Sunday, June 16, 2019 Last Updated 9 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 19 Feb 2018 02.37 PM

ചിരിക്കുമ്പോള്‍ ചുണ്ട് കോടിപ്പോകുന്നു, ഞരമ്പിന്റെ തകരാറുകള്‍ മരുന്നുകൊണ്ടു മാറില്ലേ?

കുട്ടികളുടെ ആരോഗ്യം
uploads/news/2018/02/193575/asdrkidscar190218.jpg

ചൂടുള്ള ദിനങ്ങളില്‍ തലവേദന


എന്റെ മകള്‍ക്കുവേണ്ടിയാണ് ഈ കത്ത്. കുട്ടിക്ക് 15 വയസ്. പത്താം ക്ലാസില്‍ പഠിക്കുന്നു. കുറച്ചു കാലമായി വൈകുന്നേരങ്ങളില്‍ കടുത്ത തലവേദന അനുഭവപ്പെടുന്നു. ഒട്ടുമിക്ക ദിവസവും തലവേദനയുണ്ട്. അല്‍പസമയം ഉറങ്ങിയാല്‍ വേദനമാറും. കാഴ്ചയ്ക്ക് തകരാറില്ല. ചൂടുള്ള ദിവസങ്ങളിലാണ് തലവേദന കൂടുതലായും അനുഭവപ്പെടുന്നത്. ഇതുവരെ ഡോക്ടറെ കണ്ടില്ല. ഇതൊരു രോഗമാണോ? കുട്ടിയെ ഡോക്ടറെ കാണിക്കേണ്ടതുണ്ടോ? ഇതു മാറാന്‍ എന്താണ് ചെയ്യേണ്ടത്?
....സല്‍മ മാത്യു ,പന്തളം

ലക്ഷണങ്ങള്‍ പരിശോധിച്ചാല്‍ കുട്ടിക്ക് കൊടിഞ്ഞി അഥവാ മൈഗ്രേനാവാനാണ്‌സാധ്യത. കൗമാരപ്രായക്കാരില്‍ മൈഗ്രേന്‍ കൂടുതലായി കണ്ടുവരുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന ചെറിയ വ്യതിയാനമാണ് മൈഗ്രേന് കാരണമായി പറയുന്നത്. എന്നാല്‍ ഇത് എന്തുകൊണ്ടു സംഭവിക്കുന്നു എന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. ചൂടുകൂടുതലുള്ള കാലാവസ്ഥയില്‍ മൈഗ്രേനുള്ള സാധ്യതയും കൂടുതലാണ്.

ചോക്കലേറ്റ്, ഏത്തയ്ക്കാ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കിയാല്‍ മൈഗ്രേന്‍ ഒരു പരിധിവരെ നിയന്ത്രിക്കാനാവും. അല്‍പസമയം ഉറങ്ങിയാല്‍ തലവേദന മാറുമെന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ സ്‌കൂള്‍ വിട്ടുവന്ന് കുറച്ചു സമയം ഉറങ്ങി വിശ്രമിച്ചതിനു ശേഷം പഠനത്തിലേക്ക് കടക്കുകയായിരിക്കും നല്ലത്. പഠനകാലമായതിനാലും ചെറുപ്രായമായതിനാലും കുട്ടിയെ ഒരു ന്യുറോളജിസ്റ്റിനെയോ ഫിസിഷനെയോ കാണിക്കണം.

പരിശോധനകള്‍ക്കു ശേഷം മരുന്ന് കഴിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടെയുണ്ടാകുന്ന തലവേദന പഠനത്തെ ബാധിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ എത്രയും വേഗം ഡോക്ടറെ കാണിച്ച് ചികിത്സ തേടണം. തുടര്‍ച്ചയായി കുറച്ചു കാലത്തേക്കെങ്കിലും മരുന്നു കഴിക്കേണ്ടിവരും. ഡോക്ടറുടെ നിര്‍ദേശം കര്‍ശനമായി പാലിക്കണം.

ഉറക്കക്കുറവ് പരിഹരിക്കാന്‍


മകള്‍ക്കുവേണ്ടിയാണ് കത്ത്. പ്ലസ് വണ്ണിനു പഠിക്കുന്നു. ഉറക്കം തീരെ ഇല്ലാത്തതാണ് അവളുടെ പ്രശ്‌നം. കുട്ടിക്കാലം മുതല്‍ ഉറക്കക്കുറവ് ഉണ്ടായിരുന്നു. ഇപ്പോള്‍ കുട്ടി ഉറങ്ങുന്നത് രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ്. ഇതുമൂലം പകല്‍ ക്ഷീണവും മറ്റ് ബുദ്ധിമുട്ടുകളുമാണ്. രാത്രിയില്‍ കുട്ടിക്ക് ഉറങ്ങാന്‍ കഴിയാത്തത്് എന്തുകൊണ്ടാണ്? ഉറക്കം ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
.....മായാ വി. നായര്‍ ,നെടുങ്കണ്ടം

കൗമാരപ്രായത്തിലുള്ള കുട്ടികള്‍ ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് ആരോഗ്യത്തന് ഉത്തമം. എന്നാല്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ചിലപ്പോള്‍ ആറുമണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. ഇതു പരിഹരിക്കാന്‍ ഇടയ്ക്ക് സമയം കണ്ടെത്തി ആറു മണിക്കൂര്‍ ഉറക്കം തികയ്ക്കാന്‍ ശ്രമിക്കുന്നത് നന്ന്. ഇവിടെ കുട്ടിയുടെ ഉറക്കത്തിന്റെ സ്വഭാവം കത്തില്‍ നിന്നും വ്യക്തമാകുന്നില്ല. ഉറക്കക്കുറവ് പലവിധത്തില്‍ അനുഭവപ്പെടാം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉറക്കം ലഭിക്കാതിരിക്കാം.

അല്ലെങ്കില്‍ ഏതാനും മണിക്കൂര്‍ മാത്രം ഉറങ്ങിയശേഷം ഉറക്കം നഷ്ടപ്പെടാം. ഇതില്‍ കുട്ടിയുടെ പ്രശ്‌നം എന്താണെന്ന് അറിയണം. ഉറക്കം രണ്ടോ മൂന്നോ മണിക്കൂറിലേക്ക് ചുരുങ്ങുന്നത് ഈ പ്രായത്തില്‍ നല്ലതല്ല. കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഡിപ്രഷന്‍ മൂലമോ പഠന ഭാരം മൂലമുള്ള ടെന്‍ഷന്‍ വഴിയോ ഉറക്കക്കുറവ് ഉണ്ടാകാം.

ശരിയായ കാരണം കണ്ടെത്തിയാല്‍ എളുപ്പം പരിഹരിക്കാനാവും. ഉറക്കക്കുറവ് ആരോഗ്യത്തെ സാരമായി ബാധിക്കാനിടയുള്ളതുകൊണ്ട് പരിഹാരത്തിന് വൈകരുത്. ഉറക്കത്തകരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരുണ്ട്. ആവശ്യമെങ്കില്‍ കുട്ടിയെ സൈക്കോളജിസ്റ്റിനെ കാണിക്കാവുന്നതാണ്. ഇപ്പോള്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഭാവിയില്‍ മാനസിക പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കാം. ഇത് കുട്ടിയുടെ പഠനത്തെയും ഭാവി ജീവിതത്തെയും ബാധിച്ചെന്നിരിക്കും.

വൃഷണസഞ്ചിക്ക് വീക്കവും വേദനയും


എട്ടു വയസുള്ള എന്റെ മകന്റെ വൃഷണ സഞ്ചിക്ക് വീക്കം കാണുന്നു. വേദനയുമുണ്ട്. ഒരാഴ്ചയായി ഇതു കണ്ടു തുടങ്ങിയിട്ട്. ഉറുമ്പോ മറ്റോ കടിച്ചാതാണെന്നാണ് കരുതിയത്. സമീപത്തുള്ള ആശുപത്രിയില്‍ കാണിച്ചു. ക്ഷതമേറ്റതാകാമെന്നാണ് ഡോക്ടര്‍ പറഞ്ഞു. വേദന കുറയുന്നതിനുള്ള ഗുളികയും തന്നു. ഇപ്പോള്‍ മൂത്രം പോകുന്നതിനു വേദനയുണ്ട്. എന്താണ് ഇതിനു കാരണം? വൃഷണസഞ്ചിക്കുണ്ടാകുന്ന വീക്കം മാറാന്‍ എന്താണ് ചെയ്യേണ്ടത്? ഏതു ഡോക്ടറെയാണ് കാണിക്കേണ്ടത്?
.........ശിവരാജന്‍ ,കൊരട്ടി

കുട്ടികളില്‍ പല കാരണങ്ങള്‍കൊണ്ട് വൃഷണസഞ്ചിക്ക് വീക്കവും വേദനയും ഉണ്ടാകാം. വൃഷണസഞ്ചിക്ക് ശക്തമായ ക്ഷതമേല്‍ക്കുക, വൃഷണ സഞ്ചിക്ക് പെട്ടെന്നുണ്ടാകുന്ന വീക്കം ഒരുപക്ഷേ വൃഷണം തിരിയുക അല്ലെങ്കില്‍ ടോഷന്‍ ടെസ്റ്റിസ് എന്ന അസുഖം കൊണ്ടാവാം. ഇതുമൂലം വൃഷണത്തിന് അതികഠിനമായ വേദന അനുഭവപ്പെടും. കൂടാതെ ഛര്‍ദി, വയറുവേദന തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകും. വൃഷണസഞ്ചിയില്‍ ഒരു നാളിയില്‍ തൂങ്ങിയാണ് വൃഷണം സ്ഥിതി ചെയ്യുന്നത്. ഈ നാളിവഴിയാണ് വൃഷണത്തിലേക്ക് രക്തം എത്തുന്നത്.

ഈ നാളി ചില സാഹചര്യത്തില്‍ കയറുപോലെ പിരിയാനിടയുണ്ട്. ഇങ്ങനെ തിരിയുന്നതിന്റെ ഭാഗമായി വൃഷണത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നു. ഇതിന്റെ ഫലമായി വൃഷണത്തില്‍ വേദനയും വീക്കവും ഉണ്ടാകും. അടിയന്തിര ചികിത്സ ലഭ്യമാക്കേണ്ട രോഗാവസ്ഥയാണിത്. ആറു മണിക്കൂറിലേറെ ഈ സ്ഥതി തുടര്‍ന്നാല്‍ ആ വൃഷണം ഉപയോഗ ശൂന്യമാകാനിടയുണ്ട്. എന്നാല്‍ കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ വൃഷണസഞ്ചിയിലെ എപ്പിഡൈഡിമോ എന്ന ഭാഗത്തിനുണ്ടായ വീക്കമാകാനാണ് സാധ്യത കൂടുതല്‍.

അതുകൊണ്ടാണ് മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നത്. ചിലകുട്ടികളില്‍ മൂത്രത്തില്‍ പഴുപ്പുമായി ബന്ധപ്പെട്ട് എപ്പിഡൈഡിമോ ഓര്‍ക്കൈറ്റിസ് എന്ന അസുഖത്തിനും സാധ്യതയുണ്ട്. ആന്റിബയോട്ടിക് ഗുളികകഴിച്ച് ഈ രോഗാവസ്ഥ പരിഹരിക്കാവുന്നതാണ്. കുഞ്ഞിന് മൂത്രത്തില്‍ പഴുപ്പ് ഉണ്ടോ എന്ന് പരിശോധിക്കുക. എട്ടുവയസുള്ള കുട്ടിക്ക് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നുണ്ടെങ്കില്‍ അതിന് മൂത്ര തടസമോ മറ്റ് എന്തെങ്കിലും കാരണമോ ഉണ്ടോ എന്ന് അറിയാന്‍ സ്‌കാനിംഗും മറ്റ് പരിശോധനകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം നടത്തേണ്ടതാണ്.

ചിരിക്കുമ്പോള്‍ ചുണ്ട് കോടിപ്പോകുന്നു


എന്റെ മകന് 10 വയസ്. കുട്ടി ചിരിക്കുമ്പോള്‍ ചുണ്ട് ഒരു വശത്തേക്ക് കോടിപ്പോകുന്നു. എട്ടുവയസു മുതലാണ് ഇത് പ്രകടമായത്. കുട്ടികളുടെ ഡോക്ടറെ കാണിച്ചു. ഞരമ്പിന്റെ തകരാറാണ് ഇതെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ മരുന്നുകൊണ്ട് മാറ്റിയെടുക്കുക ബുദ്ധിമുട്ടാണെന്നും പറഞ്ഞു. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. ഞരമ്പിന്റെ തകരാറുകള്‍ മരുന്നുകൊണ്ടു മാറില്ലേ?
.......പ്രിയാ റാണി , കോഴിക്കോട്

മുഖത്തെ പേശികളെ നിയന്ത്രിക്കുന്നത് തലച്ചോറില്‍ നിന്നുള്ള ഫേഷ്യല്‍ ഞരമ്പുകളാണ്. മുഖത്തിന്റെ അതിസൂക്ഷ്മ ചലനങ്ങള്‍ക്കും ഭാവങ്ങള്‍ക്കും പിന്നില്‍ ഈ ഞരമ്പുകളാണ്. അതിലോലമായ ഈ ഞരമ്പുകള്‍ക്കുണ്ടാകുന്ന തകരാര്‍ മൂലം സംഭവിക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗാവസ്ഥയാവാം കുട്ടിക്ക്.

ഈ രോഗമുള്ളവരുടെ ചുണ്ടുകള്‍ ഉള്‍പ്പെടെയുള്ള മുഖപേശികള്‍ ഒരു വശത്തേക്ക് കോടിപ്പോകാന്‍ സാധ്യതയുണ്ട്. മരുന്നും ഫിസിയോ തെറാപ്പിയും വഴി ഞരമ്പുകളുടെ തകരാര്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. എന്തായാലും കുട്ടിയെ ഒരു ന്യുറോളജിസ്റ്റിനെ കാണിച്ച് പരിശോധന നടത്തണം. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചുള്ള ചികിത്സകള്‍ വേണം സ്വീകരിക്കാന്‍.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW