Friday, June 21, 2019 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 16 Feb 2018 06.51 PM

കണ്ടറിയേണ്ട ക്യാപ്റ്റന്‍

നവാഗതനാണെങ്കിലും സങ്കീര്‍ണമായൊരു വിഷയത്തെ കൈയടക്കത്തോടെ കൈകാര്യം ചെയ്തുകൊണ്ട് ജി. പ്രജേഷ്‌സെന്‍ എന്ന സംവിധായകന്റെ കടന്നുവരവിന്റെ സിനിമ. ജയസൂര്യ എന്ന നടന് കരിയറില്‍ ലഭിച്ച ഏറ്റവും ശക്തമായ വേഷം നല്‍കിയ സിനിമ. അതിലുപരി വി.പി. സത്യന്‍ എന്ന ഇന്ത്യന്‍ ഫുട്‌ബോളറുടെ, നായകന്റെ, എക്കാലത്തേയും മികച്ച പ്രതിരോധകളിക്കാരന്റെ കഥ. അതു വിജയത്തിന്റേയും പരാജയത്തിന്റേയും വിഷാദത്തിന്റേതുമാണ്.
Malayalam movie captain, Jayasoorya

സ്‌പോര്‍ട്‌സ് സിനിമകള്‍ മിക്കവയും വിജയങ്ങളെക്കുറിച്ചാണ്. സ്‌പോര്‍ട്‌സ് ബയോപ്പിക്കുകളും അങ്ങനെതന്നെയാണ്. ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ വിഖ്യാതസിനിമ 'മില്യണ്‍ ഡോളര്‍ ബേബി' പോലുള്ള ചില അപൂര്‍വം സ്‌പോര്‍ട്‌സ് ബയോപ്പിക്കുകളാവട്ടെ പരാജയങ്ങളെക്കുറിച്ചും വേദനയെക്കുറിച്ചും മോഹഭംഗങ്ങളെക്കുറിച്ചും തീവ്രമായി സംസാരിക്കുന്നു. 'ക്യാപ്റ്റന്‍' ഇതെല്ലാമാണ്. വിജയവും പരാജയവും വേദനയും വിഷാദവും അതേസമയം സ്‌പോര്‍ട്‌സും വിനോദവും കലര്‍ന്ന സിനിമ. നവാഗതനാണെങ്കിലും സങ്കീര്‍ണമായൊരു വിഷയത്തെ കൈയടക്കത്തോടെ കൈകാര്യം ചെയ്തുകൊണ്ട് ജി. പ്രജേഷ്‌സെന്‍ എന്ന സംവിധായകന്റെ കടന്നുവരവിന്റെ സിനിമ. ജയസൂര്യ എന്ന നടന് കരിയറില്‍ ലഭിച്ച ഏറ്റവും ശക്തമായ വേഷം നല്‍കിയ സിനിമ. അതിലുപരി വി.പി. സത്യന്‍ എന്ന ഇന്ത്യന്‍ ഫുട്‌ബോളറുടെ, നായകന്റെ, എക്കാലത്തേയും മികച്ച പ്രതിരോധകളിക്കാരന്റെ കഥ. അതു വിജയത്തിന്റേയും പരാജയത്തിന്റേയും വിഷാദത്തിന്റേതുമാണ്. അതിനെ വ്യക്തിയെന്ന നിലയില്‍ സത്യനെ ഏറ്റവും അടുത്തറിയാവുന്ന അനിത എന്ന ഭാര്യയുമായുള്ള ബന്ധത്തിലൂന്നിപറയുമ്പോള്‍ സിനിമയ്ക്ക് വൈകാരികമായൊരു തലം കൂടി വരുന്നു. ഡോക്യൂമെന്റ് ചെയ്യുന്ന ഒരു ബയോപിക്കിനേക്കാള്‍ വികാരസാന്ദ്രതയും അടുപ്പവും തോന്നുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് ക്യാപ്റ്റന്‍. സ്‌പോര്‍ട്‌സ് ഡ്രാമയുടെ ബ്രാക്കറ്റില്‍ മാത്രം ഒതുക്കേണ്ടതുമില്ല ക്യാപ്റ്റനെ.

Malayalam movie captain, Jayasoorya

മന:പൂര്‍വം വരുത്തിയ ഫൗള്‍ എന്നപോലെയാണ് വി.പി. സത്യന്‍ എന്ന ഫുട്‌ബോളര്‍ ഒരു വ്യാഴവട്ടം മുമ്പ് ട്രെയിനിന് മുന്നിലേക്ക് ഓടിക്കയറി ജീവിതത്തില്‍ സെല്‍ഫ് ഗോള്‍ അടിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനില്‍നിന്ന് വിഷാദത്തിലേക്കുള്ള സത്യന്റെ കീഴടങ്ങല്‍ സംഭവിച്ചത് എങ്ങനെയാണ്? ഇതാണ് കാല്‍പന്തുകളിയുടെ മലയാളി നൊസ്റ്റാള്‍ജിയയോടെ പ്രജേഷ്‌സെന്നും സംഘവും അവതരിപ്പിക്കുന്നത്. പരിമിതമായ താരങ്ങള്‍, എന്നാല്‍ കൃത്യമായ വേഷങ്ങള്‍, വിവിധ കാലങ്ങള്‍ പറയുന്നതുകൊണ്ട് സങ്കീര്‍ണമായ പ്ലോട്ട്, എന്നാല്‍ കൈയടക്കത്തോടെ, സമര്‍ഥമായി, ചലനാത്മകമായ ദൃശ്യങ്ങളുടെ സഹായത്തോടെയുള്ള അവതരണം എന്നിവ കൊണ്ട് ക്യാപ്റ്റന്‍ കളിക്കാനറിയാവുന്നവനാകുന്നുണ്ട്. ജയസൂര്യയുടെ ഗംഭീരമായ പ്രകടനങ്ങള്‍ക്കും സിനിമ സാക്ഷ്യം വഹിക്കുന്നുണ്ട്. 2006ലെ ലോകകപ്പില്‍ ഫ്രാന്‍സിന്റെ കളി ഉറങ്ങിപ്പോയതു കൊണ്ടു കാണാനാവാതെവന്നതിനാല്‍ ഭാര്യയോടു കലഹിച്ച് മരിക്കുമെന്ന് പറഞ്ഞ് ഇറങ്ങിപ്പോകുന്ന സത്യനെഅവതരിപ്പിച്ച രംഗങ്ങളിലടക്കം ജയസൂര്യ ഗംഭീരപ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അത്തരത്തിലുള്ള കുടുംബതീവ്രബന്ധങ്ങളിലൂടെയാണ് സിനിമയുടെ ആഖ്യാനത്തിലെ നല്ലൊരു പങ്കും സഞ്ചരിക്കുന്നത്. സത്യന്റെ കളിജീവിതത്തിലെന്നപോലെ സ്വകാര്യജീവിതത്തെയും അടുത്തറിയാന്‍ സിനിമയുടെ രചനകൂടി നിര്‍വഹിച്ച പ്രജേഷ്‌സെന്‍ കാര്യമായ ഹോംവര്‍ക്കും ഗവേഷണവും ചെയ്തിട്ടുണ്ടെന്ന് ഉറപ്പ്. സത്യന്റെ ഭാര്യ അനിതയായി വേഷമിടുന്നത് അനു സിത്താരയാണ്. അനുവിന്റെ കരിയറില്‍ ഇതുവരെയുള്ള ഏറ്റവും നല്ല പ്രകടമായിതന്നെ അനിതയെ കാണാം.

Malayalam movie captain, Jayasoorya

സന്തോഷ് ട്രോഫിയോടുണ്ടായിരുന്ന വികാരം, ഡ്രസിങ് റൂം കാഴ്ചകള്‍, പോലീസില്‍ മേലുദ്യോഗസ്ഥരുടെ ഈഗോയ്ക്ക് സത്യനെപ്പോലുള്ള ഇതിഹാസതാരങ്ങള്‍ നേരിട്ട പീഡനങ്ങള്‍, ജീവിതത്തിലുടനീളം കാലിലെ വേദനയുമായി മല്ലിട്ട സത്യന്റെ ഫുട്‌ബോളിനോടുള്ള അടങ്ങാത്ത കമ്പം എന്നിങ്ങനെ ആ ഫുട്‌ബോളറുടെ ജീവിതത്തെ അടുത്തറിയാനുതകുന്ന ഹൃദയസ്പര്‍ശിയും ആവേജനകവുമായ നിരവധി സംഭവങ്ങള്‍ രണ്ടരമണിക്കൂര്‍ നീണ്ട സിനിമയിലൂടെ പ്രജേഷ്‌സെന്‍ പറയുന്നുണ്ട്.

Malayalam movie captain, Jayasoorya

പല ടൈംലൈനുകളിലായാണ് സിനിമ മുന്നേറുന്നത്. സാഫ് ഗെയിംസില്‍ പെനല്‍ട്ടി പാഴാക്കിയ സത്യന്റെ ഷോട്ടോടെ തുടങ്ങിയ സിനിമ മറ്റൊരു സാഫ് ഗെയിംസില്‍ സത്യന്റെ ഷോട്ടില്‍ ഇന്ത്യ കിരീടമണിയുന്നതുകാഴ്ചവച്ചാണ് അവസാനിപ്പിക്കുന്നത്. ജീവിതത്തില്‍ സത്യന്‍ വിജയത്തില്‍ നിന്നു പരാജയത്തിലേക്കു സ്വയം വീണെങ്കിലും സിനിമയില്‍ പരാജയത്തില്‍നിന്ന് വിജയത്തിലേക്ക് വീരനായകനായി അവതരിപ്പിച്ചുതന്നെയാണ് സത്യന് പ്രജേഷ്‌സെന്‍ സ്മരണാഞ്ജലി ഒരുക്കുന്നത്. ചെന്നൈയിലെ പല്ലാവാരം സ്‌റ്റേഷനില്‍ ജീവിതം അവസാനിപ്പിക്കുംമുമ്പ് സത്യന്‍ സ്വയം നോക്കികാണുന്ന രീതിയിലാണ് സിനിമയുടെ അവതരണവും.

Malayalam movie captain, Jayasoorya

സിദ്ധിഖ്, രണ്‍ജിപണിക്കര്‍, സൈജു കുറുപ്പ് എന്നിവരാണു മറ്റുപ്രധാനവേഷങ്ങളില്‍. സിദ്ധിഖ് പതിവുപോലെ മിന്നി. രക്ഷാധികാരി ബൈജു അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ ദീപക്, ഷറഫലി എന്ന ഇന്ത്യന്‍ താരത്തെ അവതരിപ്പിക്കുന്നതൊഴിച്ചാല്‍ ഫുട്‌ബോള്‍ താരങ്ങളായി ഏറെയും പ്രഫഷണലുകളെയാണ് ഉപയോഗിച്ചതെന്നു കരുതുന്നു. റോബി വര്‍ഗീസ് രാജിന്റെ ദൃശ്യങ്ങള്‍ക്കും ഫ്രഷ്‌നെസും ചടുലതയും ഏറെ.
ഗോപീസുന്ദറിന്റെ പാട്ടുകളും ഇമ്പമുള്ളത്. എന്നാല്‍ പശ്ചാത്തലസംഗീതത്തിന് സീരിയല്‍ നിലവാരമാണ്. തീം മ്യൂസിക്ക് ശ്രദ്ധേയമാണെങ്കിലും റീറെക്കോഡിങ്ങില്‍ ഏതുസന്ദര്‍ഭത്തില്‍ ഏതു പശ്ചാത്തലം ഉപയോഗിക്കണമെന്ന് അറിയാതെയുള്ള പ്രയോഗം സംഗീതത്തെ കുരങ്ങന്റെ കൈയില്‍ കിട്ടിയ പൂമാലയാക്കുന്നുണ്ട്. റിയലിസ്റ്റിക്കായും ഇടയ്ക്കും സിനിമാറ്റിക്കായുമാണ് പ്രജേഷ്‌സെന്‍ കഥ പറയുന്നത്. എന്നാല്‍ പശ്ചാത്തലസംഗീതത്തിലെ വഷളത്തരം ആ റിയലിസ്റ്റിക് മൂഡ് കളയുന്നുണ്ട്.

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 16 Feb 2018 06.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW