Saturday, December 15, 2018 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 22 Feb 2018 03.03 PM

അക്ഷരനക്ഷത്രം കോര്‍ത്തിണക്കിയ ബാഹുബലി

ഇതിഹാസങ്ങളിലെ പ്രതിനായകന്മാര്‍ക്ക് തൂലികയി ലൂടെ നായക പരിവേഷം നല്‍കിയ, ബാഹുബലിയു ടെ ആരംഭകഥയെഴുതിയ ആനന്ദ് നീലകണ്ഠന്‍...
uploads/news/2018/02/194430/aanadneelakandan220618c.jpg

ജനപ്രിയ സാഹിത്യത്തിലെ സ മകലാലിക ഇന്ത്യന്‍ എഴുത്തുകാരില്‍ ചേതന്‍ ഭഗത്തിനും അമീഷ് ത്രിപാഠിക്കുമൊപ്പമാണ് ബസ്റ്റ് സെല്ലര്‍ പുസ്തകങ്ങളുടെ കര്‍ത്താവായ ആനന്ദ് നീലകണ്ഠന്റെ ഇരിപ്പിടം. എഴുതപ്പെട്ട ഇതിഹാസങ്ങളെക്കാള്‍ നാടകീയമായ ആനന്ദിന്റെ എഴുത്തുജീവിതത്തെപ്പറ്റി...

പഠിച്ചത് എന്‍ജിനീയറിംഗ്, തിളങ്ങിയത് എഴുത്തില്‍ ?


കഥകള്‍ കേട്ടു വളര്‍ന്ന ബാല്യകൗമാരത്തിനിടയില്‍ മനസ്സില്‍ തോന്നിയത് കുറിച്ചിടുന്ന സ്വഭാവമെനിക്കുണ്ടായിരുന്നു. എന്‍ജിനീയറിംഗ് തെരഞ്ഞെടുത്തത് പഠിക്കാന്‍ അത്ര മോശമല്ലാത്തതു കൊണ്ടാണ്. പഠനകാലത്ത് മാഗസിനുകളിലും മറ്റും ചെറിയ തോതില്‍ എഴുതിയിരുന്നു. എഴുതിത്തുടങ്ങിയപ്പോഴാണ് കൂടുതല്‍ നന്നായി എഴുതാനാവുമെന്ന് തിരിച്ചറിഞ്ഞത്.

ചെറുപ്പം മുതല്‍ എന്റെ മനസ്സില്‍ മായാതെ കിടന്ന രാവണനെ തേടി അലഞ്ഞത് അങ്ങനെയാണ്. പിന്നീട് ഒരുപാട് കാത്തിരുന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജോലി കിട്ടി. അതിന്റെ ഭാഗമായി കേരളത്തിനകത്തും പുറത്തും ഒരുപാട് യാത്രകള്‍ ചെയ്തു. യന്ത്രങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെയായി മനസ്സ് മുരടിച്ചു തുടങ്ങിയപ്പോള്‍ വീണ്ടും തൂലികയില്‍ അഭയം പ്രാപിച്ചു.

ഒരു മാസത്തെ അവധിക്ക് വയനാട് സന്ദര്‍ശിച്ചപ്പോള്‍ ജീവിതത്തിന്റെ ലക്ഷ്യബോധത്തെക്കുറിച്ച് ചിന്തിച്ചു. അങ്ങനെ അസുര എഴുതിത്തുടങ്ങി. നോവലെഴുതും മുമ്പ് 'ഈ നോവല്‍ ലോകത്തിലെ മികച്ച നോവലായി മാറു'മെന്ന് എഴുതി. അതാണ് എന്റെയുള്ളിലെ എഴുത്തുകാരന്റെ ആത്മവിശ്വാസമായി മാറിയത്.

എഴുത്തിലേക്ക് എത്തിയത് ?


എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ, നൂറുകണക്കിന് ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട ഗ്രാമമാണ്. സാഹിത്യവും, കലാരൂപങ്ങളും, ക്ഷേത്രങ്ങളും, സംഗീതവുമൊക്കെ നിറഞ്ഞ നാടായിരുന്നു ഞങ്ങളുടേത്. ക്ഷേത്രങ്ങ ളിലെ ഉടുക്കിന്റെ ശബ്ദവും സംഗീത കോളജിലെ ചുമരുകളില്‍ തട്ടി പ്രതിധ്വനിക്കുന്ന ഓടക്കുഴല്‍ നാദവുമൊക്കെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. അങ്ങനെയുള്ള എന്റെ മനസ്സിലേക്ക് രാമായണം കയറിക്കൂടിയതില്‍ ഒരത്ഭുതവുമില്ല.

പക്ഷേ അതില്‍ത്തന്നെ രാവണനായിരുന്നു എന്നെ ശരിക്കും അലട്ടിയത്. രാവണനും അസുരന്മാരും അവരുടെ ലങ്കയുമൊക്കെ മനസ്സില്‍ മായാതെ കിടന്നു. കഥകളിയും ഉത്സവവും കണ്ടു വളര്‍ന്ന ബാല്യമാണ് എന്റേത്.

അന്നതു കാണാന്‍ അധികം കുട്ടികളൊന്നുമില്ലായിരുന്നു, എനിക്കതു പക്ഷേ അന്നുമിന്നും ഇഷ്ടമാണ്. എന്റെ നാടും, ക്ഷേത്രങ്ങളും പുരാണങ്ങളും ഐതീഹ്യങ്ങളുമൊക്കെയാണ് എഴുത്തിന്റെ അടിസ്ഥാനം. അച്ഛന് 50 വയസ്സുള്ളപ്പോഴാണ് ഞാന്‍ ജനിക്കുന്നത്.

എനിക്ക് രണ്ടു സഹോദരനും ഒരു സഹോദരിയുമാണ്. അച്ഛനും ചേട്ടനും അളിയനുമൊക്കെ കൊണ്ടുതന്ന പുസ്തകങ്ങളും ഞങ്ങളുടെ നാട്ടിലെ വായനശാലയുമൊക്കെയാണ് അക്ഷരങ്ങളുമായി അടുപ്പിച്ചത്.

എന്റെ നേരെ മുകളിലുള്ള ജ്യേഷ്ഠന് എന്നെക്കാള്‍ 17 വയസു മൂപ്പുണ്ടായിരുന്നു. ശരിക്കും ജനറേഷന്‍ ഗ്യാപ്പിലാണ് എന്റെ ജനനം. അവരുടെയൊക്കെയൊരു ടേസ്റ്റ് എന്നിലേക്കും വന്നതു കൊണ്ട് പുരാണകഥകളോടും കലാരൂപങ്ങളോടുമൊക്കെ പ്രത്യേക ഇഷ്ടുമുണ്ടായി. അസുര ടെയ്ല്‍ ഓഫ് ദ് വാന്‍ക്വിഷ്ഡ് എന്ന ആദ്യ പുസ്തകം 14 ഭാഷകളിലായി ലോകം മുഴുവന്‍ അറിഞ്ഞതിന്റെ തുടക്കം എന്റെ നാടാണ്.

പുസ്തകമെഴുതാന്‍ പ്രേരണയായത് ?


കഥകള്‍ കേട്ടു വളരുന്നതിനിടയില്‍ പല ചോദ്യങ്ങളും മനസ്സില്‍ വന്നു. എന്തുകൊണ്ടോ കഥകളിയിലും പ്രതിനായക വേഷത്തോടാണ് എനിക്ക് ആരാധന തോന്നിയത്. രാവണന്റെ കഥകള്‍ കേട്ടപ്പോള്‍ ആ കഥാപാത്രത്തെക്കുറിച്ച് കൂടുതലറിയാന്‍ നാടോടിക്കഥകളും, മുത്തശ്ശിക്കഥകളും, മൂന്നുറോളം രാമായണങ്ങളുമൊക്കെ വായിച്ചു.

ജോലിയുടെ ഭാഗമായി യാത്ര ചെയ്തപ്പോ ള്‍ കൂടുതല്‍ കഥകളറിഞ്ഞു. കന്നഡയും തമിഴും അറിയാവുന്നതു കൊണ്ട് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് എനിക്കറിയേണ്ട കഥകള്‍ ആഴത്തില്‍ കേട്ടറിഞ്ഞു.

മകള്‍ ജനിച്ച ശേഷം, ജോലിയോട് വിരക്തി തോന്നിയപ്പോഴാണ് എഴുതിയത്. രസത്തിന് എഴുതിത്തുടങ്ങിയെങ്കിലും പിന്നീടത് സീരിയസ്സായി. പത്തു വര്‍ഷത്തോളമെടുത്താണ് അസുരടെയ്ല്‍ ഓഫ് ദ് വാന്‍ക്വിഷ്ഡ് എഴുതിയത്.

uploads/news/2018/02/194430/aanadneelakandan220618.jpg

എന്തുകൊണ്ട് പ്രതിനായകന്‍ ?


രാവണനെ പോലെയുള്ള അസുര കഥാപാത്രങ്ങളെ എനിക്ക് വളരെയിഷ്ടമായിരുന്നു. വളരെ ആത്മവിശ്വാസം തരുന്നവരാണവര്‍. കുചേലനെക്കുറിച്ച് വായിക്കുമ്പോള്‍ ആത്മവിശ്വാസം തോന്നില്ല. കരഞ്ഞുപിഴിഞ്ഞു നടക്കുന്ന, കാശില്ലാത്ത ആള്‍. അവസാനം ഈശ്വരന്‍ വരുന്നു, പണം നല്‍കുന്നു. എന്നാല്‍ മഹാബലി, ജലന്ധരന്‍, ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു എന്നിവരൊക്കെ വേണ്ടതെല്ലാം വെട്ടിപ്പിടിച്ചവരാണ്.

പതിനായിരം കൊല്ലം കൊണ്ട് ഏഴു ലോകവും കീഴടക്കിയ അസുരനെക്കുറിച്ചുള്ള കഥ കേള്‍ക്കുമ്പോള്‍ ഉത്സാഹം തോ ന്നില്ലേ. ആയിരവും പതിനായിരവും വര്‍ഷം ലക്ഷ്യത്തിനു വേണ്ടി തപസ്സു ചെയ്യുക, ലക്ഷ്യം സാധിക്കാന്‍ തന്റെ തലയറുത്തിടുക, എന്തു വേണമെന്ന് വിചാരിക്കുന്നുവോ അത് നേടുക...

ഇവരൊക്കെയാണ് യഥാര്‍ത്ഥ ഹീറോസ്. തപസ്സു ചെയ്ത്, ലക്ഷ്യം നേടി, അത് ആസ്വദിച്ച്, അവസാനം യുദ്ധത്തിലൂടെ രാജാവിനെ പോലെ മരിക്കുന്നു. ജീവിക്കാനുള്ള പ്രേരണയാണിവര്‍ നല്‍കുന്നത്.

അങ്ങനെയാണോ രാവണനിലെത്തുന്നത്?


രാവണന്‍ എന്നെ ഹോണ്ട് ചെയ്തിരുന്നു. മറ്റുള്ളവരൊക്കെ ഭഗവാന്മാരല്ലേ, അമാനുഷരായ ദേവന്മാര്‍. മനുഷ്യനായി തോന്നിയത് അസുരന്മാരെ മാത്രമാണ്. നമ്മളെപ്പോലെ കുറ്റവും കുറവുകളമുള്ള മനുഷ്യനായി രാവണനെയും ദുര്യോധനനെയും തോന്നി.

രാവണന്‍ മനസ്സില്‍ തോന്നുന്നത് ചെയ്യുന്ന, സമൂഹത്തെ പേടിയില്ലാത്ത ആളായിരുന്നു. എല്ലാവരുടെയും മനസ്സിലൊരു രാവണനുണ്ട്. അതുപോലെയാകണമെന്ന ആഗ്രഹമുണ്ടെങ്കിലും പലരും അങ്ങനെയാകാത്തത് പേടി കൊണ്ടാണ്.

രാവണാനാകാന്‍ രാമനാകുന്നതിലും ബുദ്ധിമുട്ടാണ്. സമൂഹത്തില്‍ പെര്‍ഫക്ടായി നടക്കാനിഷ്ടപ്പെടുന്ന ആളാണ് രാമന്‍, എന്നാല്‍ തനിക്കെന്തു തോന്നുന്നോ അതുപോലെ ചെയ്യുന്നയാളാണു രാവണന്‍. അതിനുള്ള ശക്തിയും ആര്‍ജ്ജവും അഹങ്കാരവും രാവണനുണ്ട്.

എന്റെ പുസ്തകത്തില്‍ ഞാനെഴുതിയത് അഹങ്കാരം കാണിക്കേണ്ട സമയത്ത് അഹങ്കാരം കാണിക്കണം, കാരണം എപ്പോഴുമത് കാണിക്കാനുള്ള സാഹചര്യം വന്നുവെന്ന് വരില്ല. പിന്നീടതോര്‍ത്ത് സങ്കടപ്പെട്ടിട്ട് കാര്യമില്ലല്ലോ.. എന്നാണ്.

ആദ്യ പുസ്തകം വായനക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ ?


അങ്ങനെയൊന്നും ആലോചിച്ചിരുന്നില്ല. എങ്കിലും അസുര ടെയ്ല്‍ ഓഫ് ദ് വാന്‍ക്വിഷ്ഡ് എന്ന രാവണ കഥ എഴുതിത്തുടങ്ങുമ്പോള്‍ ഇത് ഭയങ്കര ഹിറ്റാകുമെന്ന് എഴുതി വച്ചു. എന്റെയുള്ളിലെ രാവണനാണ് അതെഴുതിയത്. രാവണനൊപ്പം ആ കഥയുടെ മൂന്നാം വശം പറയാന്‍ ഭദ്രന്‍ എന്ന കഥാപാത്രവും പ്രധാനമായി അതിലുണ്ട്. രാവണന്റെ വീക്ഷണകോണിലൂടെയാണ് കഥ ഇതള്‍വിരിയുന്നത്.

എഴുതുന്നത്രയും ഭാര്യ അപര്‍ണ്ണയെ വായിച്ചു കേള്‍പ്പിക്കും. അതുകേട്ട് അവള്‍ ഉറങ്ങിയില്ലെങ്കില്‍ നല്ലതല്ലെന്ന് ഉറപ്പിക്കും. ഇല്ലെങ്കിലത് മാറ്റിയെഴുതും.
ആത്മവിശ്വാസത്തോടെയാണ് പബ്ലിഷറെ കണ്ടത്. പക്ഷേ ആറു വര്‍ഷമെടുത്ത് ഞാനെഴുതിയത് പ്രസിദ്ധീകരിക്കപ്പെടാന്‍ പിന്നെയും മൂന്നുവര്‍ഷം കാത്തിരിക്കേണ്ടിവന്നു.

ആ സമയം കൊണ്ടു തന്നെ മഹാഭാരതത്തെ ഉപജീവിച്ച് അടുത്ത പുസ്തകം, അജയ-റോള്‍ ഓഫ് ഡയസ് എഴുതി. അതില്‍ ദുര്യോധനനായിരുന്നു മുഖ്യനായ കന്‍. അതിനൊപ്പം ഏകലവ്യന്‍, അശ്വത്ഥാമാവ്, കര്‍ണ്ണന്‍ എന്നിവരും നായകന്മാരായി. ഒന്നില്‍ നിര്‍ത്താനാവില്ലെന്നുള്ളതു കൊണ്ട് അതിന്റെ രണ്ടാം ഭാഗം അജയ- റൈസ് ഓഫ് കലിയും എഴുതി.

ഇതിനിടയിലാണ് അസുര ടെയ്ല്‍ ഓഫ് ദ് വാന്‍ക്വിഷ്ഡ് പുറത്തിറങ്ങി ഇന്‍സ്റ്റന്റ് ഹിറ്റാവുന്നതും ബെസ്റ്റ് സെല്ലറായി ആളുകള്‍ നന്നായി വായിച്ചു തുടങ്ങിയതും. എന്റെയുള്ളിലെ രാവണന്‍ തന്ന ആത്മവിശ്വാസമായിരുന്നു എല്ലാത്തിനും കാരണം. ഇതിനിട യില്‍ ഡെക്കാണ്‍ ക്രോണിക്കിള്‍, ഏഷ്യന്‍ എയ്ജ്, ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസ്സ്, ദ വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍, സ്പീക്കിംഗ് ട്രീ എന്നിവയലിടക്കം കോളങ്ങള്‍ എഴുതി.

അപ്പോഴേക്ക് ഈ പുസ്തകങ്ങള്‍ കണ്ടിട്ട് എന്നെ ദേശീയ ചാനലുകള്‍ സീരിയലെഴുതാന്‍ സമീപിച്ചു. അങ്ങനെയാണ് സ്റ്റാര്‍ പ്‌ളസിനുവേണ്ടി സിയ കെ രാം, കളേഴ്‌സ് ടിവിക്കുവേണ്ടി ചക്രവര്‍ത്തി അശോക സാമ്രാട്ട്, സോണി ടെലിവിഷനുവേണ്ടി സങ്കടമോചന്‍ മഹാബലി ഹനുമാന്‍, അദാലത്ത്്2 തുടങ്ങിയ ഹിന്ദി പരമ്പരകള്‍ക്കു വേണ്ടി എഴുതുന്നത്.

ടി.വി സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടത്തിനുനസരിച്ചാണല്ലോ എഴുതുന്നത്. സീരിയല്‍ ചെയ്താണ് സാമ്പത്തികം മെച്ചപ്പെട്ടത്. പുസ്തകവും സീരിയലും തരുന്ന സന്തോഷവും സംതൃപ്തിയും രണ്ടാണ്. അസുരഭാവം വച്ചു പറഞ്ഞാല്‍, അതായത് സത്യസന്ധമായി പറഞ്ഞാല്‍ ചെക്ക് കിട്ടുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് ഒന്നിന്റേത്. പുസ്തകമെഴുതുമ്പോള്‍ കിട്ടുന്നത് ആത്മനിര്‍വൃതിയാണ്. ഇപ്പോള്‍ 10 പുസ്തകം കൂടി എഴുതാനുള്ള കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

ഇതിനിടെ ബാഹുബലിയും ശിവകാമിയും വന്നതെങ്ങനെ?


യാദൃശ്ചികമെന്നല്ല, അത്ഭുതം എന്നുതന്നെ പറയണം അതേപ്പറ്റി. സത്യത്തില്‍ ആ ദൗത്യം എന്നെത്തേടിയെത്തുകയായിരു ന്നു. ബാഹുബലി ഇന്ത്യ കണ്ട ഏറ്റവും വ ലിയ വിജയമായി നില്‍ക്കുന്നു. ഒരു ദിവസം അതിന്റെ സംവിധായകന്‍ രാജമൗലി സാര്‍ എന്നെ വിളിക്കുന്നു, ഒന്നു കാണാന്‍ പറ്റു മോ എന്നു ചോദിക്കുന്നു. അങ്ങനെ ഞാന്‍ ഹൈദരാബാദിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി.

എന്റെ അസുര, അജയ പുസ്തകങ്ങളൊക്കെ വായിച്ചിട്ടുണ്ടെന്നു പറഞ്ഞ സംവിധായകന്‍ രാജമൗലി സാര്‍ ചില സന്ദര്‍ഭങ്ങള്‍ പറഞ്ഞ് അതൊക്കെ സീനായി എഴുതി കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇരുന്നയിരുപ്പില്‍ ഞാന്‍ എഴുതിക്കൊടുത്തതു വായിച്ച് ഇഷ്ടപ്പെട്ടപ്പോഴാണ് കാര്യം പറയുന്നത്. ഇത്രയും പബ്ലിസിറ്റി കിട്ടിയ ഒരു സിനിമയുടെ ബാക്ക്‌സ്‌റ്റോറി എഴുതണം, റൈസ് ഓഫ് ശിവഗാമി എന്നപേരില്‍. ഇംഗ്ലീഷ,് തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ ലിറ്റിററി സീരിസായി പബ്ലിഷ് ചെയ്യാനാണ്.

uploads/news/2018/02/194430/aanadneelakandan220618a.jpg
* ആനന്ദ് നീലകണ്ഠന്‍ ഭാര്യ അപര്‍ണ്ണ

ബാഹുബലി സിനിമ തുടങ്ങുന്നതിന് 30 വര്‍ഷം മുമ്പുള്ള കഥകളാണതില്‍. ബാഹുബലിയുടെ വളര്‍ത്തമ്മ ശിവകാമിയുടെയും സേനാധിപന്‍ കട്ടപ്പയുടെയും ബാല്യം മുതല്‍ മൂന്നു പുസ്തകങ്ങള്‍. ഹോളിവുഡിലൊക്കെ ഇങ്ങനെ സിനിമയെ അധികരിച്ച് സാഹിത്യരചനകള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലും ചില ഹിന്ദി സിനിമകളുടെ കഥ നോവലായി പുറത്തുവന്നിട്ടുണ്ടെങ്കിലും സിനിമയ്ക്കു പുറത്ത് സ്വതന്ത്രമായി അത്തരമൊരു നോവല്‍ സീരീസ് ആദ്യമായിട്ടാണ്. ഇതില്‍ ആദ്യത്തേത് നെറ്റ്ഫ്‌ളിക്‌സ് പോലുള്ള വെബ്‌പോര്‍ട്ടലുകളില്‍ വെബ് സീരിസ്സാവുകയാണ്.

മെഗാ പ്രൊജക്ടാ ണ്. സിനിമയില്‍ കണ്ട കഥാപാത്രങ്ങളല്ലാതെ ഒരുപാട് പേരെ സൃഷ്ടിക്കേണ്ടി വന്നു. കാരണം മൂന്നു പുസ്തകങ്ങളും കൂടി ഏകദേശം 1500 പേജോളം വരും. 30 മണിക്കൂറിലധികം കണ്ടന്റ് വേണം. മൂന്നു മണിക്കൂറുള്ള സിനിമ എടുക്കുന്നതു പോലെയാണിത്. ഒരു ഇതിഹാസം പോലെയായിരുന്നു അത്. മുപ്പതോളം പുതിയ കഥാപാത്രങ്ങള്‍ ആദ്യത്തെ പുസ്തകത്തില്‍ തന്നെ വന്നു. ഓരോ ബുക്കിലും ഓരോരുത്തര്‍ക്കു പ്രാധാന്യമുണ്ട്. മൂന്നു പുസ്തകമാണ് ഇപ്പോള്‍ ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ ബാഹുബലിക്കു ശേഷമുള്ള 30 വര്‍ഷം കൂടി എഴുതേണ്ടി വരും.

രാജമൗലിയുടെ ക്ഷണം കിട്ടിയപ്പോള്‍ ?


അതിനു പിന്നില്‍ രസകരമായ ഒരു സംഭവമുണ്ട്. ഞാന്‍ ബാഹുബലി കണ്ട് ശരിക്ക് അത്ഭുതപ്പെട്ടതാണ്. വലിയൊരു ദൃശ്യ വിസ്മയമാണത്. ഇന്ത്യന്‍ സിനിമകളില്‍ അതുവരെ അങ്ങനെയൊന്ന് കണ്ടിട്ടില്ല. മേക്കിംഗിന്റെ ഭംഗിയാണതില്‍ കാണുന്നത്.

ഇത്രയും എഫര്‍ട്ടെടുത്ത് അഞ്ചു വര്‍ഷം മെനക്കെട്ട് വിജയമാകുമെന്ന് ഉറച്ച് വിശ്വസിച്ച് ഈ സിനിമ എടുക്കാന്‍ കാണിച്ച ദീര്‍ഘവീക്ഷണം, ധൈര്യം അതൊക്കെ വലിയ സംഭവം തന്നെയായിരുന്നു. രാജമൗലി എന്ന സംവിധായകനോട് എനിക്കതു കൊണ്ട് തന്നെ ആരാധനയും തോന്നി.

എന്റെ പുസ്തകങ്ങള്‍ ഇറങ്ങിയ ശേഷമാണ് എന്‍ജിനീയറിംഗ് പഠനകാലത്തെ സുഹൃത്തുക്കള്‍ ഒരുമിച്ചു കൂടിയത്. 18 വര്‍ഷം മുമ്പ് പഠിച്ച സുഹൃത്തുക്കളൊന്നിച്ച് ഒരു റീ യൂണിയനായിരുന്നു അത്. അന്നവിടെ വച്ച് എന്റെ പുസ്തകം വായിച്ചിട്ട് രാജമൗലി, മണിരത്‌നം, ജേയിംസ് ക്യാമറൂണ്‍, സഞ്ജയ് ലീല ബന്‍സാലി തുടങ്ങിയവരൊക്കെ വിളിക്കുമെന്നൊക്കെ അന്ന് ഞാന്‍ വെറുതെ പൊങ്ങച്ചം പറഞ്ഞിരുന്നു.

പാര്‍ട്ടിയൊക്കെ കഴിഞ്ഞ് മുബൈയിലേക്ക് തിരിച്ചെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു. ഭാര്യയാണെടുത്തത്. രാജമൗലിയാണെന്ന്.

കൂട്ടുകാര്‍ പണി തന്നതാണെന്ന് ഞാന്‍ കരുതി. ആരാണ് പണി തരുന്നതെന്നറിയില്ലാത്തതുകൊണ്ട് ആ കോള്‍ കാര്യമായി എടുത്തില്ലെന്നു മാത്രമല്ല ഹൈദരാബാദിലേക്ക് വരുന്ന കാര്യം ചോദിച്ചപ്പോള്‍, ഒരു കാര്യം ചെയ്യൂ എനിക്കൊരു മെയിലയയ്ക്കൂൂ എന്ന് അലസമട്ടില്‍ പറഞ്ഞു ഞാനവസാനിപ്പിച്ചു.

നിമിഷങ്ങള്‍ക്കകം രാജമൗലിയുടെ വെരിഫൈഡ് ഐഡിയില്‍ നിന്ന് ഇ മെയില്‍ വന്നപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത.്ഉടനേ ഞാന്‍ അദ്ദേഹത്തെ തിരിച്ചു വിളിച്ച് സോറി, മനസ്സിലായില്ല എന്നു പറയും വരെ രാജമൗലി സാര്‍ പോലും എന്റെ സംസാരമോര്‍ത്ത് ആശങ്കപ്പെട്ടിട്ടുണ്ടാകും. ഇത്രയും വലിയ ഒരു സംവിധായകന്റെ കോള്‍ വന്നത് എനിക്ക് ശരിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.

സ്വന്തമായി കഥ തെരഞ്ഞെടുക്കുന്നതും ഇതും തമ്മില്‍ വ്യത്യാസം തോന്നിയോ ?


ഞാനാദ്യം എഴുതിയത് രാമായണത്തില്‍ നിന്നുള്ള രാവണന്റെ കഥയായിരുന്നു. പിന്നീടെഴുതിയ അജയ, കലി എന്നിവ മഹാഭാരത കഥയില്‍ നിന്നുള്ളതാണ്. അതില്‍ നിന്ന് വ്യത്യസ്തമായി ചരിത്രാത്മകമായി എഴുതിയാണ് ശിവകാമി. ശിവകാമിയുടെ അച്ഛനെ രാജ്യദ്രോഹി എന്നാരോപിച്ച് മഹിഷ്മതിയുടെ രാജാവ് കൊല്ലുന്നതും, ആ രാജ്യം നശിപ്പിക്കാന്‍ ശിവകാമി എത്തുന്നതും പിന്നീടതിന്റെ മഹാറാണിയായി മാറുന്നതുമാണ് കഥ.

ബാഹുബലിയിലുള്ള കട്ടപ്പ, കട്ടപ്പയുടെ അനിയന്‍, അച്ഛന്‍, ബാഹുബലിയുടെ അച്ഛന്‍, ഉജ്ജ്വലദേവന്‍ എന്നിങ്ങനെ അറുപതോളം കഥാപാത്രങ്ങള്‍.
ബാഹുബലി ഒന്നാം ഭാഗം ഇറങ്ങിയ ശേഷമാണ് റൈസ് ഓഫ് ശിവകാമി ഞാനെഴുതി തുടങ്ങിയത്. അതിന്റെയൊരു ഉത്തരവാദിത്തം ഉണ്ടായിരുന്നു. ആ പാരമ്പര്യം ചരിത്രമായി മാറുന്നത് എന്റെ അക്ഷരങ്ങളിലൂടെയാണെന്നുള്ളതും ലോകം മുഴുവനിത് എന്റെ കഥയിലൂടെ അറിയുമെന്നുള്ളതും വലിയ സന്തോഷമാണ്.

എഴുത്തുകാരനെന്ന നിലയില്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍ ?


ബഷീര്‍, വി.കെ.എന്‍, എസ്.കെ.പൊറ്റക്കാട്, ആനന്ദ്, ഒ.വി.വിജയന്‍ എന്നിവരുടെയൊക്കെ വായിച്ചിരുന്നു. മലയാറ്റൂരിന്റെയും ബഷീറിന്റെയും എഴുത്തായിരുന്നു എനിക്കേറെയിഷ്ടം. ചില പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ എനിക്കൊന്നും മനസ്സിലാകുമായിരുന്നില്ല. അതുകൊണ്ട് എന്റെ പുസ്തകങ്ങളില്‍ ആ പ്രശ്‌നമുണ്ടാകരുതെന്ന് ചിന്തിച്ചിരുന്നു.

ദുരൂഹമല്ലാത്ത സിമ്പിള്‍ ഇംഗ്ലീഷില്‍, ആളുകള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ എഴുതുക. പോപ്പുലാരിയോ, അവാര്‍ഡോ വേണ്ടെന്നും,വായിച്ചാല്‍ മനസ്സിലാകുന്ന ഭാഷയാകണമെന്നും ഉറപ്പിച്ചിരുന്നു. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള സാധാരണക്കാരുടെ പുസ്തകം.

എന്റെ എഴുത്തിനെക്കുറിച്ചാരും കുറ്റം പറഞ്ഞിട്ടില്ല. വിഷയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാവരും നല്ലതു പറഞ്ഞാല്‍ ആ പുസ്തകത്തിന് എന്തോ കുഴപ്പമുണ്ടെന്നല്ലേ? രാവണന്റെ കഥ ഒരു പുസ്തകത്തിലും മഹാഭാരതം വലിയ പുസ്തകമായതു കൊണ്ട് രണ്ടായിട്ടുമാണ് എഴുതിയത്. അഞ്ചാറു ദിവസം കൊണ്ട് ഒരാള്‍ക്ക് വായിച്ചു തീര്‍ക്കാവുന്ന രീതിയിലാണ് രണ്ടും.

ഇംഗ്ലീഷില്‍ എഴുതാനുള്ള കാരണം ?


ഇംഗ്ലീഷില്‍ കൂടുതല്‍ വായനക്കാരെ കിട്ടും. മലയാളത്തിലാണെങ്കില്‍ റീച്ച് കിട്ടില്ല, പബ്ലിഷ് ചെയ്തു കിട്ടാനും ബുദ്ധിമുട്ടാണ്. മലയാളത്തില്‍ എഴുതാനാണ് എനിക്കിഷ്ടം. വായനിലൂടെ വളരെ കഷ്ടപ്പെട്ടിട്ടാണ് ഇംഗ്ലീഷ് പഠിച്ചത്. 16 വയസ്സിലാണ് ഞാനാദ്യമായി ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് മലയാളം തര്‍ജ്ജിമ അടുത്തുവച്ച് വായിക്കുന്നത്. ഇംഗ്ലീഷ് അറിയാത്തതില്‍ സത്യത്തില്‍ ആത്മവിശ്വാസക്കുറവായിരുന്നു.

എന്‍ജിനീയറി ങ് കോളജില്‍ ഒരിക്കല്‍ ഇംഗ്ലീഷ് പ്രസംഗത്തിന് പേരു കൊടുത്തു. അന്ന് വേദിയില്‍ കയറി ഗുഡ്‌മോര്‍ണിംഗ് പറഞ്ഞ ശേഷം ഒന്നും മിണ്ടാനാവാതെ നിന്നു. കൂവല്‍ സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ മലയളത്തില്‍ അഞ്ചു മിനിറ്റ് സംസാരിച്ചു. ആ ഞാനിന്ന് ഐ.ഐ.എമ്മില്‍ ക്ലാസ് എടുക്കുന്നു!നാണക്കേടുണ്ടാക്കിയ വാശിയില്‍ നിന്നാണ് ഇംഗ്ലീഷ് പഠിച്ചത്. അളിയന്റെ ഒറീസ്സയിലുള്ള ഒരു സുഹൃത്ത് ഒരിക്കല്‍ വീട്ടിലെത്തി.

കുശലാന്വേഷണത്തിനിടയില്‍ എന്നോടയാള്‍ ഒരു വടക്കന്‍ വീരഗാഥയുടെ കഥ ഇംഗ്ലീഷില്‍ ചോദിച്ചു. തട്ടിമുട്ട് ഇംഗ്ലീഷില്‍ രണ്ടു മണിക്കൂറുള്ള കഥ അഞ്ച് മണിക്കൂറിലാണ് പറഞ്ഞത്.

ഇയാളുടെ ഇംഗ്ലീഷ് മോശമാണ്, എങ്ങനെ ജോലി കിട്ടും??എന്നയാള്‍ ചോദിച്ചപ്പോള്‍ എനിക്ക് വാശിയായി. ആ വാശിയാണ് ഇംഗ്ലീഷ് പഠിക്കണമെന്ന തോന്നലുണ്ടാക്കിയത്. എന്നെപ്പോലെ ഇംഗ്ലീഷില്‍ എഴുതുന്ന ആര്‍ക്കുമിതു പോലെയൊരു കഥ കാണും.

uploads/news/2018/02/194430/aanadneelakandan220618b.jpg
* ആനന്ദ് നീലകണ്ഠന്‍ ഭാര്യ അപര്‍ണ്ണ മകള്‍ അനന്യ, മകന്‍ അഭിനവ്

ഇന്ത്യന്‍ വായനക്കനാരുടെ വായനശീലത്തിന് മാറ്റം വന്നിട്ടുണ്ടോ ?


വായന വളരുന്ന സമയമാണിത്. ലോകത്തില്‍ ഏറ്റവും വലിയ പബ്ലിഷിംഗ് ഇന്‍ഡസ്്രടിയായി ഇന്ത്യ മാറുകയാണ്. ഇഷ്ടം പോലെ ആളുകള്‍ പുസ്തകം വായിക്കുന്നുണ്ട്. ചേതന്‍ ഭഗതിന്റെയൊക്കെ പുസ്തകത്തിന് ഒരുപാട് വായനക്കാരുണ്ട്. വായന കുറയുന്നുവെന്നും ആരും വായിക്കുന്നില്ലെന്നും വെറുതെ പറയുകയാണ്.

പണ്ടുകാലത്ത് സമൂഹ വായനയുണ്ടായിരുന്നു. ഒരാള്‍ പുസ്തകം വായിച്ചിട്ട് മറ്റുള്ളവര്‍ക്കും കൊടുക്കും. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. ഇന്നങ്ങനെയല്ല, അവരവര്‍ക്ക് പുസ്തകം വേണമെങ്കില്‍ അവരവര്‍ വാങ്ങണം. എല്ലാ തലമുറയിലുള്ളവരും ഇന്ന് വായിക്കുന്നുണ്ട്, വിവര്‍ത്തനങ്ങള്‍ക്ക് നല്ല ഡിമാന്‍ഡുണ്ട്. ചര്‍ച്ചകളും സ്വാധീനങ്ങളും കുറവാണെന്നു മാത്രം.

ഒരെഴുത്തുകാരന്‍ വന്നു ചര്‍ച്ച നടത്തിയാല്‍ കേള്‍ക്കാന്‍ ഇന്നിപ്പോള്‍ ആര്‍ക്കാണ് സമയം. സല്‍മാന്‍ റഷ്ദി ചെന്നൈയില്‍ ഒരു പുസ്തകത്തെക്കുറിച്ച് സംസാരിക്കാന്‍ വന്നാല്‍ പോകുന്നവര്‍ ചുരുക്കമല്ലേ? വിവാദമുണ്ടെങ്കില്‍ കേള്‍ക്കാനും അഭിപ്രായം പറയാനും പ്രശസ്തിക്കും പലരും പോകും.

അല്ലെങ്കില്‍ ആരും പോകില്ല. സിനിമാ മേഖല പോലും മാറിയില്ലേ ? പണ്ട് ഒരു കോടി രൂപയ്‌ക്കെടുത്ത ഒരു വടക്കന്‍ വീരഗാഥയുടെ സ്ഥാനത്ത് ഇന്നൊരു പുരാണസിനിമയെടുക്കാന്‍ 400 കോടി മുടക്കും. തലമുറകള്‍ മാറുന്നതിനനുസരിച്ച് വായനയുടെ രീതി മാറി, അല്ലാതെ വായിക്കാനുള്ള പ്രവണത ഇല്ലാതായിട്ടില്ല.

പുരാണകഥകള്‍ എഴുതിത്തുടങ്ങിയത് ഇഷ്ടം കൊണ്ടാണോ ?


പുരാണ കഥകള്‍ ഞാനെഴുതിത്തുടങ്ങുമ്പോള്‍ അന്നതിന് മാര്‍ക്കറ്റില്ല. അശ്വിന്‍ സാഖി, അമീഷ് ത്രിപാഠി പിന്നെ ഞാന്‍... ഞങ്ങളാണതിന്റെ പയനിയേഴ്‌സ്. ഏകദേശം ഒരേ സമയത്താണ് ഞങ്ങള്‍ വന്നത്. ലളിത ഭാഷയില്‍ സാധാരണ കഥകള്‍ക്ക് ചേതന്‍ ഭഗത് വഴികാട്ടിയായപ്പോള്‍ അമീഷും ഞാനുമൊക്കെ പുരാണ കഥകള്‍ക്ക് പ്രാധാന്യം കൊടുത്തു.

ഞങ്ങള്‍ മൂന്നു പേരും മൂന്നു രീതിയിലാണ് പുരാണത്തെ സമീപിക്കുന്നത്. അമീഷ് ദേവന്മാരുടെ കഥകള്‍ പറയുമ്പോള്‍ ഞാന്‍ അസുരന്മാരുടെ കഥയാണ് പറയുന്നത്. ഞാനും അമീഷും തമ്മിലൊരു ദേവാസുര യുദ്ധമുണ്ട്. അതേ സമയം അശ്വിന്‍ പുരാണ സന്ദര്‍ഭങ്ങളെടുത്ത് ഇന്നത്തെ ത്രില്ലറാക്കും.

ചേതന്റെയോ അമീഷിന്റെയോ അശ്വിന്റെയോ വായനക്കാരല്ല എന്റേത്. അതുകൊണ്ടുതന്നെ കോമ്പറ്റീഷനില്ല. മാത്രവുമല്ല ഞാനും അമീഷും അശ്വിനും തമ്മില്‍ കാണാറുണ്ട്, സൗഹൃദം പങ്കുവയ്ക്കാറുമുണ്ട്.

പിന്നെ ഇതു സിനിമയല്ലല്ലോ. ഒരു ദിവസമിറങ്ങുന്ന പല സിനിമകളില്‍ ഒന്നു മാത്രം ഹിറ്റാകുന്ന രീതിയൊന്നും പുസ്തകത്തിനില്ലല്ലോ. സിനിമാ രീതിയില്‍ പറഞ്ഞാല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ അവാര്‍ഡ് സിനിമപോലെയോ, പൈങ്കിളി സിനിമ പോലെയോ അല്ലാതെ ഫാസില്‍, സത്യന്‍ അന്തിക്കാട് സിനിമകള്‍ പോലെയാണ് എന്റെ പുസ്തകം.

സ്വന്തം പുസ്തകങ്ങള്‍ സിനിമയാക്കണമെന്ന് തോന്നിയിട്ടുണ്ടോ ?


അസുര സിനിമയാക്കണമെന്നാഗ്രഹമുണ്ട്. മോഹന്‍ലാലായിരുന്നു എന്റെ മനസ്സിലെ രാവണന്‍. പിന്നെ പൃഥ്‌വിരാജുമുണ്ടായിരുന്നു മനസ്സില്‍. ചെലവേറെയായതു കൊണ്ട് ആരെങ്കിലുമത് ധൈര്യമായി എടുക്കുമോ എന്നതാണ് സംശയം.

അജയ പരമ്പര എഴുതിയപ്പോള്‍ ദുര്യോധനനായി മനസ്സില്‍ മമ്മൂട്ടിയായിരുന്നു. ഇവരൊക്കെ എഴുതുന്ന സമയത്ത് മനസ്സില്‍ വന്നിരുന്നു. പുസ്തകത്തില്‍ നിന്ന് സിനിമ ഇതിനു മുമ്പും വന്നിട്ടുണ്ട്. എന്റേതും വരുമായിരിക്കും. എന്നാല്‍ സിനിമയില്‍ നിന്ന് അതിന്റെ പൂര്‍വകഥ പുസ്തകരൂപത്തില്‍ വരുന്നത് ആദ്യമാണ്. അത് എന്നിലൂടെയായതില്‍ സന്തോഷമുണ്ട്.

കുടുംബത്തിന്റെ പിന്തുണ ?


ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലീവെടുത്ത് മുഴുവന്‍ സമയം എഴുത്തിനു വേണ്ടി മാറ്റി വയ്ക്കുന്നതു കൊണ്ട് കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ഭാര്യ അപര്‍ണ്ണയാണ്.

ഞങ്ങള്‍ക്ക് മുംബൈയില്‍ ഗാഥ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നിര്‍മ്മാണക്കമ്പനിയും വയനാട്ടില്‍ കല്‍പ്പറ്റയില്‍ പ്ലാനറ്റ് ഗ്രീന്‍ പ്ലാന്റേഷന്‍ എന്ന റിസോര്‍ട്ടുമൊക്കെയുണ്ട്, അതിന്റെയൊക്കെ മേല്‍നോട്ടം അപര്‍ണ്ണയ്ക്കാണ്. മകള്‍ അനന്യ ഒന്‍പതില്‍ പഠിക്കുന്നു, മകന്‍ അഭിനവ് ആറിലും.

എല്ലാത്തിനും പിന്തുണ അവരാണ്. മുംബൈ വെറുക്കാനും ഇഷ്ടപ്പെടാനും പറ്റുന്ന നഗരമായതു കൊണ്ടും അംഗീകാരവും പ്രശസ്തിയും പണവുമൊക്കെ കിട്ടുന്നതു കൊണ്ടും ഞാനിവിടം ഏറെ ഇഷ്ടപ്പെടുന്നു.

സ്വപ്നങ്ങള്‍ ?


അസുര വേ ഓഫ് ലൈഫ് എന്ന പുസ്തകമാണ് മനസ്സില്‍. അവരുടെ കാഴ്ചപ്പാടിലൊരു എങ്ങനെ ജീവിക്കാമെന്നുള്ള പുസ്തകം. ഇന്ത്യന്‍ കഥകള്‍ ലോകം മുഴുവന്‍ അറിയണമെന്നുണ്ട്.

പുരാണ കഥാപാത്രങ്ങള്‍ ഹോളിവുഡ് രീതിയില്‍ എത്തിക്കണമെന്നും ലോകം മുഴുവന്‍ കാണുന്ന ടെക്‌നിക്കല്‍ പെര്‍ഫക്ഷനില്‍ വിഷ്വല്‍ ചെയ്യണമെന്നുമുണ്ട്. അതുകൊണ്ട് ഒരു സിനിമയുമായി എന്നെ പ്രതീക്ഷിക്കാം. വരും, വരാതെവിടെ പോകാനാ. മനസ്സിലിപ്പോഴും ഒരു രാവണനുണ്ടല്ലോ.

ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
TRENDING NOW