Wednesday, April 04, 2018 Last Updated 30 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 26 Feb 2018 03.17 PM

ശരത്ത് അപ്പാനിയുടെ തലവര തെളിഞ്ഞു

uploads/news/2018/02/195583/CiniINWAppaani260218.jpg

ജിമിക്കിക്കമ്മല്‍ വന്‍ ഹിറ്റായതോടെ ശരത്ത് അപ്പാനിയുടെ തലവര തെളിയുകയായിരുന്നു. വെളിപാടിന്റെ പുസ്തകത്തില്‍ ജിമിക്കിക്കമ്മലെന്ന പാട്ട് പാടി അഭിനയിച്ച ശരത്ത് അപ്പാനിയുടെ ചടുലതയാര്‍ന്ന പെര്‍ഫോമന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

അങ്കമാലി ഡയറീസിലൂടെ മലയാളസിനിമയില്‍ അപ്പാനി രവിയെന്ന കഥാപത്രമായി അരങ്ങേറ്റം കുറിച്ച ശരത്ത് കുമാര്‍ ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ അപ്പാനിയെന്ന പേര് സ്വന്തം പേരിനോടൊപ്പം സ്വീകരിച്ചിരിക്കുകയാണ്.

മലയാളത്തിലും തമിഴിലും ഒരേസമയം നായകനാകാന്‍ അവസരം ലഭിച്ചിരിക്കുന്ന ശരത്ത് അപ്പാനിയുടെ തലവര തെളിഞ്ഞിരിക്കുന്നു. ചെറുപ്പം മുതല്‍ക്കേ സിനിമാ താരമാവണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടന്ന ശരത്ത് വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളല്ല.

നാടകത്തെ ജീവവായു പോലെ പ്രണയിക്കുന്ന ശരത്ത് അപ്പാനിയെന്ന നടന്റെ എനര്‍ജി തിയേറ്ററിന്റെ അവിസ്മരണീയമായ അനുഭവംതന്നെയായിരുന്നു. നാടകത്തെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്ന ശരത്ത് മലയാളസിനിമയുടെ മുഖ്യധാരയിലേക്ക് കടന്നുവരുന്നതിനോടൊപ്പം തമിഴിലും തന്റേതായ സാന്നിധ്യമുറപ്പിക്കുകയാണ്.

തൃശൂരിലെ ഒല്ലൂരില്‍ ചിത്രീകരണം നടന്ന കോണ്ടസ്സയെന്ന ചിത്രത്തിന്റെ സെറ്റിലാണ് ശരത്ത് അപ്പാനിയെ കണ്ടത്. സിനിമാ മംഗളത്തിന്റെ വായനക്കാരുമായി ശരത്ത് അപ്പാനി മനസ്സ് തുറക്കുന്നു.

? ഈ ചിത്രത്തിലൂടെ നായകനാവുന്ന ശരത്ത് അപ്പാനിയുടെ കഥാപാത്രം...


ഠ കോണ്ടസ്സയെന്നത് വലിയ പടമല്ല. ഞാന്‍ ചെയ്യുന്ന കഥാപാത്രം സാധാരണക്കാരുടെ ഇടയില്‍ ജീവിക്കുന്ന ആളാണ്. തികച്ചും റിയലിസ്റ്റിക്കായ കഥാപാത്രം. ഓരോ പടങ്ങള്‍ കഴിയുമ്പോഴും നായകനാവുന്നത് എപ്പോഴാണെന്ന് ആള്‍ക്കാര്‍ ചോദിക്കാറുണ്ട്. സ്വാഭാവികമായും നല്ല ക്യാരക്ടര്‍ ചെയ്യണമെന്ന് എന്റെ മനസ്സിലും ആഗ്രഹമുണ്ടായിരുന്നു. കോണ്ടസ്സയെന്ന ചിത്രത്തില്‍ നായകകഥാപാത്രമായ ചന്തുവിലൂടെ എന്റെ സ്വപ്നവും പൂവണിയുകയാണ്. ഞാനെന്ന നടനെ മാത്രം കേന്ദ്രീകരിച്ചുള്ള സിനിമയായതിനാല്‍ ഓരോ സീന്‍ കഴിയുമ്പോഴും എനിക്ക് ടെന്‍ഷനാണ്. സംവിധായന്‍ സംതൃപ്തി പ്രകടിപ്പിക്കുന്നതോടെ എന്റെ ടെന്‍ഷന്‍ ഇല്ലാതാവുകയും ചെയ്യും.

? താങ്കളുടെ കലാപരമായ പശ്ചാത്തലം...


ഠ കാര്യമായ പശ്ചാത്തലമൊന്നുമില്ല. അരുവിക്കരയിലെ ഒരു സാധാരണ കൂലിപ്പണിക്കാരനായ സുകുവിന്റെയും മായയുടെയും മകനാണ് ഞാന്‍. വഴുതക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിച്ചത്. സ്‌കിറ്റുകളിലും നാടകങ്ങളിലും പ്രച്ഛന്ന വേഷത്തിലുമൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. എന്റെ നാട്ടിലെ കലാമന്ദിരം നടകസംഘത്തിലൂടെയാണ് ഞാന്‍ നാടകാഭിനയത്തിലേക്ക് കടന്നുവരുന്നത്. ഒരുഘട്ടത്തില്‍ ഇടതുപക്ഷത്തിന് വേണ്ടിയുള്ള തെരുവുനാടകങ്ങളില്‍ ഞാന്‍ സജീവമായിരുന്നു. തെരുവുനാടകങ്ങള്‍ വല്ലാത്തൊരു ഊര്‍ജ്ജമാണ് എനിക്കു നല്‍കിയത്.
uploads/news/2018/02/195583/CiniINWAppaani260218a.jpg

? തിയേറ്റര്‍ ശാഖയില്‍ സീരിയസ്സായി നിലയുറപ്പിച്ചതിനെക്കുറിച്ച്...


ഠ എനിക്കെല്ലാം നാടകമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാവാലം സാറിന്റെ അടുത്തെത്തിയത്. സാറിന്റെ നാടകങ്ങളിലൂടെയാണ് ഞാന്‍ പുതിയൊരു ആളായി മാറുകയായിരുന്നു. കാവാലം സാറിന്റെ മിക്ക നാടകങ്ങളില്‍ ഞാനും അഭിനയിച്ചു. കര്‍ണ്ണഭാരത്തിലെ ഇന്ദ്രന്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരുന്നു. പിന്നെ പ്രൊഫഷണല്‍ നാടകങ്ങളിലൊക്കെ അഭിനയിച്ചു. വിജയ് ടെണ്ടുല്‍ക്കറുടെ സൈക്കിളിസ്റ്റ് എന്ന നാടകത്തില്‍ സൈക്കിളിസ്റ്റ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നെ നാടകത്തെ കൂടുതല്‍ പഠനവിധേയമാക്കണമെന്ന് തോന്നിയപ്പോഴാണ് കാലടി ശ്രീശങ്കര കോളജില്‍ എം.എ. നാടകപഠനത്തിനു ചേര്‍ന്നത്. ഇവിടെയും നല്ലൊരു അനുഭവം തന്നെയായിരുന്നു. പഠനസമയത്ത് ഞാന്‍ സംവിധാനം ചെയ്ത ഫ്രൈഡേ എന്ന നാടകവും ശ്രദ്ധിക്കപ്പെട്ടു.

? നാടകത്തില്‍നിന്നും സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് സൂചിപ്പിക്കാമോ...


ഠ അങ്കമാലി ഡയറീസില്‍ അഭിനയിക്കാന്‍ അഭിനേതാക്കളെ കണ്ടെത്താനുള്ള ഓഡിഷന്‍ ടെസ്റ്റ് കാലടി കോളജിലും നടത്തിയിരുന്നു. മൊത്തം 200 പേരാണ് പങ്കെടുത്തത്. ഇതില്‍നിന്നും അപ്പാനി രവിയെന്ന കഥാപാത്രമായി എന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

? അങ്കമാലി ഡയറിയെന്ന ആദ്യചിത്രം നല്‍കിയ ആത്മവിശ്വാസത്തെക്കുറിച്ച്...


ഠ വല്ലാത്തൊരനുഭവം തന്നെയായിരുന്നു. സിനിമയില്‍ ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നുവെങ്കിലും പിന്നീട് അതൊക്കെ മാറി. മാത്രമല്ല സിനിമയില്‍ യാതൊരുവിധ പാരമ്പര്യമോ, പരിചയമോ ഇല്ലാത്ത ഞാന്‍ യഥാര്‍ത്ഥത്തില്‍ സിനിമയെന്തെന്ന് പഠിക്കുകയായിരുന്നു. ചെറുപ്പം മുതല്‍ക്കേ സിനിമാ താരമാവണമെന്ന ആഗ്രഹം മനസ്സിലുള്ളതുകൊണ്ട് ഒരുപാട് സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. സിനിമ പുറത്തിറങ്ങിയതിനു ശേഷം അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. അപ്പാനി രവിയെന്ന കഥാപാത്രത്തെ സ്‌നേഹിക്കുന്നവര്‍ ധാരാളമുണ്ടെന്ന് മനസ്സിലായി. ഇപ്പോഴും ആളുകള്‍ സെറ്റില്‍ കാണുമ്പോള്‍ അപ്പാനി രവിയെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടി നല്‍കാറുമുണ്ട്.

? ജിമിക്കിക്കമ്മല്‍ എന്ന ഗാനത്തിലൂടെ പ്രശസ്തനായല്ലോ..


ഠ ജിമിക്കിക്കമ്മലെന്ന പാട്ടു പാടി അഭിനയിക്കാന്‍ അവസരം ലഭിച്ചത് വളരെ വലിയൊരു അനുഭവമായി ഞാനിന്നും മനസ്സില്‍ സൂക്ഷിക്കുന്നു.
ഈ ഗാനം ലോകത്തെ നമ്പര്‍വണ്‍ പാട്ടായി സെലക്ഷന്‍ ലഭിച്ചത് വളരെ വലിയൊരു മഹാഭാഗ്യമായി ഞാന്‍ കാണുന്നു.

? വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലുമൊത്തുള്ള അഭിനയത്തെക്കുറിച്ച്...


ഠ ലാലേട്ടന്റെ കൂടെയുള്ള ഓരോ സമയവും ആഹ്‌ളാദകരമായിരുന്നു. ഞാന്‍ അഭിനയിച്ചിരുന്ന അങ്കമാലി ഡയറി ലാലേട്ടന്‍ കാണുകയും ഫെയ്‌സ്ബുക്കില്‍ അഭിപ്രായം കുറിച്ചിടുകയും ചെയ്തിരുന്നു. ലാലേട്ടന്റെ കൂടെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് അഭിനയത്തിന്റെ യൂണിവേഴ്‌സിറ്റിയില്‍ എത്തിയ അനുഭവമായിരുന്നു.

? ശരത്തിന്റെ മറ്റു ചിത്രങ്ങളെക്കുറിച്ച്...


ഠ പോക്കിരി സൈമണില്‍ അഭിനയിച്ചിരുന്നു. വിജയ്്‌യുടെ ആരാധകനായ പുതിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ വിജയ്്‌യുടെ ഫ്‌ളക്‌സുകള്‍ ആവേശത്തോടെ വെക്കാറുള്ള ലവ് ടുഡേ ഗണേഷനെന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തില്‍ വില്ലന്‍ കഥാപാത്രമായ കീടമായും അഭിനയിച്ചു. ഓഫ് ബീറ്റ് ചിത്രമായ 'അമല'യാണ് മറ്റൊരു ചിത്രം.
uploads/news/2018/02/195583/CiniINWAppaani260218b.jpg

? തമിഴിലും നായകനാവാന്‍ പോവുകയാണെന്ന് കേട്ടല്ലോ...


ഠ അതെ. അങ്കമാലി ഡയറി ചെന്നൈയില്‍ രണ്ടുമാസമാണ് പ്രദര്‍ശിപ്പിച്ചത്. ഈ ചിത്രം കണ്ടിട്ടാണ് ശണ്ഠക്കോഴിയുടെ രണ്ടാംഭാഗത്തില്‍ വില്ലനായി അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്. തമിഴില്‍നിന്നും ധാരാളം ഓഫറുകള്‍ വരാറുണ്ടെങ്കിലും നല്ല ചിത്രമാണെങ്കില്‍ മാത്രമേ അഭിനയിക്കാന്‍ ഡേറ്റ് നല്‍കാറുള്ളു.സെവന്‍ ആര്‍ട്‌സ് മോഹന്‍ സാറ് നിര്‍മ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തിലൂടെ ഞാന്‍ തമിഴിലും നായകനാകാന്‍ പോവുകയാണ്. തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശത്തെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷക യുവാവായാണ് അഭിനയിക്കുന്നത്.

? നടനെന്ന നിലയില്‍ ആളുകള്‍ തിരിച്ചറിയുമ്പോഴുണ്ടാകുന്ന സന്തോഷം...


ഠ അത് പറഞ്ഞറിയിക്കാനാവാത്തതാണ്. പെട്ടെന്ന് സിനിമയില്‍ വന്നയാളല്ല ഞാന്‍. മനസ്സില്‍ സിനിമാതാരമാകണമെന്ന ആഗ്രഹമുള്ളതുകൊണ്ട് ഒരുപാട് സിനിമാ സെറ്റുകളില്‍ ചാന്‍സ് ചോദിച്ചുപോയ അനുഭവം എനിക്കുണ്ട്. അതൊന്നും മറക്കാനാവില്ല. ഇപ്പോള്‍ ഗോഡ്ഫാദറില്ലാതെ സിനിമയില്‍ എത്തിയ ആളാണ് ഞാന്‍. അപ്പാനി രവിയെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ്. പിന്നെ മുറുക്കാന്‍ കടയില്‍ പോകുമ്പോള്‍ പോലും ജിമിക്കിക്കമ്മല്‍ കേള്‍ക്കാം. ജിമിക്കിക്കമ്മല്‍ പാടി അഭിനയിച്ചുവെന്നതിന്റെ പേരില്‍ തിരിച്ചറിഞ്ഞ് അഭിനന്ദിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്.

? ഇനിയുള്ള ആഗ്രഹം...


ഠ സിനിമയില്‍ നായകനായി അഭിനയിച്ചുവെന്നതുകൊണ്ട് നായകനായി മാത്രമേ അഭിനയിക്കുകയുള്ളുവെന്ന തെറ്റായ ചിന്തയൊന്നും എനിക്കില്ല. കാരണം വ്യത്യസ്തമായ കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നാടകത്തിലൂടെ സിനിമയിലെത്തിയതിനാല്‍ ഏതു റോളാണെങ്കിലും അഭിനയിക്കുകയെന്നത് എന്റെ ജീവിതവ്രതമാണ്. അതുകൊണ്ടുതന്നെ നായകനായും വില്ലനായും കൊമേഡിയന്‍ ഉള്‍പ്പെടെ ചെറിയൊരു റോളാണെങ്കില്‍ പോലും ഞാന്‍ അഭിനയിക്കും സിനിമയിലെ തുടക്കക്കാരനാണ് ഞാന്‍. കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പത്തേക്കാളുപരി പ്രേക്ഷകരുടെ മനസ്സില്‍ പതിയുന്ന കഥാപാത്രമായി അഭിനയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഭാഷ ഏതായാലും എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ മനസ്സറിഞ്ഞ് മുന്നോട്ട് പോകാന്‍ കഴിയുന്ന ആത്മവിശ്വാസവും എനിക്കുണ്ട്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പാലക്കാട് ദുരൈ

Ads by Google
TRENDING NOW