Wednesday, November 07, 2018 Last Updated 39 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 04 Mar 2018 08.36 AM

വിശപ്പില്ലാ ഗ്രാമത്തിനായി ജനകീയ ഭക്ഷണശാല തുറന്നു: വിശപ്പകറ്റാന്‍ ഇനി കാശുവേണ്ട...

uploads/news/2018/03/197350/thomas-issac.jpg

മണ്ണഞ്ചേരി(ആലപ്പുഴ): വിശക്കുന്നവര്‍ക്ക് നാല് കറികളുമായി ഊണ്.. ഈ ഭക്ഷണശാലയില്‍ പണം വാങ്ങാനാരുമില്ല, താല്പര്യമുള്ളവര്‍ക്ക് പണം നിക്ഷേപിക്കാന്‍ പ്രത്യേക ചില്ല് കൂടുകള്‍ മാത്രം. വിശപ്പില്ലാ ഗ്രാമത്തിനായി ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ മേല്‍നോട്ടത്തില്‍ സ്നേഹജാലകം മുന്‍കൈയെടുത്ത് ഒരുക്കിയ ജനകീയ ഭക്ഷണശാല പൊതുജനങ്ങള്‍ക്കായി തുറന്നു. ദേശീയപാതയോരത്ത് പാതിരപ്പള്ളിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും പൊതുജനങ്ങളും ചേര്‍ന്ന് ഒരുമിച്ച് ഊണ് കഴിച്ചായിരുന്നു ഉദ്ഘാടനം.

വി.വി.എസ്.ഡി യു.പി സ്‌കൂളിന് എതിര്‍വശത്തെ ഭക്ഷണശാലയില്‍ ഇന്നലെ ഉച്ചയോടെ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് ഭക്ഷണം വിളമ്പി ഊട്ടുപുരയുടെ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചു. 25 ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച ഇരുനില മന്ദിരത്തിലാണ് ജനകീയഭക്ഷണശാലയുടെ പ്രവര്‍ത്തനം.

സംസ്ഥാനത്ത് തന്നെ ഇതിനോടകം ചര്‍ച്ചാവിഷയമായ ഭക്ഷണശാലയുടെ പ്രവര്‍ത്തനോദ്ഘാടനത്തിന് തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ നല്‍കിയ ക്ഷണം സ്വീകരിച്ച് മന്ത്രി മാത്യൂ ടി. തോമസും വിവിധ ഭാഗങ്ങളില്‍ നിന്ന് സാംസ്‌കാരിക നായകരുമെല്ലാം പ്രവഹിച്ചതോടെ ദേശീയപാതയോരം ജനസാഗരമായി. നാട്ടുകാരോടൊപ്പം മന്ത്രിമാരും സാംസ്‌കാരിക നായകന്മാരും ഇവിടെനിന്ന് ഭക്ഷണത്തിന്റെ രുചിയറിഞ്ഞാണ് മടങ്ങിയത്.

ഒപ്പം രൂചിക്കൂട്ടൊരുക്കിയവരെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല. ഇഞ്ചിക്കറിയും മാങ്ങാപച്ചടിയും നല്ലനിലവാരം പുലര്‍ത്തിയെന്നും സാമ്പാറും പുളിശേരിയും കേമമായിരുന്നുവെന്നും മന്ത്രി മാത്യൂ ടി. തോമസ് പറഞ്ഞു. രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവിടുത്തെ അടുക്കള.

ഭക്ഷണത്തിനുശേഷം മടങ്ങുന്നവര്‍ക്ക് പ്രവേശന കവാടത്തില്‍ വച്ചിട്ടുള്ള ഗ്ലാസ് ബോക്സുകളില്‍ ഇഷ്ടമുള്ള തുക ഈ പെട്ടിയില്‍ നിക്ഷേപിക്കാം. പണം പെട്ടിയില്‍ നിക്ഷേപിച്ചില്ലെങ്കിലും ഭക്ഷണശാലയുടെ സംഘാടകരായ പാതിരപ്പള്ളിയിലെ സ്നേഹജാലകം പ്രവര്‍ത്തകര്‍ക്ക് പിണക്കമില്ല. ആറ് വര്‍ഷമായി ആതുര ശുശ്രൂഷാരംഗത്തും ജനകീയ വിഷയങ്ങളിലും സജീവമാണ് സി.പി.എം പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്നേഹജാലകം.

ധനമന്ത്രി മുഖ്യ രക്ഷാധികാരിയായ ഈ സംഘടന കിടപ്പ് രോഗികളുടെ പരിചരണം, ജനകീയ ലാബ്, സൗജന്യ മരുന്നുവിതരണം, മനോരോഗികളുടെ സംരക്ഷണം തുടങ്ങി നിരവധി ജനകീയ പ്രവര്‍ത്തനങ്ങളുടെ സംഘാടകരാണ്. ഇന്നു മുതല്‍ പ്രഭാത - സായാഹ്ന ഭക്ഷണവും ജനകീയ ഭക്ഷണശാലയില്‍ ലഭ്യമാണ്.

Ads by Google
Sunday 04 Mar 2018 08.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW