Monday, April 22, 2019 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 01 Mar 2018 03.06 PM

ദുഃഖം തീര്‍ക്കുന്നൊരമ്മേ....

''കുംഭച്ചൂടിലും ഭക്തിയുടെ കുളിര്‍മഴ പെയ്യുന്ന ആ ദിനത്തില്‍ ഭക്തലക്ഷങ്ങള്‍ അമ്മയുടെ സവിധത്തിലേക്ക് ഒഴുകിയെത്തും.''
uploads/news/2018/03/196476/joythi010318a.jpg

''ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ സ്ത്രീകള്‍ പങ്കെടുക്കുന്ന ഉത്സവം ലോകത്തില്‍ ഒന്ന് മാത്രമെന്ന് ഗിന്നസ് ബുക്ക് രേഖപ്പെടുത്തിയ ആറ്റുകാല്‍ പൊങ്കാല.''

പുണ്യം തേടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകാന്‍ ഇനി നാളുകള്‍ മാത്രം. മാര്‍ച്ച് രണ്ടിനാണ് ഈ വര്‍ഷം പൊങ്കാല. കുംഭച്ചൂടിലും ഭക്തിയുടെ കുളിര്‍മഴ പെയ്യുന്ന ആ ദിനത്തില്‍ ഭക്തലക്ഷങ്ങള്‍ അമ്മയുടെ സവിധത്തിലേക്ക് ഒഴുകിയെത്തും.

അമ്മയുടെ പരമകാരുണ്യത്തിന് മുന്നില്‍ പെണ്‍മക്കളെല്ലാം നാമജപത്തോടെ പൊങ്കാലയിടും.
എങ്ങും നിറയുന്ന അമ്മേ... മഹാമായേ... എന്ന സ്തുതികള്‍ അപ്പോള്‍ ഭക്തിസാന്ദ്രമായ ഹൃദയങ്ങള്‍ ഒരേ താളത്തില്‍ ഇങ്ങനെ ഉരുവുടും.

''സര്‍വ്വമംഗള മംഗല്യേ
ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണീ നമോസ്തുതേ.''

മുത്തശ്ശിയും പ്രായം കുറഞ്ഞ കുട്ടികളും എല്ലാം അമ്മയുടെ മുന്നില്‍ പിഞ്ചുപൈതങ്ങളാകുന്ന ദിനം. 'പൊങ്കാലയിട്ട് അമ്മയെ കണ്ടാല്‍ ദുഃഖങ്ങള്‍ അകലുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. അവര്‍ക്ക് മനസ്സ് ഇത്രയധികം ശാന്തമാകുന്ന മറ്റൊരനുഭവമില്ല. ഭക്തി നിറഞ്ഞ വാക്കുകളില്‍ തൊഴുകൈകളോടെ അവര്‍ പറയുന്നു.

അമ്മ, ദേവി മാത്രമല്ല; പെറ്റമ്മയേപ്പോലെ തന്നെയാണ്. പൊങ്കാല ദിനത്തില്‍ സൂര്യോദയത്തിന് മുമ്പേ നഗരം ഉണരും. എല്ലായിടത്തും സ്ത്രീകളുടെ തിരക്ക് മാത്രം.

ശതസൂര്യപ്രഭയാര്‍ന്ന ആറ്റുകാലമ്മയ്ക്ക് സന്താന സൗഭാഗ്യത്തിനായി, മംഗല്യത്തിനായി, ഉദ്യോഗലബ്ധിക്കായി, ഇഷ്ടകാര്യ സാധ്യത്തിനായി... അങ്ങനെ പലവിധ പ്രാര്‍ത്ഥനകളുമായാണ് സ്ത്രീകള്‍ പൊങ്കാലയിടുന്നത്.

പൊങ്കാലയിടുമ്പോള്‍ ദേവിക്ക് സ്വയം നൈവേദ്യമര്‍പ്പിക്കുന്നുവെന്നാണ് സങ്കല്പം. കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ഉത്സവം തുടങ്ങി ഒന്‍പതാം നാളിലാണ് ലോകപ്രശസ്തമായ പൊങ്കാല.

ക്ഷേത്രാങ്കണത്തില്‍നിന്ന് തുടങ്ങുന്ന അടുപ്പുകള്‍തലേ ദിവസം തന്നെ കിലോമീറ്ററുകള്‍ താണ്ടും. നാലുഭാഗത്തും കത്തുന്ന തീ നാളങ്ങള്‍.
മുകളില്‍ കത്തി ജ്വലിക്കുന്ന കുംഭസൂര്യന്‍.

പഞ്ചാഗ്നിമധ്യേ നിന്ന് ഉടലും മനവും തപിപ്പിച്ച് അന്നപൂര്‍ണേശ്വരിയായ അമ്മയ്ക്ക് നിവേദ്യം തയ്യാറാക്കുമ്പോള്‍ അലിഞ്ഞുപോകുന്നത് മനസ്സിലെ അഹന്തയും വിദ്വേഷങ്ങളും ദുരിതങ്ങളുമാണ്.

അമ്മയുടെ ഇഷ്ട വഴിപാടാണ് പൊങ്കാല. ഭക്തിയുടെ പടവുകളിലൂടെ മനസ്സിനെ കൈപിടിച്ച് കയറ്റുന്ന ലളിതാ സഹസ്രനാമം മുഴങ്ങുന്ന ദേവീ സന്നിധി. പരാശക്തിയായ അമ്മയെ ദുര്‍ഗയായും ലക്ഷ്മിയായും സരസ്വതിയായും സങ്കല്പിക്കുന്നവരുണ്ട്.

uploads/news/2018/03/196476/joythi010318a1.jpg

ക്ഷേത്ര ഐതിഹ്യം ഇങ്ങനെ


മുല്ലുവീട്ടില്‍ കാരണവര്‍ എന്ന ദേവീ ഭക്തന്‍ കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ അക്കരെ ഒന്നെത്തിക്കാമോയെന്ന് ഒരു ബാലിക ആവശ്യപ്പെട്ടു.
ബാലികയെ അദ്ദേഹം പുഴകടക്കാന്‍ സഹായിച്ചു. പിന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം കൊടുക്കുവാനുള്ള ഒരുക്കം തുടങ്ങി.

പക്ഷേ, അതിന് മുമ്പുതന്നെ കുട്ടി അപ്രത്യക്ഷയായി. സ്‌നേഹമയനായ ആ കാരണവര്‍ക്ക് വല്ലാത്ത സങ്കടം തോന്നി. അന്ന് ആ കാരണവര്‍ക്ക് സ്വപ്നത്തില്‍ ബാലിക പ്രത്യക്ഷപ്പെട്ടു. തന്നെ അടുത്തുള്ള കാവില്‍ കുടിയിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പിറ്റേ ദിവസം സ്വപ്നത്തില്‍ പറഞ്ഞ സ്ഥാനത്ത് അദ്ദേഹം ചെറിയൊരു കോവിലുണ്ടാക്കി അവിടെ ദേവിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരില്‍ ശ്രീകുരുംബയായി വാഴുന്ന പാര്‍വ്വതീ ദേവിയുടെ അവതാരമായ കണ്ണകീ ദേവിയായിരുന്നു ആ ബാലിക എന്നാണ് വിശ്വാസം.

മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമായി ഇവിടുത്തെ ഉത്സവത്തിന് കൊടിയേറ്റം പതിവില്ല.

കണ്ണകി ചരിതം പാടി പഞ്ചലോഹ കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമായി. കാപ്പില്‍ ഒരെണ്ണം ദേവിയുടെ ഉടവാളില്‍ മേല്‍ശാന്തി കെട്ടും. രണ്ടാമത്തെ കാപ്പ് മേല്‍ശാന്തിയുടെ കൈയില്‍ കീഴ്ശാന്തികെട്ടും.

ഉത്സവ ദിവസങ്ങളില്‍ തേര്‍വിളക്കുകള്‍ തലയിലേറ്റി നൃത്തം ചെയ്ത് ഭക്തരെത്തും. പൊങ്കാല ദിവസം നടത്തുന്ന വഴിപാടുകളാണ് പെണ്‍കുട്ടികളുടെ താലപ്പൊലിയും ആണ്‍കുട്ടികളുടെ കുത്തിയോട്ടവും.

പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള ബാലന്മാര്‍ക്കാണ് കുത്തിയോട്ട നേര്‍ച്ച നടത്തുന്നത്. പൊങ്കാല ദിവസം വൈകുന്നേരം മണക്കാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് കുത്തിയോട്ടക്കാരായ അകമ്പടിക്കാര്‍ക്കൊപ്പം താള മേളങ്ങളോടെ ദേവിയുടെ എഴുന്നള്ളത്തായി.

പിറ്റേന്ന് ഉച്ചയോടെ തിരിച്ചെഴുന്നെള്ളി ശ്രീകോവിലില്‍ പ്രവേശിച്ച ശേഷം രാത്രി നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

കരുണാമയിയാണെങ്കിലും മനം നൊന്തു വിളിക്കുന്ന മക്കളെ ആരെങ്കിലും ദ്രോഹിച്ചാല്‍ അമ്മ രുദ്രയാകുമെന്നാണ് ഭക്തരുടെ വിശ്വാസം. അതു കൊണ്ടുതന്നെ പൊങ്കാലയിടാന്‍ വരുന്ന എല്ലാവരെയും നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കുക.

പുണ്യംപോലെ പൊങ്കാലക്കലങ്ങള്‍ നിറഞ്ഞു കവിയുമ്പോള്‍ ലക്ഷക്കണക്കിന് സ്ത്രീകളുടെ മനസ്സും നിറയുന്നു. സാഫല്യത്തോടെ തീര്‍ത്ഥവും ഏറ്റുവാങ്ങി ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിച്ച് സങ്കടങ്ങള്‍ ഒഴിഞ്ഞ് ശാന്തമായ മനസ്സുമായി സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങും.

തയ്യാറാക്കിയത്:
രാജേഷ് പൊന്‍കുന്നം
മൊ: 9495394592

Ads by Google
Thursday 01 Mar 2018 03.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW