Saturday, September 22, 2018 Last Updated 54 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 18 Feb 2018 02.23 AM

'സുശ്രുത'ന്റെ അഗ്നിപരീക്ഷണങ്ങള്‍

uploads/news/2018/02/193306/books1.jpg

ഒരു എഴുത്തുകാരന്‍ തന്റെ രോഗകാലങ്ങളെ ജീവിതസായാഹ്നത്തില്‍ എങ്ങനെ നേരിട്ടു എന്നതിന്റെ കഥയാണ്‌ സുശ്രുതന്റെ 'മൈ ജേര്‍ണീസ്‌ ത്രൂ ഹീലിങ്‌സ്' എന്ന ഓര്‍മപ്പുസ്‌തകം. എങ്ങനെയാണ്‌ രോഗത്തിന്റെ പൂക്കളെ ഒരു കഥാകാരന്‍ സ്വീകരിക്കുക എന്ന്‌ ഈ പുസ്‌തകം കാട്ടിത്തരുന്നു.
മലയാളകഥയില്‍ പ്രത്യേക വഴി തുറന്ന്‌ എഴുപതുകളില്‍ ശ്രദ്ധേയനായിരുന്ന ലഫ്‌. കേണല്‍ ഡോ. എം. മോഹന്‍കുമാര്‍ എന്ന 'സുശ്രുത'നെ മലയാള വായനക്കാര്‍ അത്രവേഗം വിസ്‌മരിക്കുകയില്ല. മലയാളത്തിലെ ആദ്യ 'മെഡിക്കല്‍ നോവല്‍' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന 'ഇരട്ടസര്‍പ്പം' എന്ന നോവലും 'മുകളില്‍നിന്ന്‌ വേരുകള്‍' എന്ന കഥാസമാഹാരവുമാണ്‌ സുശ്രുതനെ വായനക്കാരുടെ സ്‌നേഹഭാജനമാക്കിയത്‌.
ദീര്‍ഘനാളത്തെ സൈനിക ജീവിതവും കൂടുവിട്ടുകൂടുമാറിയുള്ള യാത്രകളും തന്റേതായ രീതിയില്‍ നടത്തിയ പഠന ഗവേഷണങ്ങളും അദ്ദേഹത്തെ പരിപാകപ്പെടുത്തിയതിന്റെ നിദര്‍ശനമാണ്‌ ഈ പുസ്‌തകം. കാന്‍സറിനെയും ഹൃദ്രോഗത്തെയുമൊക്കെ കീഴ്‌പ്പെടുത്തിയതിന്റെ കഥയാണ്‌ അദ്ദേഹം ഹൃദയത്തില്‍തൊട്ടു പറയുന്നത്‌.
സുശ്രുതന്റെ പഴയകാല രചനകളുടെ ഗാംഭീര്യവും ഒഴുക്കും ഈ പുസ്‌തകത്തിലുംകാണാം. കെടാത്ത മനുഷ്യസ്‌നേഹവും തത്വചിന്തയും ഫലിതവും ഈ കൃതിയില്‍ ദീപ്‌തിചൊരിയുന്നത്‌ പുനര്‍വായനകള്‍ക്ക്‌ പ്രേരകമാകുന്നു. രോഗങ്ങള്‍ പിടികൂടുമ്പോഴും ശുഭാപ്‌തിവിശ്വാസവും നന്മയുടെ ഉറവകളും നമ്മില്‍ ഉണ്ടാകണമെന്ന്‌ ഈ പുസ്‌തകം ഓര്‍മിപ്പിക്കുന്നു. പ്രശസ്‌തിയുടെ വെളിച്ചത്തില്‍നിന്നകന്ന്‌ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കഴിയുമ്പോഴും വായനയും എഴുത്തും അദ്ദേഹത്തിന്‌ കരുത്തുചൊരിയുന്നതുകൊണ്ടാണ്‌ രോഗങ്ങളും എഴുത്തുകാരനും തമ്മിലുള്ള യുദ്ധത്തില്‍ അദ്ദേഹം വിജയിക്കുന്നത്‌.
ഈ പുസ്‌തകത്തില്‍ തത്വശാസ്‌ത്രശകലങ്ങളുണ്ട്‌, കവിതയുണ്ട്‌, ബുദ്ധദര്‍ശനവും വിപാസനധ്യാനവുമുണ്ട്‌. രോഗങ്ങളും രോഗാവസ്‌ഥകളും പ്രതിരോധ ചികിത്സയുമുണ്ട്‌. സംഭവബഹുലമായിരുന്ന ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം സുശ്രുതന്‍ ഈ പുസ്‌തകത്തില്‍ ചിന്തിക്കുന്നു.
പിതാമഹന്‍മാരും കുടുംബവും സുഹൃത്തുക്കളും ഭാര്യയും മക്കളുമെല്ലാം കഥാപാത്രങ്ങളാകുന്നു. വലിയൊരു ജീവിതം- നവരസങ്ങള്‍ ഇടകലര്‍ന്നൊഴുകുന്ന ജീവിതനദിയുടെ ആരവം- നമ്മള്‍ കേള്‍ക്കുന്നു. മനുഷ്യസ്‌നേഹിയായ എഴുത്തുകാനെ നമ്മള്‍ അറിയുന്നു.
'മൈ ജേര്‍ണീസ്‌ ത്രൂ ഹീലിംഗ്‌സ്' ചെന്നൈയിലെ നോഷ്യന്‍ പ്രസാണ്‌ പ്രസിദ്ധപ്പെടുത്തിയത്‌. രണ്ട്‌ അസ്‌തിത്വതലങ്ങളിലൂടെ ആഖ്യാനം നിര്‍വഹിക്കുന്ന ഈ പുസ്‌തകം 'കാന്‍സറിനുശേഷം ജീവിതം' എന്ന പേരില്‍ എന്‍.ബി.എസ്‌. പുസ്‌തകമാക്കുകയാണ്‌. പ്രഫ. എം.ജി. ചന്ദ്രശേഖരനാണ്‌ വിവര്‍ത്തകന്‍. മലയാള പരിഭാഷ ഈ മാസം പുറത്തിറങ്ങും.

Ads by Google
Sunday 18 Feb 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW