Sunday, June 16, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 16 Feb 2018 03.59 PM

അരുതേ... ചോദിക്കരുതേ...

''കുട്ടികളോട് ഒരിക്കലും ചോദിക്കരുതാത്ത ആറ് ചോദ്യങ്ങള്‍. അവയെക്കുറിച്ചറിയാം...''
uploads/news/2018/02/192798/parenting160218a.jpg

ഒറ്റ ചോദ്യം മതി ജീവിതം മാറി മറിയാന്‍. ഈ വാചകം കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. എന്നാല്‍ ഒരാളെ തളര്‍ത്താനും വളര്‍ത്താനും അവരോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കാവും. പോസിറ്റീവ് ആണെന്നു കരുതി ചോദിക്കുന്ന ചോദ്യങ്ങള്‍ പലപ്പോഴും വിപരീത ഫലങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

ഇത്തരം ദുരനുഭവങ്ങള്‍ പലതും കുട്ടികള്‍ക്കാണുണ്ടാവുന്നത്. കുട്ടികളാണെന്നു കരുതി അവരോട് എന്തും ചോദിക്കാം എന്നു ചിന്തിക്കരുത്. കുഞ്ഞുമനസ്സുകളോട് ചോദിക്കാന്‍ പാടില്ലാത്ത ചില ചോദ്യങ്ങളുണ്ട്. അവയെക്കുറിച്ച്...

1. നീ വലുതാകുമ്പോള്‍ ആരാകും?


പഠിക്കുന്ന പ്രായം മുതല്‍ നിരന്തരം ഓരോ കുട്ടിയും അഭിമുഖീകരിക്കുന്ന ചോദ്യമാണിത്. വലുതാകുമ്പോള്‍ ആരാകണമെന്ന്. എന്നാല്‍ ഈ ചോദ്യം കുട്ടിയെ മാനസ്സികമായി തളര്‍ത്തുമെന്നാണ് വിദഗ്ദാഭിപ്രായം.

ചെറിയ പ്രായത്തില്‍ പലപ്പോഴും കുട്ടികള്‍ നിസ്സാരമായ എന്തെങ്കിലും ആഗ്രഹങ്ങളാവും പറയുക. എന്നാല്‍ ഇത് കേള്‍ക്കുമ്പോള്‍ പലരും കുട്ടിയെ വഴക്കുപറയുകയും മറ്റും ചെയ്യാറുണ്ട്.

കുട്ടി എന്തോ വലിയ തെറ്റ് ചെയ്യാന്‍ പോവുകയാണ് എന്നതുപോലെയായിരിക്കും പിന്നീട് മാതാപിതാക്കള്‍ക്ക് കുട്ടിയോടുള്ള സമീപനം. മുതിര്‍ന്നവര്‍ പലപ്പോഴും താല്പര്യം പ്രകടിപ്പിക്കുന്നത് മക്കള്‍ ഡോക്ടറാവാനും എന്‍ജിനീയറാകാനുമാണ്.

പിന്നീടുള്ള നാളുകളില്‍ കുട്ടിയെ പഠിക്കാന്‍ നിര്‍ബന്ധിക്കുകയും പരീക്ഷയില്‍ മാര്‍ക്ക് അല്പം കുറഞ്ഞാല്‍ മുന്‍പ് പറഞ്ഞ ആഗ്രഹത്തിന്റെ പേരില്‍ കുട്ടിയെ കുറ്റപ്പെടുത്തുകയും ചെയ്യും. അതിനാല്‍ കഴിവതും ഈ ചോദ്യം ഒഴിവാക്കുന്നതാണ് ഉചിതം.

2. ആരെയാ കൂടുതലിഷ്ടം?


പലപ്പോഴും കുട്ടികളോട് ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമാണിത്. മക്കള്‍ക്ക് അച്ഛനെയാണോ അമ്മയെയാണോ കൂടുതല്‍ ഇഷ്ടമെന്ന്. കുഞ്ഞിനെ ഏറ്റവും കൂടുതല്‍ കുഴപ്പിക്കുന്ന ചോദ്യമാണിത്. ഏറെയിഷ്ടമുള്ള അച്ഛനമ്മമാരില്‍ ഒരാളെ തെരഞ്ഞെടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്.

അച്ഛനെ കൂടുതല്‍ സ്നേഹിക്കാനോ, അമ്മയെ കൂടുതല്‍ സ്നേഹിക്കാനോ അല്ല കുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ടത്. അച്ഛനേയും അമ്മയേയും തുല്യമായി സ്നേഹിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.

കൂടാതെ സ്‌നേഹത്തില്‍ വേര്‍തിരിവില്ലാതെ സഹജീവികളോട് കരുണ കാണിക്കാനും, എല്ലാവരെയും തുല്യമായി കാണാനുമുള്ള മനസ്സാണ് കുട്ടികളില്‍ സൃഷ്ടിച്ചെടുക്കേണ്ടത്. കുട്ടികളുടെ സ്വഭാവത്തില്‍ സ്വാര്‍ത്ഥതയും വിവേചനവും ഉണ്ടാക്കുന്ന ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്.

3. നിന്റെ കൂട്ടുകാരന്‍ നല്ല കുട്ടിയാ. നീയെന്താ ഇങ്ങനെ ?


നിന്റെ കൂട്ടുകാരന്‍ നിന്നെപ്പോലെയല്ലല്ലോ, നല്ല കുട്ടിയാണല്ലോ.. നീയെന്താ അവനെപ്പോലെ കാര്യങ്ങള്‍ കൃത്യമായി ചെയ്യാത്തത്?? ഇതുപോലുള്ള ചോദ്യങ്ങളും അഭിപ്രായങ്ങളും കുട്ടികളുടെ വ്യക്തിത്വത്തെ ബാധിക്കും.
uploads/news/2018/02/192798/parenting160218a1.jpg

കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ് മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുക എന്നത്. വ്യക്തികളുടെ സ്വഭാവ സവിശേഷതകള്‍ എപ്പോഴും വ്യത്യസ്തമായിരിക്കും.

ഒരാള്‍ക്ക് ഒരിക്കലും മറ്റൊരാളെ പോലെയാകാന്‍ കഴിയില്ല. അങ്ങനെ ശ്രമിക്കുന്നതുപോലും തെറ്റാണ്. മറ്റൊരു കുട്ടിയെ ചൂ ണ്ടിക്കാട്ടി സ്വന്തം കുട്ടിയുടെ കുറവുകളെ ഒരിക്കലും പരിഹസിക്കരുത്. അത് കുട്ടിയുടെ വ്യക്തിത്വ വികസനത്തെ ഗുരുതരമായി ബാധിക്കും.

4. നീയെന്താ വേഗം ഭക്ഷണം കഴിച്ചു തീര്‍ക്കാത്തത്?


എല്ലാ മാതാപിതാക്കള്‍ക്കും ഉള്ള സ്ഥിരം പരാതിയാണ് മക്കള്‍ വളരെ പതുക്കെയാണ് ഭക്ഷണം കഴിച്ചു തീര്‍ക്കുന്നതെന്നത്. ഇക്കാരണം പറഞ്ഞു മക്കളെ വഴക്കു പറയുന്ന അമ്മമാരാണ് കൂടുതലും. ഭക്ഷണം നന്നായി ആസ്വദിച്ചു കഴിപ്പിക്കാനാണ് അവരെ പരിശീലിപ്പിക്കേണ്ടത്.

അല്ലാതെ തെറ്റായ ആഹാരരീതി പിന്തുടര്‍ന്ന് പോരാന്‍ നിര്‍ബന്ധിക്കുകയല്ല വേണ്ടത്. ഇക്കാര്യത്തില്‍ കുട്ടികളെ സ്ഥിരം വഴക്കുപറയുന്ന മാതാപിതാക്കള്‍ ഭക്ഷണത്തോടുള്ള അവരുടെ താല്‍പ്പര്യം പോലും ഇല്ലാതാക്കുന്നു.

5. കാര്യങ്ങള്‍ പെട്ടെന്ന് ചെയ്തു തീര്‍ത്തുകൂടെ?


രാവിലെതൊട്ട് ഒരോട്ടമായിരിക്കും മിക്ക മാതാപിതാക്കളും. കൃത്യസമയത്ത് ഓഫീസില്‍ എത്തണം, ജോലികള്‍ തീര്‍ക്കണം. ആകെ ക്ഷീണം. ഓഫീസിലെ ജോലിയെല്ലാം കഴിഞ്ഞ് ഓടിപ്പിടിച്ച് വീട്ടിലെത്തുമ്പോഴാവും മക്കളുടെ പ്രശ്‌നങ്ങള്‍ അലട്ടുന്നത്.

സ്‌കൂളില്‍ നിന്ന് വന്ന മക്കള്‍ ചിലപ്പോള്‍ വേഷം പോലും മാറാതെയാവും ഇരിക്കുന്നത്. ഹോംവര്‍ക്ക് ചെയ്യാതെ, പഠിക്കാതെ, ഭക്ഷണം കഴിക്കാതെയാവും അവര്‍ ഇരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ തല പുകഞ്ഞിരിക്കുന്ന അമ്മമാര്‍ അവരെ വഴക്കു പറഞ്ഞു തുടങ്ങും.

നിനക്കെന്താ ഇതൊക്ക പെട്ടെന്ന് ചെയ്തു തീര്‍ത്തൂടെ, ഇങ്ങനെ വൈകണോാ എന്നൊക്ക ചോദിച്ചു മക്കളോട് വഴക്കിട്ടു തുടങ്ങും. കുട്ടികള്‍ക്ക്, തന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്ന ചിന്തയുണ്ടാക്കാനേ മാതാപിതാക്കളുടെ ഇത്തരം ബുദ്ധിശൂന്യമായ ചോദ്യങ്ങള്‍ക്ക് കഴിയൂ.

കുട്ടിയെ വളരെ സ്‌നേഹത്തോടെ അടുത്തിരുത്തി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഹോംവര്‍ക്ക് ചെയ്തില്ലെങ്കില്‍ ടീച്ചര്‍ വഴക്കുപറയില്ലേ എന്നൊക്കെ ചോദിച്ച് കുട്ടിയെക്കൊണ്ട് കാര്യങ്ങള്‍ കൃത്യമായി ചെയ്യിക്കുകയാണ് വേണ്ടത്.

6. ഇതെന്താ നിനക്കിഷ്ടമില്ലാത്തത്?


സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ താല്പര്യപ്പെടുന്നവരാണ് മാതാപിതാക്കളില്‍ കൂടുതല്‍ പേരും. കുട്ടിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നിര്‍ബന്ധിച്ച് ഫാഷന്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കുക.

കുട്ടിയുടെ ഇഷ്ടം പരിഗണിക്കാതെ അവന്റേതായ എല്ലാ ഇഷ്ടങ്ങളിലും കൈകടത്തലുകള്‍ നടത്തുക, ഭക്ഷണ കാര്യത്തിലും സ്വന്തം ഇഷ്ടങ്ങള്‍ കുട്ടിയുടെ മേല്‍ അടിേച്ചല്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതുമൂലം കുട്ടിയുടെ ഇഷ്ടങ്ങള്‍ ഇല്ലായ്മ ചെയ്യുക മാത്രമല്ല, അവന്റെ ആത്മവിശ്വാസത്തെ കൂടി ഇത് നശിപ്പിക്കുന്നു. ഇത് കുട്ടിയില്‍ അപകര്‍ഷതാബോധമുണ്ടാക്കും.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Friday 16 Feb 2018 03.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW