Friday, April 26, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Mar 2018 04.07 PM

പരീക്ഷ വന്നോട്ടെ ഭയക്കുന്നത് എന്തിന്...?

''മാതാപിതാക്കളുടെ സാന്നിധ്യം കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലായിരിക്കണം. ഒരിക്കലും നിര്‍ബന്ധിക്കുന്ന രീതിലായിരിക്കരുത്. അങ്ങനെ വന്നാല്‍ താന്‍ പഠിക്കേണ്ടത് അവരുടെ ആവശ്യവും തനിക്ക് അനാവശ്യവുമാണെന്ന ധാരണ കുട്ടികളില്‍ ഉണ്ടാവുകയും ഇതിന്റെ ഫലമായി ഇനി പഠിക്കുന്നില്ല എന്ന നിലപാടിലേക്കവര്‍ എത്തിച്ചേരുകയും ചെയ്യും.''
uploads/news/2018/03/198270/examproblms070318.jpg

പഠനം ആസ്വാദ്യകരമായിരിക്കണം. അവസാന ഘട്ടത്തിലും ഈ ആസ്വാദനം മാറ്റിനിര്‍ത്തരുത്. അതുപോലെ മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി നടത്തേണ്ട ഒരു വഴിപാടല്ല ഇത്.

ജീവിതത്തിലുടനീളം വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടി വരുന്നതാണ് എല്ലാ അറിവുകളും. അതിനാല്‍ പഠനത്തെ ആസ്വാദ്യകരമായി മാത്രം കൈകാര്യം ചെയ്യുക.

പാഠഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള ഇഷ്ടക്കേടുണ്ടാവാം. അതുപോലെ ഇഷ്ടക്കൂടുതലും. ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ ഇഷ്ടമുള്ള പാഠഭാഗത്തെ ഓര്‍മ്മയില്‍ സൂക്ഷിക്കുക. അപ്പോള്‍ ഇഷ്ടമില്ലാത്ത ഭാഗവും ഓര്‍മ്മയില്‍ നിലനില്‍ക്കും.

ഉദാഹരണമായി അസ്വസ്ഥമായിരിക്കുന്ന സമയത്ത് കേള്‍ക്കുന്ന ശബ്ദവും സാന്നിധ്യവും അലോസരമാണ്. എങ്കിലും അത് വീണ്ടും ഓര്‍മ്മയിലേക്ക് വന്നുകൊണ്ടിരിക്കും. ഈ പ്രതിഭാസത്തെ ഗുണകരമായി മാറ്റി ഉപയോഗിക്കാന്‍ കഴിയും.

പഠനസമയത്തെ മാനസികാവസ്ഥയും സാഹചര്യങ്ങളും ഓര്‍മ്മയെ സ്വാധീനിക്കുന്നത്‌കൊണ്ട് വിഷയം സമയബന്ധിതമായി പഠിക്കുകയും ആവര്‍ത്തിച്ച് വായിക്കുകയും ചെയ്യേണ്ടതാണ്.

അധ്യാപകരും രക്ഷിതാക്കളും അറിയാന്‍


പാഠഭാഗങ്ങള്‍ തികഞ്ഞ ശ്രദ്ധയോടെ വായിച്ചാല്‍ ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെടും എന്നതിന് തര്‍ക്കമില്ല. കുട്ടികളുടെ പഠനരീതികള്‍ മനസിലാക്കി ആവശ്യമായ നിര്‍ദേശങ്ങളോട് കൂടിയ സഹവര്‍ത്തിത്വമാണ് അധ്യാപകരും മതാപിതാക്കളും അനുവര്‍ത്തിക്കേണ്ടത്.

മക്കളുടെ പരീക്ഷാഫലത്തിന്റെ ഏറ്റക്കുറച്ചിലിനെക്കുറിച്ച് വ്യാകുലപ്പെടുന്ന മാതാപിതാക്കള്‍ ശരിയായ പഠനരീതികള്‍ അവലംബിക്കാറില്ല. പഠനകാര്യങ്ങളില്‍ കുട്ടികള്‍ എങ്ങനെയാണ് ശ്രദ്ധിക്കുന്നത് എന്നും അത് അവരില്‍ ഏതു തരത്തിലുള്ള വികാരങ്ങളാണ് പ്രതിബിംബിക്കുന്നത് എന്നും രേഖപ്പെടുത്തുന്നത് ഗുണകരമായിരിക്കും.

''ഒന്നും പഠിക്കുന്നില്ല'' എന്ന പൊതു പരാതിപ്രളയത്തില്‍ മുങ്ങിത്താഴാതെ ശരിയായ മാര്‍ഗനിര്‍ദേശം കുട്ടിയെ പഠനോന്നതിയില്‍ എത്തിക്കും.

പരീക്ഷ അടുക്കുമ്പോള്‍ പഠനം തുടങ്ങരുത്


പരീക്ഷ അടുക്കുമ്പോഴല്ല പഠിച്ചു തുടങ്ങേണ്ടത് എന്നത് ഓരോ ഓരോ വിദ്യാര്‍ഥിയും അധ്യാപകനും മാതാപിതാക്കളും ഓര്‍മ്മയില്‍ സൂക്ഷിക്കണം. അതിനാല്‍ പഠനം നടത്തുകയും പുനര്‍വായന ശീലമാക്കുകയും ചെയ്താല്‍ ഒരു പരിധിവരെ പഠനം ആസ്വാദ്യകരമായിത്തന്നെ മുന്നോട്ട് കൊണ്ടുപോകാം.

പാഠഭാഗങ്ങള്‍ അതുകൊണ്ടുതന്നെ ഹൃദിസ്ഥമാക്കുന്നതാണ് ഉത്തമം. അധ്യാപകര്‍ പഠിപ്പിച്ച ഭാഗങ്ങളില്‍ സംശയം ഉണ്ടെങ്കില്‍ അടുത്ത ദിവസം തന്നെ അത് പരിഹരിച്ച് മുന്നോട്ട് പോകുമ്പോള്‍ ഉത്സാഹവും സംതൃപ്തിയും അനുഭവപ്പെടും.

പഠന സമയം കൃത്യമായി ക്രമീകരിക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ട് പഠിച്ച ഭാഗങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കണം. അതിനു ശേഷം അല്‍പ സമയം മനസില്‍ ശാന്തത കിട്ടുന്നതോ വളരെ ഇഷ്ടമുള്ളതോ ആയ എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്.

പാട്ടു കേള്‍ക്കുക, സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുക, മുറ്റത്തെ ചെടികളുമായി സല്ലപിക്കുക തുടങ്ങി പച്ചപ്പിലേക്ക് നോക്കുന്നത് കണ്ണിന് കുളിര്‍മ്മയും ആശ്വാസവും ലഭ്യമാക്കുന്നതുമായ കാര്യമാണ്. അമിതമായി ആഹാരം കഴിച്ചുകൊണ്ട് പഠനത്തിനിരിക്കരുത്. സംശയനിവാരണം നടത്തിമാത്രമേ മുന്നോട്ട് പോവാനാവുകയുള്ളൂ.

uploads/news/2018/03/198270/examproblms070318a.jpg

വായന ആസ്വദിക്കണം


വായന ഏറ്റവും ലളിതവും ആയാസരഹിതവുമായ ഒരു പ്രവൃത്തിയാണ്. മടുപ്പ് ഉളവാക്കുന്ന രീതിയില്‍ വായനയെ കൊണ്ടെത്തിക്കരുത്. ചെറിയ ഇടവേളകളെടുത്ത് അല്‍പസമയം കണ്ണുകള്‍ പൂട്ടി വായിച്ച ഭാഗങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. ഇത് ഓര്‍മ്മശക്തി വര്‍ധിക്കാന്‍ സഹായിക്കും. വായിച്ച ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍ അടയാളപ്പെടുത്തിയാല്‍ പുനര്‍വായനയില്‍ കൂടുതല്‍ വ്യക്തതയും അടുപ്പവും തോന്നും.

പാഠഭാഗങ്ങളില്‍ എളുപ്പമുള്ളതും കടുപ്പമുള്ളതുമുണ്ട്. എളുപ്പമുള്ളത് ആദ്യം തെരഞ്ഞെടുത്ത് പഠിക്കണം. അത് പെട്ടെന്ന് ഹൃദിസ്ഥമാവും. കടുപ്പമുള്ളത് ആ വാക്കുപോലെ തന്നെ പഠിച്ചെടുക്കാന്‍ അല്‍പം അധ്വാനം വേണ്ടിവരും.

ആ സമയങ്ങളില്‍ മനസിനെ സ്വസ്ഥമാക്കിക്കൊണ്ട് മാത്രം പഠനത്തില്‍ മുന്നോട്ട് പോവുക. അസ്വസ്ഥമായ മനസില്‍ ഒന്നും ശേഖരിക്കപ്പെടുകയില്ല.

തെളിമയാര്‍ന്ന ബുദ്ധിക്ക് സ്വസ്ഥമായ മനസ് അന്ത്യന്താപേക്ഷിതമാണ്. അല്‍പം കൂടുതല്‍ സമയം എടുത്ത് കടുപ്പമുള്ള ഭാഗങ്ങള്‍ ശ്രദ്ധയോടെതന്നെ നാം പഠിച്ചെടുക്കണം. അതോടൊപ്പം മനസിനെ ശാന്തമാക്കി നിര്‍ത്താനും കഴിയണം.

മനസ് ശാന്തമാക്കണം


കുട്ടികള്‍ അസ്വസ്ഥത നിറഞ്ഞ മനസും മടുപ്പു പ്രതിഫലിക്കുന്ന മുഖവുമായി പഠിക്കുന്നത് കാണാറുണ്ട്. ഇത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കള്‍ സ്‌നേഹത്തോടു കുടിയ സഹവര്‍ത്തിത്വമാണ് കാണിക്കേണ്ടത്. ദേഷ്യപ്പെടുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്.

മാതാപിതാക്കളുടെ സാന്നിധ്യം കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലായിരിക്കണം. ഒരിക്കലും നിര്‍ബന്ധിക്കുന്ന രീതിലായിരിക്കരുത്. അങ്ങനെ വന്നാല്‍ താന്‍ പഠിക്കേണ്ടത് അവരുടെ ആവശ്യവും തനിക്ക് അനാവശ്യവുമാണെന്ന ധാരണ കുട്ടികളില്‍ ഉണ്ടാവുകയും ഇതിന്റെ ഫലമായി ഇനി പഠിക്കുന്നില്ല എന്ന നിലപാടിലേക്കവര്‍ എത്തിച്ചേരുകയും ചെയ്യും.

കുട്ടികളെ തിരിച്ചറിയുക


സ്വന്തം കുട്ടികളുടെ കഴിവില്‍ അഭിമാനിക്കാതെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുന്നതും, താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നതും ശരിയല്ല. എല്ലാ കുട്ടികള്‍ക്കും കഴിവുകളുണ്ട്. അത് വ്യത്യസ്തവുമാണ്. ശരിയായ രീതിയിലുള്ള സഹകരണം എല്ലാ മേഖലകളിലും വളര്‍ച്ച കൊണ്ടുവരും എന്നതിന് സംശയമില്ല.

ഇന്നലെവരെ കൂട്ടുകാരുമൊത്ത് ചെലവഴിച്ചിരുന്ന പഠനമുറിയാണ് ഇന്ന് പരീക്ഷാ മുറിയായി പരിണമിച്ചിരിക്കുന്നത്. പരീക്ഷ എനിക്ക് പേടിക്കാനുള്ള ഒരു അവസ്ഥയല്ല എന്ന് ആദ്യം മനസിനെ ബോധ്യപ്പെടുത്തണം.

ഒരു പരീക്ഷയും അവസാനത്തേതല്ല. ഇനിയും അനേകം പരീക്ഷകള്‍ നേരിടാനിരിക്കുന്നു എന്ന ചിന്ത മനസിന് കൂടുതല്‍ ശക്തി നല്‍കും.

ആ ശക്തി ഓര്‍മ്മശക്തിയായി മാറുകയും പരീക്ഷ വളരെ ആയാസരഹിതമായി മാറുകയും ചെയ്യുന്നു. പരീക്ഷയെ പേടിയോടുകൂടി സമീപിക്കുന്ന രീതിക്ക് മാറ്റം വരുത്തണം. അമ്മമാര്‍ കുഞ്ഞുമക്കളുടെ കുസൃതികളെ പേടിപ്പെടുത്താന്‍ 'പോലീസ് പിടിക്കും' എന്ന പ്രയോഗം നടത്താറുണ്ട്.

ഇന്ന് കാലം മാറി, കുട്ടിപ്പോലീസും ജനമൈത്രിപ്പോലീസും സൗഹൃദസേവനത്തിന്റെ രീതി തെരഞ്ഞെടുത്തുകഴിഞ്ഞു. പരീക്ഷയുടെ പേര് പറഞ്ഞ് കുട്ടികളില്‍ പേടി വളര്‍ത്തുന്നതിന് പകരം പരീക്ഷയെ നേരിടാന്‍ പ്രാപ്തരാക്കുന്ന രീതിയാണ് സ്വീകരിക്കേണ്ടത്.

ഒരു ചിന്ത ഒരേ ലക്ഷ്യം


വ്യത്യസ്ത മാനസികാനുഭവങ്ങളുമായി കുട്ടികള്‍ മനഃശാസ്ത്രജ്ഞനെ കാണാന്‍ എത്താറുണ്ട്. ആവശ്യങ്ങള്‍ എല്ലാം തന്നെ ഒന്നാണ്. എന്നാല്‍ മനസിന്റെ ഭാവങ്ങള്‍ ചഞ്ചലമാണ്.

മനസിന്റെ സ്വസ്ഥതയ്ക്ക് ഭംഗം വരുന്ന കാര്യങ്ങളും കാരണങ്ങളും കണ്ടെത്തി ശാശ്വതമായ പരിഹാരം നേടുന്നത് വഴി തെളിമയാര്‍ന്ന ബുദ്ധിവൈഭവത്തോടു കൂടി പരീക്ഷയെ നേരിടാന്‍ കഴിയും. മനസ് സ്വസ്ഥമായി നിലനിര്‍ത്താന്‍ കഴിയുന്ന രീതിയിലുള്ള അനേകം പ്രായോഗിക പരിശീലനങ്ങള്‍ അവലംബിക്കുന്നത് വഴി പരീക്ഷ ആസ്വാദകരമാക്കാം.

ഒരു വിഷയത്തില്‍ നിന്നും മറ്റൊരു വിഷയത്തിലേക്ക് ശ്രദ്ധ പെട്ടെന്ന് മാറിപ്പോകുന്നതായി പലരും പരാതിപ്പെടാറുണ്ട്. മനസിന്റെ ഏകാഗ്രതയില്ലായ്മകൊണ്ട് ഇങ്ങനെ സംഭവിക്കാറുണ്ട്.

പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നമായി ഇതിനെ കാണ്ടേതില്ല. ആധുനിക മനഃശാസ്ത്രം പഠനവിധേമാക്കിയിട്ടുള്ള വിഷയങ്ങളില്‍ പ്രധാനപ്പെട്ടതാണ് മനസിന്റെ ഏകാഗ്രത.

ഏകാഗ്രചിത്തരായി പഠനത്തിനും പരീക്ഷയിലും ഒരേപോലെ പ്രവേശിക്കുവാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയും. അവസരോചിതമായ ഇടപെടല്‍ മാതാപിതാക്കളും അധ്യാപകരും നടത്തുമ്പോള്‍ പരീക്ഷ എന്നത് എല്ലാ കുട്ടികള്‍ക്കും ഒരു ബാലികേറാമലയല്ലാതാകും.

ഗീതോപദേശം ഏകാഗ്രതയുടെയും ഉത്തരവാദിത്വത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ്്. ജീവിത വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കുവാന്‍ പരീക്ഷാപ്പേടിയില്ലാതെ കുഞ്ഞുമനസുകള്‍ക്ക് കഴിയും എന്നത് കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും അഭിമാനമാണ്.

കടപ്പാട്:
ഡോ. അമൃത വിജയന്‍
കണ്‍സള്‍ട്ടന്റ്
സൈക്കോളജിസ്റ്റ്, എറണാകുളം

Ads by Google
Ads by Google
Loading...
TRENDING NOW