Saturday, December 15, 2018 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 04.14 PM

കുഞ്ഞു കഥകളുടെ തമ്പുരാന്‍

''നാലുപതിറ്റാണ്ടുകളിലേറെയായി സാഹിത്യരംഗത്ത് നിറസാന്നിദ്ധ്യമായ കഥാകാരന്‍ പി. കെ.പാറക്കടവിന്റെ മാതൃകാപരമായ എഴുത്തുജീവിതത്തിലൂടെ...''
uploads/news/2018/03/198578/pkparakkad080318.jpg

മലയാള കഥയുടെ പാരമ്പര്യ ഘടനാ സമ്പ്രദായങ്ങളില്‍ അസാധാരണമായ ഒരു പൊളിച്ചെഴുത്ത് നിര്‍വഹിക്കുകയും പകരം തനിക്കിണങ്ങുന്ന നവീന മാതൃകയിലേക്ക് അതിനെ പുനഃര്‍നിര്‍മിക്കുകയും ചെയ്ത കഥാകാരനാണ് പൊന്നങ്കോട്ട് അഹമ്മദ് പാറക്കടവ് എന്ന പി.കെ. പാറക്കടവ്.

വലിയ കഥകളെഴുതി കഥയുടെ കനക സിംഹാസനം കൈയാളിയവര്‍ക്കിടയില്‍ കുഞ്ഞു കഥകളെഴുതി കരുത്തു കാട്ടി കയറിയിരുന്ന കഥാകാരന്‍. കുറഞ്ഞ വാക്കുകളില്‍ കനമുള്ള കാര്യങ്ങള്‍ പറയുന്നതാണ് ഈ കഥാകാരനു പഥ്യം.

ചെറിയ കഥയാണ് വലിയ കഥ എന്നദ്ദേഹം വിശ്വസിക്കുകയും അതു നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അനുഭവങ്ങളെ കടഞ്ഞെടുത്ത്, കുറുക്കിയും കൂര്‍പ്പിച്ചും അദ്ദേഹമെഴുതിയ കൊച്ചു കഥകള്‍ പക്ഷെ, ജീവിതത്തെ കുറിച്ച് വലിയ ദര്‍ശനങ്ങളാണ് നല്‍കിയത്.

തനിക്ക് ചുറ്റുമുള്ള സമൂഹത്തെ സദാ നിരീക്ഷിക്കുന്ന കഥാകാരനാണ് പി.കെ. പാറക്കടവ്. എന്തിനും വിലയുള്ള ഈ കാലത്ത് വിലയില്ലാതായി പോകുന്നത് മനുഷ്യ ജീവന്‍ മാത്രമാണ് എന്നറിഞ്ഞപ്പോഴാണ് കണ്ണൂര്‍, വധു, ജ്വാല, നാദാപുരം, വില എന്നീ കഥകള്‍ ഉണ്ടായത്.

സാമ്രാജ്യത്വത്തിന്റെ പിടിമുറുക്കലില്‍ ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യങ്ങള്‍ വീര്‍പ്പുമുട്ടുന്നതിന്റെ വേവലാതിയാണ് വില്‍പ്പന, കേരളം, പ്രളയത്തിനുശേഷം, ഭൂമിയുടെ കണ്ണുകള്‍ അടയുന്നു തുടങ്ങിയ കഥകള്‍. വര്‍ത്തമാന കാലം ദുരയും സ്വാര്‍ഥതയും സ്‌നേഹരാഹിത്യവും നിറഞ്ഞതാണെന്ന കണ്ടെത്തലില്‍ നിന്നാണ് ദാനം, പ്രതിഫലം, കൂട്, പാദസരം തുടങ്ങിയ കഥകള്‍ പിറന്നത്.

ചുരുക്കത്തില്‍ നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളേയും തൊട്ടറിഞ്ഞാണ് പി.കെ. പാറക്കടവിന്റെ കഥാലോകം കടന്നു പോകുന്നത് എന്നു കാണാം. നാലു പതിറ്റാണ്ടിലേറെയായി തുടരുന്ന തന്റെ സാഹിത്യ ജീവിതത്തിന്റെ നാള്‍വഴികളിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണിവിടെ പി.കെ. പാറക്കടവ്.

എഴുത്തു വഴികളി ല്‍ താങ്കളിലെ കഥാകാരനെ ഗാഢമായി സ്വാധീനിച്ച ജീവിതഘട്ടമേതാണ് ?


കുട്ടിക്കാലം തന്നെ. കോഴിക്കോട് ജില്ലയിലെ പാറക്കടവിലുള്ള പൊന്നങ്കോട്ട് എന്ന തറവാട്ടിലായിരുന്നു എന്റെ കുട്ടിക്കാലം. അംഗങ്ങള്‍ ഒരുപാടുള്ള ഒരു കൂട്ടുകുടുംബമായിരുന്നു എന്റേത്. കളിക്കൂട്ടുകാരായി ധാരാളം പേരുണ്ടായിരുന്നെങ്കിലും ഒറ്റക്കിരിക്കാനും സ്വപ്നം കാണാനും പ്രകൃതിയെ നിരീക്ഷിക്കാനുമായിരുന്നു എനിക്കേറെ ഇഷ്ടം.

വൃക്ഷങ്ങള്‍, ചെടികള്‍, പുല്‍ക്കൊടികള്‍, പൂവുകള്‍, പൂമ്പാറ്റകള്‍, ഇടവഴിയിലെ നീരുറവകള്‍, മഴ, മഞ്ഞ് എന്നിവയൊക്കെ അന്നെന്നെ ഏറെ ആഹ്‌ളാദിപ്പിച്ച കൗതുകങ്ങളായിരുന്നു. പ്രകൃതിയിലെ ഈ വൈവിധ്യങ്ങള്‍ എന്റെ കുഞ്ഞു മനസില്‍ വര്‍ണ്ണപ്പകിട്ടുള്ള അനുഭൂതികളാണ് ഉണ്ടാക്കിയത്. പക്ഷെ, ഇന്ന് അതൊന്നും എന്നെ വിസ്മയിപ്പിക്കുന്നില്ല. ആഘോഷങ്ങളുടെ പകിട്ടും മനസില്‍ അസ്തമിച്ചിരിക്കുന്നു.

ചുറ്റും നോക്കുമ്പോള്‍ ഒരുതരം മരവിപ്പു മാത്രമാണിപ്പോള്‍. എങ്കിലും കൈമോശം വന്ന കുട്ടിക്കാലത്തെ ധന്യമായ ഓര്‍മകളുടെ നിറച്ചാര്‍ത്തുകള്‍ ഇന്നും മനസില്‍ തിളക്കം നഷ്ടപ്പെടാതെ കിടക്കുന്നുണ്ട്. അതാണ് ഇപ്പൊഴും എന്നിലെ എഴുത്തുകാരനെ സജീവമായി നിലനിര്‍ത്തുന്നത്. എന്റെ ജീവിതത്തില്‍ നിന്നും കുട്ടിക്കാലം മൈനസ് ചെയ്താല്‍ പിന്നെ ഞാനില്ല; എന്നിലെ കഥാകാരനും.

ഒരെഴുത്തുകാരനായി പരുവപ്പെടുത്തിയ കുടുംബ പശ്ചാത്തലം എന്താണ്?


എഴുത്ത്, വായന, സാഹിത്യം എന്നിവയുമായി ബന്ധമുള്ള ആരും കൂടുംബത്തില്‍ ഉണ്ടായിരുന്നില്ല. ഉമ്മയായിരുന്നു എഴുതാനുള്ള എന്റെ പ്രത്യക്ഷ സ്വാധീനം. ധാരാളം കഥകള്‍ പറഞ്ഞു തന്ന് എന്നെ കഥാകാരനാക്കിയത് ഉമ്മയാണ്. എന്നാല്‍ ഉമ്മ ഒന്നും വായിക്കാറില്ലായിരുന്നു. എങ്കിലും തറവാടുമായി ബന്ധപ്പെട്ട ഒരു പാടു കാര്യങ്ങള്‍ അവര്‍ക്കറിയാമായിരുന്നു.

അവയെ സത്യവും അസത്യവും അതിശയങ്ങളും ഭാവനയും ഭീതിയും മിത്തുകളും കൂട്ടിക്കുഴച്ച് കഥകളാക്കി ഉമ്മ എനിക്കു പറഞ്ഞു തരും. മാജിക്കല്‍ റിയലിസം പോലുള്ള സാഹിത്യ പ്രതിഭാസം കാലമൊരുപാടു കഴി ഞ്ഞ് വായനയിലൂടെ ഞാന്‍ അറിയുന്നതിനും എത്രയോ മുമ്പ്, ഉമ്മയുടെ നാവിന്‍ തുമ്പിലൂടെ എനിക്ക് പരിചിതമായിരുന്നു.

ഒരു കാര്യം അതേ പടി പറയുമ്പോള്‍ അത് കഥയാകില്ലെന്നും അതില്‍ സ്വപ്നവും ഭാവനയും കൂട്ടി ച്ചേര്‍ക്കണമെന്നും അപ്പൊഴേ അത് വായിക്കുന്നവരില്‍ തൃപ്തിയും ആഹ് ളാദവും ഉണ്ടാക്കൂ എന്നും എന്നെ പഠിപ്പിച്ചത് ഉമ്മയാണ്.

ഒരെഴുത്തുകാരന്റെ പിറവിക്കുപിന്നില്‍ സ്വാഭാവികമായും വായനയുടെ ഒരു വലിയ ലോകം ഉ ണ്ടായിരിക്കുമല്ലൊ. അ തിനെ കുറിച്ച് പറയാ മോ?


ബഷീറിന്റെ കൃതികളാണ് ഞാനാദ്യം വായിക്കുന്നത്. തറവാടിന്റെ മുകളിലത്തെ നിലയിലെ വലിയ മുറികളിലൊന്നിലെ പത്തായത്തിന്‍ മേലിരുന്ന്, ചിമ്മിനിവിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ ഉറക്കെയാണ് ഞാന്‍ കഥകള്‍ വായിക്കുക. ഉമ്മയാണ് കേള്‍വിക്കാരി. സുഹ്‌റയും മജീദും ആനവാരിരാമന്‍ നായരും പൊന്‍ കുരിശു തോമയും ഒറ്റക്കണ്ണന്‍ പോക്കരും എട്ടുകാലി മമ്മു ഞ്ഞും പച്ച മനുഷ്യരായിട്ടാണ് എന്റെ മനസില്‍ ജീവിച്ചത്.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും വായിക്കാനായി പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു തന്നിരുന്ന കണാരന്‍ മാസ്റ്ററാണ് എനിക്ക് വായനയുടെ വലിയ ലോകം കാണിച്ചു തന്നത്. ഹൈസ്‌കൂളില്‍, ചിത്രകലാ അധ്യാപകനായിരുന്ന ദാമു മാസ്റ്ററാണ് വയലാറിന്റെയും മറ്റും കവിതകള്‍ ചൊല്ലിത്തന്ന് വായിക്കാനുള്ള എന്റെ ആവേശം നിലനിര്‍ത്തിയത്.

നല്ല കവിതകള്‍ തെരഞ്ഞെടുത്ത് ക്ലാസില്‍ ഈണത്തില്‍ ചൊല്ലിയിരുന്ന കല്ലങ്കോടന്‍ അച്ച്യുതന്‍കുട്ടി മാഷെയും എനിക്ക് മറക്കാന്‍ കഴിയില്ല. പിന്നീട് പ്രീഡിഗ്രിക്ക് കോഴിക്കോട് ഫറൂക്ക് കോളജില്‍ ചേര്‍ന്നപ്പോള്‍ എന്റെ വായനാ ലോകം വിപുലപ്പെടുത്തിയത് ബാബുപോള്‍ സാര്‍ (പ്രശസ്ത നിരൂപകനായിരുന്ന എം.പി. പോളിന്റെ മകന്‍)ആയിരുന്നു. അന്നത്തെ വായന പില്‍ക്കാലത്തെ എന്റെ എഴുത്തു ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.

uploads/news/2018/03/198578/pkparakkad080318b.jpg

വിസസഎന്നാണ് താങ്കളുടെ ആദ്യം പ്രസിദ്ധീകരിച്ചു വന്ന കൊച്ചു കഥയുടെ പേര്. ബഹ്‌റൈന്‍, ദുബായി, ഖത്തര്‍ എന്നിവിടങ്ങളിലായി ഏതാണ്ടൊരു പത്തു വര്‍ഷക്കാലം താങ്കള്‍ ജോലി ചെയ്തിരുന്നല്ലോ. അതിന്റെ പ്രേരണയിലാണോ ഈ കഥയെഴുതിയത്?


അല്ല. 1977ലാണ് ഞാനാദ്യമായി ഗള്‍ഫില്‍ പോകുന്നത്. വിസ എഴുതുന്നത് എഴുപതുകളുടെ ആദ്യവും. പക്ഷെ, അതോടെ ഞാന്‍ കഥയെഴുത്തു തന്നെ നിര്‍ത്തേണ്ടി വരുമോ എന്ന ആശങ്കയിലുമായി. കാരണം ഈ കഥയെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഇല്ലാത്ത തെറ്റിദ്ധാരണകള്‍ പരത്തിയതോടെ കഥയെഴുതിയ എന്റെ കഥകഴിക്കാന്‍ ചിലര്‍ മുന്നോട്ടു വന്നു.

സദുദ്ദേശത്തോടെ എഴുതിയ കഥയെ സ്വാര്‍ഥലാഭത്തിനായി ചിലര്‍ വളച്ചൊടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എങ്ങും പ്രതിഷേധം, പ്രകടനം, പൊതുയോഗം. എന്റെ ആദ്യകഥയെ ചൊല്ലി നാട് കലാപഭൂമിയായാല്‍ അതിന്റെ തെറ്റില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ എനിക്കാവില്ലല്ലോ. പക്ഷെ, ഭാഗ്യത്തിന് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ചിലരുടെ നയപരമായ ഇടപെടല്‍ നിമിത്തം ഇല്ലാതായി. എല്ലാം രമ്യമായി പരിഹരിക്കപ്പെട്ടു.

കാര്യങ്ങള്‍ കാച്ചിക്കുറുക്കി, കുറിക്ക് കൊള്ളും വിധം കരുത്തോടെ കഥയില്‍ അവതരിപ്പിക്കുന്ന പി.കെ. പാറക്കടവിന്റെ ആ പ്രത്യേക ടെക്ക്‌നിക്ക് ഉണ്ടല്ലോ. വാക്കുകളിലെ ധാരളിത്തമല്ല, പിശുക്കാണ് കഥയുടെ കരുത്ത് എന്ന ആ സവിശേഷ സിദ്ധി. അത് ആര്‍ജിച്ചതെങ്ങനെയാണ്്?


എന്റെ മുന്‍ഗാമികള്‍ നടന്ന കഥാവഴിയിലൂടെ നടക്കരുതെന്ന ശാഠ്യക്കാരനായിരുന്നു ഞാന്‍. എന്റെ വഴി ഞാന്‍ സ്വയം വെട്ടിയുണ്ടാക്കണമെന്നും അതിലൂടെ വായനക്കാര്‍ എന്നെ തിരിച്ചറിയണമെന്നുമുള്ള പ്രാര്‍ഥനയായിരുന്നു എഴുതി തുടങ്ങുന്ന കാലത്തേ എനിക്കുണ്ടായിരുന്നത്.

കേവലം 12 വരികള്‍ മാത്രമുള്ള വിസ എന്ന കഥ നാട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയപ്പോഴാണ് (അനാവശ്യമായിട്ടാണെങ്കില്‍ കൂടി) കൊച്ചു കഥയ്ക്കും സമൂഹത്തില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയുമെന്ന് ഞാനറിഞ്ഞത്.

കൊച്ചു കഥയാണ് എനിക്കിണങ്ങുക എന്നും അതിലൂടെയാവണം കഥാരംഗത്ത് ഞാന്‍ കാലുറപ്പിക്കേണ്ടത് എന്നുമുള്ള വ്യക്തമായ ദിശാബോധം ആ കഥയാണ് എനിക്കു നല്‍കിയത്. പി.കെ. പാറക്കടവ് വിസ എന്ന കഥ സൃഷ്ടിച്ചു എന്നു പറയുന്നതിനേക്കാള്‍ നല്ലത് വിസ എന്ന കഥ പി.കെ. പാറക്കടവ് എന്ന കഥാകാരനെ സൃഷ്ടിച്ചു എന്നു പറയുന്നതാവും.

താങ്കള്‍ ഏറെയും എഴുതിയിട്ടുള്ളത് കൊച്ചു കഥകളാണ്. കൊച്ചു കഥകള്‍ മാത്രമേ എഴുതാന്‍ കഴിയൂ എന്നത് എഴുത്തുകാരനെ സംബന്ധിച്ചിടത്തോ ളം ഒരു പരിമിതിയല്ലേ?


എനിക്കങ്ങിനെ തോന്നിയിട്ടില്ല. നാനൂറു വരിയെഴുതിയാലും നാലു വരിയെഴുതിയാലും അതില്‍ കഥയുണ്ടോ എന്നതിലാണ് കാര്യം. എഴുതിയതിലെ ധാരാളിത്തം കൊണ്ടല്ല, അതിലെ വാക്കുകളുടെ ഊക്കുകൊണ്ടാണ് കഥയുടെ വലുപ്പ ചെറുപ്പം അളക്കേണ്ടത്. എന്റെ കൊച്ചു കഥകളിലെ വാക്കുകള്‍ക്ക് വായനക്കാരന്റെ ഉള്ളം പൊള്ളിക്കാനുള്ള കരുത്തുണ്ട് എന്നതാണ് എന്റെ അനുഭവം.

വായനക്കാരുമായി നന്നായി ഇന്റര്‍ആക്ട് ചെയ്യുന്ന ഒരു കഥാകാരന്‍ എന്ന നിലയിലാണ് എന്റെ ഈ അഭിപ്രായം. വലിയ കഥയെഴുതുന്ന അത്ര തന്നെ ആയാസകരമാണ് കുറച്ചു വാക്കുകളില്‍ കൊച്ചു കഥകള്‍ എഴുതി ഫലിപ്പിക്കുന്നതും. കുറുകുന്തോറും ആയാസം കൂടും. വലിയ കഥകളെഴുതി ചെറുതായി പോകുന്നവരുടെ ലോകത്ത് ചെറിയ കഥകളെഴുതി വലുതാകാനാണ് എനിക്കാഗ്രഹം

മീസാന്‍ കല്ലുകളുടെ കാവല്‍ആദ്യ നോവലാണല്ലോ. ആറു കഥകളെഴുതിയാല്‍ അടുത്തത് ഒരു നോവല്‍ എന്നു ചിന്തിക്കുന്ന എഴുത്തുകാരുടെ ഇടയില്‍ നിന്നാണ് നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ താങ്കള്‍ ആദ്യനോവല്‍ എഴുതുന്നത്. വലിയ ക്യാന്‍വാസില്‍ കഥപറയാന്‍ കഴിയുമോ എന്ന ആശങ്കയാണോ ആദ്യ നോവല്‍ വൈകാന്‍ കാരണം?


അതൊന്നുമല്ല. സത്യത്തില്‍ കൊച്ചു കഥകളില്‍ ഒതുക്കാന്‍ കഴിയാത്ത ചിലത് കുറേകാലമായി മനസിലങ്ങനെ കിടക്കുന്നുണ്ടായിരുന്നു. അവ കോര്‍ത്തിണക്കി ഒരു നോവല്‍ എന്നത് എന്റെ ആഗ്രഹവുമായിരുന്നു. അടുത്ത സുഹൃത്തുക്കളായ വി.എച്ച്. നിഷാദും (കഥാകൃത്ത്) സാമിര്‍ സലാമും ചേര്‍ന്ന് ചെന്നൈയില്‍ നിന്നും ഒരു പുസ്തക പ്രസാധക സംരംഭം ആരംഭിക്കാന്‍ ശ്രമം തുടങ്ങിയപ്പൊഴേ ഒരു നോവല്‍ എഴുതാന്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു.

മടികാരണം ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് നോവലെഴുത്ത് ഞാന്‍ നീട്ടിക്കൊണ്ടു പോയി. മാസങ്ങള്‍ എടുത്താണ് ഒരു ചെറു നോവല്‍ മാത്രമായ മീസാന്‍ കല്ലുകളുടെ കാവല്‍ ഞാന്‍ പൂര്‍ത്തിയാക്കിയത് എന്നു പറഞ്ഞാല്‍ എത്രമാത്രം ഞാന്‍ ഉഴപ്പി എന്നു വ്യക്തമാകുമല്ലൊ.

എന്റെ സുഹൃത്തുക്കള്‍ക്കത് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും (ഡി.സി. ബുക്‌സാണ് നോവല്‍ ഒടുവില്‍ പുറത്തിറക്കിയത്) അവരുടെ പിടിവിടാത്ത നിര്‍ബന്ധം ഒന്നു മാത്രമാണ് ആ നോവലിന്റെ പിറവിക്ക് പ്രേരണ. അതെന്തായാലും എന്റെ രണ്ടാമത്തെ നോവലും (ഇടിമിന്നലുകളുടെ പ്രണയം) ഇപ്പോള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. വലിയ ക്യാന്‍വാസിലും എനിക്കെഴുതാന്‍ കഴിയുമെന്ന് ഇനി തീര്‍ച്ചയാക്കാമല്ലോ!

uploads/news/2018/03/198578/pkparakkad080318a.jpg

സമൂഹത്തിലെ ചെറിയ മിടിപ്പുകള്‍ പോലും സൂഷ്മമായി നിരീക്ഷിക്കുകയും അത് കഥകളിലേക്ക് ഫലപ്രദമായ രീതിയില്‍ തന്നെ കൊ ണ്ടു വരികയും ചെയ്യു ന്ന ജാഗരൂഗനായ ഒരു ഭടന്റെ മനസ് താങ്കളില്‍ കാണാം...എന്താണതിന്റെ രഹസ്യം?


പ്രത്യക്ഷത്തില്‍ തുറന്നിരിക്കുന്ന രണ്ടു ക ണ്ണുകള്‍ക്കുള്ളില്‍ ഉള്‍ ക്കാഴ്ചയോടെ തുറന്നിരിക്കുന്ന അദൃശ്യമായ മറ്റൊരു കണ്ണു കൂടിയുള്ളവനാണ് ക ഥാകാരന്‍. ആ കണ്ണാ ണ് കഥാകാരനെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിക്കുന്നതും സമൂഹത്തിലെ അസാധാരണത്വം കണ്ടെത്താന്‍ അയാ ളെ പ്രാപ്തനാക്കുന്നതും.

അത് സദാ തുറന്നിരിക്കാന്‍ ശക്തി തരണേ എന്നാണ് ദൈവത്തിനോടുള്ള എന്റെ ഒരു പ്രാര്‍ഥന. ആ കണ്ണടഞ്ഞാല്‍ കഥാകാരനു പിന്നെ കഥകളില്ലാതാവും. കഥായില്ലാതായാല്‍ കഥാകാരന്റെ കഥകഴിഞ്ഞു എന്നര്‍ഥം.

വലിയൊരു എഴുത്തുകാരനായിരുന്ന കെ.എ. കൊടുങ്ങല്ലൂരിന്റെ മകള്‍ സെബുന്നിസയാണ് താങ്കളുടെ ഭാര്യ. നന്നായി വായിക്കാനും വിലയിരുത്താ നും അവര്‍ക്ക് നല്ല കഴിവുണ്ട്. അവര്‍ താങ്കളുടെ കഥയെഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു?


കഥ എഴുതുന്നതിന് മുമ്പ് അതിനെ കുറിച്ച് ഞാന്‍ ആരുമായും ഒന്നും ചര്‍ച്ച ചെയ്യാറില്ല. എഴുതിക്കഴിഞ്ഞാല്‍ എന്റെ മിക്കവാറും എല്ലാ കഥകളുടെയും അദ്യ വായനക്കാരി അവരാണ്. സൂഷ്മമായി കഥയെ വിചാരണ ചെയ്യാനും വിലയിരുത്താനും അവര്‍ക്ക് നല്ല മിടുക്കുണ്ട്്. അത് പാരമ്പര്യമായി തന്നെ കിട്ടിയതാവണം. അവരുടെ നല്ലത് എന്നു തോന്നുന്ന അഭിപ്രായങ്ങള്‍ ഞാന്‍ സ്വീകരിക്കാറുമുണ്ട്.

എന്റെ മക്കള്‍ ആതിരയും അനുജയും കോളജില്‍ പഠിക്കുന്ന കാലത്ത് നന്നായി എഴുതിയിരുന്നു. എന്റെ കഥകള്‍ അവര്‍ വായിക്കുകയും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതെന്തായാലും എന്റെ കഥാരചനയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇവര്‍ മൂന്നു പേരുടെയും പങ്ക് വളരെ വലുതാണ്.

കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെക്കാലമായി കഥാ രംഗത്ത് സജീവമായ താങ്കളെ മലയാള സാഹിത്യ രംഗം അര്‍ഹിക്കുന്ന അംഗീകാരം നല്‍കി ആദരിച്ചു എന്നു കരുതുന്നുണ്ടോ?


എന്നു തന്നെയാണു ഞാന്‍ കരുതുന്നത്. ചെറുതും വലുതുമായി അമ്പതോളം പുരസ്‌കാരങ്ങള്‍ കിട്ടി. എന്റെ കഥകളെ കുറിച്ച് ധാരാളം ആസ്വാദനങ്ങളും ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നു. കഥകള്‍ ഇംഗ്ലീഷ്, അറബി, ഹിന്ദി, മറാട്ടി, തമിഴ് ഭാഷകളിലേക്ക് ധാരാളമായി വിവര്‍ത്തനം ചെയ്യപ്പെടുന്നു. സ്‌കൂള്‍ ക്ലാസുകളിലേക്ക് കഥകള്‍ പഠിപ്പിക്കാനായി തെരഞ്ഞെടുക്കുന്നു.

ഇതൊക്കെയും വിലപ്പെട്ട അംഗീകാരങ്ങളല്ലേ? മലയാള കഥാരംഗത്തെ കുലപതിയായ പപ്പേട്ടന്‍(ടി.പത്മനാഭന്‍)എന്റെ കഥകളെ ഖലില്‍ ജിബ്രാന്റെ രചനകളോടാണ് ഉപമിച്ചത്. സദ്യ എന്നൊരു കഥയെഴുതിയപ്പോള്‍ കഥാകൃത്ത് മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി എനിക്കെഴുതിഎന്തിന് മഹാഭാരതം? ഇതാണ് കഥ. കഥയുടെ വഴിയില്‍ ചെറിയ ദൂരം മാത്രം പിന്നിട്ട എനിക്ക് മലയാളത്തിലെ മുതിര്‍ന്ന ഈ കഥാകാരന്‍മാര്‍ നല്‍കിയ അഭിനന്ദനങ്ങള്‍ മറ്റേതൊരു അംഗീകാരത്തേക്കാളും വലുതാണ്.

എഴുത്തുകാരനും ചിന്തകനുമായ എം. ഗോവിന്ദന്‍ ഒരിക്കല്‍ എന്നോടു പറഞ്ഞുനീ എഴുതുന്ന ചെറിയ കഥകള്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്എന്ന്. ആ വലിയ മനുഷ്യന്‍ എന്റെ ചെറിയ കഥകളെ കുറിച്ച് പറഞ്ഞത് എനിക്കുള്ള ചെറുതല്ലാത്ത അംഗീകാരം തന്നെയാണ്. എഴുത്തുകാരും വായനക്കാരും മനസില്‍ തൊട്ടു പറയുന്ന അഭിപ്രായങ്ങള്‍ മറ്റെന്തിനേക്കാളും വിലമതിക്കുന്ന ആളാണു ഞാന്‍.

പഴയ തലമുറയിലേയും പുതിയ തലമുറയിലേയും എഴുത്തുകാരുടെയും വായനക്കാരുടെയും സ്‌നേഹവാത്സല്യങ്ങളും പ്രോത്സാഹനവും ആവോളം ഏറ്റുവാങ്ങാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്. അവരെല്ലാം എന്നിലേക്ക് നന്‍മ മാത്രമാണ് ചൊരിഞ്ഞത്.

മിനീഷ് മുഴപ്പിലങ്ങാട്

Ads by Google
Thursday 08 Mar 2018 04.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW