Tuesday, June 18, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
എം. ആര്‍. കൃഷ്ണന്‍
Monday 19 Feb 2018 11.37 AM

പിണറായിയുടെ വാക്കുകള്‍ക്ക് പുല്ലുവില? ഷുഹൈബ്‌വധം ദേശീയതലത്തില്‍ സി.പി.എമ്മിന് തിരിച്ചടിയാകുന്നു

പിണറായി വിജയനെതിരെയുള്ള നീക്കമായി ഇതിനെ പാര്‍ട്ടിയിലെ ഒരുവിഭാഗം കാണുന്നുമുണ്ട്. കണ്ണൂരില്‍ എന്തും പിണറായി അറിയാതെ നടക്കില്ലെന്ന വാദം നിലനില്‍ക്കെ ഇത്തരം അക്രമങ്ങള്‍ നിരന്തരം അരങ്ങേറുന്നത് അദ്ദേഹത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Shuhib murder, CPM

തിരുവനന്തപുരം: കണ്ണൂരില്‍ ആവര്‍ത്തിച്ച് അരങ്ങേറുന്ന കൊലപാതകങ്ങള്‍ ഇടതുമുന്നണിയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. കൊലപാതകങ്ങള്‍ കര്‍ശനമായി തടയുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അതിന് പുല്ലുവിലപോലും കല്‍പ്പിക്കാതെ കണ്ണൂരില്‍ നിഷ്ഠൂരമായ കൊലപാതകപരമ്പരകള്‍ ആവര്‍ത്തിക്കുന്നത് പിണറായി വിജയന് തന്നെ തലവേദനയായി മാറുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തിരിക്കെ കേരളത്തിലെ നേതൃത്വത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഈ സംഭവങ്ങള്‍ ആയുധമാകുമെന്ന വിലയിരുത്തലാണ് പിണറായിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ക്ക്.

പിണറായി വിജയനെപ്പോലും മറികടന്നുകൊണ്ടാണ് കണ്ണൂരിലെ സംഭവങ്ങള്‍ വ്യാപിക്കുന്നത്. എല്ലാ രാഷ്ട്രീയകൊലപാതങ്ങളിലും ഒരുഭാഗത്ത് സി.പി.എം ആകുന്നത് സര്‍ക്കാരിന് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ നടന്ന കൊലപാതകങ്ങളെ അക്രമങ്ങളെ ചെറുക്കാനുള്ള നീക്കമായാണ് സി.പി.എം വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തന്നെ മൃഗതുല്യമായി ക്രൂരമായി കൊലചെയ്തത് കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ സി.പി.എമ്മിനെ കുഴയ്ക്കുന്നുണ്ട്.

നേരത്തെതന്നെ സി.പി.എമ്മിനെ ഒരു ഭീകരപാര്‍ട്ടിയായി ചിത്രീകരിച്ചുകൊണ്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ദേശവ്യാപകമായ പ്രചരണം നടന്നിരുന്നു. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ദേശീയമാധ്യമങ്ങള്‍ ഇതിന് വലിയ പ്രാധാന്യമാണ് നല്‍കിയത്. സി.പി.എമ്മിനെതിരെയുള്ള പ്രചാരണം ഒടുവില്‍ അവര്‍ കേരളത്തിനെതിരെ ആക്കിതീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തിന്റെ വികസനസൂചികയും ബി.ജെ.പി-ആര്‍.എസ്.എസ്. നടത്തുന്ന സമാനമായ കൊലപാതകങ്ങളും അക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് സി.പി.എം ഇതിനെ പ്രതിരോധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബിന്റെ കൊലപാതകത്തിലും സി.പി.എം ഉള്‍പ്പെട്ടതോടെ ഈ പ്രചരണത്തിന് ശക്തിയേറും. കോണ്‍ഗ്രസും സി.പി.എമ്മിനെതിരെ ദേശവ്യാപകമായി ഇത്തരമൊരു പ്രചരണത്തിന് കോപ്പുകൂട്ടുകയാണ്.

മാത്രമല്ല, ഈ സംഭവങ്ങള്‍ പാര്‍ട്ടിക്കുളളില്‍ തന്നെ വല്ലാത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. നിലവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരള ഘടകവും രണ്ടുതട്ടില്‍ നില്‍ക്കുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ മകന്റെ പ്രശ്‌നം തന്നെ മറ്റ് ഘടകങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരികയുമാണ്. അതിനിടയിലാണ് ക്രൂരമായ രീതിയിലുള്ള കൊലപാതകങ്ങള്‍ക്ക് സി.പി.എം തന്നെ നേതൃത്വം നല്‍കുന്നുവെന്ന പ്രചരണം ശക്തമാകുന്നത്. ഇത് പാര്‍ട്ടികോണ്‍ഗ്രസില്‍ സംസ്ഥാനഘടകത്തെ പ്രതിരോധത്തിലാക്കുന്നതാകും. പാര്‍ട്ടിയുടെ അടവുനയത്തില്‍ തന്റെ നിലപാട് അരക്കിട്ടുറപ്പിക്കാന്‍ യെച്ചൂരിയും അദ്ദേഹത്തിന്റെ വിഭാഗവും ഇത് ആയുധമാക്കുമെന്ന് തന്നെയാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതോടൊപ്പം സംസ്ഥാനത്തെ പാര്‍ട്ടിക്കുളളിലും ഇത് വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. മുന്‍കാലത്തെ അപേക്ഷിച്ച് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും ഇത്തരം കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല. മാധ്യമങ്ങളും മറ്റും ഇത്രയേറെ സജീവമായ കാലത്ത് ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കുമെന്നാണ് അവരുടെ നിലപാട്. മാത്രമല്ല, പിണറായി വിജയനെതിരെയുള്ള നീക്കമായി ഇതിനെ പാര്‍ട്ടിയിലെ ഒരുവിഭാഗം കാണുന്നുമുണ്ട്. കണ്ണൂരില്‍ എന്തും പിണറായി അറിയാതെ നടക്കില്ലെന്ന വാദം നിലനില്‍ക്കെ ഇത്തരം അക്രമങ്ങള്‍ നിരന്തരം അരങ്ങേറുന്നത് അദ്ദേഹത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനേക്കാളൊക്കെ ഏറെയായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്താതെ ഇത്തരം കൊലപാകതങ്ങള്‍ മാത്രം ചര്‍ച്ചയാക്കണമെന്ന് ആര്‍ക്കൊ വാശിയുള്ളതുപോലെയാണ് സംഭവങ്ങളെന്നും അവര്‍ വിലയിരുത്തുന്നു. പാര്‍ട്ടി നേതൃതലത്തില്‍ തന്നെ അടിയന്തിരമായി ഇടപെട്ട് ഇതിന് അറുതിവരുത്തിയില്ലെങ്കില്‍ കേരളത്തില്‍ സി.പി.എം എന്ന് പറയാന്‍ ഇനി ആരുമുണ്ടാവില്ല. മുന്‍കാലത്തെപ്പോലെ കൊല്ലും കൊലയും നടത്തുന്ന പാര്‍ട്ടിയെ വരിക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് അത്ര താല്‍പര്യമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടി നയം മാറ്റണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW