Monday, April 22, 2019 Last Updated 57 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 17 Feb 2018 04.19 PM

ജീവിതശൈലി രോഗമാകുമോ?

ജീവിതശൈലിയും രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടോ? ഇല്ലെന്നു പറഞ്ഞ് നെറ്റി ചുളിക്കാന്‍ വരട്ടെ. പലപ്പോഴും രോഗങ്ങള്‍ വരാനുള്ള ചവിട്ടുപടി നല്‍കുന്നത് ജീവിതശൈലികളാണ്.
uploads/news/2018/02/193102/helthfitnes170218.jpg

കൗമാരം മുതല്‍ യൗവ്വനം വരെയുള്ളവരെ ബാധിക്കുന്നത് ജീവിതശൈലി രോഗങ്ങളാണ്. പക്ഷേ നമ്മളതു പലപ്പോഴും കണ്ടില്ലെന്നു നടിക്കും. പിന്നീടത്് ചികിത്സ ലഭ്യമാകാത്ത അസുഖങ്ങളിലേക്കെത്തിക്കും. സ്വയം വിശകലനത്തിലൂടെത്തന്നെ ജീവിതശൈലി രോഗങ്ങളെ കണ്ടെത്തി യഥാസമയം ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ.

ജീവിതശൈലി രോഗങ്ങള്‍ പലതരത്തിലുണ്ട്. അതില്‍ സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചില രോഗങ്ങളെക്കുറിച്ച് എറണാകുളം പി.വി.എസ് മെമ്മോറിയല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ഷേര്‍ളി ജോണ്‍.

ആര്‍ത്തവപ്രശ്‌നങ്ങള്‍


പണ്ടുകാലത്ത് ആര്‍ത്തവത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ അറിഞ്ഞു തുടങ്ങുന്നത് തന്നെ 12 വയസ്സിനു ശേഷമാണ്. എന്നാലിന്ന് കഥ മാറി. പിച്ചവച്ചു തുടങ്ങുന്ന കുഞ്ഞു പോലും സാനിട്ടറി പാഡുകളുടെ പരസ്യം കണ്ടാണ് വളരുന്നത്. നേരത്തെ അറിയുന്നതില്‍ തെറ്റൊന്നുമില്ലെങ്കിലും അതിനനുസരിച്ച് ജീവിതശൈലി ചിട്ടപ്പെടുത്തണം.

എട്ട് -ഒന്‍പത് വയസ്സിനുള്ളില്‍ ആര്‍ത്തവം വരാത്ത പെണ്‍കുട്ടികള്‍ ചുരുക്കമാണ്. അതിനു കാരണമാകുന്നത് ഭക്ഷണശീലങ്ങള്‍ തന്നെ. കുഞ്ഞുങ്ങള്‍ വളരെ പെട്ടെന്ന് കഴിക്കുന്ന ആഹാരം നല്‍കാനാണ് ജോലിക്കാരായ അമ്മമാര്‍ ശ്രമിക്കുന്നത്. നോണ്‍വെജ് വിഭവങ്ങള്‍, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റുകള്‍ എന്നിവ നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് അമിതവണ്ണമുണ്ടാകും.

70 ശതമാനത്തിലധികം കുട്ടികള്‍ക്കും അവരുടെ പ്രായത്തില്‍ കവിഞ്ഞ ശരീരഭാരമാണിന്ന്. അതിനു കാരണം ഫാസ്റ്റ് ഫുഡാണ്. സാധാരണ ജോലി ചെയ്യുന്ന ഒരാളിന് 1800 കലോറി മാത്രമാണ് ചയാപചയ പ്രക്രിയകള്‍ക്ക് ആവശ്യം. എന്നാല്‍ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്ന പുതുതലമുറ ബര്‍ഗറും, ഫ്രഞ്ച് ഫ്രൈസും, ഐസ്‌ക്രീമുമൊക്കെ കഴിക്കും. അതോടെ കലോറി 4000 കവിയും.

അതു മുഴുവന്‍ കൊഴുപ്പായി മാറും. ആ കൊഴുപ്പ് ആര്‍ത്തവചക്രത്തെ ബാധിക്കും. ചെറു പ്രായത്തില്‍ തന്നെ ആര്‍ത്താവാരംഭം, നില്‍ക്കാതെയുള്ള ബ്ലീഡിംഗ്, ആര്‍ത്തവചക്ര ക്രമക്കേടുകള്‍ എന്നിവ വരാനിത് കാരണമാകും.

മലബന്ധം


ശരിയായ അളവില്‍ സന്തുലിത ആഹാരം കഴിക്കാതെ വരുന്നതില്‍ നിന്നുണ്ടാകുന്ന ഒരു പ്രശ്‌നമാണ് മലബന്ധം. വ്യായാമക്കുറവും ഫാസ്റ്റ്ഫുഡുമൊക്കെ ദഹനപ്രക്രിയയെ ബാധിക്കും.

കൊഴുപ്പും മധുരവും ക്രമാതീതമായി കൂടുന്നതും നാരുകളടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതും കാരണമാണ്. ആഹാരം ഡീപ്പ് ഫ്രൈ ചെയ്ത് കഴിക്കാനാണ് പലര്‍ക്കുമിഷ്ടം.

നാച്വറല്‍ ഫാറ്റിനെ ട്രാന്‍സ് ഫാറ്റാക്കി മാറ്റുകയാണ് ഡീപ്പ് ഫ്രൈയിങ്. വേവിച്ച ഉരുളക്കിഴങ്ങിനെക്കാള്‍ ഫ്രഞ്ച് ഫ്രൈസാണ് എല്ലാവര്‍ക്കുമിഷ്ടം. അതെല്ലാം ദഹനപ്രക്രിയയെ ബാധിക്കും. ഏതാഹാരം തയാറാക്കുമ്പോഴും ഏറ്റവുമവസാനം പച്ചവെളിച്ചെണ്ണ തൂകിയൊഴിക്കുന്നത് നല്ലതാണ്.

പൊരിച്ചെടുക്കുന്നതിനേക്കാള്‍ വെളിച്ചെണ്ണയില്‍ വഴറ്റിയെടുത്ത് കഴിക്കുന്നതാണ് നല്ലത്. നാരുകള്‍, ഇലക്കറികള്‍ എന്നിവയ്‌ക്കൊപ്പം വെള്ളം ധാരാളം കുടിക്കുകയും ചെയ്താല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപെടാം.

യൂറിനറി ഇന്‍ഫക്ഷന്‍


ജീവിതശൈലിയുമായി ബന്ധപ്പെട്ട മറ്റൊരസുഖമാണ് യൂറിനറി ഇന്‍ഫെക്ഷന്‍. കൃത്യമായ ആഹാരരീതിയില്ലാത്തതും ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമൊക്കെ ഇതിന്റെ കാരണങ്ങളാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ശരീരത്തിനാവശ്യമായ വെള്ളം കൊടുക്കാന്‍ പോലും ആര്‍ക്കും സമയമില്ല. ശരീരത്തിന്റെ 60% വെള്ളമാണ്.

പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ദിവസവും മിനിമം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിക്കുന്നത് യൂറിനറി ഇന്‍ഫക്ഷന്‍ കുറയ്ക്കാന്‍ മാത്രമല്ല അമിതവണ്ണം തടയാനും സഹായിക്കും.

മാനസിക സമ്മര്‍ദ്ദം


ശരീരത്തിന് ആവശ്യമായ ഉറക്കവും ഭക്ഷണവും വിശ്രമവും കിട്ടിയില്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാകാം. വിഷാദരോഗം കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. തലച്ചോറിന് ആവശ്യമായ വിശ്രമം കിട്ടിയില്ലെങ്കിലാണിത് സംഭവിക്കുക.

അമിതമായി ഭക്ഷണം കഴിക്കുന്നതും മറ്റൊരു കാരണമാണ്. കൊഴുപ്പ് കൂടിക്കഴിഞ്ഞാല്‍ ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടാം. ഇത് മടിയായി രൂപാന്തരപ്പെടും. തളര്‍ച്ചയും മടിയും ജോലി ചെയ്യുന്നതിന് തടസ്സമാകും.ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും, അത് മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കും.

uploads/news/2018/02/193102/helthfitnes170218b.jpg

അമിതവണ്ണം, അര്‍ബുദം, പ്രമേഹം


പുരുഷന്മാരേക്കാള്‍ ഇന്നത്തെ സ്ത്രീകളെ ബാധിക്കുന്ന അസുഖം അമിതവണ്ണവും അര്‍ബുദവുമാണ്. ശരിയായ ആഹാരമല്ല കഴിക്കുന്നതെങ്കില്‍ ഹോര്‍മോണില്‍ വ്യത്യാസങ്ങളുണ്ടാകും.

അതോടൊപ്പം ആര്‍ത്തവചക്രത്തിനു വ്യത്യാസം വരും. മാത്രമല്ല ശരീരഭാരവും കൂടും. തൈറോയിഡ് ശരിയല്ലെങ്കിലും വണ്ണം അമിതമായി കൂടാം.
യൂട്രസിലെ എന്‍ഡോമെട്രിക്കല്‍ ക്യാ ന്‍സര്‍, ബ്രസ്റ്റ് ക്യാന്‍സര്‍, കോളന്‍ ക്യാന്‍സര്‍ എന്നിവയും അമിതവണ്ണത്തിന്റെ ഭാഗമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍ സംഭവിക്കുന്നതാണ്.

അര്‍ബുദങ്ങള്‍ പല അസുഖങ്ങളുടെയും ഭാഗമായും സംഭവിക്കാമെന്നുള്ള സത്യം നിലനില്‍ക്കുമ്പോള്‍ തന്നെ ജീവിതശൈലിയും ആഹാരരീതിയുമൊക്കെ അതിന് വലിയ കാരണങ്ങളാണ്. സന്തുലിത ആഹാരരീതിയല്ലെങ്കില്‍ ഗര്‍ഭപാത്രത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുകയും അര്‍ബുദമായി മാറുകയും ചെയ്യും.

പോളിസിസ്റ്റിക് ഓവറി പോലെയുള്ള പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ അമിതമായി കാണുന്നത് കൊഴുപ്പ് അധികമാകുന്നത് കൊണ്ടാണ്. സ്ത്രീകളില്‍ പ്രമേഹരോഗികളും കുറവല്ല. പണ്ടുകാലത്ത് ഗര്‍ഭാവസ്ഥയില്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യത ഏഴു മുതല്‍ 10% വരെയാണെങ്കില്‍ ഇന്നത് 60 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.

ഗര്‍ഭാവസ്ഥയുടെ ഏതെങ്കിലുമൊരു സമയത്ത് പ്രമേഹമുണ്ടാകാത്ത ഗര്‍ഭിണികള്‍ അപൂര്‍വ്വമാണ്. കൃത്യമായ ആഹാരം, ചിട്ടയായ വ്യായാമം, ശരിയായ ഉറക്കം... ഇതു മൂന്നും സന്തുലിതമായി നിലനിര്‍ത്തിയില്ലെങ്കില്‍ ജീവിതശൈലി രോഗങ്ങള്‍ വന്നുചേരാം.

ഭക്ഷണം എങ്ങനെ ?


1. സന്തുലിതമായ ആഹാരമാണ് എപ്പോഴും ഉത്തമം. കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും സമീകൃതമായ ആഹാരം കഴിക്കുക. പുട്ടിനൊപ്പം പഴം കഴിക്കുന്നത് നല്ലതാണ്. എങ്കിലും കടലക്കറിയോ പയറു കറിയോ കൂട്ടിക്കഴിച്ചാല്‍ അതാണ് നല്ലത്.
2. ഉഴുന്നും അരിയും ചേര്‍ത്തരച്ച ദോശയും ഇഡ്ഡലിയും ഒപ്പം സാമ്പാറും കൂടിയാകുമ്പോള്‍ ബാലന്‍സ്ഡ് ഡയറ്റാകും.

3. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. ആറു മാസമെങ്കിലും എക്‌സ്‌ക്ലൂസീവ് ബ്രസ്റ്റ് ഫീഡിംഗ് നിര്‍ബന്ധമാക്കണം. പിന്നീട് ആഹാരം മിതമായ അളവില്‍ കൊടുത്തു തുടങ്ങണം. ഒരു വയസ്സിനുള്ളില്‍ പ്രായപൂര്‍ത്തിയായവര്‍ കഴിക്കുന്ന ആഹാരമെല്ലാം കുഞ്ഞ് രുചിച്ചറിയണം.
4. റിഫൈന്‍ഡ് ഫുഡ് ഒഴിവാക്കുക. റിഫൈന്‍ഡ് ഷുഗര്‍, മൈദ എന്നിവയിലൊക്കെ ന്യൂട്രീഷണല്‍ വാല്യൂ കുറവാണ്. മാത്രവുമല്ല കലോറിയും കൂടുതലാണ്.

5. ഹൈ പ്രോട്ടീന്‍, ലോ കലോറി, ഹൈ ഫൈബര്‍ ഫുഡ് കഴിക്കുക.
6. ദിവസവും പഴങ്ങള്‍ കഴിക്കുക. തൊലി കളയാതെ കഴിക്കുന്നതാണ് ഉത്തമം. അതിരാവിലെ ഫ്രൂട്ട്‌സിനൊപ്പം ദിവസം തുടങ്ങുന്നത് വളരെ നല്ലതാണ്. അതില്‍ ഫ്രാറ്റോസ് ഷുഗറുള്ളതു കൊണ്ട് ശരീരത്തിന് നല്ലതാണ്.

7. പഴങ്ങള്‍ക്ക് പകരം ജ്യൂസ് കഴിക്കുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ജ്യൂസായി കുടിക്കുമ്പോള്‍ നാരുള്ള ഭാഗം ഇല്ലാതാകും. ഗാള്‍ബ്ലാഡറിനുള്ളിലെ ബൈലിലേക്ക് ആവശ്യത്തിന് ഫൈബറുള്ള ഭക്ഷണം കിട്ടിയില്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകും.
8. ഉരുളക്കിഴങ്ങ് ആവിയില്‍ പുഴുങ്ങി കഴിക്കുന്നതാണ് പൊരിച്ചു കഴിക്കുന്നതിലും ഉചിതം.

9. ഇലക്കറികള്‍ കഴിക്കണം.
10. പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ഹോര്‍മോണുകളുടെ സന്തുതിലാവസ്ഥ ഇല്ലാതാവാന്‍ ഇതൊരു കാരണമാകും.

11. രാവിലെ എട്ടു മണിക്ക് മുന്‍പായി പ്രഭാതഭക്ഷണവും, 12 നും രണ്ടിനും ഇടയ്ക്കായി ഉച്ചഭക്ഷണവും, രാത്രി എട്ടിനും ഒന്‍പതിനും ഇടയിലായി അത്താഴവും കഴിക്കണം.
12. വേസ്റ്റ് പ്രൊഡക്ടിനെ റിട്രീറ്റ് ചെയ്യാനുള്ള സമയം ശരീരത്തിന് കൊടുക്കണം.

13. ശരീരത്തിന്റെ ഉയരത്തിനനുസരിച്ചാവണം ശരീരഭാരവും. ഉദാഹരണത്തിന് 160 സെന്റിമീറ്റര്‍ ഉയരമുള്ള ഒരു വ്യക്തിക്ക് 60 കിലോയിലധികം ശരീരഭാരം വരുന്നത് നല്ലതല്ല.
14. എത്ര അളവില്‍ ആഹാരം കഴിക്കുന്നു എന്നതിലുപരി എത്രമാത്രം പോഷകാഹാരം കഴിച്ചു എന്നതാണ് നോക്കേണ്ടത്.

uploads/news/2018/02/193102/helthfitnes170218a.jpg

ഉറക്കം എങ്ങനെ ?


1. ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പോലും സാരമായി ബാധിക്കും.
2. ചില ഹോര്‍മോണുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് വെളുപ്പിനെയാണ്. ആ സമയം ശരീരത്തിന് ആവശ്യത്തിന് റെസ്റ്റ് കൊടുക്കണം.

3. തലച്ചോറിനുള്ളിലെ ഹൈപ്പോത്തലാമസ്സിന്റെ ക്ലോക്കിനനുസരിച്ചാണ് ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. അതിന് ആവശ്യത്തിന് റെസ്റ്റ് നല്‍കണം.
4. റിഥം ഓഫ് ലൈഫ് എന്നുള്ളത് മുഖ്യമായും ഉറക്കത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ചയാപചയ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയായ രീതിയിലാവണം.

5. ഒന്‍പതു മണിക്കെങ്കിലും ഉറങ്ങാന്‍ കിടക്കണം. അത്താഴം കഴിഞ്ഞാലുടന്‍ കിടന്നുറങ്ങരുത്. അല്‍പ്പസമയം നടക്കുകയോ ഇരിക്കുകയോ ചെയ്ത ശേഷം ഉറങ്ങുക.

ഉപ്പ്, എണ്ണ, മധുരം എന്നിവയാണ് നാവിന് രുചി പകരുന്നത്. അതില്‍ ആളുകള്‍ പലരുമിഷ്ടപ്പെടുന്നത് മധുരം കൂടുതല്‍ കഴിക്കാനാണ്.
കൊളസ്‌ട്രോളും പ്രഷറും കുറയ്ക്കാന്‍ ഉപ്പും എണ്ണയും പലരും ഒഴിവാക്കും. പക്ഷേ മധുരം കൂടുതല്‍ കഴിക്കുന്നതു വഴി കൊഴുപ്പു കൂടുമെന്നും കൊളസ്‌ട്രോള്‍ അമിതമാകുമെന്നും പലരും ചിന്തിക്കാറില്ല.

വ്യായാമം എങ്ങനെ ?


1. കൃത്യമായ വ്യായാമം പരിശീലിക്കുക.
2. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും 40 മിനിറ്റെങ്കിലും നടക്കണം.

3. വയറു നിറച്ച് ആഹാരം കഴിച്ച ശേഷം വ്യായാമം ചെയ്യരുത്.
4. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. അതിനു ശേഷം വ്യായാമം ചെയ്തു തുടങ്ങുക.

5. അമിതക്ഷീണവും ഉറക്കക്കുറവും ഉണ്ടെങ്കില്‍ വ്യായാമം അന്നേ ദിവസം മാത്രം ഒഴിവാക്കുക.
6. ആഴ്ചയിലൊരിക്കല്‍ എന്നുള്ളതിന് പകരം നിത്യവും വ്യായാമം ശീലമാക്കുന്നതാണ് ഉചിതം.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. ഷേര്‍ലി ജോണ്‍
സീനിയര്‍ ഗൈനോക്കോളജിസ്റ്റ്
പി.വി.എസ്. മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കൊച്ചി
ഫോണ്‍ണ്‍04842345451,9810588562

Ads by Google
Saturday 17 Feb 2018 04.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW