അറുപതിനോടടുത്ത് പ്രായമുളള ഒരു സ്ത്രീ റൂമിന് പുറത്തുനിന്ന് ഉളളിലേക്ക് എത്തിനോക്കി. അകത്തേക്ക് വരാന്‍ ഞാനവരെ ആംഗ്യം കാണിച്ചു.
കരഞ്ഞുകലങ്ങിയ അവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു നിഴല്‍ വെളിച്ചം കാണാനുണ്ടായിരുന്നു. വന്നതിന്റെ ഉദ്ദേശ്യം ഞാന്‍ ആരാഞ്ഞു. ക്ഷീണിതയായ അവര്‍ തന്റെ കരളലിയിക്കുന്ന ജീവിതകഥ പറഞ്ഞു തുടങ്ങി:
''വീട്ടുകാരുടെ എതിര്‍പ്പ് കാര്യമാക്കാതെയാണ് ഞാനും ഗോപിയേട്ടനും വിവാഹം കഴിച്ചത്. വൈകാതെ തന്നെ ഞങ്ങള്‍ക്ക് രണ്ടു പെണ്മക്കള് ജനിച്ചു. കൂലിപ്പണിയ്ക്ക് പോയാണ് അദ്ദേഹം കുടുംബം നോക്കിയിരുന്നത്. ആദ്യമൊക്കെ ഒരുപാട് കഷ്ടപ്പെട്ടെങ്കിലും ജീവിതം സന്തോഷകരമായിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ വീണ്ടും ഗര്‍ഭം ധരിച്ചു. ആണ്കുഞ്ഞായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി ഒരുപാട് നേര്‍ച്ചകളും കാഴ്ചകളും നടത്തി. മാസങ്ങള്‍ നീണ്ടകാത്തിരിപ്പിനുശേഷം ആഗ്രഹിച്ചതുപോലെ ഒരാണ്‍കുഞ്ഞിനെ ദൈവം തന്നു. ഇളയകുട്ടിയെക്കാള് പത്തുവയസ്സിന് വ്യത്യാസമുണ്ടായിരുന്നതു കൊണ്ട് എല്ലാവര്ക്കും അവനോട് പ്രത്യേക വാല്‍സല്യമായിരുന്നു.
അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം മോന് അരവിന്ദ് എന്ന് പേരിട്ടു.
ഒരുദിവസം പണിക്കുപോയ ഗോപിയേട്ടന് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. മോനപ്പോള് രണ്ടു വയസ്സ് ആയതേയുളളൂ.
പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നുപോയി. എന്റെ അവസ്ഥകണ്ട്, ഭാര്യമരിച്ച രണ്ടു മക്കളുളള മറ്റൊരു പുരുഷനെ വിവാഹം ചെയ്യാന്‍ എല്ലാവരും നിര്‍ബന്ധിച്ചെങ്കിലും ആ വിധത്തിലുളള സ്നേഹബന്ധത്തിന് എന്റെ ജീവിതത്തില്‍ സ്ഥാനമില്ലായിരുന്നു.
കുടുംബത്തിന്റെ മുഴുവന്‍ ചുമതലയും എന്റെ ചുമലിലായി. പെണ്മക്കളെ സ്കൂളില്‍ വിട്ടതിനുശേഷം അരവിന്ദനെയും കൂട്ടി അടുത്തുളള വീടുകളില്‍ ജോലിയ്ക്ക് പോയി. അവിടെനിന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടും ജോലി ചെയ്യുന്ന വീടുകളില്‍ ബാക്കി വരുന്ന ഭക്ഷണം കൊണ്ടും ഒരുവിധം കുടുംബം മുന്നോട്ട് കൊണ്ടുപോയി.
കിട്ടുന്ന വരുമാനത്തില്‍ നിന്ന് സ്വരുക്കൂട്ടിയും മറ്റുളളവരുടെ സഹായത്തോടെയും വര്‍ഷങ്ങള്‍ക്കുശേഷം പെണ്മക്കളെ വിവാഹം കഴിച്ചയച്ചു. പിന്നീട് ഞാനും മോനും തനിച്ചായി. പഠനശേഷം മോന് ജോലി ലഭിച്ചതോടെ ഇനിയുളളകാലം അമ്മ കഷ്ടപ്പെടണ്ടെന്ന് പറഞ്ഞ് അവനെന്നെ ജോലിയ്ക്ക് വിട്ടില്ല.
കുറച്ചുനാളുകള്‍ക്കുശേഷം കൂടെ ജോലിചെയ്യുന്ന അമൃതയെന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന വിവരം എന്നോടു പറഞ്ഞു. അവന്റെ ഇഷ്ടത്തിനെ എതിര്‍ക്കാതെ അമൃതയുടെ വീട്ടുകാരുമായി സംസാരിച്ച് ആ വിവാഹം നടത്തി.
വിവാഹത്തിന്റെ ആദ്യനാളുകള്‍ വളരെ സന്തോഷത്തോടെ കടന്നുപോയി. പിന്നീടാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഭാര്യയേക്കാളേറെ അമ്മയെ സ്നേഹിക്കുന്നു എന്നായിരുന്നു അവളുടെ പരാതി. പിന്നീട് നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് അവള് വഴക്കിടും. അരവിന്ദനെയോര്ത്ത് ആദ്യമൊക്കെ ഞാന്‍ ഒഴിഞ്ഞുമാറി.
ഒരിക്കല്‍ എനിക്കുനേരെ ഉയര്‍ന്ന അവളുടെ കൈ തടഞ്ഞ് മുഖമടച്ച് ഞാനൊന്നു കൊടുത്തു. അതിന്റെ പേരില്‍ അരവിന്ദനും എനിക്കെതിരായി. അവര്‍ ഒരു വാടകവീട്ടിലേക്കു താമസം മാറി. അതോടെ ഞാന്‍ തനിച്ചായി.
വീണ്ടും ജോലിയ്ക്ക് പോവുകയല്ലാതെ എനിക്ക് മുമ്പില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു.
ശക്തമായൊരു കാറ്റടിച്ചാല്‍ ഏതു നിമിഷവും നിലംപരിശാകാവുന്ന എന്റെ വീടിന്റെ അവസ്ഥകണ്ടു പഞ്ചായത്തില്‍ നിന്ന് വീട് അനുവദിച്ചു.
ജോലിസ്ഥലത്തേയ്ക്ക് പോകുന്നതിനിടെ അരവിന്ദ് ബൈക്കില്‍ നിന്ന് വീണ് കാലൊടിഞ്ഞ കാര്യം ഇളയ മകള്‍ വന്നപ്പോഴാണ് ഞാനറിഞ്ഞത്. പെട്ടെന്നുതന്നെ മകന് താമസിക്കുന്ന സ്ഥലത്തേക്ക് ചെന്നു.
കിടപ്പിലായതോടെ വാടകകൊടുക്കാനോ വീട്ടുചെലവിനോ കൈയില്‍ പണമില്ലാതെ വിഷമിക്കുന്ന അരവിന്ദനെ കണ്ടപ്പോള്‍ എനിക്ക് സഹിച്ചില്ല. ഒരു കാറുപിടിച്ച് അവനെയും കുടുംബത്തെയും വീട്ടിലേക്ക് കൊണ്ടുവന്നു. വീണ്ടും പഴയതുപോലെ സന്തോഷമുളള കുടുംബമായി ഞങ്ങളുടേത്.
വീടിനോട് ചേര്‍ന്ന് മുറിപണിയാന്‍ ബാങ്കില്‍ നിന്ന് ലോണെടുക്കാനായി വീടും സ്ഥലവും മോന്റെ പേരില്‍ എഴുതിക്കൊടുത്തു. പണിയെല്ലാം പൂര്‍ത്തിയായി കുറച്ചുനാള്‍ കഴിഞ്ഞ് എനിക്ക് വൃത്തിയില്ലെന്ന് പറഞ്ഞ് മകനും ഭാര്യയും ചേര്‍ന്ന് എന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു.
വീടിനോട് ചേര്‍ന്ന് ഓലകൊണ്ടുമറച്ച ചെറിയൊരു കുടിലിലാണ് ഞാനിപ്പോള്‍ താമസിക്കുന്നത്. എന്റെ കാലശേഷം എനിക്കുളളതെല്ലാം അവനുളളതാണ്.
എങ്കിലും തലചായ്ക്കാന്‍ ഒരു മുറിമാത്രമേ ഞാനാവശ്യപ്പെടുന്നുളളൂ. അതിനുളള സഹായം സാര്‍ ചെയ്ത് തരണം.'' എല്ലാം പറഞ്ഞവസാനിപ്പിച്ചപ്പോള്‍ അവരുടെ മിഴികള്‍ നിറഞ്ഞു തുളുമ്പി.
അരവിന്ദനുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും അയാള്‍ തയ്യാറായില്ല. കേസ് ഇപ്പോള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നു.