Friday, June 14, 2019 Last Updated 12 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 04.00 PM

അച്ഛന്‍ പഠിപ്പിച്ചത്...

uploads/news/2018/03/198574/Weeklyanibhavapacha080318a.jpg

ഒരിക്കല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ആലപ്പുഴയില്‍ വന്നപ്പോള്‍ ഞങ്ങളുടെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം.

എന്റെ അച്ഛന്‍ എസ്.എല്‍ പുരം സദാനന്ദന്‍ വളരെക്കാലം മുമ്പെഴുതിയ 'സത്രം' എന്ന നാടകം ചെറിയ വിവാദങ്ങളില്‍ പെട്ടിരുന്നു. നാടകത്തില്‍ മാറ്റം വരുത്തണമെന്നു പലരും പറഞ്ഞിട്ടും അച്ഛനതിന് പുല്ലുവില നല്‍കിയതുമില്ല.

വര്‍ഷം പത്തിരുപത് കഴിഞ്ഞിട്ടും ഇ.എം.എസ് അതു മറന്നിരുന്നില്ല. ആഹാരം കഴിക്കുന്നതിനുമുമ്പ് അദ്ദേഹം 'സദാനന്ദന്‍ എഴുതിയ നാടകമാണല്ലേ സത്രം?' എന്നു ചോദിച്ചു.

'അതേ, അന്ന് തൃശൂര്‍ ഗസ്റ്റ് ഹൗസിലിരുന്ന് എന്നെ വിളിച്ചിട്ട് അതിന്റെ ക്ലൈമാക്‌സ് തിരുത്താന്‍ സഖാവ് ആവശ്യപ്പെട്ടല്ലോ. അന്നുതന്നെ അതു പറ്റില്ലെന്ന് ഞാന്‍ പറഞ്ഞത് ഓര്‍മ്മയില്ലേ?'
എന്നായിരുന്നു അച്ഛന്റെ പ്രതികരണം.

'ഓ... ഓ... ഓ... ഇപ്പോള്‍ ഓര്‍മ്മയുണ്ട്' എന്നു പറഞ്ഞിട്ട് ഇ.എം.എസ് മെല്ലെ ഡൈനിങ് ടേബിളിനരികിലേക്കു നടന്നു.

അതായിരുന്നു അച്ഛന്‍. പറയാനുള്ളത് ഒട്ടും മായം ചേര്‍ക്കാതെ തുറന്നുപറയുന്ന പ്രകൃതം. ശരിയെന്നു തോന്നുന്നതില്‍നിന്ന് ആരിടപെട്ടാലും അണുവിട വിട്ടുവീഴ്ച ചെയ്യാത്ത ചങ്കൂറ്റം.എന്നും സാധാരണക്കാര്‍ക്കൊപ്പമായിരുന്നു അച്ഛന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും. വിശന്നിരിക്കുന്ന വയറിനോട് വിശ്വാസത്തെക്കുറിച്ചും തത്വശാസ്ത്രത്തെക്കുറിച്ചും സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

മൂന്നുനേരം സുഭിക്ഷമായി കഴിക്കാന്‍ വീട്ടില്‍ ഭക്ഷണമുണ്ടായിരുന്നു. ഞാനും അനിയനും ആഹാരം മിച്ചം വയ്ക്കുമ്പോ ള്‍, തന്റെ കുട്ടിക്കാലത്തെ പട്ടിണിയും ദാരിദ്ര്യവും എണ്ണിപ്പറഞ്ഞ് അച്ഛന്‍ ഞങ്ങളെ ഉപദേശിച്ചു. കുട്ടിക്കാലത്ത് സ്‌കൂളിലേക്കു കൊടുത്തുവിടുന്ന ചോറ്റുപാത്രത്തിലെ വറ്റുകള്‍ ഒളിവില്‍ കഴിയുന്ന കമ്മ്യുണിസ്റ്റ്കാര്‍ക്കു നല്‍കി, പച്ചവെള്ളം ഭക്ഷിച്ചിരുന്ന അച്ഛനെ ഞാന്‍ അത്ഭുതത്തോടെയാണു കണ്ടത്.

വളര്‍ന്നുകഴിഞ്ഞ്, ഒരു തെരഞ്ഞെടുപ്പുകാലത്ത് ആദ്യമായി വിരലില്‍ മഷിപുരളാന്‍ പോകുന്നതിന്റെ ആവേശത്തില്‍ നിന്ന എന്നോടും അനുജന്‍ ജയസോമയോടും അച്ഛന്‍ പറഞ്ഞു: ''
നിങ്ങളൊരു കമ്മ്യൂണിസ്റ്റുകാരന്റെ മക്കളായിട്ടാണ് ജനിച്ചതും വളര്‍ന്നതും.

എന്നുവച്ച് പാര്‍ട്ടിക്കേ വോട്ടുചെയ്യാവൂ എന്നു ഞാന്‍ പറയില്ല. പക്ഷേ, ഒരു കമ്മ്യൂണിസ്റ്റുകാരനു മാത്രമേ വോട്ടുചെയ്യാന്‍ പാടുള്ളൂ. അങ്ങനെയുള്ളവര്‍ക്കേ സഹജീവികളുടെ വേദന തൊട്ടറിയാന്‍ സാധിക്കൂ. തിന്മകള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ കഴിയൂ.''

ഞാനും ആ വാക്കുകള്‍ വിശ്വസിക്കുന്നു. അച്ഛന്റെ വീക്ഷണത്തില്‍ കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര സഹജീവികളോടുള്ള സഹാനുഭൂതിയായിരുന്നു.മനസുകൊണ്ട് ഏറെ ശക്തനായിരുന്നു അച്ഛന്‍. അദ്ദേഹം ദുഃഖിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍, അച്ഛനിലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനെ അടുത്തുകണ്ട അവസരങ്ങളുണ്ട്.

ആദ്യത്തേത് തോപ്പില്‍ ഭാസിയുടെ മരണമാണ്. ആ ദിവസം എന്തോ എഴുത്തൊക്കെയായി അച്ഛന്‍ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചു പറഞ്ഞപ്പോഴാണ് വിവരമറിഞ്ഞത്.

മാറിയിരുന്ന് കളിക്കുകയായിരുന്ന ഞാന്‍ എപ്പോഴോ നോക്കുമ്പോള്‍ അച്ഛന്റെ രണ്ടു കവിളിലൂടെയും കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. സ്‌നേഹിതരുടെ വിയോഗം അച്ഛന്റെ മനസിനെ അത്രയേറെ അലട്ടിയിരുന്നു.

ഇനി മറ്റൊരു സംഭവം.
വീട്ടില്‍ 'ജൂഡി' എന്നൊരു നായ ഉണ്ടായിരുന്നു. അച്ഛനതിനോട് വല്ലാത്ത അടുപ്പമായിരുന്നു. കഴിക്കുന്നതിന്റെ ഒരു പങ്ക് എന്നും അതിനു നല്‍കും. ഒരുദിവസം ജൂഡി ചത്തപ്പോള്‍, നാടകവുമായി ബന്ധപ്പെട്ട് അച്ഛന്‍ എവിടെയോ പോയിരിക്കുകയായിരുന്നു.

രണ്ടുദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ ചെന്ന് ഞാന്‍ ജൂഡിയുടെ കാര്യം പറഞ്ഞത്. എന്നിട്ടു തിരിയുമ്പോള്‍ പിന്നില്‍ ഒരു നേര്‍ത്ത തേങ്ങലിന്റെ ശബ്ദം! ഞാന്‍ പെട്ടെന്നു നിന്നു. അപ്പോഴേക്കും അച്ഛന്‍ പൊട്ടിക്കരയാന്‍ തുടങ്ങിയിരുന്നു.

അച്ഛന്‍ പറഞ്ഞിട്ടുള്ള 'യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്' എന്നതിന്റെ അര്‍ത്ഥം ഞാനന്നു മനസിലാക്കി. പ്രസിഡന്റിന്റെ മെഡല്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ കേരളത്തിലേക്കു കൊണ്ടുവന്നെങ്കിലും ആചാരവെടിയുടെ അകമ്പടിയും പ്രകമ്പനവുമില്ലാതെ അച്ഛനു കടന്നുപോകേണ്ടി വന്നു. എനിക്കതില്‍ യാതൊരു പരാതിയുമില്ല. കാരണം, അങ്ങനെ കടന്നുപോകേണ്ടി വന്നത് അച്ഛന്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായതുകൊണ്ടാണ്.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Thursday 08 Mar 2018 04.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW