Tuesday, June 18, 2019 Last Updated 15 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Feb 2018 03.36 PM

വിചിത്രമായ ചില നിയോഗങ്ങള്‍

uploads/news/2018/02/193875/Weeklyfrndship200218.jpg

സിനിമാലയിലൂടെയാണ് ഞാനും ധര്‍മ്മജനും കൂട്ടാകുന്നത്. കെമിസ്ട്രി എന്ന വാക്കിനോട് പഠിക്കുന്ന കാലത്ത് അത്ര മമതയില്ലായിരുന്നെങ്കിലും ഞങ്ങള്‍ക്കിടയില്‍ അങ്ങനൊന്നുണ്ടെന്ന് ആളുകള്‍ പറഞ്ഞുകേട്ടതു മുതല്‍ ഒരിഷ്ടമൊക്കെ തോന്നിത്തുടങ്ങി. സ്വഭാവത്തില്‍ ഒരു സാമ്യവും ഇല്ലെന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത.

എന്റെ അച്ഛനും അമ്മയും സഹോദരിയും കാമുകിയും മുത്തശ്ശനും മുത്തശ്ശിയും ഭാര്യയും തുടങ്ങി വേലക്കാരനായി വരെ അഭിനയിച്ച് ധര്‍മ്മന്‍ പ്രേക്ഷകരുടെ കൈയടി വാങ്ങിയിട്ടുണ്ട്. ലോകത്ത് മറ്റൊരു കൂട്ടുകാരനും അങ്ങനൊരു ഭാഗ്യമുണ്ടാകാന്‍ വഴിയില്ല.

ധര്‍മ്മജന്റെ ഈ വര്‍ഷത്തെ പിറന്നാളിന് ഞങ്ങളുടെ പതിനഞ്ച് വര്‍ഷത്തെ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഞാന്‍ സമ്മാനിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായത് ജനം ഞങ്ങളുടെ കൂട്ടുകെട്ടിനു നല്‍കുന്ന അംഗീകാരമാണ്.

സൗഹൃദയാത്രയില്‍ ഒരുപാട് രസകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അധികമാര്‍ക്കും അറിയാത്തൊരു കഥ പറയാം. വിവാഹം പലരീതിയില്‍ നടക്കുമല്ലോ. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചും പ്രേമിച്ചും ഒളിച്ചോടിയുമൊക്കെ.

പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹങ്ങളും കുറവല്ല. എന്നാല്‍ ഈ രീതിയിലൊന്നുമായിരുന്നില്ല ധര്‍മ്മന്റെ കല്യാണം. ഇപ്പോള്‍ വിവാഹം വേണ്ടെന്ന് പറഞ്ഞുനിന്ന അവനെ വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് പെണ്ണുകാണാന്‍ കൊണ്ടുപോയത്.

പുതിയ ഡ്രസ് വാങ്ങുകയോ പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തുകയോ ഒന്നും ചെയ്തിരുന്നില്ല. അനുജ എന്നൊരു പെണ്ണിനെ കാണാന്‍ പോകുന്നു എന്നുമാത്രം എന്നോട് വിളിച്ചുപറഞ്ഞു.

ഏതോ ഒരു വീട്ടില്‍ ചെന്ന് ചായകുടിയും സല്‍ക്കാരവും കഴിഞ്ഞ് തിരികെപ്പോരാമെന്ന ലാഘവത്തോടെയാണ് അവന്‍ പോയത്. പെ ണ്‍കുട്ടിക്ക് ഇഷ്ടമായില്ലെന്നു പറഞ്ഞാല്‍ എത്രയും വേഗം സ്‌കൂട്ടാകാമല്ലോ എന്ന ചിന്തയില്‍ രണ്ടും കല്‍പ്പിച്ച് അവന്‍ ആ വീട്ടില്‍ ചെന്നുകയറി. പതിവുരീതിയില്‍ ചടങ്ങുകള്‍ മുറപോലെ നടന്നു.

വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചിരിക്കെ ചെറുക്കനും പെണ്ണും തമ്മില്‍ കണ്ടു. ആദ്യകാഴ്ചയില്‍ത്തന്നെ അവര്‍ക്ക് പരസ്പരം ഇഷ്ടമായി. പ്രഥമദൃഷ്ട്യാനുരാഗം എന്നുവേണമെങ്കില്‍ വിളിക്കാവുന്ന അവസ്ഥ.

രണ്ടുപേര്‍ക്കും ഇഷ്ടമായ സ്ഥിതിക്ക് സ്വാഭാവികമായും ആ കല്യാണം നടക്കും. പക്ഷേ സംഭവിച്ചത് അതല്ല. ഇരുവീട്ടുകാര്‍ക്കുമിടയില്‍ എന്തോ അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് വിവാഹം വേണ്ടെന്ന തീരുമാനത്തില്‍ മുതിര്‍ന്നവര്‍ ഉറച്ചുനിന്നു.

ഒരു ദിവസം രാവിലെ ഉറങ്ങി എണീറ്റപ്പോള്‍ ധര്‍മ്മനൊരു തോന്നല്‍. അനുജയെ വിളിച്ചിറക്കി കൊണ്ടുവന്ന് താലികെട്ടിയാലോ? അവന്റെ സ്വഭാവം അങ്ങനാണ്. മുന്‍കൂട്ടി ചിന്തിച്ചൊരു കാര്യം ചെയ്യില്ല.

ആ നിമിഷം എന്തുതോന്നുന്നോ, അതാണ് തീരുമാനം. തലേന്നു രാത്രി പ്രോഗ്രാം കഴിഞ്ഞ് പിരിയുംവരെ അവളെ മറക്കാന്‍ പറ്റുന്നില്ലെന്നൊക്കെ പറഞ്ഞെങ്കിലും ഇങ്ങനൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ആ തോന്നലിന്റെ ബലത്തില്‍ ഭവിഷ്യത്തുകളെക്കുറിച്ചൊന്നും ചിന്തിക്കാതെ രണ്ടുപേരും ഒളിച്ചോടി.

ശക്തമായ എതിര്‍പ്പായിരുന്നു വീട്ടുകാരുടെ ഭാഗത്തുനിന്ന്. ധര്‍മ്മജന് എല്ലാത്തിനും കൂട്ട് ആ പിഷാരടിയാണെന്ന് നാട്ടിലൊരു കുപ്രസിദ്ധി നിലനിന്നിരുന്ന സാഹചര്യത്തില്‍, നിരപരാധിയായ ഞാനാണ് ഇതിന്റെ സൂത്രധാരനെന്ന് എല്ലാവരും കരുതി.

മാസങ്ങള്‍ കടന്നുപോയി. ധര്‍മ്മനൊരു കുഞ്ഞുണ്ടായതോടെ പ്രശ്‌നങ്ങളുടെ മഞ്ഞുമല ഒരുവിധം ഉരുകി. അനുജയുടെ വീട്ടില്‍വച്ച് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങുനടത്താന്‍ ധാരണയായെന്ന് സന്തോഷത്തോടെ ധര്‍മ്മനെന്നെ വിളിച്ചറിയിച്ചു.

ചടങ്ങിനെത്താന്‍ പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് ഞാന്‍ തീയതി ഓര്‍ത്തുവച്ച്, അവന്റെ ഭാര്യവീട്ടിലേക്കു കയറിച്ചെന്നു. ധര്‍മ്മജന്‍ അവിടെയില്ല. എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല.

പരിചയമുള്ള ആരുമില്ലാത്ത ആ വീട്ടില്‍ അസ്വസ്ഥനായി ഞാനിരിക്കുന്നതുകണ്ട് ധര്‍മ്മന്റെ അളിയനെന്നെ നോക്കുന്നുണ്ട്. ആള് പോലീസിലാണ്. എന്റെ പെങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ നീ ആയിരുന്നല്ലേ കൂട്ട് എന്ന് ആ കണ്ണുകള്‍ എന്നോടു ചോദിക്കുംപോലെ തോന്നി. ആരും കാണാതെ അല്‍പ്പം മാറിനിന്ന് ഞാന്‍ ധര്‍മ്മനെ ഫോണില്‍ വിളിച്ചു.

മൂന്നുനാല് പ്രാവശ്യം ട്രൈ ചെയ്തശേഷമാണു കിട്ടിയത്. 'നീ ഇതെവിടെയാ? ചടങ്ങിന് ആളുകളൊക്കെ എത്തി. ഞാന്‍ നിന്റെ ഭാര്യവീട്ടില്‍ പോസ്റ്റായിരിക്കുവാ. വേഗം വരുന്നുണ്ടോ നീ.' എന്നൊക്കെ ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.

'അതേ... ഞാനൊരു കൂട്ടുകാരന്റെ സിഡി കടയുടെ ഉദ്ഘാടനം ഏറ്റിരുന്നെടാ... അവിടെ നില്‍ക്കുവാ... കൊച്ചിന്റെ പേരിടലിന്റെ ദിവസമാന്ന് ഓര്‍ക്കാതെയാ ഡേറ്റ് കൊടുത്തത്.'
ആ മറുപടി കേട്ട് എന്റെ കിളിപോയി.

'ഒരു ചെറിയ പ്രശ്‌നമുണ്ട്.' ധര്‍മ്മന്‍ തുടര്‍ന്നു.
ഇതിലും വലിയ എന്തുപ്രശ്‌നമെന്നു ചോദിക്കും മുന്‍പ് അവന്‍ പറഞ്ഞു: 'നീ ഉടനിങ്ങ് വരണം. നമ്മള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്തുകൊടുക്കാമെന്നാ ഞാന്‍ വാക്കുകൊടുത്തത്.'

അതുകേട്ട് അവനെ തല്ലാനാണോ കൊല്ലാനാണോ ചിരിക്കാനാണോ തോന്നിയതെന്ന് എനിക്കോര്‍മ്മയില്ല. ഉടന്‍തന്നെ വണ്ടിയെടുത്ത് ഞാന്‍ ഉദ്ഘാടന സ്ഥലത്തെത്തി. പേരിടലിന്റെ മുഹൂര്‍ത്തമായപ്പോള്‍, ധര്‍മ്മന്റെ ചേട്ടന്‍ കുഞ്ഞിനെ മടിയിലിരുത്തി ഒരു കൈയില്‍ വെറ്റിലവച്ച് മറ്റേ കൈയില്‍ ഫോണ്‍ പിടിച്ച് ധര്‍മ്മനെ വിളിച്ചു. 'കൊച്ചിനെന്ത് പേരിടും?'

പ്രതീക്ഷിക്കാത്ത എന്തോ ചോദിച്ചതുപോലെ, ഞെട്ടലോടെ അവന്‍ ആ ചോദ്യം എന്റെനേര്‍ക്ക് തൊടുത്തുവിട്ടു. 'എന്തായാലും വൈകി, കൊച്ചിന് വൈഗ എന്നു പേരിട്' എന്നു ഞാന്‍ തമാശയ്ക്കു പറഞ്ഞു. ലോട്ടറി അടിച്ചതുപോലുള്ള സന്തോഷത്തോടെ അവന്‍ ആ പേര് ചേട്ടനോടു പറഞ്ഞു. അങ്ങനെ ധര്‍മ്മന്റെ മൂത്തമകള്‍ വൈഗയായി.

ഇളയ മകളുടെ കാര്യം വന്നപ്പോഴും പറ്റിയ പേരൊന്നും കിട്ടിയില്ല, 'നീയൊരു പേര് പറ' എന്നും പറഞ്ഞ് ധര്‍മ്മനെന്നെ ഫോണ്‍ ചെയ്തു. 'ഒരാള്‍ക്ക് പേരിട്ടില്ലേ, ഇനി വേണ്ട' എന്ന് ഞാന്‍ പറഞ്ഞു. വേണ്ട എന്നുള്ളത് വേദ എന്നാണ് ധര്‍മ്മനു തിരിഞ്ഞത്. ഇളയ കുട്ടിക്ക് വേദ എന്നു പേരിടുകയും ചെയ്തു. കൂട്ടുകാരന്റെ രണ്ടുമക്കള്‍ക്ക് പേരിടാനുള്ള നിയോഗം അങ്ങനെ യാദൃച്ഛികമായി എനിക്കുണ്ടായി.

മീട്ടു റഹ്മത്ത് കലാം

Ads by Google
Tuesday 20 Feb 2018 03.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW