Wednesday, July 17, 2019 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
അഡ്വ. എം.എസ് അനില്‍കുമാര്‍
അഡ്വ. എം.എസ് അനില്‍കുമാര്‍
Tuesday 06 Mar 2018 03.41 PM

മദ്യത്തിനടിയായ ജിതിന്റെ മനസ്സില്‍ തന്നേക്കാള്‍ സ്ഥാനം സുഹൃത്തുക്കള്‍ക്കാണെന്ന് അറിഞ്ഞതോടെ ശിവാനി ആ വീടിന്റെ പടിയിറങ്ങി; പക്ഷേ അയാളെ തിരുത്താന്‍ അവള്‍ക്കും മനസ്സില്ലായിരുന്നു

uploads/news/2018/03/197981/Weeklyfmlycourt060318.jpg

വിവാഹമോചനം ആവശ്യപ്പെട്ട് കോടതിവരാന്തയില്‍ വരുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിജയിക്കുന്നില്ല. ഒരു തരത്തില്‍ അവര്‍ പരാജയപ്പെടുകയാണ്.

എന്റെ അടുത്തെത്തിയ ശിവാനി എന്ന പെണ്‍കുട്ടിയുടെ കഥ അതിനുദാഹരണമാണ്. സ്വപ്നങ്ങളുടെയും അതിന്റെ തകര്‍ച്ചയുടെയും കഥ അവള്‍ പറഞ്ഞതിങ്ങനെ:

''ജിതിന്‍ എന്ന ചെറുപ്പക്കാരനെ ഞാന്‍ പരിചയപ്പെടുന്നത് കോളജില്‍ പഠിക്കുമ്പോഴാണ്. അന്ന് ഒഴിവുസമയങ്ങളിലൊക്കെ സുഹൃത്തുക്കള്‍ കൂട്ടംകൂടിയിരുന്നു തമാശകള്‍ പറയുമായിരുന്നു.

എന്നാല്‍ ആ കൂട്ടത്തിലൊന്നും ജിതിന്‍ ഉണ്ടായിരുന്നില്ല. എപ്പോഴും തനിച്ചിരിക്കാനാണ് അവനാഗ്രഹിച്ചത്. ആരും അവനെയത്ര ശ്രദ്ധിച്ചതുമില്ല.

ഒരുദിവസം ഞാന്‍ അങ്ങോട്ടുകയറി ജിതിനോടു സംസാരിച്ചു. കുറച്ചു സമയംകൊണ്ട് ഒരുപാടു കാര്യങ്ങള്‍ അവനില്‍നിന്നു മനസിലാക്കാന്‍ സാധിച്ചു. പതുക്കെപ്പതുക്കെ ഞാനവനുമായി സൗഹൃദത്തിലായി. പൊതുവേയുളള കാര്യങ്ങളല്ലാതെ സ്വന്തം കുടുംബത്തെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ ഒന്നും ജിതിന്‍ സംസാരിച്ചിരുന്നില്ല.

ഒരിക്കല്‍ ഞാനവന്റെ വീട്ടുകാരെക്കുറിച്ചു ചോദിച്ചു. ആദ്യം മടിച്ചെങ്കിലും പിന്നീടവന്‍ എല്ലാം തുറന്നുപറഞ്ഞു:

'കോളേജ് വിട്ടു ചെല്ലുമ്പോള്‍ ശിവാനിയെപ്പോലെ വീട്ടില്‍ കാത്തിരിക്കാന്‍ എനിക്കാരുമില്ല. ഞാനൊരു അനാഥനാണ്. എനിക്ക് ആറു വയസുളളപ്പോള്‍ അനുജത്തിയുടെ ചോറൂണുകഴിഞ്ഞ് വീട്ടിലേക്കു വരുന്നവഴി ആക്‌സിഡന്റുണ്ടായി.

സംഭവസ്ഥലത്തുവച്ചുതന്നെ അവര്‍ മൂന്നുപേരും മരിച്ചു. അതിനുശേഷം അമ്മാവന്റെ കാരുണ്യത്തിലാണു ജീവിക്കുന്നത്.'പിന്നെയും അവന്‍ കഥകള്‍ ഓരോന്നായി എന്നോടു പങ്കുവച്ചു.

ഒടുവില്‍ എന്തു വിഷമമുണ്ടായാലും ചോദിക്കാതെതന്നെ പറയുന്ന അവസ്ഥയായി. അപ്പോഴേക്കും എനിക്കവനോട് എന്തെന്നില്ലാത്ത ഒരടുപ്പം തോന്നിയിരുന്നു. അവന്‍ വന്നില്ലെങ്കില്‍ ക്ലാസില്‍ ശ്രദ്ധിക്കാന്‍പോലും എനിക്കു പറ്റാതായി.

സൗഹൃദം പ്രണയത്തിലേക്കു വഴിമാറിയെന്ന് അതോടെ ഞങ്ങള്‍ തിരിച്ചറിഞ്ഞു.

ഒരേ മതമല്ലാത്തതിനാല്‍ വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കില്ലെന്ന് ഞങ്ങള്‍ക്കു ബോദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ട് ജോലികിട്ടിയിട്ട് ഒരുമിക്കാമെന്നു തീരുമാനിച്ചു. ഡിഗ്രികഴിഞ്ഞ് ആറുമാസത്തിനുളളില്‍ ജിതിന് ഒരു കമ്പനിയില്‍ ജോലി ലഭിച്ചു.

ഒരുദിവസം രാവിലെ യൂണിവേഴ്‌സിറ്റിയില്‍ പോവുകയാണെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ഞാന്‍ ജിതിനൊപ്പം പോയി. പിന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ ഞങ്ങളുടെ വിവാഹം നടന്നു.

ചെറിയൊരു വാടകവീട്ടിലാണ് ഞങ്ങള്‍ പുതിയ ജീവിതം ആരംഭിച്ചത്. ഒരു മകള്‍കൂടി ജനിച്ചതോടെ വീട് സ്വര്‍ഗതുല്യമായി. കുഞ്ഞുണ്ടായി ദിവസങ്ങള്‍ക്കുളളില്‍ ജിതിന് മറ്റൊരു കമ്പനിയില്‍ ജോലികിട്ടി. എന്നാല്‍ അതോടെ അവന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങളും കണ്ടുതുടങ്ങി.

ചില ദിവസങ്ങളില്‍ രാത്രിയില്‍ ഏറെ വൈകിയേ വീട്ടിലെത്തൂ. അപ്പോഴൊക്കെ മദ്യപിച്ചിട്ടുണ്ടാവും. ദിവസങ്ങള്‍ കഴിയുംതോറും ജിതിന്‍ ലഹരിക്ക് അടിമയായിക്കൊണ്ടിരുന്നു. ഒരു രാത്രി സുഹൃത്തുക്കളെയുംകൂട്ടി വീട്ടില്‍ വന്നിരുന്ന് മദ്യപിച്ചു.

അതേച്ചൊല്ലി ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കി. ബാഹ്യസൗന്ദര്യത്തിനപ്പുറം മനസുകൊണ്ട് ഇഷ്ടപ്പെട്ടിരുന്ന ഞങ്ങള്‍ മനസുകൊണ്ടുതന്നെ അകന്നു. ക്രമേണ വീട്ടിലെ സന്തോഷം മുഴുവന്‍ കെട്ടടങ്ങി.

സുഹൃത്തുക്കളുമായി വീട്ടിലിരുന്നുള്ള മദ്യപാനം വേറെ ചില കുഴപ്പങ്ങളിലേക്കും ചെന്നെത്തി. സുഹൃത്തുക്കളുടെ നോട്ടം ക്രമേണ എന്നിലേക്കു തിരിഞ്ഞു. ഞാനതു പറഞ്ഞപ്പോള്‍ ജിതിന് ഇഷ്ടമായില്ല.

'എനിക്കൊപ്പം താമസിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ഇവിടെനിന്ന് ഇറങ്ങിപ്പോകാം.' അതായിരുന്നു മറുപടി. ആ മനസില്‍ സുഹൃത്തുക്കള്‍ക്കായിരുന്നു ഭാര്യയെക്കാള്‍ സ്ഥാനം.

അവിടെനിന്ന് ഇറങ്ങി എങ്ങോട്ടു പോകണമെന്ന് എനിക്കറിയില്ലായിരുന്നു. കയറിച്ചെല്ലാന്‍ മറ്റൊരിടവുമില്ലാത്തതുകൊണ്ട് ഞാന്‍ കൈക്കുഞ്ഞുമായി എന്റെ വീട്ടിലേക്കുതന്നെ ചെന്നു.

എന്റെ നിസ്സഹായവസ്ഥ കണ്ടിട്ടാവാം, അച്ഛനും അമ്മയും എന്നെ ഉപേക്ഷിച്ചില്ല. പൂര്‍ണമനസോടെ അല്ലെങ്കിലും എന്നെയും കുഞ്ഞിനെയും അവര്‍ സ്വീകരിച്ചു.

ജീവനുതുല്യം സ്‌നേഹിച്ചിട്ടും എന്നെ മനസിലാക്കാത്ത ജിതിനൊപ്പം ഇനിയും ജീവിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഈ ബന്ധം നിയമപരമായി പിരിയണം.''

ഭര്‍ത്താവിന്റെ മദ്യാസക്തി മാറ്റാന്‍ മാര്‍ഗം തേടാമെന്നും വിവാഹമോചനത്തില്‍നിന്ന് പിന്തിരിയണമെന്നും ഞാന്‍ പലതവണ ഉപദേശിച്ചുനോക്കിയെങ്കിലും ശിവാനി അതിനു തയ്യാറായില്ല. ദീര്‍ഘനാളത്തെ വാദത്തിനുശേഷം കോടതി അവര്‍ക്ക് വിവാഹമോചനം അനുവദിച്ചു.

Ads by Google
അഡ്വ. എം.എസ് അനില്‍കുമാര്‍
അഡ്വ. എം.എസ് അനില്‍കുമാര്‍
Tuesday 06 Mar 2018 03.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW