Wednesday, January 30, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Feb 2018 04.27 PM

കുഞ്ഞ് സംസാരിക്കാന്‍ വൈകുമ്പോള്‍

uploads/news/2018/02/196187/PARENTING280218.jpg

''ചെറുപ്രായം മുതല്‍ നന്നായി സംസാരിക്കുന്ന കുഞ്ഞുങ്ങളുണ്ട്. എന്നാല്‍ ചുരുക്കം കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ വൈകാറുണ്ട്. സംസാരിക്കാന്‍ വൈകുന്ന കുഞ്ഞുങ്ങളെ സംസാരിപ്പിക്കാനുള്ള ചില മാര്‍ഗങ്ങള്‍...''

ഇക്കാലത്ത് ഇടതടവില്ലാതെ കലപിലയെന്ന് സംസാരിക്കുന്ന മിടുക്കരെ കാണാം. സാധാരണയായി ഒരു വയസ്സെത്തുമ്പോഴേ അമ്മ, അച്ഛന്‍ എന്നീ വാക്കുകളെല്ലാം കുഞ്ഞ് പറഞ്ഞുതുടങ്ങും. രണ്ട് വയസ്സാകുമ്പോഴേക്കും വാക്കുകള്‍ വാചകങ്ങളാവും. മൂന്നു വയസ്സെത്തിയാല്‍ നിര്‍ത്താതെ സംസാരിച്ചുതുടങ്ങും.

എന്നാല്‍ ചില കുഞ്ഞുങ്ങള്‍ മൂന്നു വയസ്സായാ ലും സംസാരിച്ചു തുടങ്ങാറില്ല. ഇത് മാതാപിതാക്കള്‍ക്കു ചില്ലറ ടെന്‍ഷനൊന്നുമല്ല സൃഷ്ടിക്കുന്നത്. ഈ വിഷമാവസ്ഥകള്‍ക്കിടയില്‍ മാതാപിതാക്കള്‍ മക്കളെ സ്പീച്ച് തെറാപ്പിസ്റ്റിന്റെയടുത്തും മറ്റും കൊണ്ടു പോകും.

എന്നാല്‍ ഇത്തരം തീരുമാനങ്ങളെടുക്കും മുമ്പ് വീട്ടില്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് പരിശീലനം നല്‍കി നോക്കാവുന്നതേയുള്ളൂ. ഈ പരിശീലനങ്ങള്‍ക്കൊടുവില്‍ പ്രതീക്ഷിക്കുന്ന റിസള്‍ട്ടും കിട്ടാനിടയുണ്ട്.

നിര്‍ത്താതെ സംസാരിക്കാം


കുട്ടി ഒന്നും തിരിച്ച് പറയുന്നില്ലെങ്കിലും അവരോട് നിര്‍ത്താതെ സംസാരിക്കാം. ഭംഗിയുള്ള ഉടുപ്പിനെക്കുറിച്ചോ, മുറ്റത്തു നില്‍ക്കുന്ന പൂവിനെക്കുറിച്ചോ, രാവിലെ കഴിച്ച ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചോ എന്നു വേണ്ട കുഞ്ഞുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കാം. ഇതെല്ലാം അവര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ചെറിയ വാക്കുകളിലൂടെ ആയിരിക്കണമെന്ന് മാത്രം. പലപ്പോഴും ഇത്തരം സംസാരത്തിനൊടുവില്‍ കുഞ്ഞ് സന്തോഷത്തോടെ തിരിച്ച് മറുപടി നല്‍കാറുണ്ട്.

പാട്ടിലൂടെ വാക്കുകളെയറിയാം


നെടുനീളത്തിലുള്ള വാചകങ്ങളേക്കാള്‍ കുഞ്ഞിന് പ്രിയം കേള്‍ക്കാന്‍ രസമുള്ള പാട്ടുകളായിരിക്കും. നഴ്‌സറി പാട്ടുകളോ അല്ലെങ്കില്‍ സിനിമാഗാനങ്ങളോ പാടി അതിലെ വാക്കുകള്‍ പറയിപ്പിക്കാം.

സര്‍ഗ്ഗാത്മകത വര്‍ദ്ധിപ്പിക്കാം


ചിത്രങ്ങള്‍ വരയ്ക്കാന്‍ സഹായിക്കുകയോ, ചിത്രങ്ങള്‍ക്ക് നിറം നല്‍കുകയോ, പടങ്ങള്‍ വെട്ടി യഥാസ്ഥാനത്ത് ഒട്ടിക്കുകയോ ചെയ്യാന്‍ കുഞ്ഞിനെ പ്രേരിപ്പിക്കാം. ഇതോടൊപ്പം കുഞ്ഞിന് ഏറെയിഷ്ടപ്പെടുന്ന കഥകള്‍ പറഞ്ഞു നല്‍കാം. കഥയിലെ കഥാപാത്രങ്ങളിലൂടെ അവര്‍ വാക്കുകളെ അടുത്തറിയട്ടെ.
uploads/news/2018/02/196187/PARENTING280218a.jpg

കൂട്ടുകാരെ സ്വന്തമാക്കട്ടെ


കളിപ്പാട്ടങ്ങള്‍ക്കൊപ്പം വീടിനുള്ളില്‍ ചുരുണ്ടുകൂടിയിരിക്കുന്നൊരു കുഞ്ഞിനെക്കാ ള്‍ എന്തുകൊണ്ടും മിടുക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്ന കുഞ്ഞാണ്. മറ്റ് കുഞ്ഞുങ്ങളുമായുള്ള കളിയും ചിരിയുമെല്ലാം ആശയവിനിമയശേഷി വര്‍ദ്ധിക്കാന്‍ സഹായിക്കും.

എവിടേയും ഒപ്പം കൂട്ടാം


പുറത്തുപോകുമ്പോള്‍ കുഞ്ഞിനെ വീട്ടിലിരുത്തി പോകുന്നവരുണ്ട്. ആ ശീലമൊന്ന് മാറ്റി നോക്കൂ. മാര്‍ക്കറ്റിലും മറ്റുമായി പുറത്തുപോകുമ്പോള്‍ കുഞ്ഞിനേയും ഒപ്പം കൂട്ടുക. മാര്‍ക്കറ്റിലെത്തി അവിടെ കാണുന്ന കാഴ്ചകള്‍ കുഞ്ഞുമായി പങ്കുവയ്ക്കാം. പോകുന്ന വഴിക്കുള്ള കാഴ്ചകളെക്കുറിച്ച് വിശദീകരിച്ച് നല്‍കാം. സുഹൃത്തുക്കളെ പരിചയപ്പെടുത്താം. ഇതുവഴി കുഞ്ഞും നന്നായി സംസാരിക്കാന്‍ പ്രാപ്തി നേടും.

പദസമ്പത്ത് വര്‍ദ്ധിപ്പിക്കാം


കുഞ്ഞുങ്ങള്‍ക്ക് ഓരോ ദിവസവും ഓരോ പുതിയ വാക്ക് പറഞ്ഞുകൊടുക്കണം. ഉദാഹരണത്തിന്, അതൊരു കുളമാണ്. ആ കുളത്തില്‍ നിറയെ മീനുകളും തവളകളുമെല്ലാമുണ്ട്. മീനുകള്‍ക്ക് വെള്ളത്തില്‍ മാത്രമേ ജീവിക്കാനാകൂ. തവളകള്‍ക്ക് വെള്ളത്തിലും കരയിലും ജീവിക്കാനാവും.. ഇങ്ങനെ തുടങ്ങി പല കാര്യങ്ങളെക്കുറിച്ചും കുഞ്ഞിന് വിശദീകരിച്ച് നല്‍കാം.

മനസ്സിലാകാത്തത് പറഞ്ഞുനല്‍കാം


പലപ്പോഴും മറ്റൊരാള്‍ പറയുന്നത് കുഞ്ഞിന് മനസ്സിലാവണമെന്നില്ല. അതുകൊണ്ട് കുഞ്ഞിന്റെ ഭാഷയില്‍ അതെക്കുറിച്ച് നന്നായി പറഞ്ഞു കൊടുക്കാം. കെട്ടിടം, അയല്‍ക്കാരന്‍, ജോലി, പാചകം തുടങ്ങിയ വാക്കുകളെ കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ വാക്കുകളില്‍ തുടക്കം മുതല്‍ പരിചയപ്പെടുത്തി നല്‍കുക.

ടെലിവിഷനും ഗുണങ്ങളുണ്ട്


ടിവി അമിതമായി കാണുന്നത് അത്ര നന്നല്ല. എന്നാല്‍ അതിന് ചില നല്ല വശങ്ങളുമുണ്ട്. കുട്ടികളോട് ചോദ്യം ചോദിക്കുന്ന രീതിയിലുള്ള, അവരെക്കൊണ്ട് ഉത്തരം പറയിപ്പിക്കുന്ന തരത്തിലുള്ള പരിപാടികള്‍ ടിവിയില്‍ കാണിക്കാം.

കളിയാക്കാതിരിക്കുക


ചില കുട്ടികള്‍ക്ക് ഴ, ഞ എന്നീ വാക്കുകള്‍ ശരിയായ വിധത്തില്‍ ഉച്ചരിക്കാന്‍ സാധിക്കാറില്ല. അതുകൊണ്ട് അവര്‍ പലപ്പോഴും പയം(പഴം),പുയ(പുഴ), വയി(വഴി) എന്നിങ്ങനെയാകും പറയാറുള്ളത്. ഇത് കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളെ കളിയാക്കുകയോ വഴക്കുപറയുകയോ ചെയ്യരുത്. പകരം അവര്‍ക്ക് വാക്കുകള്‍ പഠിക്കാന്‍ അല്പം സമയം കൊടുക്കുക. കളിയാക്കലും കുറ്റപ്പെടുത്തലുമെല്ലാം കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയേ ഉള്ളൂ.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Loading...
TRENDING NOW