Monday, April 22, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Thursday 15 Feb 2018 04.21 PM

പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്ന ബെന്‍സിക്ക് എന്‍ട്രന്‍സ് ലഭിച്ചതറിഞ്ഞ് ആ നാട്ടില്‍ ഉത്സവപ്രതീതിയായിരുന്നു. എന്നാല്‍ ക്ലാസ് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കേ ബെന്‍സിയില്‍ വന്ന മാറ്റം മാതാപിതാക്കളെ നടുക്കി; കാരണം ഇതാണ്

'' ഒരു ഓട്ടോ ഡ്രൈവറുടെ മകള്‍ ഡോക്ടറാകാന്‍ ആഗ്രഹിച്ചതിനുള്ള ശിക്ഷയാണോ ഞങ്ങളുടെ മകള്‍ അനുഭവിക്കുന്നത്''
uploads/news/2018/02/192548/Weeklymanolokam150218.jpg

ഓട്ടോ ഡ്രൈവറായ സാമിന്റെയും ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരിയായ ബീനയുടെയും മൂന്നുമക്കളില്‍ മൂത്തവളായിരുന്നു ബെന്‍സി. പഠിക്കാന്‍ മിടുക്കിയായതിനാല്‍ അവളെ എത്രത്തോളം പഠിപ്പിക്കാനും ആ മാതാപിതാക്കള്‍ തയ്യാറായിരുന്നു.

ബെന്‍സി ആളൊരു സംസാരപ്രിയ ആയതിനാല്‍ വീട്ടുകാര്‍ക്ക് മാത്രമല്ല, നാടിന്റെയും കണ്‍മണിയായിരുന്നു അവള്‍. ഒരു ഡോക്ടര്‍ ആകണമെന്നുള്ള അവളുടെ ആഗ്രഹം എങ്ങനെയും സാധിച്ചുകൊടുക്കാന്‍ വീട്ടുകാരും തീരുമാനിച്ചു.

എല്ലാവിധ പിന്തുണയും അവര്‍ ബെന്‍സിയ്ക്ക് നല്‍കി. അവള്‍ എന്‍ട്രന്‍സ് പാസായി. അതറിഞ്ഞപ്പോള്‍ വീട്ടിലും നാട്ടിലും വലിയ ആഘോഷമായിരുന്നു. അഞ്ചുവര്‍ഷത്തെ പഠനം കഴിഞ്ഞാല്‍ ഞങ്ങളുടെ മകള്‍ ഒരു ഡോക്ടറാകും.

ഒരുപാട് പണച്ചെലവു വേണ്ടിവരികയാണെങ്കില്‍ വീട് വില്‍ക്കാനും ഞങ്ങള്‍ തയാറായിരുന്നു. വിദ്യാഭ്യാസലോണും അത് കൂടാതെ രാപ്പകലില്ലാതെ ഓട്ടോ ഓടി കിട്ടുന്നതുമെല്ലാം കൂട്ടിവച്ച് ദൂരെയുള്ള ഒരു പ്രഫഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എം.ബി.ബി.എസ്സ് കോഴ്‌സിന് ബെന്‍സിയെ ചേര്‍ത്തു.

വീട്ടില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലേക്ക് നാലുമണിക്കൂര്‍ യാത്ര ദിവസവും വേണ്ടതിനാല്‍ ബെന്‍സിയെ ആ കോളേജിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിലാക്കി. വീടുവിട്ട് ഹോസ്റ്റലില്‍ നിന്ന് പഠിക്കാന്‍ ബെന്‍സിയ്ക്ക് അത്ര താല്‍പര്യമില്ലായിരുന്നു. എല്ലാ ആഴ്ചയും വീട്ടിലേക്ക് വരാമല്ലോ എന്നു പറഞ്ഞ് ഞങ്ങള്‍ അവളെ സമാധാനിപ്പിച്ചു.

പോകാനുള്ള തയാറെടുപ്പുകള്‍ ഏകദേശം പൂര്‍ത്തിയായി. ക്ലാസ് തുടങ്ങാന്‍ ഒരു മാസം മാത്രം ശേഷിക്കെ ബെന്‍സിയില്‍ ആകെ ഒരുമാറ്റം ഉടലെടുത്തു. എപ്പോഴും സംസാരിച്ചുകൊണ്ടിരുന്ന ബെന്‍സി ആരോടും മിണ്ടാതായി. എന്തെങ്കിലും ചോദിച്ചാല്‍ക്കൂടി മടിച്ചുമടിച്ചാണ് മറുപടി പറയുന്നത്.

കളിചിരികള്‍ നിറഞ്ഞ ആ വീട് ബെന്‍സിയുടെ മൗനത്തോടെ നിശ്ശബ്ദമായി. ഞങ്ങളുടെ കുഞ്ഞ് എന്തുകൊണ്ടാണ് മിണ്ടാത്തത് ഡോക്ടര്‍? തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന ഞങ്ങളുടെ മോള്‍ക്ക് ഇപ്പോള്‍ എല്ലാത്തിനോടും ഭയമാണ്. എന്തിനേറെ പറയുന്നു, അടുക്കളയില്‍ മിക്‌സി ഓണ്‍ ചെയ്യുന്ന ശബ്ദം കേട്ടാല്‍ അപ്പോള്‍ രണ്ടുചെവിയും പൊത്തി അവള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകും.

അങ്ങനെ പോകുമ്പോഴൊക്കെ ബെന്‍സിയുടെ സഹോദരങ്ങളും അവളുടെ പിന്നാലെ ചെല്ലും. അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചാലും അവള്‍ വരാന്‍ കൂട്ടാക്കില്ല. മണിക്കൂറുകള്‍ കഴിഞ്ഞേ ബെന്‍സി വീട്ടിലക്ക് വരൂ. ബെന്‍സിയിലെ സ്വഭാവമാറ്റം കണ്ട് ചേച്ചിക്ക് എന്തുപറ്റിയെന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങളുടെ ഇളയമക്കള്‍. വേണ്ടത്ര വിദ്യാഭ്യാസമോ അറിവോ ഒന്നും ഞങ്ങള്‍ക്കില്ല.

എന്നാല്‍ ഇത് രണ്ടും ഞങ്ങളുടെ മക്കള്‍ക്കുവേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ഒരുപക്ഷേ ഒരു ഓട്ടോ ഡ്രൈവറുടെ മകള്‍ ഡോക്ടറാകാന്‍ ആഗ്രഹിച്ചതിനുള്ള ശിക്ഷയാണോ ഞങ്ങളുടെ മകള്‍ അനുഭവിക്കുന്നത്? എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു ആ അച്ഛനും അമ്മയ്ക്കും. ഞാനവരെ സമാധാനിപ്പിച്ചു.

ബെന്‍സിയില്‍ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്ന പ്രധാനകാര്യം പേടിയായിരുന്നു എന്ന് മനസിലാക്കി ഞാന്‍ റൂമിന് പുറത്തിരുന്ന ബെന്‍സിയെ അകത്തേക്ക് വിളിപ്പിച്ചു. എന്നെ കണ്ടപ്പോള്‍ ആ പെണ്‍കുട്ടിയുടെ ഭയം ഇരട്ടിച്ചു. ഇരിക്കാന്‍ പറഞ്ഞിട്ടും അത് അനുസരിക്കാതെ നിന്ന ബെന്‍സിയെ അമ്മ ബീനയാണ് നിര്‍ബന്ധിച്ച് ഇരുത്തിയത്.

ആ കുട്ടിയുടെ ശ്രദ്ധ മാറ്റാന്‍ ഒരുപാട്കാര്യങ്ങള്‍ പറഞ്ഞെങ്കിലും അതൊന്നും ബെന്‍സി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇലക്ട്രിക് ഉപകരണങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ ആരോ സംസാരിക്കുന്നതായി തോന്നുന്നതിനാലാണ് ബെന്‍സി വീടിന് പുറത്തിറങ്ങി നിന്നതെന്ന് എനിക്ക് മനസിലായി.

അകാരണമായ ഭയം ചിത്തഭ്രമത്തിന്റെ ലക്ഷണമാണ്. ആരോടെങ്കിലും സംസാരിച്ചാല്‍ അവരുടെ ഉള്ളിലുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസിലാകുമെന്ന തോന്നലിനാല്‍ ഇക്കൂട്ടര്‍ ആരോടും സംസാരിക്കാന്‍ തയ്യാറാകില്ല. വീട്ടില്‍ നിന്ന് മാറിനില്‍ക്കാത്ത ബെന്‍സി ക്ലാസ് തുടങ്ങിയാല്‍ ഹോസ്റ്റലില്‍ നില്‍ക്കേണ്ടിവരും.

ബെന്‍സി പഠിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതിന് മുമ്പ് റാഗിംഗ് നടന്ന പത്രവാര്‍ത്തകള്‍ കണ്ടതുമുതല്‍ക്കേയാണ് ബെന്‍സിയുടെ ഉള്ളില്‍ ഭയം കടന്നുകൂടിയത്. അടിയന്തരമായി കൗണ്‍സലിംഗും ട്രീറ്റ്‌മെന്റും ചെയ്തതോടെ ഏറെക്കുറെ ബെന്‍സിയില്‍ മാറ്റങ്ങള്‍ വന്നുവെങ്കിലും പൂര്‍ണമായും ഭേദപ്പെട്ടുവെന്ന് പറയാറായിട്ടില്ല.

എങ്കിലും ഇപ്പോള്‍ ഇലക്ട്രിക് ഉപകരണങ്ങളുടെ ശബ്ദം ബെന്‍സിയെ ഭയപ്പെടുത്തുന്നില്ലെന്ന് വീട്ടുകാര്‍ മുഖാന്തിരം അറിഞ്ഞു. ട്രീറ്റ്‌മെന്റ് പൂര്‍ണമായും കഴിയുന്നതോടെ ബെന്‍സി പഴയ ജീവിതത്തിലേക്ക് തിരിച്ചുവരും.

Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Thursday 15 Feb 2018 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW