Monday, November 12, 2018 Last Updated 47 Min 32 Sec ago English Edition
Todays E paper
Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Friday 02 Mar 2018 01.50 PM

എന്താണ് മാരിറ്റല്‍ ഡിസോര്‍ഡര്‍? ആന്‍സിയെ വരുതിയില്‍ നിര്‍ത്താന്‍ ജോജി പ്രയോഗിച്ചത് കണ്ട ആരും അറിഞ്ഞില്ല അവന്‍ ഇത്തരമൊരു രോഗിയാണെന്ന്. ജോജിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഇങ്ങനെ..

uploads/news/2018/03/196789/Weeklymanolaokam020318.jpg

ഒറ്റനോട്ടത്തില്‍ത്തന്നെ കനിവ് തോന്നുന്ന മുഖവുമായി ആ പെണ്‍കുട്ടി എന്റെ അടുത്ത് വന്നു. ഒപ്പം അവളുടെ അമ്മായിയമ്മയും ഉണ്ടായിരുന്നു.

അവസാനത്തെ പ്രതീക്ഷ എന്ന നിലയിലാണ് അവള്‍ എന്നെ സമീപിച്ചത്. നഷ്ടപ്പെട്ട ജീവിതം തിരിച്ചുതരാമോ എന്ന അപേക്ഷാസ്വരവുമായി എന്റെ മുമ്പിലിരുന്ന് കരഞ്ഞ അവളോട് ഞാന്‍ കാര്യം തിരക്കി. ഒരു തേങ്ങലോടെ അവള്‍ സ്വന്തം ജീവിതകഥ എന്നോട് പറഞ്ഞു.

''എന്റെ പേര് ആന്‍സി. പെയിന്റിംഗ് തൊഴിലാളിയായ അപ്പച്ചനും കമ്പനി ജോലിക്കാരിയായ അമ്മച്ചിക്കും ഞങ്ങള്‍ രണ്ടുമക്കളാണ്. അച്ഛനമ്മമാരുടെ കഷ്ടപ്പാടുകള്‍ അറിയാവുന്നതുകൊണ്ട് ഞങ്ങള്‍ നന്നായി പഠിച്ചു. ജീവിതം സുഗമമായി മുന്നോട്ടു പോകുമ്പോഴാണ് ജോജിച്ചായന്റെ ആലോചന എനിക്ക് വന്നത്.

ഗവണ്‍മെന്റ് ഉദ്യോഗസ്ഥരായ അ ച്ഛനമ്മമാരുടെ ഏകമകനായ ജോജിച്ചായന്‍ കൊച്ചിയിലെ സ്വകാര്യകമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായിരുന്നു. കിട്ടാവുന്നതിലും വച്ച് ഏറ്റവും നല്ല ബന്ധം മകള്‍ക്ക് കിട്ടാന്‍ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു അപ്പച്ചനും അമ്മച്ചിയും. എനിക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. മനസ്സമ്മതം കഴിഞ്ഞപ്പോള്‍ മുതല്‍ വിവാഹജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ ഞാന്‍ കണ്ടുതുടങ്ങി.

വീട്ടുകാര്‍ സമ്പാദിച്ചതും പലരോടായി കടം വാങ്ങിയതുമൊക്കെ ചേര്‍ത്തുവച്ച് എന്റെ വിവാഹം നടത്തി. ഒരുപാട് പ്രതീക്ഷകളുമായി വിവാഹജീവിതത്തിലേക്ക് കാലുകുത്തിയ എനിക്ക് വിധി സമ്മാനിച്ച ദുരന്തം മറ്റൊന്നായിരുന്നു.

വിവാഹത്തിന് മുമ്പുതന്നെ എനിക്ക് ഒരു സ്വകാര്യകമ്പനയില്‍ ജോലി ലഭിച്ചിരുന്നു. അതിനെക്കുറിച്ച് ജോജിച്ചായനോട് പറഞ്ഞപ്പോള്‍ വിവാഹശേഷം ജോലിക്ക് പോകുവാന്‍ അനുവാദവും നല്‍കി.

അങ്ങനെ പോയാല്‍ കിട്ടുന്ന ശമ്പളം മുഴുവനായി എന്റെ അപ്പച്ചന് കൊടുക്കണമെന്ന് ജോജിച്ചായന്‍ തന്നെയാണ് എന്നോട് പറഞ്ഞത്. ഞാനും സന്തോഷിച്ചു. പക്ഷേ വിവാഹത്തിനു മുമ്പ് കണ്ട ജോജിച്ചായനായിരുന്നില്ല വിവാഹശേഷം.

ജോലിയുടെ കാര്യം പറഞ്ഞപ്പോള്‍ അത് മറന്നുകളയാനാണ് അദ്ദേഹം പറഞ്ഞത്. ജീവിതം വഴക്കില്‍ തുടങ്ങേണ്ടെന്ന് കരുതി ഞാനും ഒന്നും മിണ്ടിയില്ല. നിസ്സാരകാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ പിന്നീട് ദേഷ്യമൊക്കെ ശമിക്കും. താന്‍ പറയുന്ന കാര്യങ്ങളെല്ലാം ഭാര്യ അക്ഷരംപ്രതി അനുസരിക്കണമെന്ന നിര്‍ബന്ധക്കാരനായിരുന്നു അദ്ദേഹം.

പറഞ്ഞതു കേട്ടില്ലെങ്കില്‍ സ്വന്തം കൈ കത്തികൊണ്ട് മുറിക്കാനായി തുനിയും ജോജിച്ചായന്‍. അത് കാണുമ്പോള്‍ ഇച്ചായന്‍ പറയുന്നതുപോലെ ചെയ്യും. ചിലപ്പോള്‍ ചീത്ത വിളിക്കും. പ്രാണനെപ്പോലെ സ്‌നേഹിക്കുന്ന എന്റെ വീട്ടുകാരെക്കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്റെ ക്ഷമ നശിച്ചത്.

അങ്ങനെ ഞങ്ങള്‍ തമ്മില്‍ വഴക്കായി. ഒടുവില്‍ കത്തികൊണ്ട് കൈയില്‍ വരയാന്‍ തുടങ്ങി. കൈയില്‍നിന്നും രക്തം ഒഴുകുമ്പോഴും അദ്ദേഹം ആ വേദന ആസ്വദിച്ചു.

മകള്‍ക്ക് നല്ല ജീവിതം കിട്ടിയതോര്‍ത്ത് സന്തോഷിച്ച എന്റെ അപ്പച്ചനെയും അമ്മച്ചിയെയും ഇതൊന്നും ഞാന്‍ അറിയിച്ചില്ല. ഒരുപക്ഷേ അവരോട് ജോജിച്ചായനെക്കുറിച്ച് പറഞ്ഞാല്‍ വീട്ടിലേക്ക് തിരിച്ചുപോരാനേ അപ്പച്ചന്‍ പറയൂ.

പക്ഷേ എനിക്ക് ജോജിച്ചായനെ ഉപേക്ഷിക്കാനാകില്ല. കുത്തുവാക്കുകള്‍ പറഞ്ഞ് പലപ്പോഴും നോവിച്ചിട്ടുണ്ട്. ജീവന്‍ എന്റെ ശരീരത്തില്‍ നിന്നും പോകുന്നതുവരെ ജോജിച്ചായന്റെ ഭാര്യയായി ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം.''

സ്വന്തം ജീവിതകഥ തുറന്നുപറഞ്ഞ് അവള്‍ പൊട്ടിക്കരഞ്ഞു. ആന്‍സിയോടൊപ്പം വന്ന ജോജിയുടെ അമ്മയും മകന്റെ സ്വഭാവമാറ്റത്തില്‍ വേദന തിന്നുകയായിരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ പുറത്തിരുന്ന ജോജിയെ കൂട്ടിവരാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു.

ആന്‍സിയെയും അമ്മയെയും പുറത്തിരുത്തി ജോജിയോട് തനിച്ച് സംസാരിച്ചതിലൂടെ 'മാരിറ്റല്‍ ഡിസോര്‍ഡര്‍' എന്ന അവസ്ഥയ്ക്ക് അയാള്‍ കീഴ്‌പ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി. ഇക്കൂട്ടര്‍ ദേഷ്യം വരുമ്പോള്‍ കത്തികൊണ്ട് കൈ മുറിക്കുന്നത് ഒരു വിനോദമായിട്ടാണ് കരുതുന്നത്.

അതിലുപരി മറ്റുള്ളവരെ ഭയപ്പെടുത്തി കാര്യം സാധിക്കാനും ഇവര്‍ മടിക്കില്ല. കുറച്ച് മാസങ്ങള്‍ നീളുന്ന ട്രീറ്റ്‌മെന്റ് വേണ്ടിവരുന്നതിനാല്‍ ജോജിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. മരുന്നുകളും കൗണ്‍സലിംഗും നല്‍കിപ്പോന്നു.

ഒപ്പം തന്നെ ഈ രോഗാവസ്ഥയെക്കുറിച്ചുള്ള കാര്യങ്ങള്‍ ആന്‍സിയെയും പറഞ്ഞ് മനസ്സിലാക്കി. സൈക്കോതെറാപ്പിയുടെ സഹായത്താല്‍ ജോജി പുതിയൊരു മനുഷ്യനായി തിരികെവന്നു.

ഇപ്പോള്‍ ആന്‍സിയുമായി പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ജോജി.

Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Friday 02 Mar 2018 01.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW