ഇപ്പോള്‍ എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുക. ക്രമേണ, തനിയെ കിടന്നു കളിക്കുന്നതുകൊണ്ട് കുഴപ്പില്ലെന്ന് കുഞ്ഞ് മനസ്സിലാക്കും. യഥാര്‍ത്ഥ ആവശ്യത്തിനുള്ള കരച്ചില്‍ ശ്രദ്ധിക്കുകയും വേണം.

കിട്ടുന്നത് വാരിവലിച്ചെടുത്ത് വായിലേക്ക് കൊണ്ടുപോകാനുള്ള പ്രവണത നിയന്ത്രിക്കണം. ഏതെല്ലാം ആകാമെന്നും ഏതെല്ലാം ആകരുതെന്നും കുഞ്ഞ് അറിയണം. എത്രത്തോളം പോകാമെന്ന് കുഞ്ഞ് ഈ പ്രായത്തിലാണ് പരിശോധിക്കുക.

ആവശ്യമില്ലാത്തത് ചെയ്യുമ്പോള്‍ ദൃഢമായി 'നോ' പറയണം. ആഹാരം ചിതറിയെറിയുമ്പോഴും എല്ലാം എറിഞ്ഞുടയ്ക്കുമ്പോഴും ശിക്ഷ കൊടുക്കണം. കുട്ടി തെറ്റും ശരിയും മനസ്സിലാക്കട്ടെ. തെറ്റായ പെരുമാറ്റം അനുവദിച്ച് കൂടാ. അച്ചടക്കമുള്ള, ചിട്ടയുള്ള കുഞ്ഞായി വളര്‍ത്തിക്കൊണ്ട് വരാന്‍ കഴിയണം.

പ്രൊഫ. പി.എ.വര്‍ഗീസ്
മോട്ടിവേഷന്‍ ട്രെയിനര്‍ ഫാമിലി കൗണ്‍സിലര്‍
കൊച്ചി , 0484 4064568

Ads by Google
Ads by Google
Loading...
TRENDING NOW