Sunday, September 09, 2018 Last Updated 29 Min 43 Sec ago English Edition
Todays E paper
Ads by Google
അമ്പിളി പുലിയന്നൂര്‍
Wednesday 28 Feb 2018 10.16 AM

വരുത്തിവച്ചത് മൂന്നിരട്ടി നഷ്ടം; കെ.എസ്.ആര്‍.ടി.സി ട്രാവല്‍ കാര്‍ഡ് നിര്‍ത്തി

ട്രാവല്‍ കാര്‍ഡ് പദ്ധതി വഴി കെ.എസ്.ആര്‍.ടി.സിക്കുണ്ടാകുന്ന നഷ്ടം മൂന്നിരട്ടിയായിരുന്നു. കാര്‍ഡുമായി യാത്ര ചെയ്യുന്ന യാത്രക്കാരന്‍ പത്തു ദിവസം കൊണ്ടുതന്നെ കാര്‍ഡിന്റെ പരിധിക്കുള്ള യാത്ര ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. പിന്നീടുള്ള ദിവസങ്ങളിലെ യാത്ര കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍
KSRTC

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പുതുതായി ട്രാവല്‍ കാര്‍ഡ് വിതരണം ചെയ്യുന്നത് നിര്‍ത്തി. പുതിയ ബസ് ചാര്‍ജ്ജ് നിലവില്‍ വരുന്നതിനാലാണ് കാര്‍ഡ് വിതരണം നിര്‍ത്തിയതെന്നെ ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ചീഫ് ട്രാഫിക്ക് മാനേജരുടെ ഉത്തരവില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സിക്കു ട്രാവല്‍ കാര്‍ഡ് ബാധ്യത ആകുന്നുവെന്നും പിന്‍വലിക്കാന്‍ നീക്കമെന്നും 'മംഗളം' മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.നഷ്ടത്തിന്റെ റൂട്ടില്‍ നിന്ന് ലാഭത്തിന്റെ റൂട്ടിലേക്ക് കെ.എസ്.ആര്‍.ടി.സി.യെ മാറ്റി ഓടിക്കാന്‍ മാനേജ്‌മെന്റ് കൊണ്ടുവന്ന പുന:രുദ്ധാരണ പാക്കേജിലെ മറ്റൊരു നിര്‍ദേശവും കൂടി ഇതോടെ പിന്‍വലിക്കപ്പെട്ടിരിക്കുകയാണ്.

യാത്രക്കാരെ ആകര്‍ഷിക്കാന്‍ കൊണ്ടുവന്ന ട്രാവല്‍ കാര്‍ഡ് പക്ഷേ കോര്‍പ്പറേഷന് വന്‍ ബാധ്യത ആയിരുന്നു. കാര്‍ഡ് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നു മാത്രമല്ല വരുമാനം നഷ്ടം ഉണ്ടാകുകകൂടി ചെയ്തതോടെ ഏറെ കൊട്ടി ഘോഷിച്ചു കൊണ്ടു വന്ന ട്രാവല്‍ കാര്‍ഡ് പദ്ധതി കോര്‍പ്പറേഷന്‍ പിന്‍വലിച്ചത്.ട്രാവല്‍ കാര്‍ഡ് യാത്രക്കാര്‍ക്ക് പ്രയോജനമാണെങ്കിലും കെ.എസ്.ആര്‍.ടി.സിക്ക് വന്‍ നഷ്ടമാണെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തല്‍. യാത്രക്ക് സ്ഥിരമായി കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചിരുന്നവര്‍ മാത്രമാണ് കാര്‍ഡ് വാങ്ങിയിരിക്കുന്നത്. പുതുതായി ആരും കാര്‍ഡ് വാങ്ങാത്തതിനാല്‍ ഉള്ള വരുമാനത്തില്‍ കുറവുണ്ടായെന്നാണ് വിലയിരുത്തല്‍. മാത്രവുമല്ല ഉദ്ദേശിച്ചതുപോലെ കാര്‍ഡിന് ആവശ്യക്കാര്‍ ഉണ്ടാകാത്തും കാര്‍ഡ് പിന്‍വലിക്കാന്‍ കാരണമായിട്ടുണ്ട്.

1000 രൂപയുടെ ബ്രോണ്‍സ് കാര്‍ഡ്, 1500 രൂപയുടെ സില്‍വര്‍ കാര്‍ഡ്, 3000 രൂപയുടെ ഗോള്‍ഡ് കാര്‍ഡ്, 5000 രൂപയുടെ പ്രിമിയം കാര്‍ഡ് എന്നിങ്ങനെയായിരുന്നു കോര്‍പ്പറേഷന്‍ ട്രാവല്‍ കാര്‍ഡുകള്‍ പുറത്തിറക്കിയിരുന്നത്. ജില്ലക്കുള്ളിലെ സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി എന്നീ സര്‍വീസുകളില്‍ കയറാന്‍ ബ്രോണ്‍സ് കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. സില്‍വര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ്, ടൗണ്‍ ടു ടൗണ്‍ ഓര്‍ഡിനറി, ജന്റം നോണ്‍ എ.സി സര്‍വീസുകളില്‍ യാത്ര ചെയ്യാം. ഗോള്‍ഡ് കാര്‍ഡില്‍ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ്, ടി.ടി, സിറ്റി, സിറ്റി ഫാസ്റ്റ്, ജന്റം നോണ്‍ എ.സി എന്നീ സര്‍വീസുകളിലും, പ്രീമിയം കാര്‍ഡുകള്‍ ജന്റം എ.സി, ജന്റം നോണ്‍ എ.സി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ്, ടി.ടി, സിറ്റി, സിറ്റി ഫാസ്റ്റ് എന്നീ ബസുകളിലുമാണ് ഉപയോഗിക്കുന്നത്. ഒരുമാസം കാര്‍ഡുപയോഗിച്ച് യാത്ര നടത്താം. കാര്‍ഡ് കൈവശമുള്ള യാത്രക്കാരന് അനുവദിച്ചിട്ടുള്ള ബസില്‍ ഒരുദിവസം എത്രതവണ വേണമെങ്കിലും യാത്ര നടത്താമായിരുന്നു. കാലാവധി തീരുന്ന കാര്‍ഡുകള്‍ ഇനി പുതുക്കി നല്‍കുകയുമില്ല.

സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ട്രാവല്‍ കാര്‍ഡുകള്‍ ലഭ്യമാക്കിയതോടെ നിരവധി പേര്‍ ഈ സൗകര്യം ഉപയോഗിച്ചു തുടങ്ങിയിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കാര്‍ഡ് വിറ്റഴിക്കപ്പെട്ടത്. ട്രാവല്‍ കാര്‍ഡ് പദ്ധതി വഴി കെ.എസ്.ആര്‍.ടി.സിക്കുണ്ടാകുന്ന നഷ്ടം മൂന്നിരട്ടിയായിരുന്നു. കാര്‍ഡുമായി യാത്ര ചെയ്യുന്ന യാത്രക്കാരന്‍ പത്തു ദിവസം കൊണ്ടുതന്നെ കാര്‍ഡിന്റെ പരിധിക്കുള്ള യാത്ര ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. പിന്നീടുള്ള ദിവസങ്ങളിലെ യാത്ര കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കൂടാതെ യാത്രക്കാരുടെ ശരാശരി എണ്ണത്തില്‍ വര്‍ധയുണ്ടായിട്ടില്ല. നിലവില്‍ 26-30 ലക്ഷം യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നുണ്ട്.

എന്നാല്‍ ഓരോതവണ യാത്ര ചെയ്യുമ്പോഴും അതിനുള്ള തുക കുറയുന്ന തരത്തിലായിരിക്കണം കാര്‍ഡ് നല്‍കേണ്ടതെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ നിര്‍ദേശം. എന്നാല്‍ സിംഗില്‍ ഡ്യൂട്ടി കാര്യത്തിലെന്ന പോലെതന്നെ ഇക്കാര്യത്തിലും ജീവനക്കാരെ മുഖവിലക്കെടുക്കാതെ മാനേജ്‌മെന്റ് നടപ്പാക്കിയ തീരുമാനമാണ് കോര്‍പ്പറേഷന് മറ്റൊരു ബാധ്യത കൂടി ആയതിനെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ടത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW