Wednesday, April 17, 2019 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 22 Feb 2018 02.40 PM

പെട്ടെന്നുണ്ടാകുന്ന ''ഓര്‍മ്മക്കുറവ്'' എന്താണ് ഈ അവസ്ഥയ്ക്ക് കാരണം? മരുന്നുകൊണ്ടു മാറ്റിയെടുക്കാനാവുമോ?

ജനറല്‍ മെഡിസിന്‍
uploads/news/2018/02/194422/askdrgenmedicn220218.jpg

ഞരമ്പിന് വീക്കം


എനിക്ക് 30 വയസ്. അധ്യാപകയാണ്. എന്റെ വലതു കാലിന്റെ മുട്ടിനു താഴെ ഞരമ്പ് തെളിഞ്ഞു കാണുന്നുണ്ട്. വേദനയൊന്നുമില്ല. എന്റെ കാലിലുള്ളത് വെരിക്കോസ് വെയിനാണോ? രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണമായി ചികില്‍സിച്ചു മാറ്റാന്‍ സാധിക്കുമോ? രോഗം കൂടാതിരിക്കാന്‍ എന്തു ചെയ്യണം?
------ സില്‍ജി ,കാസര്‍ഗോഡ്

കാലിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതിന്റെ ഫലമായി ഞരമ്പുകള്‍ തെളിഞ്ഞു വരുന്നതിനെയാണ് വെരിക്കോസ് വെയിന്‍ എന്ന് പറയുന്നത്. ഇതിന്റെ ഫലമായി കാലില്‍ നീര്, നിറവ്യത്യാസം, മുറിവ് എന്നിവയുണ്ടാകാം.

പ്രായം കൂടിയവരിലും സ്ത്രീകളിലും വളരെനേരം നിന്ന് ജോലി ചെയ്യുന്നവരിലും വെരിക്കോസ് വെയിന്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ രോഗം നിര്‍ണ്ണയിക്കാന്‍ സങ്കീര്‍ണ്ണമായ പരിശോധനകളൊന്നും ആവശ്യമില്ല.

ദേഹപരിശോധനകൊണ്ടു മാത്രം താങ്കളുടെ പ്രശ്‌നം വെരിക്കോസ് വെയിന്‍ ആണോ എന്ന് തിരിച്ചറിയാന്‍ കഴിയും. കാല്‍ ഉയര്‍ത്തി വയ്ക്കുക, നടത്തം, വ്യായാമം തുടങ്ങിയവ കൊണ്ട് ഇവ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. സ്‌ക്‌ളീറോതെറാപ്പി, ലേസര്‍ അബ്‌ളേഷന്‍, റേഡിയോ ഫ്രീക്വന്‍സി അബ്‌ളേഷന്‍ തുടങ്ങി ഫലപ്രദമായ നിരവധി ചികിത്സകള്‍ ഇന്ന് വെരിക്കോസ് വെയിന് ലഭ്യമാണ്.

പെട്ടെന്നുണ്ടാകുന്ന ഓര്‍മ്മക്കുറവ്


എനിക്ക് 39 വയസ്. അടുത്തിടെയായി വല്ലാത്ത മറവിയാണ്. പെട്ടെന്ന് ഓര്‍മ്മ നഷ്ടമാകുന്ന അവസ്ഥ. ആദ്യമൊക്കെ അത്രയ്ക്ക് ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും ഇതുവഴിയുണ്ടായി. ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ എവിടെയാണെന്നോ എന്തിനു വന്നതാണെന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് യാതൊരു എത്തും പിടിയും കിട്ടില്ല. അല്‍പസമയം കഴിഞ്ഞാണ് നഷ്ടമായ ഓര്‍മ്മകള്‍ തിരികെ ലഭിക്കുന്നത്. എന്താണ് ഈ അവസ്ഥയ്ക്ക് കാരണം? മരുന്നുകൊണ്ടു മാറ്റിയെടുക്കാനാവുമോ?
------ അലക്‌സ് മാനുവന്‍ ,അങ്കമാലി

പെട്ടെന്നുണ്ടാകുന്ന ഓര്‍മ്മക്കുറവ് പല കാരണങ്ങള്‍കൊണ്ടുണ്ടാവാം. തലച്ചോറിലേക്കുള്ള രക്തസഞ്ചാരത്തില്‍ മാറ്റം വരുമ്പോള്‍ പൊടുന്നനെ ഓര്‍മ്മ നഷ്ടപ്പെടാം. ഇതിനെ ട്രാന്‍സീന്റ് ഗ്ലോബല്‍ അമ്‌നേഷ്യ എന്നു പറയുന്നു. ഇതു സാധാരണയായി പ്രായമായവരിലാണ് കാണുന്നത്.

രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടി രക്തസഞ്ചാരം കുറയുന്നതും അതുമൂലം ഓക്‌സിജന്റെ അളവ് കുറയുന്നതുമാണ് ഇതിനു കാരണം. ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യതിയാനങ്ങളും സിക് സൈനസ് സിന്‍ഡ്രോം, കാര്‍ഡിയാക് ഫെയിലര്‍ തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഇത്തരത്തിലുള്ള പെട്ടെന്നുള്ള ഓര്‍മ്മക്കുറവിന് കാരണമാവാം. പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോഴും ഓര്‍മ്മക്കുറവ് ഉണ്ടാവാം.

അപസ്മാര രോഗികളിലും ഓര്‍മ്മക്കുറവ് കാണാറുണ്ട്. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന ഓര്‍മ്മക്കുറവിന്റെ ഒരു പ്രധാന കാരണം, മാനസിക സംഘര്‍ഷം തന്നെയാണ്. കത്തില്‍ നിന്നും വായിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ താങ്ങള്‍ക്ക് ചികിത്സ ആവശ്യമുള്ള അസുഖങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ല. എങ്കിലും ഡോക്ടറെ കാണിച്ച് പരിശോധനകള്‍ നടത്തണം.

അടിക്കടി തലവേദന


എനിക്ക് 35 വയസ്. അടിക്കടി അനുഭവപ്പെടുന്ന തലവേദനയാണ് എന്നെ അലട്ടുന്ന പ്രശ്‌നം. തലയുടെ ഒരു ഭാഗത്താണ് വേദന ഉണ്ടാകുന്നത്. കുത്തികുത്തിയുള്ള വേദനയാണ്. മരുന്ന് കഴിച്ചാലോ വേദനസംഹാരികള്‍ പുരട്ടിയാലോ ശമനം ലഭിക്കുന്നില്ല. എന്നാല്‍ ഛര്‍ദിച്ചു കഴിയുമ്പോള്‍ ആശ്വാസം കിട്ടും. രാവിലെയോ വൈകുന്നേരമോ ആണ് ഇത് ഉണ്ടാകുന്നത്. എന്തെങ്കിലും ഗുരുതരരോഗത്തിന്റെ ലക്ഷണമാണോയിത്?
----- സംഗീത, കണ്ണൂര്‍

ജീവിതത്തില്‍ തലവേദന സാധാരണമാണ്. ടെന്‍ഷന്‍, ഉറക്കക്കുറവ്, വിശ്രമമില്ലായ്മ തുടങ്ങിയ നിസാരപ്രശ്‌നങ്ങള്‍ മുതല്‍ തലച്ചോറിലെ രക്തസ്രാവം, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിയ സങ്കീര്‍ണപ്രശ്‌നങ്ങള്‍ വരെ തലവേദനയ്ക്ക് കാരണമാവാം.

അതുകൊണ്ട് തലവേദന ഒരു രോഗലക്ഷണമാണെന്ന് പറയുന്നതാവും ശരി. കത്തില്‍ തലവേദനയെക്കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും വ്യക്തമല്ലെങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് മൈഗ്രേന്‍ വിഭാഗത്തില്‍ പെടുന്ന തലവേദനയാകാനാണ് സാധ്യത. കൂടെക്കൂടെയുണ്ടാകുന്ന ശക്തമായ തലവേദനയാണ് മൈഗ്രേന്‍ ബാധിതതരില്‍ കാണുന്നത്.

ചിലര്‍ക്ക് തലവേദയോട് അനുബന്ധിച്ച് കണ്ണിനു മുമ്പില്‍ മിന്നാമിനുങ്ങുകള്‍ പോലെ പ്രകാശ രേഖകള്‍ കാണാം. ശബ്ദം വെളിച്ചം എന്നിവയെല്ലാം തലവേദനയുടെ തീവ്രത വര്‍ധിപ്പിക്കാം. ചിലരില്‍ ഓക്കാനവും ഛര്‍ദിയും കാണാം. എന്തായാലും ഡോക്ടറെ കണ്ട് പരിശോധന നടത്താന്‍ വൈകിക്കണ്ട. തലവേദന പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം എന്ന കാര്യം മറക്കണ്ട.

മുഖത്ത് കറുത്ത പാടുകള്‍


എന്റെ അമ്മയ്ക്കു വേണ്ടിയാണ് ഈ കത്ത്. അമ്മയ്ക്ക് 55 വയസ്. അമ്മയുടെ മുഖത്ത് കവിളുകള്‍ക്കിരുവശത്തുമായി കറുത്ത പാടുകള്‍ ഉണ്ടായിവരുന്നു. പല ക്രീമുകളും ഉപയോഗിച്ചെങ്കിലും അടുത്ത കാലത്തായി ഈ പ്രശ്‌നം വര്‍ധിച്ചുവരികയാണ്. ഇതുമാറാന്‍ എന്താണ് പ്രതിവിധി?
----- പ്രീതി ആര്‍ , മൈസൂര്‍

മുഖത്തെ പാടുകള്‍ പലതരം കാരണങ്ങള്‍കൊണ്ട് ഉണ്ടാകാം. ചിലയിനം ഗുരുതരമായ രോഗങ്ങള്‍ മുതല്‍ മുഖക്കുരു പോലുള്ള നിസാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വരെ മുഖത്ത് കറുത്ത പാടുകള്‍ ഉണ്ടാവാം. ബട്ടര്‍ഫ്‌ളൈ എന്ന പേരില്‍ ഇരു കവിളുകളിലും കാണുന്ന പാടുകള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.

ഇത്തരം പാടുകള്‍ എസ്.എല്‍.ഇ എന്ന രോഗത്തിന്റെ ലക്ഷണമാവാം. ഇത്തരം രോഗബാധിതരില്‍ തൊലിപ്പുറത്തെ നിറവ്യത്യാസത്തിന് പുറമെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്.

സന്ധിവേദന, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുക തുടങ്ങിയവയെല്ലാം എസ്.എല്‍.ഇയുടെ ലക്ഷണങ്ങളാണ്. അതുകൊണ്ടു തന്നെ മുഖത്തെ പാടുകള്‍ ചിലപ്പോള്‍ വെറുമൊരു ചര്‍മ്മപ്രശ്‌നം മാത്രമാവാം.

എന്നാല്‍ അപൂര്‍വമായി ചര്‍മ്മ പ്രശ്‌നങ്ങള്‍ മറ്റ്‌രോഗത്തിന്റെ ലക്ഷണമായും കാണുന്നു. അതുകൊണ്ടു തന്നെ ഒരു ഡോക്ടറെ കണ്ട് നേരിട്ട് കവിളിലെ കറുത്ത പാടുകളുടെ കാരണം കണ്ടെത്തി ആവശ്യമായ ചികിത്സ സ്വീകരിക്കുകയാവും ഉചിതം.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
TRENDING NOW