Saturday, June 15, 2019 Last Updated 22 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Mar 2018 06.53 PM

സജി ചെറിയാനും മുരളിക്കും വിമതശല്യം; മണ്ഡലത്തിലെ അസാന്നിദ്ധ്യം ശ്രീധരന്‍ പിള്ളയെ കുഴയ്കുന്നു; ത്രിപുരയിലെ തരംഗം ചെങ്ങന്നൂരിലും തുടരാന്‍ ബിജെപി

പാര്‍ട്ടിയില്‍ കരുത്തനാണെങ്കിലും വിമതരരുടെ ശല്യമാണ് സജി ചെറിയാന്‍ നേരിടുന്ന പ്രശ്നം. ജി സുധാകരന്റെ പ്രിയങ്കരന്‍ എന്ന നിലയിലാണ് സജി ചെറിയാന്‍ സ്ഥാനാര്‍ത്ഥിയാകുന്നതെങ്കിലും സി.എസ് സുജാതയ്ക്ക് വേണ്ടി വാദിക്കുന്ന ഒരു വിഭാഗം കൂടി പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. സഭകളിലുള്ള സജി ചെറിയാന്റെ സ്വാധീനം ശക്തമല്ലെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു.
Chengannoor

ചെങ്ങന്നൂര്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് തൊട്ടു പിന്നാലെ കേരളം പിടിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി തന്ത്രങ്ങള്‍ മെനയുമ്പോള്‍ ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും ആസിഡ് ടെസ്റ്റാകുന്നു. പരമ്പരാഗത സീറ്റ് പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് വട്ടം കൂട്ടുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കാന്‍ സിപിഎമ്മും സാഹചര്യങ്ങള്‍ അനുകൂലമാക്കി കേരളത്തിലെ രണ്ടാമത്തെ സീറ്റ് ഉറപ്പിക്കാന്‍ ബിജെപിയും അണിയറയില്‍ അടവുകള്‍ മെനയുകയാണ്.

സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ഒരു പ്രഖ്യാപനവും നടന്നിട്ടില്ലെങ്കിലും ഇപ്പോള്‍തന്നെ പ്രചരണം തുടങ്ങിയതുപോലെയാണ് പാര്‍ട്ടികളുടെ നീക്കം. സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രതീക്ഷിക്കുന്ന സജി ചെറിയാന്റെ പോസ്റ്ററുകള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പായി ചെങ്ങന്നൂരില്‍ അവിടവിടായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇരുന്ന പഴയ പോസ്റ്ററുകളാണ് ഇതെന്നാണ് ന്യായീകരണം. അതേസമയം പാര്‍ട്ടിയില്‍ കരുത്തനാണെങ്കിലും വിമതരരുടെ ശല്യമാണ് സജി ചെറിയാന്‍ നേരിടുന്ന പ്രശ്നം. ജി സുധാകരന്റെ പ്രിയങ്കരന്‍ എന്ന നിലയിലാണ് സജി ചെറിയാന്‍ സ്ഥാനാര്‍ത്ഥിയാകുന്നതെങ്കിലും സി.എസ് സുജാതയ്ക്ക് വേണ്ടി വാദിക്കുന്ന ഒരു വിഭാഗം കൂടി പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. സഭകളിലുള്ള സജി ചെറിയാന്റെ സ്വാധീനം ശക്തമല്ലെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു. മറ്റു സമുദായാംഗങ്ങളുടെ ശത്രുത ലക്ഷ്യമിട്ട് ഇദ്ദേഹത്തെ സിഎസ്‌ഐ സഭാംഗമാക്കി മാറ്റിയുള്ള പ്രചരണവും എതിരാളികള്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്.

മുമ്പ് രണ്ടു തവണ വിജയം നേടിയ പിസി വിഷ്ണുനാഥിനെയല്ല ഇത്തവണ കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. മികച്ച പ്രതിഛായയും പ്രതിപക്ഷ നേതാവുമായുള്ള അടുപ്പവും വെച്ച്‌ എം മുരളിയുടെ പേരാണ് ഉറച്ചു കേള്‍ക്കുന്നത്. എന്നാല്‍ മുരളിക്കെതിരേയും പാര്‍ട്ടിയില്‍ ഒരു വിഭാഗം വിമതര്‍ രംഗത്തുണ്ട്. നായര്‍ വോട്ടുകള്‍ക്ക് പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ നായര്‍ സ്ഥാനാര്‍ത്ഥി വേണമെന്ന വാദത്തെ ജയിക്കാന്‍ ശോഭനാജോര്‍ജ്ജിന്റെ വിജയമാണ് ഇവര്‍ എടുത്തു കാട്ടുന്നത്. മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള ക്രിസ്ത്യന്‍ വിഭാഗത്തിലെ നേതാക്കളെ തഴഞ്ഞതില്‍ അവര്‍ അതൃപ്തരുമാണ്. ഇവരെയെല്ലാം മറികടന്ന മുരളി നേരത്തേ മാവേലിക്കര മണ്ഡലത്തില്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ഒന്നും ചെയ്തിരുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങളാണ് പ്രധാനമായും പ്രചരിപ്പിക്കുന്നത്.

തോറ്റെങ്കിലും കഴിഞ്ഞ തവണ 42,000 വോട്ടുകള്‍ നേടി അത്ഭുതം കാട്ടിയ നാട്ടുകാരന്‍ കൂടിയായ ശ്രീധരന്‍പിള്ളയെ ഇറക്കിയതിലൂടെ കേരളത്തില്‍ ഉടനീളം അലയടിക്കുന്ന ഭരണവിരുദ്ധ വികാരത്തെ മുതലാക്കാനാണ് ബിജെപിയുടെ ശ്രമം. ചെങ്ങന്നൂരുകാരനായ ശ്രീധരന്‍പിള്ളയിലൂടെ ത്രിപുര തരംഗം ആവര്‍ത്തിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അവര്‍ക്ക് തിരിച്ചടിയാകുന്നത് ശ്രീധരന്‍പിള്ളയുടെ അസാന്നിദ്ധ്യമാണ്. നിലവില്‍ ജോലി സംബന്ധമായി എറണാകുളം തട്ടകമാക്കിയിരിക്കുന്ന ശ്രീധരന്‍പിള്ള ഇപ്പോള്‍ നാടുമായി കാര്യമായ ബന്ധം പുലര്‍ത്തുന്നില്ല എന്നതാണ് ബിജെപിയ്ക്ക് പ്രതിസന്ധി.

അതേസമയം കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്തുകയും മറ്റൊരു 5000 വോട്ടുകള്‍ കൂടി നേടുകയും ചെയ്താല്‍ ഒരുപക്ഷേ ചെങ്ങന്നൂരില്‍ സംസ്ഥാനത്തെ രണ്ടാമത്തെ താമര വിരിയിക്കാന്‍ ബിജെപിയ്ക്ക് കഴിയും. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ പിസി വിഷ്ണുനാഥുമായി ശ്രീധരന്‍പിള്ളയ്ക്ക് 2215 വോട്ടിന്റെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 30 ശതമാനം നായന്മാരുടേയും 20 ശതമാനം ഈഴവരുടേയും 10 ശതമാനം പട്ടിക വിഭാഗക്കാരുടെയും വോട്ടുകളെ സ്വാധീനിക്കാനായാല്‍ ഇക്കാര്യം അസാധ്യമല്ല താനും.

കഴിഞ്ഞ തവണ രാമചന്ദ്രന്‍ നായര്‍ ജയിച്ചത് 52, 880 വോട്ടുകള്‍ക്കായിരുന്നു. പിസി വിഷ്ണുനാഥിനേക്കാള്‍ 7,983 വോട്ടുകള്‍ മാത്രമായിരുന്നു കൂടുതല്‍. മുമ്പ് സജി ചെറിയാന്‍ മത്സരിച്ചപ്പോള്‍ നേരിയ വ്യത്യാസത്തിനായിരുന്നു വിഷ്ണുനാഥിന് ജയിക്കാനായത്. സ്ഥിരമായി ഒപ്പം നില്‍ക്കുന്ന 40,000 വോട്ടുകളാണ് സിപിഎമ്മിന്റെ കരുത്ത്. ഇതിനൊപ്പം മണ്ഡലത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ കൂടി ഒപ്പം കൊണ്ടുവരാനാണ് സിപിഎമ്മിന്റെ ശ്രമം. ഹിന്ദു വിഭാഗത്തിന്റെ ബിജെപി ഒഴികെയുള്ള വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും കോണ്‍ഗ്രസും സ്വപ്നം കാണുന്നു.

Ads by Google
Wednesday 07 Mar 2018 06.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW