Sunday, March 17, 2019 Last Updated 6 Min 32 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 26 Feb 2018 10.50 AM

അന്നത്തിനും അധികാരത്തിനും കൊല; വിറ്റുതിന്നാന്‍ മുതലാളിമാരും; കേരളം എങ്ങോട്ട്

'' മധുവെന്നാല്‍ വിശപ്പായിരുന്നു. ഒരുപിടി ചോറിനായാണ് അവന്‍ കട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തത്. ''രാജാവിന്റെ കൊട്ടാരത്തില്‍പ്പോയി, ഒരു പിടി ചോറിന് വേണ്ടി ദൈവത്തിന് യാചിക്കേണ്ടിവന്നത്'' ലങ്കാദഹനം എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി ഒരു മനോഹരഗാനമായി നമുക്ക് തന്നിട്ടുണ്ട്. ആ അവസ്ഥയിലാണ് ഇന്ന് കേരളം എത്തി നില്‍ക്കുന്നത്. ''
uploads/news/2018/02/195521/opinion260218.jpg

ഒന്നിനെയും സൃഷ്ടിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ഒന്നിനെയും നശിപ്പിക്കാന്‍ അവകാശമില്ലെന്നത് ഒരു പ്രപഞ്ച നീതിയാണ്. അതുപോലെ ഒന്നിനേയൂം നശിപ്പിച്ച് രസിക്കുകയെന്നതും പ്രപഞ്ചനീതിയല്ല. എന്നാല്‍ എതിരാളികളെ വെട്ടിയും കുത്തിയും ഇല്ലാതാക്കാനും ദുര്‍ബലനെ കെട്ടിവച്ച് മര്‍ദ്ദിച്ച് കൊല്ലാനും കഴിയുന്ന മാനസികാവസ്ഥയിലേക്ക് കേരളീയന്‍ വളര്‍ന്നിരിക്കുന്നു. ഇത് ലളിതമല്ല, അങ്ങനെ കാണാനും കഴിയില്ല. കേരളീയ സമൂഹത്തിന്റെ മനോനിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ സൂചകങ്ങളാണ് ഇവിടെ തെളിയുന്നത്. ഇന്നും ഫ്യൂഡലിസം നയിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും എന്തിന് നഗരങ്ങളില്‍പോലും ഇത്തരത്തില്‍ ഒരു നിസ്സഹായനെ തച്ചുകൊല്ലുന്നത് വാര്‍ത്തയല്ല, അതുപോലെ ഒരുകൂട്ടത്തിനെ ചുട്ടുകൊല്ലുന്നതും പുതുമായായിരിക്കില്ല. എന്നാല്‍ കേരളത്തിന്റെ പ്രബുദ്ധതയുടെ പര്യമായ ഈ മലയാള മണ്ണില്‍ ഇത് സഹിക്കാവുന്നതിലേറെയാണ്. കൊലകത്തിയും അതിനുള്ള മനസുമായി നടക്കുന്ന ഒരു കൂട്ടവും, അതിനെ മഹത്വവല്‍ക്കരിച്ച് വില്‍പ്പനയ്ക്ക് വയ്ക്കുന്ന മാധ്യമസംസ്‌ക്കാരവും കേരളത്തെ എവിടെ എത്തിക്കുമെന്ന ആശങ്കയാണ് ഓരോ മലയാള മനസുകളിലും നിറയുന്നത്.

രണ്ടു സംഭവങ്ങളാണ് ഇന്ന് നമ്മുടെ മനസിനെ വല്ലാതെ നോവിക്കുന്നത്. കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകവും അതിലേറെ നമ്മെ ഞെട്ടിപ്പിച്ചത് ഒരുപിടി അരിക്കുവേണ്ടി, നിസ്സഹായനായ മധുവെന്ന ആദിവാസിയുവാവിനെ ആള്‍ക്കൂട്ടം വിചാരണനടത്തി ബന്ധസ്ഥനായി തല്ലികൊന്നതുമാണ്. ഇതില്‍ മധുവിന്റെ മരണം കേരളത്തിന് ഒരിക്കലും ചിന്തിക്കാന്‍ കഴിയുന്നതല്ല. മലയാളി എങ്ങോട്ടാണ് പോകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കടമനിട്ട രാമകൃഷ്ണന്‍ തന്റെ കുറത്തിയില്‍ എഴുതിയത് ഇന്ന് സത്യമായി' നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നില്ലേ'' എന്നാണ് അദ്ദേഹം ചോദിച്ചത്. പലരീതിയിലും നമ്മള്‍ ഇതിന് മുമ്പ് ഈ ഭൂമിയുടെ അവകാശികളെ ചുട്ടുതിന്നുണ്ടായിരുന്നെങ്കില്‍ പച്ചയ്ക്ക് ഒരു മനുഷ്യനെ പരസ്യമായി തല്ലികൊല്ലുകയും അത് മൊബൈലില്‍ പടംപിടിച്ച് നാടിനെയാകെ കാണിച്ച് രസിക്കുകയും ചെയ്യുന്ന സാഡിസം ആദ്യമാണ്.
എന്താണ് മധുചെയ്ത കുറ്റം, സഹിക്കാനാകാത്ത വിശപ്പിനെ തണുപ്പിക്കാന്‍ ഒരുപിടി അരിയാണ് എടുത്തത്.

നിയമസംഹിതകളില്‍ കളവ് കുറ്റമാണ്. എന്നാല്‍ ഏത് കുറ്റത്തിനേയും കാളെറെ ഏറ്റവും വലിയ ശിക്ഷ അര്‍ഹിക്കുന്നത് അതിലേക്ക് വഴിവച്ച പ്രേരണയ്ക്കാണ്. അങ്ങനെ നാം പരിശോധിക്കുകയാണെങ്കില്‍ ആദ്യം ജനകീയവിചാരണ നടത്തേണ്ടത്, കഴിഞ്ഞ അറുപതുകൊല്ലമായി ഈ നാട് ഭരിക്കുന്ന ജനാധിപത്യ തമ്പുരാന്‍ മാരെയാണ്. കാടിന്റെ മക്കളുടെ ജീവിതംകൊള്ളയടിച്ച നാടിലെ നാം ഉള്‍പ്പെടുന്ന കൊലയാളികുട്ടങ്ങളെയാണ്. കാട്ടിനുള്ളില്‍ വെള്ളമില്ലാതെ നാട്ടിലിറങ്ങി ജനങ്ങള്‍ക്ക് വന്യമൃഗങ്ങള്‍ വരെ ഭീഷണിയാകുന്നതിന് വഴിവച്ച അഭിനവ തമ്പ്രാക്കന്‍ മാരെയാണ്.

അതൊന്നും ചെയ്യാതെ നിസ്സഹായനായ ഒരു മനുഷ്യനെ അവന്റെ കൂടാരത്തില്‍ കയറി തല്ലികൊല്ലുകയെന്നത് കാട്ടാളക്കാലത്തുപോും കേരളീയന് ചിന്തിക്കാനാകുന്നതായിരുന്നില്ല. എന്നാല്‍ ഇന്ന് അത്തരത്തിലേക്ക് നാം വളര്‍ന്നു. കട്ടവനെ ജനകീയവിചാരണ നടത്തുന്ന തരത്തില്‍ അബദ്ധത്തിന് കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് സഹായത്തിനായി കേഴുന്ന കണ്ണുകളുമായി താഴെ തലപൊട്ടികിടക്കുന്ന മനുഷ്യനെ സഹായിക്കാന്‍ ഒരുമ്പെടാതെ സെല്‍ഫിയെടുത്ത് സന്തോഷിക്കുന്ന തരത്തിലായി നമ്മുടെ വളര്‍ച്ച. സാമൂഹികവും സാംസ്‌ക്കാരികവുമായി നേടിയ എല്ലാ നന്മകളും അടിയറവയ്ക്കുന്ന ആധുനികതയെന്ന് നാം വിശേഷിപ്പിക്കുന്ന കാട്ടാളം പിടകൂടിയ മാനസികാവസ്ഥയുടെ ഉടമകളായി നാം മാറി.
അതുപോലെയാണ് രാഷ്ട്രീയ കൊലപാതകങ്ങളും.

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകം ഇന്ന് ഒരു വാര്‍ത്തയല്ലാതായി മാറിയിരിക്കുന്ന ഈ കാലത്ത് അരങ്ങേറുന്ന ഇത്തരം രീതികളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

രാഷ്ട്രീയം എന്നത് ആശയസംവാദമാണ്. രാഷ്ട്രത്തിനെ സംബന്ധിക്കുന്നതാണ് രാഷ്ട്രീയം. ആ രാഷ്ട്രീയത്തില്‍ ഇീ മണ്ണിലുള്ള പൂഴുക്കള്‍ മുതല്‍ നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത ഏകകോശ ജീവികള്‍ വരെയുണ്ട്. ഈ ഭൂമി, ഈ മണ്ണ് അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്. അതുകൊണ്ട് ഒന്നിനെ ഇല്ലാതാക്കി മറ്റൊന്നിനെ വളര്‍ത്താം എന്ന ആശയം പ്രാകൃതമാണ്. മനുഷ്യന്‍ കാട്ടാളനായി ജീവിച്ചിരുന്ന കാലത്തുണ്ടായിരുന്ന കാടിന്റെ നീതിയായിരുന്നു അത്. എന്നാല്‍ ഇന്ന് മനുഷ്യന്‍ സംസ്‌ക്കാര സമ്പന്നനായി, പ്രത്യേകിച്ച് കേരളീയര്‍ ഇന്ത്യയില്‍ എല്ലാ മേഖലയിലും മുന്നില്‍ നില്‍ക്കുന്നവരുമാണ്. അവിടെ ഇത്തരമൊരു രാഷ്ട്രീയപ്രവര്‍ത്തനം അചിന്തനീയമാണ്.

ഒരു ആശയത്തേയും വാള്‍മുനകൊണ്ടോ, തോക്കുകള്‍ കൊണ്ടോ ഇല്ലാതാക്കാനാവില്ലെന്ന് തിരിച്ചറിയാനുള്ള മനസാണ് നമ്മുടെ രാഷ്ട്രീയനേതാക്കള്‍ക്ക് വേണ്ടത്. അങ്ങനെയെങ്കില്‍ ഈ ലോകത്ത് നിന്നുതന്നെ കമ്മ്യുണിസം എന്നേ ഇല്ലാതാകുമായിരുന്നു. ഇപ്പോള്‍ ഇവിടെ അരങ്ങേറുന്ന തരത്തിലുള്ള ചില പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കമ്മ്യൂണിസത്തിന് തിരിച്ചടിയേറ്റിയേറ്റിട്ടുള്ളതല്ലാതെ ഒരു എതിരാളിയുടെ വാള്‍മുനയ്ക്കും അധികാരത്തിന്റെ തോക്കുകള്‍ക്കും അതിനെ ഇല്ലാതാക്കാനായിട്ടില്ല. അതാണ് നമ്മുടെ ചരിത്രബോധം നമ്മെ പഠിപ്പിക്കേണ്ടത്. സഹനമാണ് ഏറ്റവും വലിയ ആയുധംഎന്ന് നമ്മെ പഠിപ്പിച്ച ലോകഗുരുനാഥനായ മഹാത്മാഗാന്ധിയുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്ത്യാക്കാര്‍, നന്മയും ഒരുമയും പഠിപ്പിച്ച ശ്രീ നാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും തുടങ്ങി വലിയ ഒരു ഗുരുപരമ്പകരളുടെയും സമത്വസുന്ദരമായ ഒരു സമൂഹം കെട്ടിപ്പെടുക്കാന്‍ സ്വന്തം നന്മകള്‍ പോലും ത്യാഗം ചെയ്ത നേതാക്കളുടെയും പരമ്പരകളാണ് കേരളീയര്‍. അത് നാം മറക്കരുത്.

സ്‌നേഹമാണ് അഖിലസാരമൂഴിയില്‍ എന്ന് പാടിയ കവി വചനമാണ് നാം ഓര്‍ക്കേണ്ടത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അയലത്തുവീട്ടിലെ സോദരനായിരിക്കുന്നവരാണോ, അവര്‍ക്ക് കേരളീയ സമൂഹത്തില്‍ സ്വാധീനമുണ്ടാകും. അങ്ങനെയാണ് ഇവിടെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍, പ്രത്യേകിച്ച് സി.പി.എം വളര്‍ന്നതും. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നവനെ ഇല്ലാതാക്കുകയെന്ന ദൗത്യം അവര്‍ സ്വീകരിക്കാനും പാടില്ല.

ഇതൊക്കെയാണ് ഇതിന്റെ സാമുഹികവശങ്ങള്‍. എന്നാല്‍ ഇതിനൊരു സാമ്പത്തികവശം കൂടിയുണ്ട്. മുതലാളത്തിത്തിന്റെ വില്‍പ്പനതന്ത്രം. അതിന് ചൂട്ടുകൊളുത്തിക്കൊണ്ട് ചിലര്‍ കുതിച്ചുപായുമ്പോള്‍ വിപ്ലവകരമാണ് തങ്ങളുടെ പ്രവര്‍ത്തനം എന്ന് അവകാശപ്പെടുന്നവരുടേത് അധാര്‍മ്മികമാകും.

കണ്ണൂരില്‍ മരണപ്പെട്ടതും യുവാവ്, അതിന്റെ പേരില്‍ പിടിയിലാതും യുവാക്കള്‍, കേരള മനസാക്ഷി എങ്ങോട്ടുപോകുന്നുവെന്നതാണ് ഈ വിഷയം ഉയര്‍ത്തുന്നത്. യുവാക്കള്‍ കൊലചെയ്യാനായി സ്വയം രംഗത്തുവരുന്നു. മാമാങ്കകാലഘട്ടത്തില്‍ വള്ളുവകോനാതിരിക്ക് നിലപാടുനില്‍ക്കാനുള്ള അവകാശം തിരിച്ചുപിടിക്കാന്‍ മീശമുളയ്ക്കാത്തവര്‍ വരെ ചാവേറുകളായി പോയി ഈയാംപാറ്റകളെപ്പോലെ പിടഞ്ഞുവീണുവെന്ന് ചരിത്രത്തില്‍ നാം പഠിച്ചതുപോലെ, ഇന്ന് യുവാക്കള്‍ വടിവാളും ആധുനിക കൊലകത്തികളുമായി ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്. നാളെയുടെ ഹീറോകള്‍ ആകാനായി.

എന്താണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. കുപ്രസിദ്ധിതന്നെയാണ്. അതിന് അറിഞ്ഞുകൊണ്ടോ, അറിയാതയോ, നമ്മുടെ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വിവരണാതീതവുമാണ്. വെട്ടിന്റെ എണ്ണം പറഞ്ഞുള്ള ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. ടി.പി. ചന്ദ്രശേഖരന് ശേഷം കേരളത്തിലെ കൊലപാതകങ്ങളെ പ്രത്യേകിച്ച് രാഷ്ട്രീയ കൊലകളെ അതിതീവ്രമായി ചിത്രീകരിച്ച് അതില്‍ ഉള്‍പ്പെട്ടവരെ കുപ്രസദ്ധിരാക്കി സമൂഹത്തില്‍ ചിരപ്രതിഷ്ഠനടത്തുകയെന്ന രീതിയാണ് മാധ്യമങ്ങള്‍ പൊതുവേ സ്വീകരിച്ചുവരുന്നത്.

നന്മ ഉള്‍ക്കൊള്ളാന്‍ മനുഷ്യമനസുകള്‍ക്ക് അത്ര വേഗത്തില്‍ കഴിയാറില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയിട്ടുള്ളത് മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണപരീക്ഷണങ്ങളാണ്. അത് വായിച്ചിട്ടുള്ളതില്‍ ഒരു ചെറിയ ശതമാനമെങ്കിലും അത് ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്നേ നമ്മുടെ സമുഹം ഏറ്റവും മുന്തിയതും മികച്ചതുമാകുമായിരുന്നു.

എന്നാല്‍ നന്മയെക്കാളും തിന്മയ്ക്കായിരിക്കൃം ജനമനസുകളെ പ്രത്യേകിച്ച് യുവമനസുകളെ സ്വാധീനിക്കാന്‍ കഴിയുക. വെട്ടിന്റെ എണ്ണവും മറ്റും പറഞ്ഞ് പ്രതികള്‍ക്ക ധീരപരിവേഷം നല്‍കുന്നതോടെ അവര്‍ നായകരാകുന്നു. ശിക്ഷാകേന്ദ്രങ്ങളിലും പരിപൂര്‍ണ്ണ സന്തോഷകരമായ ജീവിതം.
രാവിലെ മുതല്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് നാം അറിയാതെയാണെങ്കില്‍പ്പോലും കണ്ടുകൊണ്ടിരിക്കുന്ന കേട്ടുകൊണ്ടിരിക്കുന്ന കിളിന്തുമനസുകളുടെ സ്വാധീനിക്കുമെന്നാണ് മനശാസ്ത്ര വിദഗ്ധന്‍മാര്‍ പറയുന്നത്. അതുമപാലെ അതിരാവിലെ ചായയോടൊപ്പം കൈയില്‍ ലഭിക്കുന്ന പത്രത്തിലെ നിഷേധാത്മകവാര്‍ത്തകളും വായനക്കാരന്റെ മനസില്‍ ഉണ്ടാക്കുന്ന ഇതേ വികാരമാണ്.

തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതിന് ചില അതിര്‍വരമ്പുകള്‍ വേണ്ടേയെന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സത്യം വിളിച്ചുപറയുന്നതിനോടൊപ്പം ദുഷ്‌സ്വാധീനം ചെലുത്താവുന്നവയെ നിയന്ത്രിക്കേണ്ടതില്ലേ എന്ന് ചിന്തിക്കണം. വെട്ടിന്റെ എണ്ണവും ആഴവും പരപ്പും രീതിയും വരച്ചുകാട്ടി ഇളംമനസുകളില്‍ ദുഷ്ചിന്തകള്‍ വളര്‍ത്തുകയല്ല വേണ്ടത്. എല്ലാം വില്‍പ്പനയ്ക്ക് വേണ്ടിയാകുമ്പോള്‍, പിന്നെ സാമൂഹിക ബന്ധങ്ങള്‍ക്ക് വിലയില്ലാതാകും. അതാണ് അമ്മ മകനെയും മകന്‍ അമ്മയേയും സ്വാര്‍ത്ഥതയ്ക്ക് വേണ്ടി കൊലചെയ്യുന്ന അവസ്ഥയുണ്ടാകുന്നത്.

ഇടയ്ക്ക് നിന്ന് കീശനിറയ്ക്കുകയെന്ന തന്ത്രം എക്കാലവും വിജയിക്കില്ല. ആടിന്റെ മാസം കൊതിച്ച് സുഹൃത്തുക്കളായ മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ഒടുവില്‍ അതിനിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞുപോയ കുറുക്കന്റെ ഗതിയാകും മാധ്യമങ്ങള്‍ക്കും. ഈ നില മാറാന്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക-മാധ്യമ മേഖലകള്‍ ഒന്നിച്ച പ്രവര്‍ത്തിക്കണം ലാഭം എന്ന മുതലാളിത്ത മൂല്യത്തോടൊപ്പം മാനവവികസനം എന്ന സോഷ്യലിസ്റ്റ് ചിന്തകൂടി വരിക്കാന്‍ തയാറാകണം എന്നര്‍ത്ഥം.

മധുവെന്നാല്‍ വിശപ്പായിരുന്നു. ഒരുപിടി ചോറിനായാണ് അവന്‍ കട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തത്. ''രാജാവിന്റെ കൊട്ടാരത്തില്‍പ്പോയി, ഒരു പിടി ചോറിന് വേണ്ടി ദൈവത്തിന് യാചിക്കേണ്ടിവന്നത്'' ലങ്കാദഹനം എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി ഒരു മനോഹരഗാനമായി നമുക്ക് തന്നിട്ടുണ്ട്. ആ അവസ്ഥയിലാണ് ഇന്ന് കേരളം എത്തി നില്‍ക്കുന്നത്. അവിടെ നിന്നും ശ്യാമസുന്ദര കേര കേദാര ഭൂമിയായി കേരളത്തെ മാറ്റാന്‍ വീണ്ടും ഒരു സാമുഹിക നവോത്ഥാന പ്രസ്ഥാനം ആരംഭിക്കേണ്ടിയിരിക്കുന്നു.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 26 Feb 2018 10.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW