Thursday, July 04, 2019 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 01 Mar 2018 02.29 PM

ഹൃദ്രോഗികള്‍ക്ക് രക്തദാനം ചെയ്യാമോ ?

ഹൃദയപൂര്‍വം
uploads/news/2018/03/196470/askdrheart010318a.jpg

നെഞ്ചില്‍ അസഹ്യമായ വേദന


ഞാനിക്ക് 45 വയസ്. കൃത്യമായി വ്യായാമം ചെയ്യാറുണ്ട്. രാവിലെയും വൈകിട്ടും നടക്കാറുണ്ട്. ക്രിക്കറ്റും ഫുട്‌ബോളും കളിക്കും. ഇപ്പോള്‍ ഇടയ്ക്ക് നെഞ്ചില്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നു. ഏറെ നേരം കഴിഞ്ഞാല്‍ വേദന തനിയേ മാറും. ഇതു തുടങ്ങിയിട്ട് ഒന്നര മാസമായി. എനിക്ക് ഹൃദ്രോഗത്തിന്റെ ആരംഭമാണോ? പരിശോധന നടത്തണോ?
------- ഹരീഷ് , കായംകുളം

വ്യായാമത്തിന്റെ അത്ഭുത സിദ്ധികളെപ്പറ്റി പലര്‍ക്കും അറിയില്ല. ഇത്രയേറെ ആത്മാര്‍ഥമായി വ്യായാമം ചെയ്യുന്ന നിങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ്. പ്രഷര്‍, കൊളസ്‌ട്രോള്‍, പ്രമേഹം, സ്‌ട്രെസ് ഇവയെല്ലാം നല്ലൊരു പരിധിവരെ സന്തുലിതമാക്കാന്‍ കൃത്യവും ഉര്‍ജസ്വലവുമായ വ്യായാമ മുറകളുടെ പ്രയോജനം ഏറെയാണ്.

പതിവായി വ്യായാമം ചെയ്യുന്ന ഒരു അറുപതുകാരന്റെ ഹൃദയത്തിന് വ്യായാമം ചെയ്യാത്ത ഒരു ഇരുപതുകാരന്റെ ഹൃദയത്തോട് കിടപിടിക്കുന്ന ആരോഗ്യമുണ്ടെന്നാണ് പറയാറ്. വ്യായാമം ശരീരത്തിലെ എല്ലാ ഊര്‍ജസ്രോതസുകളെയും പ്രോജ്വലമാക്കുന്നു. താങ്കളുടെ നെഞ്ചിലെ വേദന ഹൃദ്രോഗ സംബന്ധമകാന്‍ സാധ്യത കുറവാണ്.

ഇത്രയധികം വ്യായാമം ചെയ്യുന്ന താങ്കളുടെ രക്തത്തിലെ കൊളസ്‌ട്രോള്‍, പഞ്ചസാര ഇവയുടെ നിലവാരം എല്ലാം അളന്നു തിട്ടപ്പെടുത്തണം. 45 വയസായ സ്ഥിതിക്ക് തീര്‍ച്ചയായും പരിശോധനകള്‍ നടത്തണം. ട്രെഡ്മില്‍ പരിശോധന നടത്തണം. ഇത് വര്‍ഷത്തില്‍ ഒരു തവണ നടത്തണം.

കൂടാതെ മറ്റ് അപകടഘടകങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കണം. കൃത്യമായി രക്തത്തിലെ കൊളസ്‌ട്രോള്‍, ഗ്ലൂക്കോസ്, രക്തസമ്മര്‍ദം എന്നിവ അളന്നു നോക്കണം. അമിതഭാരം ഉണ്ടെങ്കില്‍ കുറയ്ക്കണം. ഭക്ഷണം സമീകൃതമാകണം. ജോലി സ്ഥലത്തെയും വീട്ടിലെയും സ്ട്രസ് കുറയ്ക്കണം.

ഹൃദ്രോഗികള്‍ക്ക് രക്തദാനം ചെയ്യാമോ


ഞാനൊരു ഹൃദ്രോഗിയാണ്. 45 വയസ്. ഏതാനും വര്‍ഷം മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. അതേത്തുടര്‍ന്ന് സ്‌റ്റെന്റ് ഉപയോഗിക്കേണ്ടിവന്നു. കോളജ് പഠനകാലത്ത് പതിവായി രക്തദാനം നടത്തിയിരുന്നു. ഹൃദ്രോഗമുള്ള എനിക്ക് ഇപ്പോള്‍ രക്തം ദാനം ചെയ്യാനാവുമോ? എന്നെപ്പോലെ രക്തദാനത്തിന് താല്‍പര്യമുള്ള ഹൃദയത്തിന് തകരാറുള്ളവര്‍ വേറെയും പരിചയത്തിലുണ്ട്.
------ രതീഷ് സോമന്‍ , വയനാട്

ശരീരത്തിന്റെ ആകമാനമുള്ള ആരോഗ്യനിലവാരം അനുയോജ്യമെങ്കില്‍ രക്തദാനം ചെയ്യാം. ഹൃദയാഘാതം ഉണ്ടാവുകയും ആന്‍ജിയോപ്ലാസ്റ്റിയും സ്‌റ്റെന്റ് നിക്ഷേപവും നടത്തിയ ഒരാള്‍ക്ക് രക്തദാന നിഷിദ്ധമല്ല. എന്നാല്‍ ഇത് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാവാന്‍ ശ്രദ്ധിക്കണം. സ്ഥിരമായി രക്തം ദാനം ചെയ്യുന്ന രീതി വേണ്ട.

എത്രയായാലും താങ്കള്‍ക്ക് ഹാര്‍ട്ടറ്റാക്ക് ഉണ്ടായി. അതിന് ആന്‍ജിയോ പ്ലാസ്റ്റിയും സ്‌റ്റെന്റും അത്യാവശ്യമായി വന്നു. പ്രാണവായുവും മറ്റ് പോഷക പദാര്‍ഥങ്ങളും രക്തത്തിലൂടെയാണ് ശരീരത്തിന്റെ നാനാഭാഗങ്ങളിലെത്തിച്ചേരുന്നത്. അതിനായി പരിക്കേറ്റ ഹൃദയം സ്ഥിരമായി പമ്പു ചെയ്യുകയും വേണം. അപ്പോള്‍ രക്തത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നത് ശരിയല്ല.

എന്നുകരുതി ഒരു പ്രാവശ്യം രക്തം കൊടുക്കുന്ന അളവ് ശരീരത്തില്‍ ഉണ്ടാകുന്നില്ല എന്നല്ല. കൊടുക്കുന്ന രക്തത്തിന്റെ അളവ് താമസിക്കാതെ പരിഹരിക്കപ്പെടുന്ന സംവിധാനമാണ് ശരീരത്തിലുള്ളത്. എന്നിരുന്നാലും ശരീരത്തിന് ആഘാതമേറ്റ വ്യക്തി പ്രത്യേകിച്ച് ഹൃദ്രോഗി സ്ഥിരമായി രക്തം ദാനം ചെയ്യുന്നത് അഭികാമ്യമല്ല.

തടയാന്‍ മാര്‍ഗങ്ങള്‍


ഹൃദ്രോഗത്തെ എല്ലാവരും ഭീതിയോടെയാണ് കാണുന്നത്. ലക്ഷണങ്ങള്‍ ഒന്നുംതന്നെ പ്രകടിപ്പിക്കാതെ ഏതു നിമിഷവും കടന്നു വരാവുന്ന ഭീകരന്‍! എന്നാല്‍ ഈ രോഗാവ്‌സ്ഥയെ പൂര്‍ണമായും തടയാന്‍ മാര്‍ഗങ്ങള്‍ ഉണ്ടാവില്ലേ? ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ ഹൃദ്രോഗം തടയാമെന്നൊക്കെ വായിച്ചിട്ടുണ്ട്. എങ്ങനെ ഹൃദ്രോഗത്തെ പടിക്കു പുറത്തു നിര്‍ത്താം?
----- ആന്‍സ് , മുക്കം

താങ്കളുടെ കത്ത് പ്രസക്തമാണ്. നിത്യജീവിതത്തില്‍ അഞ്ച് കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിയാല്‍ 80 - 85 ശതമാനം ഹൃദ്രോഗം തടയാന്‍ സാധിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

1. മുന്‍കരുതല്‍ ചെറുപ്പത്തിലേ തുടങ്ങണം. ഹാര്‍ട്ടറ്റാക്കിന് ഏതാനും ആഴ്ചകള്‍ മുമ്പാണ് ഹൃദയധമനികളില്‍ ബ്ലോക്കുണ്ടായത് എന്ന് ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. ഗര്‍ഭാവസ്ഥയില്‍ തന്നെ മാതാവിന്റെ ജീവിതക്രമവും പോഷകനിലവാരവും അടിസ്ഥാനമാക്കി ജനിതകമായ മാര്‍ഗരേഖകള്‍ കുട്ടിയില്‍ കുറിച്ചിടുകയാണ്. കുട്ടി ജനിച്ചു കഴിഞ്ഞ് വികലമായ ജീവിത-ഭക്ഷണചര്യകളിലേയ്ക്ക് വഴിതെറ്റി വീണാല്‍ ഹൃദയധമനികളില്‍ ചെറുപ്പത്തിലേ ജരിതാവസ്ഥയുണ്ടായിത്തുടങ്ങുന്നു.

2. ആപത്ഘടകങ്ങളുണ്ടോയെന്നറിയണം, ഉണ്ടെങ്കില്‍ നിയന്ത്രിക്കണം. പഥ്യമായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവും പുകയില വിമുക്ത ജീവിതവും ആണ് പ്രധാനം. ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്ള ഭക്ഷണശൈലി അവലംബിക്കണം. ശരീരഭാരം നിയന്ത്രിക്കണം. പ്രഷര്‍, പ്രമേഹം, കൊളസ്റ്ററോള്‍ തുടങ്ങിയവ ക്രമീകരിക്കണം. മനോനില സന്തുലിതമാക്കണം.

3. രോഗലക്ഷണങ്ങള്‍ അറിയണം. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞാലേ അവയുണ്ടാകുമ്പോള്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്താന്‍ പറ്റൂ.

4. പ്രതിരോധത്തിന് മരുന്നുകള്‍: ഹൃദ്രോഗത്തെ ഒരു പരിധി വരെ തടയാന്‍ കഴിയുന്ന പല ഔഷധങ്ങളും സുലഭമാണ്. സ്റ്റാറ്റിന്‍, വിറ്റാമിന്‍-ഡി, ആസ്പിരിന്‍, ഫോളിക് ആസിഡ് തുടങ്ങിയ മരുന്നുകള്‍ ഏറെ പ്രയോജനം ചെയ്യും. ഇവ രോഗാതുരത കുറച്ച് ഹൃദ്രോഗത്തെ നിയന്ത്രിക്കുന്നു.

5. ഹൃദ്രോഗസാധ്യത മുന്‍കൂട്ടിയറിയുക: ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി അറിയാന്‍ വഴികളുണ്ടെങ്കില്‍ പ്രതിരോധമാര്‍ഗ്ഗങ്ങളും സമയോചിതമായി അവലംബിക്കാന്‍ സാധിക്കും. പ്രത്യേക 'ഹൃദ്രോഗ സൂചകങ്ങള്‍' രോഗസാധ്യതയെ വ്യക്തമാക്കുന്നു. ലൈപ്പോപ്രോട്ടീന്‍-എ, എന്‍.റ്റി.പ്രൊ.ബി.എന്‍.പി., സി.ആര്‍.പി., എച്ച്.ഡി.എല്‍., ട്രോപോനിന്‍, ധമനികളിലെ കാല്‍സ്യം സ്‌കോര്‍ ഇവയെല്ലാം മുന്‍കൂട്ടി പരിശോധിച്ചു തിട്ടപ്പെടുത്തിയാല്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കാലേകൂട്ടി ആരംഭിക്കുവാന്‍ സാധിക്കും.

ഹൃദ്രോഗം ഒഴിവാക്കാന്‍


ഞാനൊരു പ്രമേഹ രോഗിയാണ്. 50 വയസ്. 12 വര്‍ഷമായി ഇന്‍സുലിന്‍ എടുക്കുന്നു. ഇപ്പോള്‍ രോഗം നിയന്ത്രണവിധേയമാണ്. പ്രമേഹ രോഗികള്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യതയുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. ഹൃദ്രോഗം വരാതിരിക്കാന്‍ ഞാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണം.
------ സോമനാഥന്‍ ,കോതമംഗലം

പലതവണ ഈ പംക്തിയില്‍ തന്നെ മറുപടി നല്‍കിയിട്ടുള്ള ചോദ്യമാണിത്. എങ്കിലും പ്രമേഹവും ഹൃദ്രോഗവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ വായനക്കാരുടെ ഭാഗത്തു നിന്നും വരുന്നതിനാല്‍ ഉത്തരം കുറിക്കാം. ആദ്യമേതന്നെ പറയട്ടെ, പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗമുണ്ടാകുവാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് നാലിരട്ടിയാണ്.

ലോകത്ത് ഏകദേശം 20 കോടി പ്രമേഹരോഗികളുണ്ടെന്നാണ് കണക്ക്. ദീര്‍ഘനാളുകളായുള്ള പ്രമേഹ രോഗം ശരീരത്തിലാകമാനമുള്ള ധമനികളില്‍ ജരിതാവസ്ഥയുണ്ടാക്കുന്നു. ഹൃദയധമനികള്‍, മസ്തിഷ്‌ക്കധമനികള്‍, കണ്ണ്, വൃക്കകള്‍, നാഡീവ്യൂഹം തുടങ്ങിയ അവയവങ്ങളിലെ രക്തക്കുഴലുകള്‍ ഇവയിലെല്ലാം ജരിതാവസ്ഥയും തുടര്‍ന്ന് ബ്ലോക്കും ഉണ്ടാക്കുന്നു.

ധമനികളുടെ ഘടനതന്നെ വികലമാകുന്നു. അതുകൊണ്ടാണ് പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗം, മസ്തിഷ്‌ക്കാഘാതം, വൃക്കരോഗം, അന്ധത തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നത്. ഡയാലിസിസിന് വിധേയരാകുന്ന 70 ശതമാനം രോഗികളും പ്രമേഹമുള്ളവരാണ്. പ്രമേഹരോഗികളില്‍ കൊളസ്‌ട്രോളും ഉപഘടകങ്ങളും വര്‍ധിച്ചുകാണും.

അവ കണ്ടുപിടിച്ച് ചികിത്സാവിധേയമാക്കണം. ഭക്ഷണക്രമീകരണം, വ്യായാമം, ഔഷധചികിത്സ തുടങ്ങിയവകൊണ്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിയന്ത്രിക്കണം. കൃത്യകാലയളവില്‍ ഇ.സി.ജി, ട്രെഡ്മില്‍ ടെസ്റ്റ്, എക്കോകാര്‍ഡിയോഗ്രാം തുടങ്ങിയ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യണം.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍ , എറണാകുളം

Ads by Google
Ads by Google
Loading...
TRENDING NOW