Friday, June 21, 2019 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Friday 09 Mar 2018 03.09 PM

നന്നായി പഠിച്ചിരുന്ന സൗമ്യ ആ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും തോറ്റു; മുടി വലിച്ചുപറിക്കുന്ന, പെട്ടെന്ന് ദേഷ്യം പിടിക്കുന്ന മകളുടെ ഭാവമാറ്റം കണ്ട് അമ്മ ഭയന്നു; കാരണം ഇതായിരുന്നു

uploads/news/2018/03/198877/Weeklymanolokam090318a.jpg

ഉച്ച കഴിഞ്ഞപ്പോഴാണ് പത്തുവയസുള്ള ഒരു പെണ്‍കുട്ടിയും അവളുടെ അമ്മയും കൂടി എന്റെ മുറിയിലേക്കു കയറിവന്നത്. പ്രശ്‌നമെന്താണെന്നു ചോദിച്ചപ്പോള്‍ ആ സ്ത്രീ അവരുടെ ഹാന്‍ഡ്ബാഗില്‍നിന്ന് ഒരു കത്തെടുത്ത് എന്റെനേരേ നീട്ടി. ആലപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് എനിക്കു കൊടുത്തയച്ച കുറിപ്പായിരുന്നു അത്.

''ഈ കത്തുമായി വരുന്നത് സൗമ്യയും അവളുടെ അമ്മയുമാണ്. സൗമ്യയുടെ തലയില്‍ അങ്ങിങ്ങ് വൃത്താകൃതിയില്‍ മുടിയില്ല. പരിശോധിച്ചപ്പോള്‍ അലര്‍ജിയല്ല കാരണമെന്ന് എനിക്കു വ്യക്തമായി. പെണ്‍കുട്ടിയുടെ സ്വഭാവമാറ്റത്തില്‍ സംശയം തോന്നിയതുകൊണ്ട് ഞാനവരെ അങ്ങോട്ടയയ്ക്കുകയാണ്. വേണ്ടതു ചെയ്യുമല്ലോ.'

കത്ത് മാറ്റിവച്ചിട്ട് ഞാന്‍ ആ സ്ത്രീയോട് വിവരങ്ങള്‍ അന്വേഷിച്ചു. അവര്‍ പറഞ്ഞത് വിചിത്രമായ ചില കാര്യങ്ങളാണ്.
''എന്റെ പേര് അജിത. ഭര്‍ത്താവ് ഗള്‍ഫില്‍ ജോലിചെയ്യുന്നു.

സൗമ്യയെക്കൂടാതെ ഒരു മകനും ഞങ്ങള്‍ക്കുണ്ട്. ഇവള് പഠിക്കാന്‍ മിടുക്കിയായിരുന്നു. പക്ഷേ കഴിഞ്ഞ കൊല്ലത്തെ പരീക്ഷയില്‍ എല്ലാ വിഷയത്തിനും തോറ്റുപോയി. അതറിഞ്ഞപ്പോള്‍ എനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല.

പലതവണ ഞാന്‍ കാര്യം ചോദിച്ചു. അപ്പോഴൊക്കെ ഇവള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പഠിക്കാന്‍ താല്‍പ്പര്യമില്ലെന്നു മാത്രമല്ല, സദാസമയവും ഏതോ ചിന്തയും! സ്വന്തം മുടി ഇവള്‍ തലയില്‍നിന്നു പിഴുതെടുക്കുന്നത് പിന്നെയാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ഇതു കണ്ടപ്പോഴൊക്കെ ഞാന്‍ വഴക്കുപറഞ്ഞു. എന്നാല്‍ വീണ്ടും ഇവള്‍ അങ്ങനെതന്നെ ചെയ്തു. ദേഷ്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ നല്ല തല്ലുകൊടുത്തു നോക്കി. എന്നിട്ടും ഒരു മാറ്റവുമുണ്ടായില്ല.

ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ അലര്‍ജി മൂലമാകാം ഇങ്ങനെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉടനെ ഒരു ഡോക്ടറെ കാണണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ അതിനു സമ്മതിക്കാതെ ഇവള്‍ എന്നോടു ദേഷ്യപ്പെട്ടു.

പിന്നീട് ഒരുവിധത്തിലാണ് ഞാനിവളെ ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് അലര്‍ജിയുടെ യാതൊരു ലക്ഷണവും കണ്ടെത്തിയില്ല. എന്തിനിങ്ങനെ ചെയ്യുന്നെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഇവളൊന്നും മിണ്ടിയതുമില്ല.

മൂന്നാഴ്ചയായി ഇവളുടെ സ്വഭാവത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് ഞാനപ്പോള്‍ വിശദമായി പറഞ്ഞു. അങ്ങനെയാണ് ഇവിടേക്കു കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത്. എന്തിനാ ഡോക്ടര്‍ തലയിലുള്ള മുടി ഇവള്‍ വെറുതെ പിഴുതെടുത്തു കളയുന്നത്?

പൊന്നുപോലെ വളര്‍ത്തിക്കൊണ്ടുവന്ന മകള്‍ ഏതോ മനോരോഗത്തിന് അടിമപ്പെട്ടുപോയോ എന്ന ഭയമായിരുന്നു ആ സ്ത്രീയുടെ മുഖത്ത്.
അവരെ ഒരുവിധം സമാധാനിപ്പിച്ച് ഞാന്‍ പുറത്തിരുത്തി. പിന്നെ സൗമ്യയോടായിരുന്നു എന്റെ ചോദ്യങ്ങള്‍. എന്നാല്‍ അവള്‍ മൗനിയായി ഇരുന്നതേയുള്ളൂ. ഒടുവില്‍ 'മുടി ഇഷ്ടമാണോ'
എന്ന ചോദ്യത്തിന് 'ഒരുപാടിഷ്ടമാണ്' എന്ന ഉത്തരം അപ്രതീക്ഷിതമായി വന്നു.

''പിന്നെന്തിനാ മുടി വലിച്ചുപിഴുതുന്നത്?'' ഞാന്‍ വീണ്ടും ചോദിച്ചു.

''എനിക്കു മുടി ജീവനാ... ഡോക്ടര്‍ക്കറിയുമോ, സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മുടിയുള്ളത് എനിക്കാ... ഇത്രയും ഇഷ്ടമുള്ളത് തലയില്‍നിന്ന് എങ്ങനെ അടര്‍ത്തിമാറ്റുന്നെന്നു ചോദിച്ചാല്‍ എനിക്കറിയില്ല. വലിച്ചുപറിക്കേണ്ടെന്നു വിചാരിച്ചാലും അറിയാതെ കൈ തലയിലേക്കു പോകും.

ഓരോ മുടിയിഴയും കൈയില്‍ ചുറ്റി വലിക്കുമ്പോള്‍ ചെറുതായി വേദന തോന്നും. എന്നാലും എനിക്കത് ചെയ്യാതിരിക്കാന്‍ കഴിയില്ല. ആ സമയത്ത് അമ്മയെന്നോടു ദേഷ്യപ്പെട്ടാല്‍ എനിക്കും ദേഷ്യപ്പെടാന്‍ തോന്നും.''അവള്‍ സ്വയം കുറ്റപ്പെടുത്തി.

സൗമ്യ പറഞ്ഞതില്‍നിന്ന് അവള്‍ക്ക് 'ട്രൈക്കോ ടില്ലോ മാനിയ' എന്ന രോഗമാണെന്ന് എനിക്കു മനസിലായി. നഖം കടിക്കുന്നതു ശീലമാക്കിയവരെപ്പോലെയാണ് ഇക്കൂട്ടര്‍. ഇത്തരം അവസ്ഥകളെ 'ഇംപള്‍സ് കണ്‍ട്രോള്‍ ഡിസോര്‍ഡേഴ്‌സ്' എന്നു വിളിക്കുന്നു. അകാരണമായ ദേഷ്യം, പഠനത്തോടു താല്‍പ്പര്യമില്ലായ്മ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ഈ രോഗത്തിന് ബയോളജിക്കലായും സൈക്കോളജിക്കലായും ചികിത്സ നടത്താം. അതിനുവേണ്ടി സൗമ്യയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. കഴിക്കാന്‍ മരുന്നുകള്‍ നല്‍കിയതിനൊപ്പം 'ട്രൈക്കോ ടില്ലോ മാനിയ'യ്ക്ക് അടിമപ്പെടാതിരിക്കാനും അത് നിയന്ത്രിക്കാനുമുള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു.

രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും സൗമ്യയുടെ രോഗം മാറി. അവളിപ്പോള്‍ നന്നായി പഠിക്കുന്നുണ്ട്.

Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Friday 09 Mar 2018 03.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW