ഏറ്റുമാനൂര്‍: തിരിനാളങ്ങളുടെ സ്വര്‍ണപ്രഭയില്‍ വലിയ കാണിക്കയര്പ്പിക്കാനെത്തിയ ഭക്തര്‍ക്ക് ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനദര്‍ശനം സായൂജ്യമേകി, ചെങ്ങന്നൂര്‍ പുന്നരിട്ടമഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധി ആദ്യ കാണിക്ക അര്‍പ്പിച്ചു.
തുടര്‍ന്ന് ഊരാഴ്മക്കാരും ദേവസ്വം ബോര്‍ഡ് അധികൃതരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും ക്ഷേത്രത്തില്‍ തടിച്ചുകൂടിയ ഭക്തരും കാണിക്കയര്‍പ്പിച്ചു ഭഗവാനെ വണങ്ങി.
ഇന്നലെ രാത്രി 12ന് മഹാദേവക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിലായിരുന്നു ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും. സോപാനസംഗീത ചക്രവര്‍ത്തി അമ്പലപ്പുഴ വിജയകുമാര്‍, മാലം മനോജ് എന്നിവര്‍ ഒരുക്കിയ അഷ്ടപദി പൊന്നാനദര്‍ശനം ഭക്തിസാന്ദ്രമാക്കി.
രാത്രി 9.30ന് സിനിമാതാരം രമ്യാ നമ്പീശനും സംഘവുമതരിപ്പിച്ച ആനന്ദനടനം തുടങ്ങിയതോടെ ക്ഷേത്രവും പരിസരപ്രദേശവും ഭക്തജനങ്ങളെക്കൊണ്ടു തിങ്ങിനിറഞ്ഞിരുന്നു. എസ്.എന്‍.ഡി.പി. യോഗം, എ.കെ.വി.എം.എസ്. സംഘടനകള്‍ ദേശതാലപ്പൊലിയും താലപ്പൊലിയും ഐമ്പൊലിയും ഭഗവാനു സമര്‍പ്പിച്ചതോടെ തിരുവരങ്ങില്‍ രമ്യാ നമ്പീശന്റെ ആനന്ദനടനത്തിനു കേളികൊട്ടുയര്‍ന്നു.
ഏഴരപ്പൊന്നാന ദര്ശനത്തോടനുബന്ധിച്ചുള്ള വലിയ വിളക്കിനോടനുബന്ധിച്ച് വെട്ടിക്കവല കെ.എന്‍. ശശികുമാറും ക്ഷേത്രവാദ്യശ്രീ തൃക്കാരിയൂര്‍ സുരേഷും സംഘവുമവതരിപ്പിച്ച നാദസ്വര പഞ്ചവാദ്യതാളമേളങ്ങളും ബ്രഹ്മമംഗലം ഗോപിയുടെ ചെണ്ടമേളവും പ്രേക്ഷകര്‍ക്ക് ആസ്വാദ്യതപകര്ന്നു.
പള്ളിനായാട്ട് ഇന്ന് രാത്രി 12ന് നടക്കും. ഇന്ന് രാവിലെ ഏഴിനുള്ള ശ്രീബലിക്കും വൈകിട്ട് അഞ്ചിനു കാഴ്ചശ്രീബലിക്കും മേളചക്രവര്‍ത്തി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും 60ല്‍പരം കലാകാരന്മാരും അണിനിരക്കും. മേജര്‍സെറ്റ് പഞ്ചാരിമേളവും തൃശൂര്‍പൂരത്തിന്റെ വര്ണപ്പകിട്ടാര്ന്ന കുടമാറ്റവും ഏറ്റുമാനൂരപ്പനു സമര്‍പ്പിക്കും.
അഖില കേരള വിശ്വകര്‍മ മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെ താലപ്പൊലി സമര്‍പ്പണം ഇന്ന് വൈകിട്ട് 6.30ന് നടക്കും. ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള 9.30ന് തുടങ്ങും.