Tuesday, June 18, 2019 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Feb 2018 04.20 PM

അമ്പതുകളിലും അതിസുന്ദരിയായിരിക്കാന്‍...

''പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതോടൊപ്പം യോഗ ചെയ്യുന്നത് നമ്മെ ഊര്‍ജസ്വലരാക്കും.''
uploads/news/2018/02/195884/Weeklyhelthbeuty270218.jpg

ആരാണ് സുന്ദരിയാകാന്‍ ആഗ്രഹിക്കാത്തത്? എന്നാല്‍ വെറുതെയങ്ങ് സുന്ദരിയാകാന്‍ പറ്റുമോ? സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി കിണഞ്ഞ് പരിശ്രമിക്കുന്നവര്‍ എപ്പോഴും ഒരു കാര്യം ശ്രദ്ധിക്കുക.

രാസവസ്തുക്കള്‍ മുഖത്ത് ഉപയോഗിക്കുന്നതുകൊണ്ടോ, ദിവസവും ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങുന്നതു കൊണ്ടോ അര്‍ത്ഥമില്ല. കൗമാരകാലത്തും പ്രായം അമ്പതിനോടടുക്കുമ്പോഴും സൗന്ദര്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണ്. ഈ കാലത്തു സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുമെന്നതാണ് ഇതിനുകാരണം.

ആര്‍ത്തവം ആരംഭിക്കുന്ന സമയത്തും ആര്‍ത്തവ വിരാമം ഉണ്ടാകുന്ന കാലത്തുമാണു ചര്‍മത്തിന് ഏറ്റവുമധികം പരിചരണം നല്‍കേണ്ടത്. ചിട്ടയായ വ്യായാമത്തോടൊപ്പം ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക.

ആരോഗ്യകരമായ ജീവിതശൈലിയിലൂടെ പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും ബ്ലാക്ക് ഹെഡ്, വൈറ്റ് ഹെഡ് തുടങ്ങിയ ചര്‍മപ്രശ്‌നങ്ങള്‍ അകറ്റി അന്‍പതുകളിലും അഴക് സ്വന്തമാക്കാം...,

മുടികൊഴിച്ചില്‍


1. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. തൈറോയ്ഡ് പ്രശ്‌നങ്ങള്‍, സമ്മര്‍ദ്ദം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, പോഷകാഹാരങ്ങളുടെ കുറവ്, അന്തരീക്ഷ മലിനീകരണം, പ്രായം എന്നിവ കൊണ്ടൊക്കെ മുടികൊഴിച്ചില്‍ ഉണ്ടാകും. നെല്ലിയ്ക്കാ ജ്യൂസ്‌കുടിക്കുന്നത് മുടികൊഴിച്ചില്‍ തടയാനും മുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനും കഴിയും. കൂടാതെ ചര്‍മ്മത്തിലുണ്ടാകുന്ന വെളുത്ത പാടുകള്‍ ഒഴിവാക്കുന്നതിനോടൊപ്പം ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും സാധിക്കും. ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭ്യമാകാന്‍ രാവിലെയും വൈകുന്നേരവും അല്പനേരം ഇളംവെയില്‍ കൊളളുന്നതും നല്ലതാണ്.

2. പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്നത് ഒരു ദിവസത്തേക്ക് ആവശ്യമുളള എനര്‍ജി ലഭിക്കാനും പിന്നീടുളള സമയങ്ങളില്‍ അമിതമായി ഭക്ഷണം കഴിക്കാനുളള പ്രവണത കുറയ്ക്കാനും സഹായിക്കുന്നു. ആവിയില്‍ വേവിച്ച പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. അതായത് ഇഡ്ഢലിയോ ഇടിയപ്പമോ ആവാം. അതോടൊപ്പം തന്നെ ഒരു മുട്ട കഴിക്കുന്നതും നല്ലതാണ്.

3. കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. പകരം ഗ്രീന്‍ ടീ ശീലമാക്കുക. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സറടക്കമുളള പല രോഗങ്ങള്‍ക്കും പരിഹാരമാണ്. സൗന്ദര്യസംരക്ഷണത്തിനായി ജ്യൂസുകള്‍ കുടിക്കുന്നതോടൊപ്പം കാരറ്റ്, പപ്പായ എന്നിവ ശീലമാക്കുക.

4. എണ്ണയടങ്ങിയ പലഹാരങ്ങളും ഭക്ഷണപദാര്‍ഥങ്ങളും ഒഴിവാക്കുക. സോഡ, കൃത്രിമ മധുരമടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍, സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങ ള്‍ ഇവ പരമാവധി ഒഴിവാക്കണം. മോരിന്‍ വെളളം കുടിക്കുന്നത് നല്ലതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, മുട്ട, ചെറിയ മത്സ്യങ്ങള്‍ ഇവ പതിവായി ഭക്ഷണത്തിലുള്‍പ്പെടുത്തുക. ചെറിയ മത്സ്യങ്ങളില്‍ ഒമേഗാ 3 അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

5. മുടികൊഴിച്ചില്‍ തടയാന്‍ ഫലപ്രദമായ ഒന്നാണ് ഉലുവ. മുടി വളരുന്നതിന് ഉലുവയിലെ പോഷകങ്ങളും, നിക്കോട്ടിക് ആസിഡും സഹായിക്കുന്നു. മുടിയെ ബലമുള്ളതും തിളക്കമുള്ളതാക്കാനും ഉലുവ സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഉലുവയിട്ട വെളളം കുടിക്കുന്നത് ഉത്തമമാണ്.

6. പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുക. പയര്‍വര്‍ഗ്ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നതിനൊപ്പം ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കുക.

7. ശരീരത്തിലെ ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന പാനീയമാണ് നാരങ്ങാവെളളം. ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകളകറ്റാനും വിവിധ തരം ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കാനും നാരാങ്ങാവെളളത്തിന് കഴിവുണ്ട്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഇല്ലാതാകുന്നതോടെ യുവത്വം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.ദഹനത്തിന് സഹായിക്കുന്നതിന് ഏറ്റവും നല്ല പാനീയമാണ് എന്നതിനോടൊപ്പം കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും നാരങ്ങാവെളളം ഒട്ടും പിറകിലല്ല. എന്നും വ്യായാമത്തിനു ശേഷം നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും മെച്ചപ്പെടുത്തുന്നു. നാരങ്ങ എന്നത് ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ്.

uploads/news/2018/02/195884/Weeklyhelthbeuty270218a.jpg

സൗന്ദര്യസംരക്ഷണം യോഗയിലൂടെ...


പ്രായം നാല്പതാകുമ്പോള്‍ കാലുകള്‍ക്ക് ബലക്ഷയം, കുടവയര്‍, ഡയബറ്റീസ്, ഹൃദ്രോഗങ്ങള്‍ എന്നിവ പിടിപെടുന്നത് ഇന്നത്തെ കാലത്തിന്റെ പ്രത്യേകതയാണ്. ചെറുപ്പത്തിലെ യോഗ ചെയ്ത് ശീലിച്ചാല്‍ വാര്‍ദ്ധക്യത്തില്‍ ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

യോഗ ചെയ്തു തുടങ്ങുന്ന ഒരാള്‍ യുവാവോ വൃദ്ധനോ ആയിക്കൊള്ളട്ടെ, ആരോഗ്യവാനോ ക്ഷീണിതനോ ആയിക്കൊള്ളട്ടെ, യോഗാസനങ്ങള്‍ ആ വ്യക്തിയെ പിന്തുണയ്ക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു. തുടര്‍ച്ചയായുള്ള പരിശീലനത്തിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം യൗവ്വനം നിലനിര്‍ത്താനും സാധിക്കും. ശാരീരികമായ തലത്തില്‍ നിന്ന് ഉയര്‍ന്ന്, മാനസിക വ്യാപാരങ്ങളെയും കൂടുതല്‍ ശുദ്ധീകരിക്കാന്‍, ഈ ചിട്ടയായ പരിശീലനം സഹായിക്കുന്നു.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം യോഗ ചെയ്യുന്നത് ആളുകളെ ഊര്‍ജ്ജസ്വലരും ആരോഗ്യവാന്മാരും ആക്കിത്തീര്‍ക്കുന്നതുകൊണ്ട് അന്‍പതുകളിലും യുവത്വത്തിന്റെ പ്രസരിപ്പോടെ ഓടിച്ചാടി നടക്കാന്‍ സാധിക്കും.

ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം കൂടാതെ രോഗാവസ്ഥയിലും ചെയ്യാന്‍ സാധിക്കുന്ന ഒരു വ്യായാമമുറയാണ് യോഗ. ആരോഗ്യത്തിനോടൊപ്പം ശരീരസൗന്ദര്യവും മനശാന്തിയും ലഭിക്കുന്നു. ഉപകരണങ്ങള്‍ ഒന്നുമില്ലാതെ ഒരു മുറിക്കുളളിലോ പുറത്തോ തനിയെ ഇതഭ്യസിക്കാവുന്നതാണ്. ഹൃദ്രോഗികള്‍ക്കുപോലും യോഗാസനം ഫലപ്രദമാകുന്നു.

യോഗ ചെയ്യുന്നതിലൂടെ കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുവാന്‍ കഴിയുന്നതോടൊപ്പം ആത്മീയ ഉണര്‍വ്വും ലഭിക്കുന്നു. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഇതനുഷ്ഠിക്കാം.

ആദ്യമായി യോഗ ചെയ്യുന്നവര്‍ക്ക് സന്ധികളില്‍ വേദനയുണ്ടാവാം. അതിന് പ്രത്യേകം ചികില്‍സയ്ക്കു പോകേണ്ടതില്ല. ശരീരം നന്നായി വഴങ്ങിക്കിട്ടാന്‍ കുറച്ചു ദിവസമെടുക്കുമെന്ന് ഓര്‍മിക്കുക. ഓരോ ദിവസവും ഓരോ യോഗാസനം വീതം കൂട്ടി ചെയ്യുക.

ശരീരം വഴക്കമുള്ളതാക്കാനുള്ള ലഘു വ്യായാമങ്ങള്‍ ശീലമാക്കുക. യോഗ ചെയ്യുന്നതിനായി ശാന്തമായ ഒരു ഇടം തിരഞ്ഞെടുക്കുക. മറ്റു ശബ്ദങ്ങളോ ബഹളങ്ങളോ നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കരുത്. തീവ്രത കുറഞ്ഞ പ്രകാശവും ശാന്തമായ സംഗീതവുമുള്ള അന്തരീക്ഷം നിങ്ങള്‍ക്കൊരു പോസിറ്റീവ് എനര്‍ജി നല്‍കും.

എല്ലാ ദിവസവും യോഗ ചെയ്യാന്‍ ഒരേ സമയം തന്നെ തിരഞ്ഞെടുക്കണം. ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ യോഗാ സമയത്ത് ഒഴിവാക്കുക. വയറുനിറയെ ആഹാരം കഴിച്ച ഉടന്‍ യോഗ ചെയ്യാതിരിക്കുക. കഴിവതും തറയില്‍ പായ് വിരിച്ചുവേണം ഇതഭ്യസിക്കാന്‍. കിടക്ക ഒഴിവാക്കുക.

ഇത്തരത്തില്‍ ചിട്ടയായ വ്യായാമവും ഭക്ഷണകാര്യത്തില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയാല്‍ അന്‍പതുകളില്‍ നിങ്ങള്‍ക്കും യുവത്വം നിലനിര്‍ത്താനാകും.

യോഗ ചെയ്യേണ്ടത്


1 നേരെ നിവര്‍ന്ന് നില്ക്കുക. കാലുകള്‍ രണ്ടടി അകത്തി വയ്ക്കുക. സാവകാശം ശ്വാസം എടുത്തുകൊണ്ട് കൈകള്‍ ഉയര്‍ത്തി ചെവിക്ക് സമാന്തരമായി കൊണ്ടുവന്ന് കൈപ്പത്തി പരസ്പരം കോര്‍ത്തുപിടിക്കുക. ശ്വാസം സാവകാശം പുറത്തേക്കുവിട്ടുകൊണ്ട് ശരീരം അതേ നിലയില്‍ വലത്തോട്ട് പരമാവധി വളയ്ക്കുക. അല്പനേരം അങ്ങനെ നില്ക്കുക. ശ്വാസം ഉളളിലേക്കെടുത്തുകൊണ്ട് നേരെ വരിക. ശ്വാസം പുറത്തേക്കുവിട്ട് ശരീരം പരമാവധി ഇടത്തേക്ക് വളയ്ക്കുക. ഇങ്ങനെ അഞ്ചുപ്രാവശ്യം ചെയ്യുക. അവസാനം ശ്വാസം വിട്ടുകൊണ്ട് പൂര്‍വസ്ഥിതിയില്‍ എത്തുക. ആസ്തമയ്ക്ക് ശമനം കിട്ടുന്നു.

2 മധ്യവയസ്സിലെ ക്ഷീണമകറ്റാന്‍ ശവാസനത്തിലെ വിശ്രമം വളരെ നല്ലതാണ്. കാല്പാദങ്ങള്‍ ചേര്‍ത്തുവച്ച് നീണ്ടുനിവര്‍ന്നു കിടക്കുക. കൈകാലുകള്‍ പാള്‍ശ്വങ്ങളില്‍ കമിഴ്ത്തി വയ്ക്കുക. സാവധാനം ശ്വാസം ഉളളിലേക്കെടുത്ത് രണ്ടുകാലുകളും സാവകാശം ഉയര്‍ത്തി 90 ഡിഗ്രിയില്‍ കൊണ്ടുവരിക. കാലുകള്‍ നിവര്‍ന്നിരിക്കണം. പത്തുസെക്കന്റ് ഈ നിലയില്‍ തുടരുക. ശ്വാസം പുറത്തേക്കുവിട്ടുകൊണ്ട് സാവകാശം കാലുകള്‍ പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരിക.

3 നേരെ നിവര്‍ന്ന് നില്‍ക്കുക. കാല്പാദങ്ങള്‍ ചേര്‍ത്തുവയ്ക്കുക. വലതുകാല്‍ ഉയര്‍ത്തി ഇടതുകാല്‍മുട്ടില്‍ വയ്ക്കുന്നതിനോടൊപ്പം കൈകള്‍ രണ്ടും തലയ്ക്ക് മീതെ ഉയര്‍ത്തി നമസ്‌കാരമുദ്രയില്‍ നില്‍ക്കുക. നേരെ നോക്കിശ്വാസോച്ഛ്വാസത്തില്‍ മാത്രം ശ്രദ്ധിക്കുക. അഞ്ചോ പത്തോമിനിറ്റ് ഇങ്ങനെ നില്ക്കുവാന്‍ ശ്രമിക്കുക. പൂര്‍വ്വസ്ഥിതിയില്‍ എത്തിയശേഷം മറുവശത്ത് ഇതാവര്‍ത്തിക്കുക.

ജ്യോതി കൃഷ്ണ
ഡയറ്റീഷന്‍ ബിലീവേഴ്‌സ്
ഹോസ്പിറ്റല്‍, തിരുവല്ല

തയ്യാറാക്കിയത്:
അഞ്ജു രവി

Ads by Google
Ads by Google
Loading...
TRENDING NOW