Friday, December 14, 2018 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 26 Feb 2018 04.01 PM

കണ്ണിലുണ്ണി

''മല്ലൂസിംഗായി പ്രേക്ഷകമനസ്സില്‍ ഇടം നേടിയ ഉണ്ണി മുകുന്ദന്‍ മലയാളമണ്ണില്‍ മാത്രമല്ല ടോളിവുഡ് പ്രേക്ഷകരുടേയും കണ്ണിലുണ്ണിയായി മാറുകയാണ്...''
uploads/news/2018/02/195590/unnimukundhan260218.jpg

വിജയം യാദൃച്ഛികമല്ലെന്നും അത് കഠിനാധ്വാനത്തിലൂടെയും നിരന്തര പ്രയത്‌നത്തിലൂടെയും ത്യാഗവും കഷ്ടപ്പാടും സഹിച്ച് പ്രൊഫഷനെ സ്‌നേഹിച്ച് നേടിയെടുക്കേണ്ടതാണെന്നും തെളിയിച്ച തൃശൂരുകാരന്‍, ഉണ്ണി മുകുന്ദന്‍. ബാബു ജനാര്‍ദ്ദനന്റെ ബോംബേ മാര്‍ച്ച് 12 ലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഉണ്ണി ക്കു പിന്നീടിങ്ങോട്ട് കുറേ മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കാനായി.

മല്ലൂ സിങും, ഒറീസ്സയിലെ 65 വയസ്സുകാരനും, വിക്രമാദിത്യനിലെ പോലീസും, കെ.എല്‍.പത്തിലെ ഫുട്‌ബോള്‍ കളിക്കാരനും, ഫയര്‍മാനിലെ ഷാജഹാനും, കാറ്റും മഴയിലെ ജയനാരായണനും ക്‌ളിന്റിലെ ജോസഫും, അച്ചായന്‍സുമടക്കം ഉണ്ണി മുകുന്ദന്റെ കൈപ്പിടയില്‍ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങള്‍ കിട്ടിക്കഴിഞ്ഞിരിക്കുന്നു.

ഇതിനിടെ സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗത്ത് സണ്‍ ഓഫ് അലക്‌സാണ്ടറായി വന്നപ്പോള്‍ മാത്രമാണ് ഉണ്ണി പരാജയത്തിന്റെ കയ്പറിഞ്ഞത്. ബാഗമതിയിലെ സാമൂഹിക പ്രവര്‍ത്തകന്റെ വേഷമാണ് ഉണ്ണിയുടെ പുത്തന്‍ അ വതാരം. ഉണ്ണിയുടെ പുത്തന്‍ വിശേഷങ്ങള്‍...

2016 നു ശേഷം കരിയറില്‍ വലിയൊരു മാറ്റം സംഭവിച്ചുവല്ലോ ?


എന്നെത്തേടിയെത്തിയ കഥാപാത്രങ്ങളാണതിന് കാരണം. നല്ല സംവിധായകരും നിര്‍മ്മാതാക്കളും തിരക്കഥാകൃത്തുകളുമൊക്കെ എനിക്ക് മുന്നില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ എത്തിച്ചു.

ഞാനതൊക്കെ സ്വീകരിച്ചു എന്നു മാത്രം. ഞാന്‍ മാത്രമല്ല മിക്ക അഭിനേതാക്കളും സെലക്ടീവായിക്കഴിഞ്ഞിരിക്കുന്നു. എനിക്ക് ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നുള്ളത് സത്യം. പ്രൊഫഷനില്‍ വ്യക്തിപരമായി എനിക്ക് കൂടുതല്‍ ക്ലാരിറ്റി വന്നിട്ടുണ്ട്.

നായകവേഷത്തില്‍ തിളങ്ങി നില്‍ക്കുമ്പോ ള്‍ തന്നെ സ്വീകരിച്ച പ്രതിനായക വേഷം ഇമേജിനെ ബാധിക്കുമെന്ന് തോന്നിയില്ലേ ?


എന്നിലെ അഭിനേതാവിനെ ബലപ്പെടുത്തുക, വ്യത്യസ്തനാക്കുക എന്നതാണ് പ്രധാനം. പ്രതിനായക വേഷം ഒരു തരത്തില്‍ റിസ്‌ക് തന്നെയായിരുന്നു. പക്ഷേ ആ റിസ്‌ക് ഫലം കാണിച്ചു എന്നതില്‍ സന്തോഷമുണ്ട്.

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ് നിര്‍മിച്ച് ടൊവിനോയും ബാലുവും നായകന്മാരായ തരംഗം ദ് ക്യൂറിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍ എന്ന സിനിമയിലെ വ്യത്യസ്ത വില്ലന്റെ വേഷം സ്വീകരിക്കാന്‍ ഞാന്‍ രണ്ടാമതൊന്നാലോചിച്ചില്ല. നല്ല സിനിമകളുടെ ഭാഗമാവുകയെന്നതാണ് പ്രധാനം.

ഏതൊരു വേഷവും എനിക്ക് കണ്‍വിന്‍സിംഗാകണം എന്നതു മാത്രമാണ് മാനദണ്ഡം. സ്റ്റാര്‍ഡം മികച്ച വേഷങ്ങള്‍ക്ക് പിറകെയാണ്, അല്ലാതെ പോസിറ്റീവ് നെഗറ്റീവ് റോളുകളെ ആസ്പദമാക്കിയല്ല.

തമിഴിലൂടെ അരങ്ങേറ്റം. നീണ്ട ഇടവേളയ് ക്ക് ശേഷം വീണ്ടും ഒരു ബിഗ് ബജറ്റ് തമിഴ് സിനിമയില്‍ വേഷം. എന്തു തോന്നുന്നു ?


അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഏഴു വര്‍ഷം മുമ്പ് സീഡാന്‍ എന്ന തമിഴ് സിനിമയിലൂടെയാണ് ഞാന്‍ നടനായെത്തുന്നത്. ഇപ്പോള്‍ ജയറാമേട്ടനും അനൂഷ്‌ക ഷെട്ടിയുമൊക്കെയുള്ള ബാഗമതിയിലെനിക്ക് ഒരു സോഷ്യല്‍ ആക്ടിവിസ്റ്റിന്റെ വേഷമാണ്. അതൊരു ബ്ലോക്ക്ബസ്റ്റായതില്‍ വളരെയധികം സന്തോഷമുണ്ട്.

തമിഴില്‍ മാത്രമല്ല മലയാളി പ്രേക്ഷകരുടെയും നല്ല റെസ്‌പോണ്‍സ് കിട്ടുന്നുണ്ട്. ടോളിവുഡില്‍ നിന്ന് കൂടുതല്‍ ഓഫറുകള്‍ ഇപ്പോള്‍ തേടിയെത്തുന്നു എന്നതാണ് വലിയ കാര്യം. സിനിമയില്‍ വന്നശേഷം അഞ്ചിലധികം ഭാഷകള്‍ പഠിച്ചു. അതൊരനുഗ്രഹമായി. പാന്‍ ഇന്ത്യ അപ്പീലിനൊപ്പം ഒരു നടനാകാനാണ് ആഗ്രഹം.

സൂപ്പര്‍സ്റ്റാറായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ?


മമ്മൂക്കയും ലാലേട്ടനും തുല്യ ബഹുമാനം അര്‍ഹിക്കുന്ന അഭിനേതാക്കളാണ്. അവരോട് നടന്മാരെന്ന നിലയില്‍ മാത്രമല്ല വ്യക്തികളെന്ന നിലയിലും വലിയ ബഹുമാനമുണ്ട്. അഭിനേതാവെന്ന നിലയില്‍ അവര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ കൂടുതല്‍ പഠിക്കാനും സ്വയം നന്നാക്കാനും കഴിഞ്ഞിട്ടുണ്ട്.

അവര്‍ക്കൊപ്പമെത്തിയപ്പോള്‍ എന്റെ 100 % കൊടുക്കാന്‍ കഴിഞ്ഞു. നിഷ്‌കളങ്കമായ മനസ്സാണ് രണ്ടാളുടെയും. ക്യാമറയ്ക്ക് മുന്നില്‍ പൂര്‍ണ്ണമായി അര്‍പ്പിക്കുന്ന, അതില്‍ മത്സരബുദ്ധിയുള്ളവരാണവര്‍.

uploads/news/2018/02/195590/unnimukundhan260218a.jpg

മികച്ച സംവിധായകരുടെ കഥാപാത്രങ്ങളാകാനും കഴിഞ്ഞല്ലോ ?


വ്യക്തിപരമായും അഭിനേതാവായും അതൊരു പുണ്യമായി കരുതുന്നു. മിക്ക സംവിധായകരും വീണ്ടും ഓഫറുകള്‍ മുന്നിലേക്ക് വയ്ക്കുന്നത് എന്നിലുള്ള വിശ്വാസം കൊണ്ടാണ്. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്.

അഭിനയപാരമ്പര്യം ഒന്നുമില്ലാഞ്ഞിട്ടു കൂടി എങ്ങനെയാണ് ഇത് തെരഞ്ഞെടുത്തത് ?


കഥകള്‍ കേള്‍ക്കാനും പറയാനും എനിക്ക് പണ്ടു മുതലേ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത് അതൊരു കൗതുകമായിരുന്നു. പിന്നീട് സാഹിത്യത്തോടുള്ള ഇഷ്ടം വളര്‍ന്ന് സീരിയസ്സായി കഥകള്‍ പറഞ്ഞു തുടങ്ങി. ദൈവനിശ്ചയം പോലെ എന്നിലേക്ക് എത്തിച്ചേര്‍ന്നതാണ് സിനിമ.

തൃശൂരില്‍ ജനിച്ചെങ്കിലും ഞാന്‍ വളര്‍ന്നതൊക്കെ ഗുജറാത്തിലായിരുന്നു. അന്നൊക്കെ ആനിമേറ്റ്ഡ് സിനിമകളായിരുന്നു ഇഷ്ടം. നടന്മാരെ മിക്കവരെയും എനിക്കിഷ്ടമായിരുന്നു. ഐശ്വര്യ റായ് ബച്ചനും കരീനയുമൊക്കെയായിരുന്നു അന്നത്തെ ഇഷ്ട നായികമാര്‍. അഭിനയത്തില്‍ ഒരുപാട് ഗുരുക്കന്മാരുണ്ട്, അതുകൊണ്ട് എണ്ണമെടുക്കാനും കഴിയില്ല.

ഒരുപാട് കടമ്പകള്‍ കടന്നാണ് ഞാനിവിടെ വരെയെത്തിയത്. സത്യത്തില്‍ ആ വെല്ലുവിളികളാണ് എന്നിലുള്ള അഭിനേതാവിനെ വളര്‍ത്തിയത്. എന്നിലെ ഏറ്റവും മികച്ചത് കണ്ടെത്താന്‍ അതു സഹായിച്ചു. അഭിനയത്തെക്കാള്‍ സംവിധാനമായിരുന്നു എനിക്കിഷ്ടം.

കുറച്ചുനാള്‍ സംവിധായകന്‍ ലോഹിതദാസ് സാറിന്റെ അസിസ്റ്റന്‍ഡായി വര്‍ക്ക് ചെയ്തു. അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം പിന്നീടെപ്പോഴോ ഇന്ത്യന്‍ ആര്‍മിയില്‍ ജോയിന്‍ ചെയ്യണമെന്നായി.

അപ്രതീക്ഷിതമായി ചെന്നൈയില്‍ നിന്ന് ഒരു ആക്ടിംഗ് ഓഫര്‍ വന്നപ്പോള്‍ ഒരു തവണ ശ്രമിക്കാനെന്ന് പറഞ്ഞത് അമ്മയാണ്. അങ്ങനെ സീഡാനില്‍ അഭിനയിച്ചു. പിന്നീട് ഓരോ പടിയായി ചവിട്ടി കയറിയതാണ്.

അച്ഛനും അമ്മയും ഓരോ ചുവടിലും എന്റെയൊപ്പമുണ്ടായിരുന്നു. അവരുടെ പ്രാര്‍ത്ഥനയാണ് എല്ലാത്തിനും കരുത്തായത്. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയാണ് ഏറ്റവും വലിയ പിന്തുണ.അതു കൊണ്ടാണ് എന്റെ കഷ്ടപ്പാടിനൊപ്പം ദൈവം കൂടെ നിന്നത്, അതാണ് ഇവിടെ വരെയെത്തിച്ചത്.

വ്യത്യസ്തതയാണ് പ്ലസ് പോയിന്റെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടല്ലോ. സിനിമ തെരഞ്ഞെടുക്കുമ്പോള്‍ അതൊക്കെ ശ്രദ്ധിക്കാറുണ്ടോ ?


എനിക്ക് വെല്ലുവിളികള്‍ ഇഷ്ടമാണ്. എന്നെത്തന്നെ ചാലഞ്ച് ചെയ്യാനാണ് പലപ്പോഴും ശ്രമിക്കുന്നത്. ആകാംക്ഷ ജനിപ്പിക്കുന്ന, ആവേശമുണര്‍ത്തുന്ന, വെല്ലുവിളികളുള്ള കഥയും കഥാപാത്രങ്ങളുമാണ് എനിക്കിഷ്ടം. പ്രേക്ഷകര്‍ എന്റെ കഥാപാത്രങ്ങളെ സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു എന്നതില്‍ വലിയ സന്തോഷമുണ്ട്.

ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ ?


നിശബ്ദനായിരിക്കാനാണിഷ്ടം. അതിനു വേണ്ടി ശ്രമിക്കാറുമുണ്ട്. വെറുതെ ഞാനും കൂടി പറഞ്ഞ് കൂടുതല്‍ ബഹളങ്ങളുണ്ടാക്കാനോ വാര്‍ത്തയാക്കാനോ ഇഷ്ടപ്പെടുന്നില്ല. ശാന്തമായി അതൊക്കെ നേരിടാനാണ് ഇഷ്ടപ്പെടുന്നത്.

ജനതാഗ്യാരേജ് പോലെ നൂറുകോടി സിനിമയുടെ ഭാഗമായല്ലോ ?


അതൊക്കെ ഈശ്വരാനുഗ്രഹം. വിജയത്തിന്റെ രഹസ്യമെന്തെന്ന് അറിയണമെന്ന് ആഗ്രഹമുണ്ട്. അതറിഞ്ഞാല്‍ എല്ലാ സിനിമകളിലും അത് ഉപയോഗിക്കാമല്ലോ.

ഭാവി പദ്ധതികള്‍..?


ഇരയാണ് അടുത്ത റിലീസ്. അതിനു ശേഷമാണ് ചാണക്യതന്ത്രം. എനിക്ക് പൂര്‍ണ്ണ വിശ്വാസമുള്ള സിനിമയാണത്. അഞ്ച് ഗെറ്റപ്പിലാണ് ഞാനതില്‍ എത്തുന്നത്. ഞാന്‍ രണ്ടാമതായി പാടുന്നതും അതിനു വേണ്ടിയാണ്. നടനെന്ന നിലയില്‍ ഒരുപാട് സംതൃപ്തി തന്ന സിനിമയാണത്. കണ്ണന്‍ ഭായ് (സംവിധായകന്‍ കണ്ണന്‍ താമരക്കുളം) ഒരു സംവിധായകന്‍ എന്നതിലുപരി സുഹൃത്തു കൂടിയാണ്. അഭിനയത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച് മാക്‌സിമം നല്‍കാന്‍ അദ്ദേഹം സഹായിച്ചു.

സ്വപ്നങ്ങള്‍ ?


പ്രത്യേകിച്ച് അങ്ങനെയൊന്നില്ല. എന്റെ ഇഷ്ടങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും സിനിമയിലാണ്. ഒരു നിര്‍മ്മാണക്കമ്പനി തുടങ്ങണമെന്നും സംവിധായക കുപ്പായമണിയണമെന്നും ആഗ്രഹമുണ്ട്. മലയാളത്തിലെ ഫസ്റ്റ് സൂപ്പര്‍ഹീറോ കഥാപാത്രം ചെയ്യണമെന്നുണ്ട്. ഭാവിയെക്കുറിച്ച് കൂടുതല്‍ ആകുലതകളില്ല. വ്യക്തിപരമായും പ്രൊഫഷനിലും ഏറ്റവും മികച്ചത് കിട്ടാന്‍ ദൈവം അനുഗ്രഹിക്കട്ടെ...
uploads/news/2018/02/195590/unnimukundhan260218b.jpg

Chit Chat

ഫിറ്റ്‌നെസ് മന്ത്രാസ് ?


ഡ്രീം ഇറ്റ്... എയിം ഇറ്റ്... ഗെറ്റ് ഇറ്റ്...

ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ദിവസം ?


വരാനിരിക്കുന്നതേയുള്ളു... ഞാനും കാത്തിരിക്കുകയാണ്...

മറക്കാനാവാത്ത യാത്ര ?


ലണ്ടനിലേക്കുള്ള യാത്ര. ശരിക്കും സുന്ദരമായിരുന്നു അത്.

ഇഷ്ടഭക്ഷണം ?


സേമിയ ഉപ്പുമാവും ഉണ്ണിയപ്പവും.

ഏറ്റവും പേടിച്ചത് ?


ലാസ്റ്റ് സപ്പര്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് മുങ്ങിത്താഴ്ന്നു പോയി. എനിക്ക് നീന്താനറിയില്ല. അതുകൊണ്ട് ആ ദിവസം ഇപ്പോഴും പേടിപ്പെടുത്തുന്നു...

പെറ്റ് നെയിമില്‍ ഇഷ്ടപ്പെട്ടത് ?


സൂപ്പര്‍മാന്‍

അറേഞ്ച് മാര്യേജ് ഓര്‍ ലവ് മാര്യേജ്


നോ കമന്റ്‌സ്......

വെറുക്കപ്പെട്ട ഗോസിപ്പ് ?


ഗോസിപ്പ് എന്നും അങ്ങനെയാണല്ലോ. ആ ലിസ്റ്റ് വീണ്ടും നീളുകയാണ്.

ആദ്യമായി പ്രണയാഭര്‍ത്ഥന കിട്ടിയത് ?


എന്റെ ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ ഒരു ടീനേജ് പെണ്‍കുട്ടി പ്രണയം തുറന്നു പറഞ്ഞു. അന്നത് സ്വീകരിക്കാമായിരുന്നു, ഇന്നതില്‍ പശ്ചാത്താപം തോന്നുന്നു.

മറക്കാനാവാത്ത വ്യക്തികള്‍ ?


അച്ഛനും അമ്മയും

ബര്‍ത്ത്‌ഡേ സര്‍പ്രൈസ് ?


ഇതുവരെ ആരും ബര്‍ത്ത്‌ഡേ സര്‍പ്രൈസ് തന്നിട്ടില്ല.

ചോദ്യങ്ങളില്‍ മറക്കാനാവാത്തത് ?


അതെനിക്ക് ഓര്‍മ്മയില്ല. പക്ഷേ എന്നോട് പലരും ചോദിക്കണമെന്നാഗ്രഹിച്ച ഒരു ചോദ്യമുണ്ട്. അതാരും ചോദിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ആ രഹസ്യം തുറന്നു പറയുന്നുമില്ല.

ലക്ഷ്മി ബിനീഷ്
ഫോട്ടോ :- ശ്രീജിത്ത് ചെട്ടിപ്പടി

Ads by Google
Ads by Google
Loading...
TRENDING NOW