Friday, November 16, 2018 Last Updated 19 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 05 Mar 2018 12.21 PM

വ്യക്തിയുടെ ഭൂമിയില്‍ തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ റോഡ് നിര്‍മ്മാണവും മരംമുറിയും; പരാതിയില്‍ രണ്ടു വര്‍ഷമായിട്ടും നടപടിയില്ല; പരാതി കാണ്‍മാനില്ലെന്ന് വിവരാകാശ രേഖപ്രകാരം നല്‍കിയ അപേക്ഷയില്‍ മറുപടിയും

തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഇത്തരത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഗൗരവമുള്ള പല വിഷയങ്ങളിലും പരാതി നല്‍കിയാല്‍ പരാതിക്കാര്‍ക്ക് മറുപടി ലഭിക്കാറില്ല. പരാതിയില്‍ പഞ്ചായത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പ്രാഥമികമായ അന്വേഷണം നടത്തി മടങ്ങുന്നതല്ലാതെ പിന്നീട് നടപടിയുണ്ടാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപെടലുകളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
uploads/news/2018/03/197636/Application1.jpg

തണ്ണീര്‍മുക്കം(ചേര്‍ത്തല): വ്യക്തിയുടെ ഭൂമി കയ്യേറി തണ്ണീര്‍മുക്കം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ റോഡ് നിര്‍മ്മിച്ചതായി പരാതി. പഞ്ചായത്ത് സെക്രട്ടറിക്ക് വസ്തു ഉടമ നല്‍കിയ പരാതിയില്‍ രണ്ടു വര്‍ഷമായിട്ടും നടപടിയില്ല. തന്റെ പരാതിയില്‍ എന്തുനടപടിയെടുത്തു എന്ന് വിവരാവകാശ രേഖപ്രകാരം അപേക്ഷ നല്‍കിയ വസ്തു ഉടമയ്ക്ക് ലഭിച്ചത് 'മുന്‍ ഫയലുകള്‍ പരിശോധിച്ചതില്‍ ടി അപേക്ഷ കണ്ടെത്തുവാന്‍ നാളിതുവരെ സാധിച്ചിട്ടില്ല' എന്ന മറുപടിയും.

അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന കിഴക്കേ കൊണ്ടോടിയില്‍ ജോസഫ് ആന്റണി (കാളിയാമഠം അപ്പച്ചന്‍) യാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന്റെ പുരയിടത്തിന്റെ പടിഞ്ഞാറ് വശം കൂടിയാണ് അനധികൃതമായി റോഡ് നിര്‍മ്മിച്ചിരിക്കുന്നതായി ആക്ഷേപം ഉന്നയിച്ചത്. ഇദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയുള്ള റോഡ് നിര്‍മ്മാണത്തിന് പഞ്ചായത്തില്‍ നിന്നും ഫണ്ടും അനുവദിച്ചുവെന്നും ഇതുപ്രകാരം സ്ഥലത്ത് മെറ്റലും വിരിച്ചതായും പറയുന്നു.

uploads/news/2018/03/197636/a.jpg

അതിനിടെ, ഈ റോഡിന്റെ അരികിലായി ജോസഫ് ആന്റണിയുടെ പറമ്പില്‍ നിന്നിരുന്ന പെരുമരവും റോഡ് നിര്‍മ്മാണ കമ്മിറ്റിയിലെ ചില സ്ഥാപിത താല്‍പര്യക്കാര്‍ വെട്ടിനശിപ്പിച്ചു. ജോസഫ് ആന്റണി സ്ഥലത്തില്ലാത്ത സമയത്തായിരുന്നു ഈ അതിക്രമം. ഇതിനെതിരെ ജോസഫ് ആന്റണി ചേര്‍ത്തല പോലീസില്‍ പരാതിപ്പെടുകയും അഭിഭാഷകന്‍ വഴി നോട്ടിസ് അയക്കകയും ചെയ്തു. അതുപ്രകാരം തടിയുടെ നഷ്ടപരിഹാരം നല്‍കാമെന്ന് അഞ്ചാം വാര്‍ഡ് മെമ്പര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതുവിശ്വസിച്ച് കേസ് പിന്‍വലിച്ച ജോസഫ് ആന്റണിയെ ഇവര്‍ നഷ്ടപരിഹാരം നല്‍കാതെ വഞ്ചിക്കുക മാത്രമല്ല, റോഡിന്റെ അനുമതി പത്രത്തില്‍ ഒപ്പുവച്ചാല്‍ മാത്രമേ തടിയുടെ നഷ്ടപരിഹാരം നല്‍കൂ എന്ന നിബന്ധനയും വച്ചു എന്നാണ് ആക്ഷേപം.

ഇതെല്ലാം ചൂണ്ടിക്കാട്ടി 2016 മാര്‍ച്ച് അഞ്ചിന് പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. തനിക്ക് നീതി വൈകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് 2017 ഡിസംബര്‍ 19നാണ് ജോസഫ് ആന്റണി വിവരാവകാശ രേഖപ്രകാരം പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. ഈ വര്‍ഷം ജനുവരി 12ന് നല്‍കിയ മറുപടിക്കത്തിലാണ് ആന്റണിയുടെ പരാതി കാണ്‍മാനില്ലെന്ന വിചിത്രമായ മറുപടി ലഭിച്ചത്. പരാതി സമ്മര്‍ദ്ദത്തിന് വഴിപ്പെട്ട് ബന്ധപ്പെട്ടവര്‍ തന്നെ നശിപ്പിച്ചതാണെന്ന സൂചനയാണിതെന്ന് പരാതിക്കാരന്‍ പറയുന്നു.

uploads/news/2018/03/197636/b.jpg

എന്നാല്‍, മുന്‍ ഭരണസമിതിയുടെ കാലത്താണ് റോഡ് നിര്‍മ്മാണത്തിന് ഫണ്ട് അനുമതിയായതെന്നും മെറ്റല്‍ വിരിക്കുക മാത്രമാണ് തന്റെ കാലത്ത് നടന്നതെന്നും പഞ്ചായത്തംഗം പി.എന്‍ സനജ പറയുന്നു. റോഡിന് ജോസഫ് ആന്റണി അനുമതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ പുരയിടത്തിലെ പെരുമരം വെട്ടിയതില്‍ തനിക്ക് പങ്കില്ല. റോഡ് ഇടുന്നതിന്റെ സൗകര്യാര്‍ത്ഥമാണ് മരം മുറിച്ചത്. അത് അവിടുത്തെ പ്രദേശികമായ പ്രശ്‌നമാണ്. റോഡ് നിര്‍മ്മാണത്തിന് അനുമതിയുണ്ടോ എന്ന് ആക്ഷേപമുണ്ടെങ്കില്‍ അത് പരിശോധിക്കാം. റോഡ് ഇടാന്‍ അനുവദിക്കില്ലെന്ന് ജോസഫ് ആന്റണി പറഞ്ഞപ്പേള്‍ അനുരഞ്ജനത്തിനാണ് താന്‍ അദ്ദേഹത്തെ സമീപിച്ചത്. റോഡ് നിര്‍മ്മാണത്തിന് എല്ലാ അംഗീകാരവുമുണ്ടെന്ന് കണ്ടതോടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാതിരുന്നത്. രാഷ്ട്രീയപരമായ ഇടപെടല്‍ കൊണ്ടുള്ള പരാതിയായാണ് തനിക്കിത് തോന്നുന്നതെന്നും ഇവര്‍ പറയുന്നു.

തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഇത്തരത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഗൗരവമുള്ള പല വിഷയങ്ങളിലും പരാതി നല്‍കിയാല്‍ പരാതിക്കാര്‍ക്ക് മറുപടി ലഭിക്കാറില്ല. പല തവണ പഞ്ചായത്തിനെ സമീപിച്ചാല്‍ പരാതിയില്‍ പഞ്ചായത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പ്രാഥമികമായ അന്വേഷണം നടത്തി മടങ്ങുന്നതല്ലാതെ പിന്നീട് നടപടിയുണ്ടാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപെടലുകളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

Ads by Google
Monday 05 Mar 2018 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW