Saturday, December 15, 2018 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Feb 2018 03.11 PM

കാടിന്റെ പത്മശ്രീ

uploads/news/2018/02/195871/lakshmikuttyammma270218a.jpg

''രാജ്യം പത്മശ്രീ നല്‍കി ആദരിച്ച, ആദിവാസി നാട്ടു ചികിത്സയുടെ പ്രാധാന്യം ലോകത്തിന് മുന്‍പില്‍ എത്തിച്ച ലക്ഷ്മിക്കുട്ടി അമ്മയുടെ കാട്ടറിവുകളിലൂടെ...''

കാഴ്ച പോലും മറച്ച് പൊതിയുന്ന മൂടല്‍മഞ്ഞും നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന സഹ്യസൗന്ദര്യവുംകൊണ്ട് ലോക സഞ്ചാര ഭൂപടത്തില്‍ ഇടംനേടിയ തിരുവനന്തപുരത്തെ പൊന്മുടി ഇനി അറിയപ്പെടുന്നത് പത്മശ്രീയുടെ തിളക്കത്തിലാണ്.

കല്ലാര്‍ ചെക്പോസ്റ്റ് കഴിഞ്ഞ് പൊന്മുടിയിലേക്ക് പോകുന്ന കാട്ടുപാതയ്ക്ക് സമീപമുള്ള വനത്തിലെ ഒരു കുടിലില്‍ പത്മശ്രീയുടെ തിളക്കവും പേറി ഒരു ആദിവാസി മുത്തശ്ശിയുണ്ട്, ലക്ഷ്മിക്കുട്ടി അമ്മ. നാട്ടുവൈദ്യത്തിലെ വനറാണി.

കാട്ടുവഴികള്‍ താണ്ടി കല്ലാര്‍ മുറിച്ചുകടന്ന് പത്മശ്രീ എത്തിയ വീട്ടിലേക്ക് ആ വനമുത്തശിയെ തേടി എത്തുമ്പോള്‍ പുഞ്ചിരിയോടെ ഏവരേയും സ്വീകരിക്കുന്ന ലക്ഷ്മിക്കുട്ടി അമ്മയെ കാണാം. പച്ചമരുന്ന് വൈദ്യത്തില്‍ വിദ്ഗ്ധ, ഫോക്ലോര്‍ അക്കാദമി അടക്കമുള്ള സ്ഥാപനങ്ങളിലെ അധ്യാപിക. പേരുകേട്ട വിഷഹാരി.

കവിതകളുടെയും നാടകങ്ങളുടെയും രചയിതാവ്... ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. കേരളത്തെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച വനമുത്തശ്ശിയുടെ ജീവിതത്തിലൂടെ...

പത്മശ്രീ തിളക്കം


എന്നേക്കാളേറെ സന്തോഷം ഈ നാടിനാണ്. ഈ കാട്ടിലേക്ക് ഇത്രയും വലിയൊരു ബഹുമതി കൊണ്ടുവന്ന സ്ത്രീയെന്ന നിലയില്‍ എല്ലാവരുടേയും ആദരം കിട്ടുന്നു. അംഗീകാരത്തില്‍ സന്തോഷമുണ്ട്. ഒന്നിനും കഴിവില്ലെന്ന് പറഞ്ഞ് വീടിനുള്ളില്‍ ഒതുങ്ങാതെ നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കായി ചെയ്യണമെന്നേ എനിക്ക് പറയാനുള്ളൂ.

കാടിന്റെ മകള്‍


വനത്തിലാണ് ജീവിതം. കണ്ടും കേട്ടും കൊണ്ടും കൊടുത്തും അനുഭവത്തിലൂടെയാണ് ഓരോന്നും പഠിച്ചത്. പച്ചമരുന്നുകളെക്കുറിച്ച് അറിഞ്ഞതും ഇങ്ങനെതന്നെ. ഇപ്പോഴും വനത്തിനുള്ളില്‍ നിന്ന് പച്ചമരുന്നുകള്‍ ശേഖരിക്കാറുണ്ട്.

ഞങ്ങള്‍ക്ക് അതിനവകാശവുമുണ്ട്. ഒരിക്കല്‍, വനത്തിന്റെ ഉടമകള്‍ ആരെന്ന് പി. വത്സല ചോദിച്ചിരുന്നു. ഞാനതിന് മറുപടി എഴുതി. 'വനത്തിന് ഉടമ ഞങ്ങളെന്ന്.' കാടിനെ എങ്ങനെ സ്നേഹിക്കണമെന്നും സംരക്ഷിക്കണമെന്നും വനത്തിന്റെ മക്കള്‍ക്കേ അറിയൂ.

കാട്ടറിവുകളെപ്പറ്റി ചോദിച്ചപ്പോള്‍ ലക്ഷ്മിക്കുട്ടി അമ്മ താന്‍ എഴുതിയ കവിത ചൊല്ലി.
കായുണ്ട്, കനിയുണ്ട് വേരുണ്ട് കാട്ടില്‍
കുളിരേകും തെളിനീര്‍ ഉറവയുണ്ട്.
മഞ്ഞുണ്ട് മഴയുണ്ട് വെയിലുണ്ട്
മലങ്കാറ്റില്‍ മുഴങ്ങുന്നൊരീണമുണ്ട്.

വനത്തിന്റെ ഉടയവരാണ് ഞങ്ങള്‍. പണ്ടൊക്കെ വനം സമൃദ്ധമായിരുന്നു. ഇപ്പോള്‍ വനമത്രയും നശിപ്പിച്ചു. കാട്ടില്‍ തീ കത്തിക്കരുതെ ന്നാണ് ഇപ്പോഴത്തെ നിയമം. പക്ഷേ കാട്ടു തീ ഉത്തമമാണ്.

തീ കത്തിയാല്‍ വീണ്ടും പുതിയ നാമ്പുകള്‍ കിളിര്‍ത്തു വരും. നശിച്ചും കുരുത്തുമാണ് ജീവിതം തുടങ്ങുന്നത്. ജീവജാലങ്ങളെല്ലാം അങ്ങനെയാണ്. പരിസ്ഥിതി എന്താണെന്ന് അറിയാത്തവരാണ് പ്രകൃതിയുടെ ഈ വ്യവസ്ഥകളെ എതിര്‍ക്കുന്നത്.

മലയുടെ മടിത്തട്ടില്‍ പിറന്ന് കാട്ടുതീ കണ്ടു വളര്‍ന്നവരാണ് ഞങ്ങള്‍. കാട്ടുതീ ഉണ്ടായാല്‍ ഒരാഴ്ച്ചക്കുള്ളില്‍ മഴ പെയ്തിരിക്കും. അത് കട്ടായം. ഞങ്ങള്‍ക്കിത് ജന്മനാ ഉള്ള അറിവാണ്.

ഇപ്പോള്‍ മഴയൊക്കെ കുറയുന്നു. മനുഷ്യന്‍ കാണിക്കുന്ന അതിക്രമം കൊണ്ടാണ് പ്രകൃതി ഇങ്ങനെ പക പോക്കുന്നത്. കാട്ടുതീ വെന്താല്‍ വനം പിന്നെയും തളിര്‍ത്തിടും എന്ന് കവികള്‍ പോലും പറഞ്ഞിട്ടില്ലേ, പല ഔഷധ സസ്യങ്ങളും ഇന്നില്ല. തീയില്‍ മുളയ്ക്കേണ്ടത് അങ്ങനെ തന്നെ മുളയ്ക്കണം.

uploads/news/2018/02/195871/lakshmikuttyammma270218b.jpg

വേട്ട പാതി വേല പാതി എന്നാണ് കാടിന്റെ നിയമം. ഞങ്ങള്‍ ഭക്ഷണം കണ്ടെത്തുന്നതും കാട്ടില്‍ നിന്നാണ്. അതാണ് ആരോഗ്യത്തിന്റെ രഹസ്യവും. തിന്നാന്‍ കൊള്ളാവുന്നതിനെ കൊല്ലും, അല്ലാത്തവയെ ഓടിച്ച് വിടും.

പണ്ടൊക്കെ ഞങ്ങളുടെ കാരണവന്മാര്‍ ഇടയ്ക്കൊക്കെ വേട്ടയ്ക്ക് പോകുമായിരുന്നു. കാട്ടിലെ വേട്ട ദേവനുള്ള പൂജയാണ്. വലിയ വേട്ടക്കാരനായിരുന്നു എന്റെ ഭര്‍ത്താവ്. ഇപ്പോഴതൊക്കെ പോയില്ലേ? കാട് ഞങ്ങള്‍ക്ക് അന്യമായി.

പച്ചമരുന്നും വിഷ ചികിത്സയും


പാരമ്പര്യമായി കിട്ടിയതാണ് നാട്ടുവൈദ്യവും വിഷചികിത്സയും. അച്ഛന്‍ ചാത്താടി കാണി. അമ്മ കുന്തീദേവി. അച്ഛനെ കണ്ടോര്‍മ്മയില്ല. അമ്മയുടെ രണ്ട് സഹോദരന്മാര്‍ വിഷഹാരികളായിരുന്നു. പക്ഷേ അന്നത്തെ കാലത്ത് പെണ്ണുങ്ങളെ ഈ ചികിത്സകള്‍ പഠിപ്പിക്കാനോ സ്‌കൂളില്‍ വിടാനോ ആരും തയാറല്ലായിരുന്നു.

നാട്ടുവൈദ്യം പഠിച്ചത് അമ്മാവന്മാര്‍ക്കൊന്നും ഇഷ്ടമായിരുന്നില്ല. ഇടയ്ക്ക് എന്റെ അറിവ് എത്രമാത്രമെന്നറിയാന്‍ ചില ചോദ്യങ്ങളൊക്കെ ചോദിക്കും. ഒരു ദിവസം ഇളയ അമ്മാവന്‍ ഗരുഡന്‍ എവിടെയാണ് ഇരിക്കുന്നത്്എന്ന് ചോദിച്ചു. പാലാഴിയിലാാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്നെ പരീക്ഷിക്കാന്‍ ഇടയ്ക്കൊക്കെ ഇങ്ങനെ ഓരോന്ന് ചോദിക്കും. അവരൊക്കെ ചികിത്സ ചെയ്യുന്നത് കണ്ടാണ് ഞാനും പഠിച്ചത്.

വിഷം തീണ്ടിയ മുന്നൂറില്‍പ്പരം ആളുകളെ എന്റെ അടുത്ത് എത്തിച്ചിട്ടുണ്ട്. അര്‍ദ്ധരാത്രിക്കൊക്കെ ചിലര്‍ വന്നിട്ടുണ്ട്. രോഗികളുടെ അടുത്തേക്ക് പോയി ചികിത്സിക്കാറുമുണ്ട്. ആരെങ്കിലും വിഷചികിത്സയ്ക്കായി എത്തുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി അറിയാനാകും. ചിലപ്പോള്‍ ശരീരം തളരുന്നതുപോലെ തോന്നും. അപ്പോള്‍ മനസിലാകും അടുത്തുള്ളവരില്‍ ആരെയോ വിഷം തീണ്ടിയെന്ന്.

വിഷ ചികിത്സയ്ക്കുള്ള പച്ച മരുന്ന് വീട്ടുമുറ്റത്ത് തന്നെയുണ്ട്. എങ്കിലും നേരത്തെ മരുന്ന് തയ്യാറാക്കി വച്ചിട്ടുണ്ടാകും. രോഗിയെ കണ്ടാല്‍ ലക്ഷണം നോക്കി വിഷത്തിനുള്ള മരുന്ന് കൊടുക്കും. മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍ക്കും മരുന്ന് നല്‍കാറുണ്ട്.

ഈ മരുന്ന് എടുക്കാന്‍, നേരവും കാലവുമൊക്കെയുണ്ട്. സൂര്യപ്രകാശമുള്ളപ്പോഴാണ് മരുന്നെടുക്കേണ്ടത്. ആദിത്യന്‍ പിതാവും ഭൂമി മാതാവുമാണ്. അവരെ പ്രാര്‍ത്ഥിച്ചിട്ടാണ് ചികിത്സ ചെയ്യുന്നത്.

നാട്ടുവൈദ്യത്തെക്കുറിച്ചും കാട്ടറിവുകളെക്കുറിച്ചും ഫോക്ലോര്‍ അക്കാദമിയിലും കോളജുകളിലും ക്ലാസെടുക്കാറുണ്ട്. കുറേയേറെ മരുന്നുകളെപ്പറ്റി അറിയാം. ഈ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കാട്ടറിവുകള്‍ എന്ന പുസ്തകമിറക്കിയിട്ടുണ്ട്.

അതിജീവനം


പണ്ടത്തെ കാലത്ത് പെണ്ണുങ്ങളെ പഠിപ്പിക്കാറില്ല, പ്രത്യേകിച്ച് ആദിവാസികളെ. പക്ഷേ എനിക്ക് അക്ഷരം പഠിക്കാനുള്ള ഭാഗ്യമുണ്ടായി. തിരുവിതാംകൂര്‍ മഹാരാജാവിന്റെ വിശ്രമ കേന്ദ്രമായിരുന്ന കല്ലാര്‍ സത്രവും കുതിരപ്പുരയും ഉണ്ടായിരുന്ന സ്ഥലത്ത് നാട്ടുകാര്‍ ചേര്‍ന്ന് ഒരു കുടിപ്പള്ളിക്കൂ ടം ഉണ്ടാക്കി.

അഞ്ചാമത്തെ വയസില്‍ എന്നെ സ്‌കൂളില്‍ ചേര്‍ത്തു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പള്ളിക്കൂടം സര്‍ക്കാര്‍ ഏറ്റെടുത്തു. അന്നൊക്കെ അഞ്ച് വരെ മലയാളം പഠിക്കണം. പിന്നെയുള്ള ക്ലാസുകളില്‍ ഇംഗ്ലീഷും. എട്ടാം ക്ലാസ് വരെ പഠിച്ചു. 1956 ല്‍ തേഡ് ഫോറം പാസായി. പഠനം കഴിഞ്ഞപ്പോള്‍ കൃഷി ചെയ്യാനിറങ്ങി.

പതിനാറാമത്തെ വയസില്‍ അമ്മാവന്റെ മകനായ മാത്തന്‍ കാണിയെ വിവാഹം കഴിച്ചു. മൂന്ന് മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തയാള്‍ ധരണീന്ദ്രനെ കാട്ടാന കൊന്നു. രണ്ടാമത്തെ മകന്‍ ലക്ഷ്മണന്‍ ടി.ടി. ആറാണ്. ഇളയ മകന്‍ ശിവപ്രസാദ് അറ്റാക്ക് വന്ന് മരിച്ചു.

ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കാണ് ജീവിതം. ചുറ്റും എന്റെ ആളുകളുമുണ്ട്. ദിവസവും അതിരാവിലെ ഉറക്കമുണരും, മുറ്റം വൃത്തിയാക്കും, കുളിച്ച് വിളക്ക് കൊളുത്തും. പിന്നെ വീട്ടിലെ ജോലികളൊക്കെ ചെയ്യും. ഇതിനിടയില്‍ ചികിത്സ തേടി പലരുമെത്തും. ഇങ്ങനെയാണ് എന്റെ ജീവിതം.

കവിതകളുടെ തോഴി


സഹ്യന്റെ മടിത്തട്ടില്‍ വീണുകേഴുമൊരു അരിയ
വന കബോധിനി നീ ഒരു ദു:ഖപുത്രി
മുന്നം നിന്‍ മുതുമുത്തശ്ശന്മാര്‍
സ്വച്ഛന്തം വാണുപോല്‍ ഹിമവല്‍സാനുവില്‍...

തപസ്യ കലാസാഹിത്യ വേദിയില്‍ സുഗതകുമാരി ടീച്ചറിന് മുമ്പിലാണ് കരയുന്ന കബോധം എന്ന ഈ കവിത ഞാന്‍ ആലപിച്ചത്. നന്നായിട്ടുണ്ടെന്നാണ് ടീച്ചര്‍ പറഞ്ഞത്.

കാടിന്റെ ഈണമാണ് കവിത. ഇടയ്ക്ക് ചില വരികളൊക്കെ എഴുതും. നാടന്‍പാട്ടുകളുടെ കലവറയായിരുന്നു എന്റെ അമ്മ. ഇരവിക്കുട്ടി പിള്ള പോര്, കോവിലന്‍ പാട്ട്, തോറ്റന്‍ പാട്ട് തുടങ്ങിയ പാട്ടുകളൊക്കെ അറിയാം.

കവിത മാത്രമല്ല, കഥാപ്രസംഗവും വില്‍പ്പാട്ടും അറിയാം. പല വേദികളിലും അവതരിപ്പിച്ചിട്ടുമുണ്ട്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW