Wednesday, March 06, 2019 Last Updated 14 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 02 Mar 2018 02.10 PM

''മനുഷ്യമനസ്സിനെ ആഴത്തില്‍ പഠിക്കുന്നതാവണം സിനിമകള്‍'' - ശ്യാമപ്രസാദ്

uploads/news/2018/03/196795/CiniINWSyamaprasad020318.jpg

മനുഷ്യമനസിന്റെ സങ്കീര്‍ണ ഭാവങ്ങളായിരുന്നു എന്നും ശ്യാമപ്രസാദ് എന്ന സംവിധായകന്റെ ഇഷ്ടവിഷയം. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹേയ് ജൂഡിലും അതുതന്നെയാണ് അദ്ദേഹം പ്രമേയമാക്കിയതും. പക്ഷേ മുന്‍ ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി കുറെക്കൂടി ലാളിത്യമാര്‍ന്ന ഒരു ട്രീറ്റ്‌മെന്റാണ് അദ്ദേഹം ഹേയ് ജൂഡില്‍ സ്വീകരിച്ചിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കംവരെ നര്‍മ്മം ഒരന്തര്‍ധാരയായി ഈ ചിത്രത്തിലുണ്ട്.

വിഷയം ഗഹനമാണെങ്കിലും ട്രീറ്റ്‌മെന്റിലെ ലാളിത്യം ഈ സിനിമയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാക്കുന്നു. ഗിരീഷ് ഗംഗാധരന്‍ അതിമനോഹരമായി ചിത്രീകരിച്ച ഗോവന്‍ പശ്ചാത്തലവും നിവിന്‍ പോളി, തൃഷ, സിദ്ധിഖ്, വിജയ്‌മേനോന്‍, നീനാ കുറുപ്പ് തുടങ്ങിയ അഭിനേതാക്കളുടെ മികച്ച പ്രകടനവും നര്‍മ്മം തുളുമ്പുന്ന സംഭാഷണങ്ങളുമൊക്കെയായി ഒരു ജനപ്രിയ സിനിമയുടെ ലാവണ്യത്തികവിലാണ് ഹേയ് ജൂഡ് തിയേറ്ററിലെത്തിയിരിക്കുന്നത്. ഹേയ് ജൂഡിനെ മുന്‍നിര്‍ത്തി ശ്യാമപ്രസാദുമായി നടത്തിയ അഭിമുഖം.

ടൈറ്റില്‍ വന്ന വഴി

? ലോകപ്രശസ്ത മ്യൂസിക്കല്‍ ബാന്റായ ബീറ്റില്‍സിന്റേതായി 1970 -കളില്‍ ഇറങ്ങിയ ഒരു ഗാനമാണ് 'ഹേയ് ജൂഡ്.' ആ പേരിലാണ് താങ്കള്‍ ഈ ചിത്രം ഇറക്കിയിരിക്കുന്നത്. ചിത്രത്തില്‍ നായകന്റെ പേരാണ് ജൂഡ്. സിനിമകള്‍ക്ക് നായകഥാപാത്രത്തിന്റെ പേരിടുന്നത് പതിവായതിനാല്‍ ആ പേരില്‍ അനൗചിത്യമില്ല. പക്ഷേ നായിക ഗോവന്‍ ബീച്ചില്‍ നടത്തുന്ന കഫറ്റേരിയയിലെ മ്യൂസിക് ടീമിന്റെ പേരായി കാണിക്കുന്നത് ബീറ്റില്‍സ് എന്നാണ്. ആ ഗാനവുമായി കണക്ട് ചെയ്താണോ ഹേയ് ജൂഡ് എന്ന ടൈറ്റിലിലേക്ക് താങ്കളെത്തിയത്.


ഠ ബീറ്റില്‍സിന്റെ ഹേയ് ജൂഡ് എന്ന ഗാനം ആഗോളതലത്തില്‍ തന്നെ വര്‍ഷങ്ങളോളം ആള്‍ക്കാരെ ത്രസിപ്പിച്ച ഒന്നാണ്. ഈ ടൈറ്റിലിടുമ്പോള്‍ അതൊക്കെ എന്റെ മനസിലുണ്ടായിരുന്നു.

സത്യത്തില്‍ ഈ പേരിടാന്‍ എനിക്ക് പ്രചോദനമായത് കോവളം ബീച്ചിലുള്ള ബീറ്റില്‍സ് എന്ന കഫേയിലെ മ്യൂസിക് ടീമാണ്. അവര്‍ ഹേയ് ജൂഡ് എന്ന ഗാനം മിക്കപ്പോഴും അവിടെ ആലപിക്കുമായിരുന്നു. ആ ട്രൂപ്പിലെ ആള്‍ക്കാരുടെ ബിഹേവിംഗ്‌സ് ഒക്കെ ഈ ചലച്ചിത്രമാലോചിക്കുമ്പോള്‍ എന്റെ ഓര്‍മ്മയില്‍ വന്നിരുന്നു.

തിരക്കഥാകൃത്തുക്കളുമായി ഞാനത് ചര്‍ച്ച ചെയ്തിരുന്നു. അത് ഡവലപ് ചെയ്താണ് ചിത്രത്തിലെ ബാന്റിനെ രൂപപ്പെടുത്തിയത്. പിന്നെ ഇതിലെ നായക കഥാപാത്രം ഒരു ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍നിന്നുള്ള ആളാണ്.

അതിനാല്‍ ജൂഡ് എന്ന പേര് ആ കഥാപാത്രത്തിന് ചേരും. അതിനാല്‍ ആ പേരുതന്നെ പിന്നെ ചലച്ചിത്രത്തിന് ഇടുകയായിരുന്നു. അത് ആദ്യമേ നിശ്ചയിച്ച കാര്യമാണ്. ബീറ്റില്‍സിന്റെ ഗാനത്തിലൂടെ ഗ്ലോബലി സ്വീകാര്യത ലഭിച്ച പേരായതുകൊണ്ട് സിനിമയ്ക്കും ആ പേരിടുമ്പോള്‍ ഒരറ്റന്‍ഷന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലം

? താങ്കള്‍ സൂചിപ്പിച്ച പോലെ ഇത് ഒരു ആംഗ്ലോ ഇന്ത്യന്‍ ഫാമിലിയുടെ കഥയാണ്. താങ്കളുടെ അകലെ എന്ന ചിത്രത്തിലും ആ പശ്ചാത്തലമുണ്ട്. ഇംഗ്ലീഷ് എന്ന സിനിമയില്‍ താങ്കള്‍ പറയുന്നത് യൂറോപ്പില്‍ സെറ്റില്‍ ചെയ്ത ഇന്ത്യക്കാരുടെ കഥയാണ്. ഇവിടെ എന്ന ചിത്രത്തില്‍ അമേരിക്കയില്‍ സെറ്റില്‍ ചെയ്തവരുടെ കഥയും. എന്താണ് ഇങ്ങനെ ഇന്തോ ആംഗ്ലിയന്‍ മിക്‌സായ കഥകളോടൊരിഷ്ടം...


ഠ അതങ്ങനെ ബോധപൂര്‍വ്വം ചെയ്യുന്നതല്ല. ആംഗ്ലോ ഇന്ത്യന്‍ കഥകളോട് അങ്ങനെ ഒബ്‌സഷനുമില്ല. ചില കഥകള്‍ ആലോചിക്കുമ്പോള്‍ അത് ഏതു പശ്ചാത്തലത്തില്‍ അവതരിപ്പിച്ചാലാണ് കൂടുതല്‍ നന്നാവുക എന്ന് നോക്കും.

അങ്ങനെ ചിന്തിച്ചപ്പോള്‍ ഈ കഥ ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പറയുന്നതാണ് നല്ലതെന്നു തോന്നി. ഇതിലെ കഥാപാത്രങ്ങളുടെ വൈചിത്ര്യം, ആചാരം, ജീവിതശൈലി, ഗോവന്‍ കണക്ഷന്‍ അതൊക്കെ നോക്കുമ്പോള്‍ ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലമാണ് കൂടുതല്‍ ചേരുക.

ഹിന്ദു നായര്‍ കുടുംബങ്ങളുടെ കഥ കൂടുതലായി പറഞ്ഞ സംവിധായകര്‍ നമുക്കുണ്ട്. അതൊന്നും ബോധപൂര്‍വമല്ല. കഥയ്ക്ക് യോജിച്ച പശ്ചാത്തലം സെലക്ട്‌ചെയ്യുമ്പോള്‍ സംഭവിക്കുന്നതാണ്.

നിവിന്‍ പോളിയുടെ പ്രിയ സംവിധായകന്‍

? തിയേറ്ററുകളെ ഇളക്കി മറിക്കുന്നതല്ല, മനുഷ്യമനസ്സുകളെ ഇളക്കിമറിക്കുന്ന സിനിമകളാണ് താങ്കളേറെയും ചെയ്തിട്ടുള്ളത്. എന്നിട്ടും യുവനിരയിലെ ഏറ്റവും പോപ്പുലറായിട്ടുള്ള, ജനപ്രിയ സിനിമകള്‍ കൂടുതല്‍ ചെയ്യുന്ന നിവിന്‍ പോളി താങ്കള്‍ക്ക് തുടര്‍ച്ചയായി ഡേറ്റ് തരുന്നു. ഇത് നിങ്ങള്‍ ഒത്തുചേരുന്ന മൂന്നാമത്തെ സിനിമയാണ്. ഇതിനു മുമ്പ് വിനീത് ശ്രീനിവാസനും അല്‍ഫോണ്‍സ് പുത്രനും മാത്രമേ നിവിന്‍ മൂന്നു ചിത്രത്തിന് ഡേറ്റ് നല്‍കിയിട്ടുള്ളു.


ഠ നിവിനോട് എനിക്കുള്ളത് വളരെ നല്ലൊരു ബന്ധമാണ്. നടനെന്ന നിലയില്‍ നിവിനെ ഞാന്‍ തുടക്കത്തിലേ വാച്ച് ചെയ്യാറുണ്ട്. അപാര പൊട്ടന്‍ഷ്യലുള്ള നടനാണ് നിവിന്‍. കരിയറിന്റെ തുടക്കത്തിലാണ് അയാള്‍. നല്ല വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്താന്‍ പോകുന്നേയുള്ളൂ. എന്റെ സിനിമകളോട് നിവിന് പ്രത്യേക ഇഷ്ടമുണ്ട്. അതാണ് നേരത്തെ എന്റെ രണ്ടു സിനിമകളില്‍ അദ്ദേഹം അഭിനയിച്ചത്.

അതില്‍ രണ്ടിലും പക്ഷേ നിവിന്റെ കാലിബറിനനുസരിച്ചുള്ള വേഷം നല്‍കാന്‍ എനിക്ക് സാധിച്ചിട്ടില്ല. നിവിനെ പൂര്‍ണാര്‍ത്ഥത്തില്‍ എനിക്കുപയോഗിക്കാനായ ചിത്രം ഇതാണ്. ഇതിന്റെ കഥ പറഞ്ഞപ്പോഴേ നിവിന്‍ ഓക്കെ പറഞ്ഞു. നല്ല രീതിയില്‍ തന്നെ ഇതിലെ കഥാപാത്രമായി അഭിനയിക്കുകയും ചെയ്തു.

uploads/news/2018/03/196795/CiniINWSyamaprasad020318a.jpg

നിവിന്റെ മുന്നൊരുക്കം

? നിവിന്‍ പോളി മുമ്പ് ചെയ്ത കഥാപാത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ജൂഡ്. ഡയലോഗ് ഡെലിവറി, അപ്പിയറന്‍സ്, ബോഡി ലാംഗ്വേജ് എന്നിവയില്‍ മുന്‍ ചിത്രങ്ങളുമായി ഒരു സാമ്യവുമില്ലാത്ത വിധം നിവിനെ മാറ്റിയെടുക്കാന്‍ താങ്കള്‍ക്കു സാധിച്ചു.


ഠ ശരിക്കും ഞാന്‍ മനസില്‍ കണ്ട ജൂഡിനെ അതിമനോഹരമായ വിധത്തില്‍ നിവിന്‍ ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനുവേണ്ടി നല്ലൊരു മുന്നൊരുക്കം നിവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. അസ്പര്‍ജേഴ്‌സ് ബാധിച്ച ഒരാളുടെ ബിഹേവിയര്‍ പാറ്റേണ്‍ എങ്ങനെയെന്ന് അറിയാന്‍ നിവിന്‍ നല്ല എഫര്‍ട്ട് എടുത്തിട്ടുണ്ട്.

അത്തരത്തില്‍ കുറെപ്പേരെ കണ്ടു. ഡോക്‌ടേഴ്‌സുമായി കണ്‍സള്‍ട്ട് ചെയ്തു. യൂട്യൂബിലും മറ്റും ഇതുസംബന്ധിച്ചുള്ള ധാരാളം വീഡിയോസ് ഉണ്ട് അവ കണ്ടു. അങ്ങനെ നല്ല മുന്നൊരുക്കവുമായാണ് നിവിന്‍ വന്നത്. പിന്നെ നിവിന്‍ ഒരു ഡയറക്‌ടേഴ്‌സ് ആക്ടറാണ്. സംവിധായകന്‍ എന്ത് ആവശ്യപ്പെടുന്നുവോ അതു നല്‍കുന്ന നടന്‍. എന്നെ സംബന്ധിച്ച് ജൂഡ് എന്ന കഥാപാത്രത്തിന് എന്താണോ വേണ്ടത് അത് നിവിന്‍ തന്നു.

തൃഷാ കൃഷ്ണന്‍

? ഹേയ് ജൂഡിന്റെ മറ്റൊരാകര്‍ഷണം തൃഷ അവതരിപ്പിച്ച ക്രിസ്റ്റിയാണ്.എങ്ങനെയാണ് തൃഷയിലേക്കെത്തിയത്. മുമ്പ് വിജയശാന്തി, മനീഷാ കൊയ്‌രാള എന്നിവരെ ആദ്യമായി മലയാളത്തിലെത്തിച്ചത് താങ്കളാണ്. അതുപോലെ തൃഷയെയും താങ്കളിവിടെയെത്തിച്ചു.


ഠ അന്യഭാഷാ നടികളെയേ നായികയാക്കൂ എന്ന ശാഠ്യമൊന്നുമില്ല. ഈ ചിത്രത്തിലെ നായിക ഗോവയില്‍ ജീവിക്കുന്ന ഒരു ആംഗ്ലോ മലയാളിയാണ്. അവളവിടെ ഒരു മ്യൂസിക് ബാന്റില്‍ അംഗമാണ്. ഒരു കഫറ്റേരിയ റണ്‍ ചെയ്യുന്നുണ്ട് .

അങ്ങനെ ഒരു കഥാപാത്രത്തിന് യോജിച്ച ഒരു നടിയെ അന്വേഷിച്ചപ്പോഴാണ് തൃഷയെ ഓര്‍മ്മ വന്നത്. ലുക്ക്‌വൈസ് അവര്‍ കേരളത്തിന് വെളിയിലുള്ള ഒരു പെണ്‍കുട്ടിയായി കറക്ടാണ്. നല്ല കഴിവുള്ള ആര്‍ട്ടിസ്റ്റുമാണ്. തൃഷയുടേത് ആപ്റ്റ് ആയ കാസ്റ്റിംഗ് ആയിരുന്നു എന്നാണ് ചിത്രം കണ്ടവര്‍ പറഞ്ഞത്.

? ഗായിക സയനോരയാണ് തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് അല്ലേ


ഠ യെസ് യെസ്. സയനോരയുടേത് എക്‌സലന്റ് വര്‍ക്കാണ്. തൃഷയുടെ അഭിനയവും ലിപ് മൂവ്‌മെന്റുമായി വളരെയേറെ ഒത്തുപോകുന്ന ഡബ്ബിംഗ്. ഒരു മറുനാട്ടുകാരി പെണ്‍കുട്ടിയുടെ ഉച്ചാരണം കൃത്യമായി കൊണ്ടുവരാന്‍ സയനോരയ്ക്ക് സാധിച്ചു.ആലാപനത്തില്‍ മാത്രമല്ല ഡബ്ബിംഗിലും അവര്‍ക്ക് നല്ല ഭാവിയുണ്ട്.

വിജയ് മേനോനും നീനാ കുറുപ്പും

? ഈ ചിത്രത്തില്‍ മൂന്നുപേരുടെ പ്രകടനത്തെക്കുറിച്ച് കൂടി പറയാതെ വയ്യ. സിദ്ധിഖ്, വിജയ് മേനോന്‍, നീനാ കുറുപ്പ് എന്നിവരുടെ. വിജയ് മേനോന്‍, നീനാ കുറുപ്പ് എന്നിവരുടെ കരിയര്‍ ബെസ്റ്റ് എന്നു പറയാം


ഠ അവര്‍ മൂന്നു പേരും ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറം ആ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ടു എന്നതാണ് സത്യം. സിദ്ധിഖിനെ സംബന്ധിച്ച്, അദ്ദേഹം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പല ചിത്രങ്ങളിലെയും കഥാപാത്രങ്ങിലൂടെ അപാര പൊട്ടന്‍ഷ്യലുള്ള നടനാണ് അദ്ദേഹം എന്ന് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.

പക്ഷേ വിജയ് മേനോനോ നീനയ്‌ക്കോ അവരുടെ ടാലന്റിനനുസരിച്ചുള്ള വേഷങ്ങള്‍ ബിഗ് സ്‌ക്രീനില്‍ ഇതുവരെ കിട്ടിയിട്ടില്ല. അവര്‍ രണ്ടു പേരുടെയും ടാലന്റ് എനിക്ക് നേരിട്ടറിയാം എന്നതിനാലാണ് ഞാനവരെ ഇതില്‍ കാസ്റ്റ് ചെയ്തത്. അവസരം കിട്ടിയപ്പോള്‍ അവര്‍ പ്രൂവ് ചെയ്തു.

ഞാനവരുടെ കഴിവുകളെ വിശ്വസിച്ചു. ആ വിശ്വാസത്തിനനുസരിച്ച് അവര്‍ ആ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ഒരു സംവിധായകന്റെ കൈപിടിച്ച് ആര്‍ട്ടിസ്റ്റ് നടക്കുക എന്ന് പറയാറില്ലേ. അതാണിവിടെ സംഭവിച്ചത്.

uploads/news/2018/03/196795/CiniINWSyamaprasad020318b.jpg

സാഹിത്യ കൃതികളെ മറന്നതല്ല

? ടെലിവിഷന്‍ സിനിമാ കരിയറിന്റെ തുടക്കത്തില്‍ മികച്ച സാഹിത്യ കൃതികളെ സീരിയലിനും സിനിമയ്ക്കുമായി ഉപയോഗപ്പെടുത്തിയ ഒരാളാണ് താങ്കള്‍. പക്ഷേ ഋതു മുതല്‍ ചെറിയ മാറ്റം കാണാം. സാഹിത്യകൃതികളെ അവലംബിച്ചല്ല താങ്കളുടെ ഇപ്പോഴത്തെ സിനിമകള്‍


ഠ സാഹിത്യ കൃതികളേ സിനിമയാക്കാവു എന്നില്ലല്ലോ. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ സിനിമയ്ക്ക് എന്തൊക്കെ പ്രമേയമാക്കാം എന്ന നിരന്തരാന്വേഷണം ഞാന്‍ നടത്താറുണ്ട്.

വായിക്കുന്ന പുസ്തകങ്ങളിലൊ കാണുന്ന കാഴ്ചകളിലൊ പറഞ്ഞുകേള്‍ക്കുന്ന സംഭവങ്ങളിലോ സിനിമയ്ക്ക് യോജിച്ച പ്രമേയം ഉണ്ടെങ്കില്‍ അതു സ്വീകരിക്കാം എന്നതാണ് എന്റെ നിലപാട്. പ്രമേയം എവിടെനിന്നും വരാം. നമുക്ക് ചുറ്റും നിരന്തരമുണ്ടാകുന്ന നിരവധി സംഭവങ്ങളില്‍ തന്നെ ഒട്ടേറെ സിനിമകള്‍ക്കുള്ള പ്രമേയങ്ങള്‍ ഉണ്ട്.

ഗോവയുടെ ഭംഗി

? ഗോവയുടെ മനോഹാരിത ഏറ്റവും നന്നായി ചിത്രീകരിച്ച മലയാള സിനിമ ആണെന്ന് തോന്നുന്നു ഹേയ് ജൂഡ്.


ഠ അങ്ങനെ പറയുന്നതില്‍ സന്തോഷം. പക്ഷേ ഗോവയുടെ മനോഹാരിത ചിത്രീകരിക്കുക എന്നതിനപ്പുറം കഥാപാത്രങ്ങള്‍ ജീവിക്കുന്ന പരിസരം അടയാളപ്പെടുത്തുക എന്നതാണ് ഞാന്‍ ചെയ്തത്. ഓരോ സിനിമയ്ക്കും കഥ ആവശ്യപ്പെടുന്ന ദൃശ്യ പരിസരം ഒരുക്കേണ്ടതുണ്ട്. അങ്ങനെ ഗോവയെ ചിത്രീകരിച്ചു എന്നേയുള്ളു.

കോമഡി ട്രാക്ക്

? ഒരു ആര്‍ട്ട് ഹൗസ് ഡയറക്ടര്‍ എന്നതാണ് താങ്കളുടെ പ്രശസ്തി. ചിത്രം ഹിറ്റാകാന്‍ ഒരു വിധ ജനപ്രിയ ഫോര്‍മുലകളും താങ്കള്‍ ചിത്രീകരിക്കാറില്ല. പക്ഷേ ഈ ചിത്രം തുടക്കം മുതലേ കോമഡി ട്രാക്കില്‍ മുന്നേറുന്നു.


ഠ ഞാന്‍ ഹ്യുമറിനെതിര് നില്‍ക്കുന്നയാളല്ല. ഇതില്‍ കോമഡി ഫീല്‍ ചെയ്‌തെങ്കില്‍ അത് കോമഡിക്കു വേണ്ടി ഉണ്ടാക്കിയ കോമഡിയുമല്ല. ജൂഡിന്റെയോ, അവന്റെ ഫാദറിന്റെയോ സമീപനത്തില്‍ ഒരിടത്തും കോമഡിയില്ല. അവര്‍ സീരിയസ്സാണ്. പക്ഷേ നമുക്കവരുടെ സംസാരത്തിലും ബിഹേവിംഗിലും ഹ്യൂമര്‍ ദര്‍ശിക്കാനാകും എന്നേ ഉള്ളൂ.

ഒരു സംഭവത്തെ നമുക്ക് പല രീതിയില്‍ സമീപിക്കാം. നര്‍മ്മത്തിന്റെയോ ദൈന്യതയുടെയോ സീരിയസ്‌നെസ്സിന്റെയോ ട്രാക്ക് സ്വീകരിക്കാം. ഇതില്‍ ലൈറ്റ് ഹാര്‍ട്ടഡ് ആയ ഒരു സമീപനം ഞാന്‍ കൈക്കൊണ്ടു എന്ന് മാത്രം. അത് മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് എന്നത് സത്യം.

അസ്പര്‍ജേര്‍സ്

? ഇതിലെ നായകന്‍ അസ്പര്‍ജേര്‍സ് ബാധിച്ചയാളാണ്. എന്താണ് ഇത്തരം അവസ്ഥയിലുള്ളവരുടെ പ്രത്യേകതകള്‍


ഠ ഇത്തരമൊരവസ്ഥയിലെത്തിയവര്‍ സാധാരണക്കാരെപ്പോലെ ഒരു സൊസൈറ്റിക്ക് യോജിച്ച വിധം കണ്ടീഷന്‍ ചെയ്യപ്പെട്ടവരല്ല. അവര്‍ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡാണ്. സാഹചര്യത്തിനനുസരിച്ച് അവരുടെ നിലപാടുകള്‍ മാറണമെന്നില്ല. അപാര ബുദ്ധിയൊക്കെ ഉണ്ടാകാം. പക്ഷേ അഡ്ജസ്റ്റുമെന്റുകള്‍ക്കോ കോംപ്രമൈസുകള്‍ക്കോ സന്നദ്ധരാകണമെന്നില്ല.

ചില ഫോബിയകളൊക്കെ അവര്‍ക്കുണ്ടാകാം. ഇതിലെ ജൂഡ് തന്നെ ജലത്തെ ഭയക്കുന്ന, നീന്താന്‍ പോലും പേടിക്കുന്ന ഒരാളാണ്. പക്ഷെ അയാള്‍ക്ക് കടലും കടല്‍ജീവികളും പ്രിയപ്പെട്ട വിഷയമാണ്. ചികിത്സിച്ചാല്‍ പൂര്‍ണമായി മാറ്റിയെടുക്കാവുന്നതല്ല അവരുടെ അവസ്ഥകള്‍. അവരെ മാറ്റാനല്ല നാം ശ്രമിക്കേണ്ടത്. അവരോടൊപ്പം ഒത്തു പോകാനാണ്.

? കൊച്ചിയില്‍നിന്ന് ഗോവയിലെത്തുമ്പോള്‍ ജൂഡിന്റെ അവസ്ഥയില്‍ കുറേ മാറ്റം വരുന്നതായി താങ്കള്‍ കാണിക്കുന്നു. ഒരാളുടെ ജീവിത പരിതോവസ്ഥകള്‍ മാറുമ്പോള്‍ അയാളുടെ രീതികളിലും മാറ്റം വരുമോ


ഠ ഉവ്വ്. നാം നമ്മുടെ പരിസരങ്ങളില്‍ നിന്ന് മാറുമ്പോള്‍ നമ്മുടെ ജീവിതാവസ്ഥകളിലും അത് മാറ്റം വരുത്തും. പക്ഷേ ജൂഡിന്റെ കാര്യത്തില്‍ ആ മാറ്റം കുറച്ചേ ഉള്ളൂ. അയാളുടെ അസ്പര്‍ജേര്‍സ് അവസ്ഥ പൂര്‍ണമായി മാറുന്നില്ല.

ഗോവയില്‍ നിന്ന് തിരികെ വീട്ടിലെത്തി കടയിലെ അക്കൗണ്ട് നോക്കുമ്പോഴോ വീണ്ടും ഗോവയിലെത്തി ആള്‍ക്കാരുമായി ഇടപെടുമ്പോഴോ ജൂഡിന്റെ അവസ്ഥയില്‍ കാര്യമായ മാറ്റമില്ല.

എങ്കിലും ദേശമാറ്റം സാധാരണക്കാരില്‍ ഏറെ മാറ്റം വരുത്തും എന്നത് സത്യമാണ്. തൃഷയുടെ ക്രിസ്റ്റീന ഒരു ഘട്ടത്തില്‍ ഷിംലയിലേക്ക് പോകുന്നത് അത്തരമൊരു മാറ്റം കൊതിച്ചാണ്.

uploads/news/2018/03/196795/CiniINWSyamaprasad020318c.jpg

ചടുലമായ ഷോട്ടുകള്‍

? ആദ്യകാലത്ത് ചെയ്ത ചിത്രങ്ങളിലെ മന്ദതകളത്തില്‍ നിന്ന് കുറേക്കൂടി ചടുലമാകുന്നുണ്ട് താങ്കളുടെ പുതിയ സിനിമകള്‍. ഇവിടെ, ഹേയ് ജൂഡ് എന്നിവയില്‍ അത് കാണാം. പേയ്‌സ് കൂടിയിരിക്കുന്നു.


ഠ ഉണ്ടാവാം. ഒരു സബ്ജക്ട് എന്താവശ്യപ്പെടുന്നോ അതാണ് ട്രീറ്റ്‌മെന്റില്‍ വരിക. ഷോട്ടുകളുടെ പെയ്‌സ് കൂട്ടിയാല്‍ സിനിമ മെച്ചമാകും എന്നൊന്നും അര്‍ത്ഥമില്ല. ലോകത്തിലെ പല മികച്ച സിനിമകളും ലോ പെയ്‌സില്‍ ചിത്രീകരിച്ചവയാണ്.കാണികളെ മുഷിപ്പിക്കാതിരിക്കുക എന്നേയുള്ളൂ. കാമറ ചെയ്ത രീതിയിലെ ചടുലതയോ എഡിറ്റിംഗിലെ വേഗതയോ മാത്രം ഒരു ചിത്രത്തെ നല്ലതാക്കണമെന്നില്ല.

നാലു സംഗീതജ്ഞര്‍

? ഈ ചിത്രം മ്യൂസിക്കിന് കൂടി പ്രാധാന്യം നല്‍കിയാണ് താങ്കള്‍ ഒരുക്കിയിരിക്കുന്നത്. നാലു സംഗീത സംവിധായകരുടെ ഗാനങ്ങള്‍ ഉണ്ട് ഈ ചിത്രത്തില്‍.


ഠ ശരിയാണ്. ഒരു മ്യൂസിക്കല്‍ ഫിലിം ആണിത്. ഒരു മ്യൂസിക് ബാന്റിനെ തന്നെ ഇതില്‍ കാണിക്കുന്നുണ്ട്. നാലു ഗാനങ്ങളാണിതില്‍. അത് നാലും നാലു മൂഡിലുള്ളവയാണ്. അപ്പോള്‍ അവ ഒരുക്കുന്നത് നാലു സംഗീത സംവിധായകരായാല്‍ കൊള്ളാം എന്ന തോന്നലിലാണ് നാലു പേരെ സംഗീതച്ചുമതല ഏല്പിച്ചത്. അതിന്റെ ഗുണം സിനിമയ്ക്ക് ലഭിച്ചു എന്നാണ് പലരും പറഞ്ഞത്.

ഇത്തരത്തില്‍ ഓരോ ഗാനത്തിനും ഓരോ സംഗീതജ്ഞന്‍ എന്നത് സാധാരണ പതിവില്ലാത്ത രീതിയാണിത്. ഈ നാലു പേരുമായും ഞാന്‍ നേരത്തേ വര്‍ക്ക് ചെയ്തതിനാല്‍ എന്താണ് എനിക്കു വേണ്ടത് എന്നവര്‍ക്ക് എളുപ്പം മനസ്സിലാക്കാനും അത് നല്‍കാനുമായി.

ഹേയ് ജൂഡിലൂടെ പറഞ്ഞത്

? ഈ ചിത്രത്തിലൂടെ പ്രേക്ഷകരോട് ആത്യന്തികമായി താങ്കള്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചതെന്താണ്


ഠ ഒരു സിനിമയ്ക്ക് പ്രത്യേക മെസ്സേജ് ഉണ്ടായിക്കൊള്ളണമെന്നൊന്നുമില്ല. എങ്കിലും മനുഷ്യനെ കൂടുതല്‍ ആഴത്തിലറിയാന്‍ സഹായിക്കുന്ന ഒന്നായി അത് മാറിയാല്‍ നല്ലത്. സഹജീവികളോട് ഒരുതരം എംപതി ക്രിയേറ്റ് ചെയ്യാന്‍ ഓരോ സിനിമയ്ക്കും സാധിച്ചാല്‍ നല്ലത്.

നമ്മുടെ സമൂഹം കാലങ്ങളായി സൃഷ്ടിച്ചെടുത്ത ചില ചിട്ടകളുണ്ട്. അതിലുള്‍പ്പെടാത്ത ചില മനുഷ്യരുമുണ്ട്. അത്തരക്കാരോട് നാം പുലര്‍ത്തേണ്ട ആര്‍ദ്രതയെ കുറിച്ചാണ് ഈ സിനിമ എന്നു പറയാം. അവരെ ഒറ്റപ്പെടുത്താതിരിക്കുക.ആ മെസ്സേജ് നല്‍കാന്‍ എനിക്ക് സാധിച്ചെങ്കില്‍ ഈ സിനിമ സക്‌സസാണ്.

സംവിധാനത്തിലെ സ്വാധീനം

? സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് വന്ന ഒരാളാണ് താങ്കള്‍. ഒരു സംവിധായകന് കീഴില്‍ നിന്നും താങ്കള്‍ സിനിമ പഠിച്ചിട്ടില്ല. എന്നിട്ടും രാജ്യമറിയുന്ന ഒരു ഫിലിംമേക്കറായി.


ഠ സംവിധാനത്തില്‍ എനിക്ക് പ്രത്യേകിച്ചൊരു ഗുരുവില്ല. പക്ഷേ ലോകപ്രശസ്തരായ പല സംവിധായകരുടെയും പ്രത്യേകിച്ച് മാസ്‌റ്റേര്‍സ് എന്നു പറയാവുന്നവരുടെ സൃഷ്ടികള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആ സ്വാധീനം ചിലപ്പോള്‍ എന്റെ സിനിമകളിലും കാണാനാകും.

- ഉണ്ണികൃഷ്ണന്‍ ശ്രീകണ്ഠപുരം

Ads by Google
Friday 02 Mar 2018 02.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW