Friday, December 14, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 19 Feb 2018 03.49 PM

കട്ടക്കലിപ്പ് ഡാ !

''മിനി സ്‌ക്രീനിലെ പ്രിയതാരം സാജന്‍ സൂര്യയുടെ സീരിയല്‍ വിശേഷങ്ങള്‍.''
uploads/news/2018/02/193584/sajansurya190218.jpg

മിനി സ്‌ക്രീനിലെ സൗമ്യനായകന്‍, സാജന്‍ സൂര്യ. ഒരു ഇടവേളയ്ക്കുശേഷം വില്ലനായി തിരിച്ചെത്തിയ സാജന്‍ സൂര്യ എന്ന കലാകാരനെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഭാര്യ സീരിയലില്‍ നരേന്ദ്രന്‍ എന്ന ഗുണ്ടയായി അഭിനയിച്ച് പ്രേക്ഷക മനസുകളില്‍ ഇടംനേടിയ സാജന്‍ വീണ്ടും സൗമ്യനായകനാവുകയാണ്.

നായകനില്‍ നിന്ന് വില്ലന്‍. വീണ്ടും സൗമ്യ നായകന്‍?


കുങ്കുമപ്പൂവിന് ശേഷം വ്യത്യസ്തമായ വേഷങ്ങള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ക്യാരക്ടറാണ് ഭാര്യയിലെ നരേന്ദ്രന്‍. വില്ലനാണെങ്കിലും അല്പം കോമളിത്തരങ്ങളൊക്കെയുള്ള ഒരു കഥാപാത്രം.

ബംഗളൂരു മലയാളി അസോസിയേഷന്റെ അവാര്‍ഡ് ഫംഗ്ഷന് പോകുന്ന സമയത്താണ് പ്രദീപ് പണിക്കര്‍ എന്നോട് ഈ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. കഥ കേട്ടപ്പോള്‍ ചെയ്യാമെന്ന് സമ്മതിച്ചു. ഒന്നര വര്‍ഷത്തോളം കാത്തിരുന്നു.

ഈ ക്യാരക്ടറിനെക്കുറിച്ച് സംവിധായകന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഗുണ്ടയുടെ ഗെറ്റപ്പിന് മുടി പറ്റെ വെട്ടാമെന്ന് ഞാന്‍ പറഞ്ഞു. മുടി വെട്ടിയാല്‍ വേറെ സീരിയലുകളൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു. പക്ഷേ നരന്‍ എന്ന കഥാപാത്രം എനിക്കത്ര ഇഷ്ടപ്പെട്ടതുകൊണ്ട് മറ്റു സീരിയലുകളൊന്നും ചെയ്യേണ്ടന്ന് തീരുമാനിച്ചു.

അങ്ങനെ സംവിധായകനും നിര്‍മാതാവും ഞാനും കൂടി തിരുവനന്തപുരത്ത് വിജി എന്ന ഹെയര്‍സ്‌റ്റൈലിസ്റ്റിനെ ചെന്ന് കണ്ടു, മുടി പറ്റെ വെട്ടി. ഇപ്പോഴത്തെ അപ്പിയറന്‍സിലെത്തി. കംപ്ലീറ്റ് ബോഡിലാംഗ്വേജില്‍ മാറ്റം വരുത്തി.

ഡ്രസിലും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണമെന്നുണ്ടായിരുന്നു. അതുകൊണ്ട് ചെറിയ ഡിസൈനുകളുള്ള കുര്‍ത്തയും മുണ്ടും പരീക്ഷിക്കാമെന്ന് തീരുമാനിച്ചു. കോടീശ്വരന്‍ പരിപാടിയില്‍ പോയപ്പോള്‍ സുരേഷ് ഗോപി ചേട്ടനും, കൊള്ളാം, നന്നായി ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.

പ്രേക്ഷകരുടെ പ്രതികരണം?


വില്ലന്‍വേഷം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. സീരിയല്‍ തു ടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവര്‍ക്കും നരേന്ദ്രനെ ഇഷ്ടമായി. വില്ലനാണെങ്കിലും ഈ ക്യാരക്ടറിന്റെ സ്‌റ്റൈലും മാനറിസങ്ങളുമൊക്കെ ഇഷ്ടമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

എന്തോ നിങ്ങളെ വെറുക്കാന്‍ കഴിയുന്നില്ല എന്നു ചിലര്‍ പറഞ്ഞു. പക്ഷേ ഇപ്പോള്‍ അധികം വില്ലത്തരങ്ങളൊന്നും വേണ്ട എന്ന് സംവിധായകനു തോന്നിയതുകൊണ്ടാവാം നരന്‍ മാനസാന്തരപ്പെട്ട് അല്‍പം പാവമായിട്ടുണ്ട്.

ലൊക്കേഷന്‍ അനുഭവങ്ങള്‍?


രാജേന്ദ്രന്‍ ചേട്ടന്‍, ദേവിചന്ദന, കുളപ്പുള്ളി ലീല തുടങ്ങി വലിയ ഒരു ടീമിനൊപ്പമാണ് വര്‍ക്ക്. ഭാര്യയുടെ പ്രേക്ഷകരധിക വും പുരുഷന്മാരാണ്. അവരെ കൂടി രസിപ്പിക്കുന്ന രീതിയിലുള്ള ഫൈറ്റും കാര്യങ്ങളുമൊക്കെ വേണം. ഷൂട്ടിനിടെ പല തവണ അപകടങ്ങള്‍ ഉണ്ടായി.

മതില്‍ ചാടുന്ന ഒരു സീനുണ്ടായിരുന്നു. ആ സീനില്‍ വീടിന്റെ രണ്ടാംനിലയില്‍ കയറി, ഓടിന് മുകളില്‍ കയറുന്നതൊക്കെ അഭിനയിച്ചു. ഫൈറ്റ് സീനുകളെല്ലാം നല്ല എഫേര്‍ട്ട് എടുത്താണ് ചെയ്തത്.

ഒരിക്കല്‍ പത്തടി ഉയരമുള്ള മതിലില്‍ നിന്ന് വീണ് പരിക്ക് പറ്റി. അരയില്‍ കത്തി തിരുകി, മതില്‍ ചാടിക്കടക്കുന്നതാണ് സീന്‍. ഉയരമുള്ള മതിലായതുകൊണ്ട് മുകളില്‍ കയറിയാല്‍ മതി, താഴേക്ക് ചാടണ്ട എന്ന് പറഞ്ഞിരുന്നു.

മതിലിന് മുകളില്‍ കയറിയപ്പോള്‍ കാല്‍ തെന്നി താഴെ വീണു. എല്ലാവരും പേടിച്ച് നിലവിളിയോടെ ഓടിവന്നു. അരയില്‍ കത്തിയുണ്ടായിരുന്നതുകൊണ്ട് പരിക്കേറ്റെന്നാണ് അവര്‍ വിചാരിച്ചത്. ഭാഗ്യത്തിന് വലിയ പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു.

uploads/news/2018/02/193584/sajansurya190218a.jpg

സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ലല്ലോ?


ബംഗ്ലാവില്‍ ഔത അടക്കം വളരെ കുറച്ച് സിനിമകള്‍ ചെയ്തു. സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടാന്‍ എന്റേതായ ശ്രമങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അതെന്റെ തെറ്റാണ്. പൊതുവേ ഒതുങ്ങിയ സ്വഭാവക്കാരനാണ് ഞാന്‍.

സിനിമയില്‍ അവസരങ്ങള്‍ തേടി ആരേയും സമീപിച്ചിട്ടില്ല. നല്ല വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എ ക്‌സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല.

ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത ബംഗ്ലാവില്‍ ഔത നല്ലൊരു സിനിമയായിരുന്നു. പക്ഷേ മലയാള സിനിമ ഏറ്റവും മോശമായ അവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ആ സിനിമ റിലീസ് ചെയ്തത്. അന്നൊക്കെ സിനിമയില്‍ തുടക്കക്കാര്‍ക്ക് ഇന്നത്തേ തുപോലെയുള്ള സപ്പോര്‍ട്ടൊന്നുമില്ല.

ഔദ്യോഗിക ജീവിതത്തെക്കുറിച്ച്?


തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസിലാണ് ജോലി. ഇപ്പോള്‍ ഭാര്യ, മാമാങ്കം എന്നീ സീരിയലുകളാണ് ചെയ്യുന്നത്. ഷൂട്ട് ഇല്ലാത്ത ദിവസങ്ങളില്‍ ഓഫീസിലെത്തും. ജോലിയില്‍ പ്രശ്‌നമുണ്ടാവാത്ത രീതിയില്‍ അഭിനയം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്.

സര്‍ക്കാര്‍ ജോലി നന്നായി ആസ്വദിക്കുന്ന ആളാണ് ഞാന്‍. എന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ പൊതുജനങ്ങളുമായുള്ള കോ ണ്‍ടാക്ട് കുറവാണ്. പക്ഷേ ഓഫീസില്‍ കാണുമ്പോള്‍ എന്താ ഇവിടെ?? എന്ന് ചിലരൊക്കെ ചോദിക്കാറുണ്ട്.

നാടക അനുഭവങ്ങള്‍?


നാടകത്തിന്റെ തട്ടില്‍ നിന്ന് വന്നവരെ ആരും മാറ്റി നിര്‍ത്താറില്ല. ഒരു റോള്‍ ചെയ്യാമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ചെയ്യാം എന്ന് പറയാനുള്ള ധൈര്യം തന്നത് നാടകങ്ങളാണ്.

സാജന്‍ സൂര്യ എന്ന വ്യക്തിയെ കുറിച്ച്?


വളരെ സെന്‍സിറ്റീവാണ് ഞാന്‍. ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കുകയും വേദനിക്കുകയും ചെയ്യും. പെട്ടെന്ന് ആളുകളുമായി കമ്പനിയാകില്ലെങ്കി ലും അടുത്തു കഴിഞ്ഞാല്‍ എല്ലാവരുമായും നല്ല സൗഹൃദം സൂക്ഷിക്കാറുണ്ട്.

മറ്റുള്ളവരെ സന്തോഷിപ്പിച്ചാല്‍ മാത്രമേ സ്വയം സന്തോഷിക്കാന്‍ കഴിയു എന്നാണെന്റെ വിശ്വാസം. മുഖത്ത് ചിരി ഇല്ലാതെ എന്നെ കാണുന്നത് അപൂര്‍വ്വമാണ്.

കഴിഞ്ഞ വിഷുവിന് കണിയൊരുക്കാന്‍ കൊന്നപ്പൂവും പഴങ്ങളും വാങ്ങാന്‍ വഴിയരികിലെ ഒരു കടയില്‍ കയറി. കടയിലെ സ്ത്രീ എന്നെ മൈന്‍ഡ് ചെയ്‌തേയില്ല. തിരക്ക് കഴിയുംവരെ ഞാന്‍ കാത്തു. എല്ലാവരും പോയപ്പോള്‍, സാറിനെ ഞാ ന്‍ മനപ്പൂര്‍വം മൈന്‍ഡ് ചെയ്യാതിരുന്നതാാണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ കാരണം അന്വേഷിച്ചു.

മുമ്പെപ്പഴോ പുറത്തുവച്ച് കണ്ടപ്പോള്‍ അവര്‍ ചിരിച്ചു കാണിച്ചു, ഞാനന്ന് അവരെ മൈന്‍ഡ് ചെയ്തില്ലത്രേ, അപ്പോള്‍ അവര്‍ക്ക് തോന്നി എനിക്ക് ജാഡയാണെന്ന്. ഇത്രയും നേരം ഇവിടെ നിന്നപ്പോള്‍ സാര്‍ പാവമാണെന്ന് മനസിലായെന്നൊക്കെ പറഞ്ഞു.

കുടുംബം?


കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാറുണ്ട്. ഭാര്യ വിനീതയും രണ്ട് പെണ്‍മക്കളുമാണ് എന്റെ ലോകം. മൂത്തയാള്‍ മാളവിക, എട്ടാം ക്ലാസില്‍ പഠിക്കുന്നു. ഇളയവള്‍ മീനാക്ഷി, ഒന്നാം ക്ലാസിലും.

മീനാക്ഷിയാണ് ഭാര്യ സീരിയലിന്റെ ഏറ്റവും വലിയ ആരാധിക. ഭാര്യയില്‍ എനിക്ക് ത ല്ല് കിട്ടുന്നത് അവള്‍ക്ക് സന്തോഷമുള്ള കാര്യമാ ണ്. കാരണം മീനാക്ഷിക്ക് നരേന്ദ്രേന്‍ എന്ന കഥാപാത്രത്തെ ഇഷ്ടമല്ല. പക്ഷേ ഇപ്പോള്‍ അവള്‍ നരനെ ഇഷ്ടപ്പെട്ട് തുടങ്ങിയെന്ന് തോന്നുന്നു.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW