Saturday, December 15, 2018 Last Updated 15 Min 3 Sec ago English Edition
Todays E paper
Ads by Google
ശില്‍പ്പ പ്രശാന്ത്‌
Thursday 08 Mar 2018 11.44 AM

അയ്യയ്യോ... ഇത് പെണ്ണിന് പറ്റിയ പണിയാണോ...? പറ്റുമെന്ന് തെളിയിച്ച് ശ്രീജ സിബി

വാഹന വിപണിയില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ സ്ത്രീ സാന്നിധ്യം എത്തിനോക്കിയിട്ടില്ലാത്ത സമയത്താണ് ശ്രീജ ഈ മേഖലയിലേയ്ക്ക് രംഗപ്രവേശം ചെയ്യുന്നത്. ഇടിച്ചു തകര്‍ന്നെത്തുന്ന വാഹനങ്ങള്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ ശ്രീജ ചികിത്സ നിശ്ചയിക്കും.
uploads/news/2018/03/198520/sreeeja1.jpg

അയ്യയ്യോ... ഇത് പെണ്ണിന് പറ്റിയ പണിയാണോ...? എന്ന് ചോദിക്കുന്ന തരത്തില്‍ സമൂഹം പെണ്ണിനെ മാറ്റിനിര്‍ത്തിയിരിക്കുന്ന ചില തൊഴിലുകളുണ്ട്. സ്ത്രീകള്‍ വിമാനം പറത്തുകയും ബഹിരാകാശ സഞ്ചാരികളാകുകയും ചെയ്യുന്ന ഇക്കാലത്തും പെണ്ണിന് നിഷിദ്ധമെന്ന തരത്തില്‍ അവള്‍ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്ന ചില മേഖലകള്‍...

കുഞ്ഞുനാളില്‍ കൂട്ടിനെത്തുന്ന കളിപ്പാട്ട സമ്മാനങ്ങള്‍ മുതല്‍ക്കേ ഈ വേര്‍തിരിവ് തുടങ്ങി വയ്ക്കപ്പെടും. ആണ്‍കുഞ്ഞിന് കാറും, ബസും, ജെ.സി.ബിയുമൊക്കെ വാങ്ങിക്കൊടുക്കുമ്പോള്‍ പെണ്‍കുഞ്ഞിന് മുന്നിലേയ്ക്ക് വച്ചു നീട്ടപ്പെടുന്നത് പാവക്കുട്ടികളും അടുക്കള കളിപ്പാട്ടങ്ങളുമൊക്കെയാണ്. പിന്നീട് ഈ വേര്‍തിരിവ് ജീവിതത്തില്‍ ഉടനീളം അവള്‍ക്ക് നേരിടേണ്ടി വരും.

എന്നാല്‍, ഇതില്‍ നിന്നും വിഭിന്നമായി ചിന്തിച്ച് 'കളം പിടിക്കുന്നവരും' ആകസ്മികമായി എത്തപ്പെടുന്നവരുമായ സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോളും വിരലില്‍ എണ്ണപ്പെടുന്നവര്‍ മാത്രം. ഇതില്‍ എടുത്തു പറയാവുന്ന ഒന്നാണ് വാഹനമേഖല. പെണ്ണിന് നിഷിദ്ധമാക്കപ്പെട്ട വാഹനങ്ങളുടെ മെക്കാനിക്കല്‍ മേഖലയിലേയ്ക്ക് പെണ്ണിന്റെ കരുത്തറിയിച്ചുകൊണ്ട് സധൈര്യം കടന്നു വന്ന് വ്യത്യസ്തയായിരിക്കുന്ന സ്ത്രീരത്‌നമാണ് ശ്രീജ സിബി.

വണ്ടിയോടിക്കുന്ന പെണ്ണിനെ കാണുമ്പോള്‍ നെറ്റിചുളിക്കുന്ന കാലത്താണ് ശ്രീജ 'വണ്ടിക്കളത്തില്‍' എത്തുന്നത്. എന്നാല്‍, അത് വണ്ടി ഓടിക്കാനായിരുന്നില്ല, വണ്ടികളുടെ രോഗം നിര്‍ണ്ണയിക്കാനും ആവശ്യമായ ചികിത്സ നിര്‍ദേശിക്കാനുമായിരുന്നു.

uploads/news/2018/03/198520/sreeeja3.jpg

സ്റ്റാര്‍ട്ടാക്കി ഇട്ടിരിക്കുന്ന ഒരു കാറിന്റെ ശബ്ദം കേട്ടാല്‍ ശ്രീജയ്ക്ക് മനസിലാകും ആ വാഹനത്തിന്റെ ഹൃദയതാളം. ഇടിച്ചു തകര്‍ന്നെത്തുന്ന വാഹനങ്ങള്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ ശ്രീജ ചികിത്സ നിശ്ചയിക്കും. വാഹന വിപണിയില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ സ്ത്രീ സാന്നിധ്യം എത്തിനോക്കിയിട്ടില്ലാത്ത സമയത്താണ് ശ്രീജ ഈ മേഖലയിലേയ്ക്ക് രംഗപ്രവേശം ചെയ്യുന്നത്. 21-മത് വയസ്സില്‍ ചങ്കൂറ്റത്തോടെ ഈ പണി ഏറ്റെടുക്കുമ്പോള്‍ ഏറെ വെല്ലുവിളികളും തന്നെ കാത്തിരിക്കുന്നതായി ശ്രീജ മുന്‍കൂട്ടി കണ്ടിരുന്നു.

ഏറ്റുമാനൂര്‍ പട്ടിത്താനം ചെരുവില്‍ പരേതനായ കരുണാകരന്റെയും ദേവകിയുടെയും മകളായ ശ്രീജയ്ക്ക് മെക്കാനിക്കല്‍ മേഖലയുമായി പരമ്പരാഗതമായ ബന്ധങ്ങളൊന്നും മുതല്‍ക്കൂട്ടുണ്ടായിരുന്നില്ല. കാണക്കാരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നും 73 ശതമാനം മാര്‍ക്കില്‍ എസ്.എസ്.എല്‍.സി പാസായ ശ്രീജ കോട്ടയം സിഎംഎസ് കോളജില്‍ പ്രീഡിഗ്രിയ്ക്ക് ശേഷമാണ് നാട്ടകം പോളി ടെക്‌നിക്കില്‍ ഡിപ്ലോമയ്ക്ക് ചേരുന്നത്. മെഡിക്കല്‍ ഫീല്‍ഡില്‍ താത്പര്യമില്ലാഞ്ഞതിനാല്‍ മെക്കാനിക്കല്‍ ഫീല്‍ഡ് തിരഞ്ഞെടുക്കുമ്പോഴും ഒപ്പം യാത്രചെയ്യാന്‍ എത്തിയത് മൂന്നോ നാലോ പെണ്‍കുട്ടികള്‍ മാത്രം. കാലം മുന്നോട്ടു പോയപ്പോള്‍ അവരും ഈ ഫീല്‍ഡ് വെച്ചാഴിഞ്ഞു. അതോടെ ഈ മേഖലയില്‍ ശ്രീജ തനിച്ചായി. എന്നാല്‍, ഒരു പിന്മാറ്റത്തിന് ശ്രീജ ഒരുക്കമായിരുന്നില്ല. അങ്ങനെ പതിനെട്ട് വര്‍ഷങ്ങളായി കാറുകളുടെ എഞ്ചിനുമായുള്ള ചങ്ങാത്തം ഇപ്പോഴും തുടരുകയാണ് ശ്രീജ.

1999 ല്‍ കോട്ടയത്തുള്ള എ.വി.ജി മോട്ടോഴ്‌സിലായിരുന്നു മെക്കാനിക്കല്‍ വിഭാഗത്തില്‍ പെണ്‍ കരുത്ത് അറിയിച്ചുകൊണ്ടുള്ള ശ്രീജയുടെ അരങ്ങേറ്റം. സ്‌പെയര്‍പാര്‍ട്‌സിലേയ്ക്കായിരുന്നു അപേക്ഷിച്ച വെച്ചിരുന്നത്. എന്നാല്‍, അന്ന് അവിടെ സി.ഇ.ഒ ആയിരുന്ന ജോസ് തോമസ് ആണ് ശ്രീജയെ വര്‍ക്ക്‌ഷോപ്പിലേയ്ക്ക് ചുവടുവപ്പിച്ചത്. ആണ്‍കുട്ടികളുടെ കുത്തകയായിരുന്ന മേഖലയില്‍ ആദ്യസമയത്ത് പിടിച്ചു നില്‍ക്കാന്‍ ഏറെ പാടുപെട്ടിരുന്നതായി ശ്രീജ പറയുന്നു. അവിടെ എട്ടര വര്‍ഷത്തെ സേവനത്തിന് ശേഷം ഒരു വര്‍ഷം ഇന്‍ഡസ് മോട്ടോഴ്‌സില്‍. അവിടെ നിന്നും കോട്ടയം നാട്ടകത്തുള്ള ഹോണ്ട കാറുകളുടെ ഷോറൂമായ വിഷന്‍ മോട്ടോഴ്‌സിലേയ്ക്ക്. കോട്ടയം അടിച്ചിറയിലുള്ള ഹോണ്ട കാറുകളുടെ ഷോറൂമായ പ്രീമിയര്‍ ഹോണ്ടയില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ് ശ്രീജയിപ്പോള്‍. 'ബോഡി ഷോപ്പ്' എന്ന മേഖലയിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ദേശ സേനഹത്തിന്റേതായ ഒരു നൊമ്പരപ്പാടുമുണ്ട് ശ്രീജയ്ക്ക്. ശ്രീജയുടെ സഹോദരന്‍ സന്തോഷ് കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചിരുന്നു. ഭര്‍ത്താവ് സിബി ഗോപാലന്‍ ഖത്തറില്‍ ഉദ്യോഗസ്ഥനാണ്. അനഘ, അര്‍ജുന്‍ എന്നിവര്‍ മക്കളാണ്.

uploads/news/2018/03/198520/sreeeja2.jpg

ഒരു പെണ്ണ് പറയുന്നത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള പുരുഷന്മാര്‍ ഇന്നുമുണ്ട് എന്നത് ശ്രീജ ശരിവെക്കുന്നു. അതുകൊണ്ടു തന്നെ ഗോസിപ്പുകളെ നേരിടാനുള്ള കഴിവുകൂടി ഈ മേഖലയിലേയ്ക്ക് കടന്നു വരുന്ന പെണ്ണ് ആര്‍ജ്ജിച്ചെടുക്കണമെന്നാണ് ഈ വനിതാ ദിനത്തില്‍ ശ്രീജ പറഞ്ഞു വെക്കുന്നത്. തളരാതെ പിടിച്ചു നില്‍ക്കുക. മെക്കാനിക്ക് മേഖലയെ കുറിച്ചും ശ്രീജയ്ക്ക് ചിലത് പറയാനുണ്ട്. ഈ മേഖലയില്‍ പിടിച്ചു നിന്നുകൊണ്ട് കുടുംബം പുലര്‍ത്തുക എന്നതാണ് കേരളത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഗള്‍ഫ് നാടുകളില്‍ അനന്തമായ സാധ്യതകളും ആകര്‍ഷകമായ ശമ്പള സ്‌കെയിലുമാണ് മെക്കാനിക്കുകളെ കാത്തിരിക്കുന്നത്. വാഹനങ്ങളും ലോകത്തേയ്ക്ക് കടന്നു വന്നില്ലായിരുന്നുവെങ്കില്‍ താന്‍ ഒരു ടീച്ചറാകുമായിരുന്നുവെന്നും ശ്രീജ പറയുന്നു.

Ads by Google
ശില്‍പ്പ പ്രശാന്ത്‌
Thursday 08 Mar 2018 11.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW