Saturday, February 23, 2019 Last Updated 18 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 01 Mar 2018 02.45 PM

ഒറ്റപ്പെടലിന്റെ നൊമ്പരഗീതം

uploads/news/2018/03/196471/Weeklyanubhavapacha010318.jpg

ഗാനരംഗത്ത് ദൈവം ഇന്നു സന്തോഷങ്ങള്‍ മാത്രം നല്‍കുമ്പോള്‍ കുറേ വര്‍ഷം മുമ്പ് വല്ലാതെ പൊട്ടിക്കരയേണ്ടിവന്ന ഒരവസരം എനിക്ക് ഓര്‍മ്മവരുന്നു.

എസ്.ഡി കോളേജില്‍ രണ്ടാംവര്‍ഷ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയം. അന്നു ഞാന്‍ എന്‍.സി.സിയിലും സജീവമായിരുന്നു. അങ്ങനെയിരിക്കെയാണ് 1992 ലെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം വന്നുചേര്‍ന്നത്. നല്ലൊരു കേഡറ്റ് ആയിരുന്നില്ലെങ്കിലും അത്യാവശ്യം പാടുന്നതുകൊണ്ട് കിട്ടിയ ചാന്‍സാണ്.

തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ നൂറോളം കേഡറ്റുകളുമായി കേരള എക്‌സ്പ്രസ് പുറപ്പെടാന്‍ തയ്യാറായി നിന്നപ്പോള്‍ മനസില്‍ സന്തോഷം തിരയടിച്ചു. എന്റെ ആദ്യത്തെ ഡല്‍ഹിയാത്ര.

ട്രെയിനില്‍ ഒരു ജനലിനടുത്തുതന്നെ ഞാന്‍ സീറ്റുപിടിച്ചു. അപ്പോഴാണ് ഞങ്ങളിലൊരാള്‍ക്കു വയ്യാതായത്. നേരത്തെ ചെറിയ പനിയുണ്ടായിരുന്നെങ്കിലും ഗൗരവമുള്ളതായി തോന്നിയില്ല. പക്ഷേ ശരീരവേദന കൂടി കിടന്നുപോയതു പെട്ടെന്നാണ്.

ഡോക്ടര്‍മാര്‍ വന്ന് അവനു ചിക്കന്‍ പോക്‌സാണെന്നു സ്ഥിരീകരിച്ചു. ഉടന്‍തന്നെ വീട്ടുകാരെത്തി അവനെ കൂട്ടിക്കൊണ്ടുപോയി. അല്‍പ്പം കഴിഞ്ഞ് കേരള എക്‌സ്പ്രസ് അവിടെനിന്ന് ഒഴുകിത്തുടങ്ങിയത് അനിശ്ചിതത്വത്തിലേക്കാണെന്ന് ആര്‍ക്കും തോന്നിയതേയില്ല. പക്ഷേ യാത്ര ഡല്‍ഹിയില്‍ എത്തിയപ്പോഴേക്കും രണ്ടുപേര്‍ക്കുകൂടി അസുഖം പിടിപെട്ടു.

ഒരു ടെന്റില്‍ എട്ടു കേഡറ്റുകള്‍ എന്ന രീതിയിലാണ് അവിടത്തെ ക്യാമ്പി ല്‍ ഞങ്ങളെ താമസിപ്പിച്ചത്. കലാപരിപാടി നന്നാക്കാനുള്ള പരിശീലനത്തിനിടെ ഒരു പ്രഭാതത്തില്‍ എന്റെ ടെന്റിലെ ഒരാള്‍ക്കുകൂടി ചിക്കന്‍ പോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അതോടെ എനിക്കും പരിഭ്രമമായി. 'വലിയ ഒരവസരമാണ് ഇവിടെ പാടുകയെന്നത്.

അതു നിഷേധിക്കരുതേ ദൈവമേ' എന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. പരിപാടിയുടെ തലേന്ന് ടെന്റിലെ രണ്ടുപേര്‍ക്കുകൂടി അസുഖം ബാധിച്ചതോടെ രോഗമില്ലാത്തവരുടെ എണ്ണം മൂന്നായി ചുരുങ്ങി. അതില്‍ രണ്ടുപേര്‍ക്ക് മുമ്പു വന്നിട്ടുള്ളതിനാല്‍ ഇനി വരില്ല. അവശേഷിക്കുന്ന ഒരാള്‍ ഞാനാണ്. ശരീരമാസകലം ഞാന്‍ ഒന്നുകൂടി നോക്കി. ഇല്ല... ഒരു കുഴപ്പവുമില്ല.

പിറ്റേന്ന് ഞങ്ങളുടെ ടീം പരിപാടികളില്‍ പങ്കെടുത്തു. റിസല്‍ട്ട് വന്നപ്പോള്‍ എല്ലാത്തിനും ഒന്നാംസ്ഥാനം. പത്തു വര്‍ഷത്തിനു ശേഷമാണ് അത്തവണ കേരളം ഓവറോള്‍ ചാമ്പ്യന്മാരായത്.

ഡല്‍ഹിയില്‍നിന്നു തിരിച്ചെത്തിയ ഞാന്‍ മുറ്റത്തു മാറിനിന്ന് അമ്മയോടു പറഞ്ഞു: 'അമ്മേ, എന്റെ കൂട്ടുകാര്‍ക്കൊക്കെ ചിക്കന്‍പോക്‌സാണ്. എനിക്കും വരാം. ഒരു ബക്കറ്റ് ചൂടുവെള്ളം പുറത്തേക്കു താ... കുളിച്ചിട്ടേ ഞാന്‍ കയറുന്നുള്ളൂ.'

അതിനുശേഷം ഒന്നും സംഭവിച്ചില്ല. ഒമ്പതു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് ആദ്യത്തെ അമേരിക്കന്‍ പ്രോഗ്രാമിന് അവസരം കിട്ടി. അവിടെ മൂന്നു പരിപാടികള്‍ വിജയകരമായപ്പോള്‍ എല്ലാവര്‍ക്കും ആവേശം.

അതിന്റെ ആഘോഷത്തില്‍ പങ്കെടുത്ത് മുറിയില്‍ ചെന്നു കിടന്ന എനിക്ക് ചെറിയൊരു ശരീരവേദന തോന്നി. എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കിയപ്പോള്‍ കഴുത്തിനു താഴെയായി രണ്ടുകുരുക്കള്‍! രാവിലെയായപ്പോഴേക്കും വേദന കൂടി. കുരുക്കള്‍ പലയിടത്തേക്കും വ്യാപിച്ചു.

ഡോക്ടര്‍ വന്ന് ചിക്കന്‍പോക്‌സാ ണെന്ന് സ്ഥിരീകരിച്ചപ്പോള്‍ ഞാന്‍ ഞെട്ടി. ഇനിയും ഏഴുസ്ഥലത്ത് പരിപാടിയുണ്ട്. എന്റെ സ്വപ്നം പൊലിയുകയാണോ? സ്‌പോണ്‍സറുടെ വീടിന്റെ ബേസ്‌മെന്റില്‍ എനിക്ക് താമസം അനുവദിച്ചു. ശരീരം നുറുങ്ങുന്ന വേദനയുമായി ഒറ്റയ്ക്ക് ഒരു മുറിയില്‍...

എന്റെ നിരാശ കണ്ടപ്പോള്‍ സ്‌പോണ്‍സര്‍ ഒരു തീരുമാനമെടുത്തു. ''അവസാനദിവസത്തെ പരിപാടിയില്‍ സുദീപ് പാടട്ടെ.''
രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലും ആ ദിവസം ഞാന്‍ പാടാന്‍ പോയി. പ്രോഗ്രാമിലെ അവസാനപാട്ടായിരുന്നു എന്റേത്. സ്‌റ്റേജിലേക്കു കയറി മ്യൂസിക് ഉയരുമ്പോള്‍ ഞാന്‍ ലയിച്ചുപാടി.

'നെഞ്ചുടുക്കിന്റെ താളത്തുടിപ്പില്‍
നൊമ്പരങ്ങള്‍ പാടാം ഞാന്‍...'
പാടിത്തീര്‍ന്ന് യവനിക വീഴുമ്പോ ള്‍ അല്‍പ്പം പുറകിലായി കലാഭവന്‍ ഷാജോണ്‍ ചേട്ടനൊക്കെ വന്നുനിന്ന് പൊട്ടിക്കരയുന്നുണ്ടായിരുന്നു. അപ്പോ ള്‍ എന്റെ കണ്ണും നിറഞ്ഞുതൂവി.

തയ്യാറാക്കിയത്:ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW