Tuesday, September 25, 2018 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 22 Feb 2018 04.09 PM

കടുകട്ടി മരുന്നൊന്നും വേണ്ട ഡോക്ടര്‍!

''ക്ഷീണം തോന്നുന്ന കാര്യം പറഞ്ഞപ്പോള്‍ ഗ്ലിംപിരൈഡ് നിര്‍ത്താന്‍ പറഞ്ഞു. എന്നിട്ട്, മെറ്റ്‌ഫോര്‍മിന്‍ 500 മില്ലിഗ്രാം കുറിച്ചുതന്നു. എന്തൊരു നോണ്‍സെന്‍സാണിത്? ഒരു മില്ലിഗ്രാം കഴിച്ചപ്പോള്‍ത്തന്നെ തളര്‍ന്നുപോയ ഞാന്‍ 500 മില്ലിഗ്രാം ഗുളിക കഴിച്ചാല്‍ ചത്തുപോകില്ലേ?''
uploads/news/2018/02/194439/akavumpuravum220218.jpg

മുന്‍കോപിയെന്ന് തോന്നിപ്പിക്കുന്ന തടിച്ചിരുണ്ട മധ്യവയസ്‌കന്‍ എന്റെയടുക്കല്‍ വന്നിട്ട് പറഞ്ഞു, ഞാന്‍ നേരത്തെ കണ്ടിരുന്ന ഡോക്ടര്‍ പ്രമേഹത്തിനെന്നും പറഞ്ഞ് ഭയങ്കര സ്‌ട്രോങ് മരുന്നുകളാ തന്നിരുന്നത്.

അത് കഴിക്കാന്‍ എനിക്ക് താത്പര്യമില്ല. അതുകൊണ്ട് ഡോക്ടറുടെ അഭിപ്രായം അറിയാനാണ് ഞാന്‍ വന്നത്.അതെന്തുപറ്റി അങ്ങനെ തോന്നാന്‍? ഞാന്‍ സൗമ്യമായി ചോദിച്ചു.

ഞാന്‍ ഒരു ഡോക്ടറെ കണ്ടു. അദ്ദേഹം ഗ്ലിംപിരൈഡ് 1 മില്ലിഗ്രാം മരുന്നുതന്നു. അത് കഴിച്ചതേ എനിക്ക് ഭയങ്കര ക്ഷീണം തോന്നി. നഗരത്തിലെതന്നെ ഏറ്റവും വലിയ മറ്റൊരു ആശുപത്രിയില്‍ ഞാന്‍ പോയി. ക്ഷീണം തോന്നുന്ന കാര്യം പറഞ്ഞപ്പോള്‍ ഗ്ലിംപിരൈഡ് നിര്‍ത്താന്‍ പറഞ്ഞു. എന്നിട്ട്, മെറ്റ്‌ഫോര്‍മിന്‍ 500 മില്ലിഗ്രാം കുറിച്ചുതന്നു.

എന്തൊരു നോണ്‍സെന്‍സാണിത്? ഒരു മില്ലിഗ്രാം കഴിച്ചപ്പോള്‍ത്തന്നെ തളര്‍ന്നുപോയ ഞാന്‍ 500 മില്ലിഗ്രാം ഗുളിക കഴിച്ചാല്‍ ചത്തുപോകില്ലേ? ഇപ്പോള്‍, എന്നെപ്പോലുള്ള സാധുക്കളുടെമേല്‍ വിലകൂടിയ ഹൈഡോസ് മരുന്ന് കുറിക്കാനാണ് എല്ലാവരുടെയും താത്പര്യം. എന്തു കഷ്ടമാണിത്? അയാള്‍ രോഷാകുലനായി.

പ്രമേഹത്തിന് 0.2 മില്ലിഗ്രാം, 0.3 മില്ലിഗ്രാം എന്നിങ്ങനെയൊക്കെ മരുന്നുണ്ടെന്ന് നെറ്റില്‍ കണ്ടു. അപ്പോള്‍ അത്തരം മരുന്നിനെക്കുറിച്ച് സംസാരിക്കാനാ ഞാന്‍ ഡോക്ടറെ കാണാമെന്നു കരുതിയത്. അയാള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ചിരി കടിച്ചമര്‍ത്തി ഞാന്‍ അയാളെ ഒന്നു നോക്കി.

മരുന്നിന്റെ ശക്തി


ചില ഡോക്ടര്‍മാര്‍ വളരെ ശക്തമായ മരുന്ന് കുറിക്കുന്നുവെന്നും ചിലര്‍ കുറിക്കുന്നത് ശക്തി കുറഞ്ഞ മരുന്നാണെന്നുമുള്ളത് പല രോഗികളുടെയും ധാരണയാണ്.

സംഗതി അത്രയ്ക്ക് ലളിതമാണോ? ഒരു മില്ലി ഗ്രാം, 500 മില്ലിഗ്രാം, ആയിരം മില്ലി, 0.2 മില്ലി എന്നൊക്കെയുള്ള നമ്പരുകള്‍ കണ്ടിട്ട് മരുന്ന് ശക്തി കൂടിയതാണെന്നോ കുറഞ്ഞതാണെന്നോ കരുതേണ്ടതുണ്ടോ? ഒരു ഡോളര്‍, ഒരു രൂപ, ഒരു യെന്‍ എന്നെല്ലാം പറയുന്നത് ഒരേ മൂല്യം അല്ലെന്ന് നമുക്ക് അറിയാം.

അതേപോലെതന്നെയാണ് മരുന്നിന്റെ കാര്യവും. വെള്ളവും എണ്ണയും ദ്രവരൂപത്തിലാണ് എന്നു കരുതി വെള്ളത്തിന് പകരം ആരും എണ്ണ കഴിക്കില്ലല്ലോ?

ഇവിടെ ഗ്ലിംപിരൈഡും മെറ്റ്‌ഫോര്‍മിനുമെല്ലാം വെള്ളവും എണ്ണയും പോലെ വ്യത്യസ്തമായവയാണെന്നാണ് ആദ്യം മനസിലാക്കേണ്ടത്.

ഡോസ് കൂടി എന്ന് പരാതി പറയുന്നവരെ എളുപ്പത്തില്‍ ഒഴിവാക്കാന്‍ മെറ്റ്‌ഫോര്‍മിന്‍ 500 മില്ലി ഗ്രാം എന്ന് എഴുതുന്നതിന് പകരം മെറ്റ്‌ഫോര്‍മിന്‍ 0.5 ഗ്രാം എന്നെഴുതിയാല്‍ മതിയെന്നു തോന്നും.

രണ്ടും സംഗതി ഒന്നുതന്നെയാണെങ്കിലും കാണുമ്പോള്‍ രോഗിക്ക് ആശ്വാസം തോന്നും. സ്‌കൂളില്‍ പഠിച്ച കണക്കനുസരിച്ച് ഇപ്പോഴും 0.5 ഗ്രാം എന്നത് ഇപ്പോഴും ആയിരം മില്ലിഗ്രാമിനേക്കാള്‍ (1 ഗ്രാം) ചെറുതാണല്ലോ?

uploads/news/2018/02/194439/akavumpuravum220218a.jpg

മലയാളികള്‍ ഇങ്ങനെയാ


എനിക്കുതോന്നുന്നത് കേരളത്തിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ എന്നാണ്. ഇവിടെയാണല്ലോ എല്ലാവരും സാക്ഷരത നേടിയിട്ടുള്ളത്. നൂറുശതമാനം സാക്ഷരതയെന്നത് നൂറുശതമാനം കോമണ്‍ സെന്‍സ് അല്ല എന്ന കാര്യം ഉറപ്പാണ്.

ഇനി എന്താണ് ഗ്ലിംപിരൈഡ് എന്നു നോക്കാം. ശരീരത്തിലെ സ്വാഭാവികമായ ഇന്‍സുലിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ളതാണ് ഈ മരുന്ന്. എന്നാല്‍, ഈ മരുന്ന് കഴിക്കുന്ന രോഗി ശരിയായ സമയത്ത് ആഹാരം കഴിക്കുന്നില്ലെങ്കില്‍ അധികമായി ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ വലിയ പ്രശ്‌നങ്ങളിലേയ്ക്ക് വഴിതെളിക്കും.

ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് അപകടകരമാം വിധം താഴേയ്ക്കുപോകും. ഹൈപ്പോഗ്ലൈസീമിയ എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. കടുത്ത ക്ഷീണവും പ്രശ്‌നങ്ങളും ഇതിനൊപ്പമുണ്ടാകാം. എന്നെ വന്നുകണ്ട കഥാപാത്രത്തിന് സംഭവിച്ചതും ഇതുതന്നെ.

എന്നാല്‍, മെറ്റ്‌ഫോര്‍മിന്‍ എന്നത് ശരീരത്തിലെ ഇന്‍സുലിന്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുവേണ്ടി നല്കുന്നതാണ്. എന്നുപറഞ്ഞാല്‍, ശരീരത്തിലെ ഇന്‍സുലിന്റെ ഉത്പാദനം കൂട്ടാന്‍ മെറ്റ്‌ഫോര്‍മിന്‍ ഒന്നും ചെയ്യുന്നില്ല.

അതിനുപകരം ശരീരത്തില്‍ ലഭ്യമായ ഇന്‍സുലിനെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്നുമാത്രം. പാന്‍ക്രിയാസ് ഇന്‍സുലിന്‍ നിര്‍മ്മിക്കുന്നില്ലെങ്കില്‍ മെറ്റ്‌ഫോര്‍മിന് ഒന്നും ചെയ്യാനില്ല.

മെറ്റ്‌ഫോര്‍മിന്‍ കഴിക്കുന്നവര്‍ക്ക് അതുകൊണ്ടുതന്നെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകാറില്ല. കൂടുതല്‍ സുരക്ഷിതമാണെന്ന് ചുരുക്കം. ശരിയായ അളവില്‍ കഴിച്ചാല്‍ മെറ്റ്‌ഫോര്‍മിനാണ് പ്രമേഹത്തിന്റെ തുടക്കക്കാര്‍ക്ക് നല്ലത്. ശരിക്കും അതിശയിപ്പിക്കുന്ന മരുന്നാണിത്.

അതുകൊണ്ടാകണം, ആദ്യം കുറിച്ചുകൊടുത്ത ഗ്ലിംപിരൈഡ് നിര്‍ത്തിയിട്ട് രണ്ടാമത്തെ ഡോക്ടര്‍ കൂടുതല്‍ സുരക്ഷിതമായ മെറ്റ്‌ഫോര്‍മിന്‍ കുറിച്ചുകൊടുത്തത്. നമ്മുടെ കക്ഷിക്ക് അതത്ര ദഹിച്ചില്ലെന്നത് വേറെ കാര്യം.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴ്ന്നുപോയാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണക്കാക്കുമ്പോള്‍ ഒരു മില്ലിഗ്രാം ഗ്ലിംപിരൈഡിനേക്കാള്‍ സുരക്ഷിതമാണ് 4000 മില്ലിഗ്രാം (അതെ, നാലായിരംതന്നെ) മെറ്റ്‌ഫോര്‍മിന്‍.

എന്നാല്‍, മിക്ക ഡോക്ടര്‍മാരും ഒരു ദിവസം കഴിക്കാന്‍ 2000 മുതല്‍ 2500 മില്ലി ഗ്രാം വരെ മെറ്റ്‌ഫോര്‍മിന്‍ മാത്രമെ നല്കാറുളളൂ. കൂടുതല്‍ നല്കിയാലും അതുകൊണ്ട് വലിയ ഉപയോഗമില്ല എന്നതുതന്നെ കാര്യം.

നെറ്റ്മരുന്ന്


ഇനി നെറ്റില്‍ കണ്ട 0.2, 0.3 മില്ലി ഗ്രാം മരുന്ന് എന്താണെന്നു നോക്കാം. മിക്കവാറും നമ്മുടെ കക്ഷി കണ്ടത് വോഗ്ലിബോസ് എന്ന മരുന്നായിരിക്കണം. ഇത് രക്തത്തില്‍ കലര്‍ന്നിരിക്കുന്ന ഗ്ലൂക്കോസിനെ ശരീരത്തിലേയ്ക്ക് ആഗീരണം ചെയ്യുന്നതിനെ തടയും.

ശരീരത്തിലെ ഇന്‍സുലിന്‍ നിലയിലോ ഇന്‍സുലിന്‍ ഉപയോഗപ്പെടുത്ത രീതിയിലോ ഇത് യാതൊരു മാറ്റവും വരുത്തുന്നില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മെറ്റ്‌ഫോര്‍മിനേക്കാള്‍ വളരെയധികം പരിമിതികളുള്ള മരുന്നാണിത്. പോരെങ്കില്‍, ഇപ്പറഞ്ഞ 0.2, 03 മില്ലിഗ്രാമിന് മെറ്റ്‌ഫോര്‍മിനേക്കാള്‍ പലമടങ്ങ് വിലയും നല്കണം. ഇനി പറയൂ ആരാണ് വിലകൂടിയ മരുന്നുകള്‍ രോഗികളുടെ മേല്‍ കെട്ടിയേല്‍പ്പിക്കാന്‍ ശ്രമിച്ചത്.

ഒരു കാര്യം ഓര്‍മ്മയില്‍ വച്ചോളൂ. പലപ്പോഴും ലൈസന്‍സ് നേടിയ പ്രാക്ടീഷണര്‍മാരാണ് ആരോഗ്യകാര്യത്തില്‍ മെച്ചം. മരുന്നിനൊപ്പമുള്ള അക്കങ്ങള്‍ കണ്ട് കണ്ണുതള്ളിയിട്ട്, കട്ടികൂടിയ മരുന്നാണല്ലോ ഡോക്ടറേ? എന്നു ചോദിക്കുന്നവരെ നോക്കി പല ഡോക്ടര്‍മാരും ഉള്ളില്‍ ചിരിക്കും.

അവര്‍ക്ക് 500 മില്ലിഗ്രാം മെറ്റ്‌ഫോര്‍മിന്‍ 50 മില്ലിഗ്രാം ഡൈക്ലോഫെനാക്കിനേക്കാള്‍ കട്ടിമരുന്നാണ്. ആന്റിബയോട്ടിക്കാണ് മറ്റ് മരുന്നിനേക്കാള്‍ ഡോസ് കൂടിയത്.

ഇത്തരം കാര്യങ്ങള്‍ യോഗ്യതനേടിയ ഡോക്ടര്‍മാരോട് നേരിട്ട് സംസാരിക്കൂ. കട്ടി മരുന്ന്, ഹെവി ഡോസ് എന്നതൊക്കെ അവര്‍ തീരുമാനിക്കട്ടെ. എന്നാല്‍, ശരിയായ മരുന്ന് ശരിയായ അളവില്‍ത്തന്നിട്ടേ കാര്യമുള്ളൂ. അതിന്റെ നൂലാമാലകളെല്ലാം ഡോക്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കൂ. വ്യാജനേയും മുറിവൈദ്യനേയും നമുക്ക് വിടാം; ആയുഷ്മാന്‍ ഭവ!

ഡോ. ബിജയ്‌രാജ് രാജന്‍ ബാബു
കണ്‍സള്‍ട്ടന്റ് ഫാമിലി ഫിസിഷന്‍
ആസ്റ്റര്‍ മിംമ്‌സ്, കോഴിക്കോട്‌

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW