Friday, December 14, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
ഗോകുല്‍ മുരളി
Thursday 08 Mar 2018 10.54 AM

ഹൃദയം കൈക്കുമ്പിളില്‍ സൂക്ഷിക്കുന്ന ഒരമ്മ; ഹൃദയം തുറന്നൊരു അനുഭവക്കുറിപ്പ്

M.B. Santha, S.P.Namboothiri

താളം തെറ്റിയ ഹൃദയവുമായി മൂന്നു പതിറ്റാണ്ടോളം ചികിത്സ തേടുകയും മനോധൈര്യം ഒന്നുകൊണ്ടു മാത്രം മൂന്നു വട്ടം ഹൃദയശസ്ത്രക്രിയ നേരിട്ട് ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരുകയും ചെയ്ത ഒരു അമ്മയുടെ കഥയാണിത്. ആയുസ്സെത്തുന്നതിനു മുമ്പേ ജീവനും കൊണ്ട് കടന്നുകളയുന്ന മഹാരോഗങ്ങളിലൊന്നായ ഹൃദ്രോഗത്തിനെതിരായ നിരന്തരസമരങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ് പാലാ കുറിച്ചിത്താനം സ്വദേശിനിയായ എം.ബി ശാന്ത എന്ന ഈ അമ്മ.

സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹികപരിഷ്‌കര്‍ത്താവുമായ മോഴിക്കുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെയും ഇടശ്ശേരി സാവിത്രി അന്തര്‍ജനത്തിന്റെയും മകളായ ശാന്ത അന്തര്‍ജനത്തിന്റെ ജീവിതത്തിന്റെ പകുതിയിലേറെയും ഹൃദയവുമായുള്ള മല്ലയുദ്ധത്തിലായിരുന്നു.

റുമാറ്റിക് രോഗം തക്കസമയത്ത് കണ്ടെത്തി ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് പറ്റിയ പിഴവും അതു മൂലം മൂന്ന് തവണ ഹൃദയശസ്ത്രക്രിയ നേരിടേണ്ടി വന്ന കഥയുമാണ് ശാന്തയുടേത്. താനും കുടുംബവും മൂന്ന് പതിറ്റാണ്ടായി ഹൃദയവുമായി നിരന്തരം നടത്തിവന്ന പോരാട്ടങ്ങള്‍ ഹൃദയസാന്ത്വനം എന്ന പുസ്തകത്തിലൂടെ എം.ബി. ശാന്ത പങ്കുവയ്ക്കുകയും ചെയ്തു. ഭര്‍ത്താവും എഴുത്തുകാരനുമായ എസ്.പി. നമ്പൂതിരിയുടെ സഹായത്താല്‍ ആണ് തന്റെ ജീവിതാനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കിയത്.

M.B. Santha, S.P.Namboothiri

തന്റെ 62ാം വയസ്സില്‍ മൂന്നാമത്തെ ശസ്ത്രക്രിയക്ക് ശേഷം തിരികെ എത്തുമ്പോള്‍ ജീവിതത്തിന് മുന്‍പൊരിക്കലുമില്ലാത്തതരം പ്രസാദാത്മകതയും കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്ന് ഈ അമ്മ പറയുന്നു. സ്വന്തം അനുഭവങ്ങള്‍ക്ക് ശുദ്ധഭാഷയുടെ ചിറകുകള്‍ നല്‍കിയിരിക്കുന്നത് ഭര്‍ത്താവായ എസ്.പി.നമ്പൂതിരിയാണ്. എല്ലാറ്റിനുമുപരിയായി ഗ്രന്ഥരചനയില്‍ നിന്നും ലഭിക്കുന്ന ഒരോ തുകയും സാമ്പത്തീക പ്രശ്‌നങ്ങള്‍ നേരിടുന്ന ഹൃദ്രോഗികള്‍ക്ക് നല്‍കുന്നതിനും ഈ ദമ്പതികള്‍ സന്നദ്ധരാണ്.

ഒരു പനിയും കഠിനമായ കാല്‍മുട്ട് വേദനയുമായാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം സഹോദരന് വന്ന ഹൃദയ പ്രശ്‌നം തന്നെയാണോ ഇതെന്ന സംശയം നാട്ടില്‍ തന്നെയുള്ള ഒരു ഡോക്ടറെ കാണുവാന്‍ ഇടയായി. എന്നാല്‍, അദ്ദേഹം ഇതിനെ വെറുമൊരു വാതപ്പനിയാക്കി നിസ്സാരവത്കരിക്കുകയും അതിനുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു. പിന്നീടും ഇതേ പ്രശ്‌നങ്ങള്‍ തുടര്‍ന്നപ്പോള്‍ ഭര്‍ത്താവ് എസ്.പി. നമ്പൂതിരിക്ക് ഹൃദയമിടുപ്പ് അസാധാരണമാണെന്ന് സംശയം ഉദിച്ചു. ഓണാഘോഷത്തിന് വീട്ടില്‍ എത്തിയ സഹോദരനോട് തന്റെ ആശങ്ക അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഹൃദയത്തിന് വിശദപരിശോധനയ്ക്ക് നിര്‍ദ്ദേശിക്കുകയുമായിരുന്നു.

വൈകാതെ തന്നെ അന്നത്തെ വാതപ്പനി ഹൃദയത്തെ ബാധിക്കുകയും മെട്രല്‍ വാല്‍വ് ചുരുങ്ങുകയും ചെയ്തുവെന്ന് അവര്‍ അറിഞ്ഞു. 1981ല്‍ തിരുവനന്തപുരത്ത് ഡോക്ടറുടെ ചികിത്സയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ആദ്യ ശസ്ത്രക്രിയയും നടന്നു. ഒരു മൈനര്‍ സര്‍ജറി മാത്രമായിരുന്നു അന്ന് നടന്നത്.

എന്നാല്‍ പ്രശ്‌നങ്ങള്‍ അവിടെയും ഒതുങ്ങിയില്ല. 12 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇതേ പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചു. പിന്നീട് ഡോക്ടര്‍ വിജയരാഘവന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ അഭയം പ്രാപിക്കുകയും രണ്ടാം വട്ട ഹൃദയശസ്ത്രക്രിയക്ക് വിധേയയാകുകയും ചെയ്തു. ഈ ഘട്ടത്തില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്കും ശാന്ത വിധേയയായി. എങ്കിലും വാല്‍വ് മാറ്റിവയ്‌ക്കേണ്ടി വന്നില്ല. എങ്കിലും 12 വര്‍ഷത്തേക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും അപ്പോഴേക്കും നാട്ടില്‍ തന്നെ ഇതിനുള്ള ചികിത്സ നടത്തുവാന്‍ സാധിക്കുമെന്നും ഡോക്ടര്‍ ഉറപ്പ് നല്‍കി.

എന്നാല്‍ വീണ്ടും വിധി ശാന്തയെ വേട്ടയാടി. 12 വര്‍ഷത്തിന് ശേഷം ഒരിക്കല്‍കൂടി ശാന്ത ശസ്ത്രക്രിയക്ക് വിധേയയായി. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മൂന്നാം വട്ടം ജീവിതം തിരികെ പിടിച്ചത്. അറുപത് ശതമാനം അപകടസാധ്യത നിറഞ്ഞതാണെന്ന് ഓപറേഷന് നേതൃത്വം നല്‍കിയ ഡോ.മിശ്ര അഭിപ്രായപ്പെടകയും ചെയ്തു. എന്നാല്‍, മനോധൈര്യം ഒന്ന് മുന്നില്‍കണ്ട് ശാന്ത ധൈര്യ സമേതം സമ്മതം മൂളുകയും ചെയ്തു.

M.B. Santha, S.P.Namboothiri
ഒരു പഴയ കുടുംബചിത്രം

തന്റെ സഹോദരങ്ങള്‍ ആറു പേരും ഹൃദയസംബന്ധിയായ രോഗങ്ങളില്‍ മരിച്ചപ്പോഴും പിടിച്ചു നിര്‍ത്തിയത് ഈ അമ്മയുടെ മനോധൈര്യം ഒന്നു മാത്രമാണ്. പേടിയുണ്ടായിരുന്നെങ്കിലും സ്വന്തപ്പെട്ട ആളുകള്‍ തന്നെയായിരുന്നു കൂടെ നിന്നിരുന്നത് എന്നതിനാല്‍ തന്നെ ധൈര്യമുണ്ടായിരുന്നുവെന്ന് ശാന്തയുടെ വാക്കുകള്‍.

ഇത്രയധികം പ്രശ്‌നങ്ങള്‍ വന്നപ്പോഴും ശസ്ത്രക്രിയക്ക് വിധേയയാകാന്‍ സാധിച്ചത് ശാന്തയുടെ മനോധൈര്യം ഒന്നുകൊണ്ടാണെന്ന് ഭര്‍ത്താവ് എസ്.പി. നമ്പൂതിരി ഓര്‍ക്കുന്നു. ജീവിതത്തെക്കുറിച്ച് പ്രതിക്ഷയുള്ള ഒരാള്‍ക്ക് മാത്രമെ മനോധൈര്യം ഉണ്ടാകുകയൊള്ളു. താന്‍ ഒരു വ്യക്തിയല്ലെന്നും ഒരു സമൂഹജീവിയാണെന്നും ചിന്തിക്കുകയും ചെയ്യുന്നു. തനിക്കൊരു രോഗം വന്നാല്‍ തന്നെപ്പോലെ മറ്റുള്ളവരേയും ബാധിക്കും എന്ന തോന്നലില്‍ നിന്നാണ് ഒരു മനോധൈര്യം ഉണ്ടായത്. താന്‍ ആശ്രയിക്കേണ്ടവരേയും തന്നെ ആശ്രയിക്കേണ്ടവരേയും കുറിച്ച് ഓര്‍ക്കുമ്പോള്‍ സ്വയം ആത്മധൈര്യം വരുമെന്നും ശാന്ത തെളിയിക്കുന്നു.

M.B. Santha, S.P.Namboothiri

ഹൃദ്രോഗത്തെ കീഴടക്കാനുള്ള ജീവന്‍മരണസമരങ്ങള്‍ക്കിടയില്‍ നിരവധി ആശുപത്രികള്‍ കയറിയിറങ്ങി. നിരവധി ഭിഷഗ്വരന്മാരേയും ശാസ്ത്രകര്‍മ്മവിദഗ്ധരേയും അഭിമുഖീകരിക്കുകയും ചെയ്തു. കടുത്ത സാമ്പത്തീക പ്രതിസന്ധി നേരിട്ടപ്പോഴും സ്വകാര്യ ആശുപത്രികളിലെ കൊള്ളകളും തട്ടിപ്പുകളും ഈ ദമ്പതികള്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളും ഇവര്‍ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ആദ്ധ്യാമീകത പറയുകയും എന്നാല്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവരാത്തതുമായ ആശുപത്രികളില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ചും എസ്.പി നമ്പൂതിരി പങ്കുവയക്കുന്നുണ്ട്.

മൂന്ന് പതിറ്റാണ്ടുകളായി തുടര്‍ന്ന ചികിത്സ പല ഡോക്ടര്‍മാരുമായി വളരെ നല്ല ബന്ധത്തിലായി എന്നും എസ്പി നമ്പൂതിരി പറയുന്നു. തങ്ങളുടെ ഒരു കുടുംബാഗത്തെപ്പോലെയാണ് മിക്ക ആളുകളും പെരുമാറിയതെന്നും അദ്ദേഹം ഓര്‍മ്മിച്ചു. ഒരു ഹൃദ്‌രോഗിയുടെ ജീവിത ശൈലിയേക്കുറിച്ചും പുസ്തകത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്. ശ്രീചിത്ര ആശുപത്രിയിലെ മെഡിക്കല്‍ ടീം തയ്യാറാക്കിയ ലേഖനമാണ് അദ്ദേഹം ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൃദയമുള്ളവരെല്ലാം അറിഞ്ഞിരിക്കേണ്ടത് എന്നാണ് വിദഗ്ദ്ധര്‍ അവകാശപ്പെടുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW