Wednesday, June 26, 2019 Last Updated 41 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.58 AM

ശില്‍പിയുടെ കരവിരുതില്‍ രാമായണ ഇതിഹാസ കഥാപാത്രങ്ങള്‍ പുനര്‍ജനിക്കുന്നു

uploads/news/2018/02/192470/re5.jpg

മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്‌ചയായ ഈരേഴ വടക്ക്‌ കരയിലെ കുതിരയുടെ പ്രഭട നവീകരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ പ്രഭടയുടെ നവീകരണം നടക്കുന്നത്‌. 90 അടി പൊക്കമുള്ള കുതിരയുടെ കതിരുകാലിനും ഇടക്കൂടാരത്തിനും മധ്യേയാണ്‌ പ്രഭട സ്‌ഥാപിക്കുന്നത്‌. ഇരുപത്തിയൊന്നേ കാല്‍ അടി പൊക്കത്തിലാണ്‌ പ്രഭട നിര്‍മിക്കുന്നത്‌. പുരാണ ഇതിഹാസ കഥകള്‍ തടിയില്‍ കൊത്തി വച്ച്‌ വര്‍ണാഭമാക്കുന്ന പ്രഭട കെട്ടുകാഴ്‌ചയുടെ ഏറ്റവും മനോഹരമായ ചിത്രീകരണങ്ങളില്‍ ഒന്നാണ്‌. കുമ്പിള്‍തടിയിലാണ്‌ പ്രഭട നിര്‍മാണം. കണ്ണമംഗലം വടക്ക്‌ അശോക്‌ ഭവനത്തില്‍ അശോക്കുമാറിന്റെ നേതൃത്വത്തില്‍ ശ്രീജേഷ്‌ പട്ടണക്കാട്‌, കണ്ണന്‍ കല്ലട, ജഗദീഷ്‌ ഹരിപ്പാട്‌ എന്നിവര്‍ ചേര്‍ന്നാണ്‌ നിര്‍മാണം നടത്തുന്നത്‌. രാമായണ കഥയെ അടിസ്‌ഥാനപ്പെടുത്തി രാമ-ലക്ഷ്‌മണന്‍മാരുടെ ബാല്യം, ദശരഥനും മക്കളും, സീതാ സ്വയംവരം, അഹല്യാ മോക്ഷം, മാരീചന്‍ മാനിന്റെ വേഷത്തില്‍ സീതയുടെ അടുക്കല്‍ എത്തുന്നത്‌, രാവണന്‌ സീത ഭിക്ഷ നല്‍കുന്നത്‌ എന്നിവയാണ്‌ പ്രധാനമായും കൊത്തിയെടുക്കുന്നത്‌. ഇതിനൊപ്പം അനന്തശായിയായ മഹാവിഷ്‌ണുവിന്റെ രൂപവും പ്രഭടയില്‍ കൊത്തുന്നുണ്ട്‌. പ്രധാന ശില്‍പിയായ അശോക്കുമാറിന്റെ മകന്‍ പോളിടെക്‌നിക്ക്‌ വിദ്യാര്‍ഥിയായ അഖിലാണ്‌ ചിത്രം വരയ്‌ക്കുന്നത്‌. ഇത്‌ നിരീക്ഷിച്ചാണ്‌ ശില്‍പികള്‍ കൊത്തുപണി നടത്തുന്നത്‌. പ്രഭടയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്ന ജോലികളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. രേവതി നാളില്‍ പ്രഭട കെട്ടുകാഴ്‌ചയില്‍ സ്‌ഥാപിക്കും. ഇടക്കൂടാരത്തില്‍ പ്രഭടയിലേക്ക്‌ താഴ്‌ന്നു നില്‍ക്കുന്ന തരത്തില്‍ താമരയുള്ളത്‌ ഈരേഴ വടക്ക്‌ കരയിലെ കുതിരയുടെ പ്രത്യേകതയാണ്‌. ഈരേഴ വടക്ക്‌ മറ്റത്ത്‌ കുടുംബത്തിലെ കാരണവരായ ബാലകൃഷ്‌ണക്കുറുപ്പും കൈത തെക്ക്‌ മുടുവന്‍ പുഴേത്ത്‌ കുടുംബത്തിലെ അച്യുതന്‍നായരും വെണ്‍മണി ശാര്‍ങ്ങക്കാവില്‍ വിഷ്‌ണു ഉത്സവം കാണാന്‍ പോയി. വഴിമധ്യേ താമര പൂത്തുനില്‍ക്കുന്ന വയല്‍ മുറിച്ചു കടക്കാനുള്ള പ്രയാസം അനുഭപ്പെട്ട ഇവര്‍ ബുദ്ധിമുട്ട്‌ ഒഴിവാക്കാനായി ചെട്ടികുളങ്ങര അമ്മയെ പ്രാര്‍ത്ഥിച്ച്‌ കെട്ടുകാഴ്‌ചകളില്‍ താമര രൂപം സമര്‍പ്പിക്കാമെന്ന്‌ പറഞ്ഞുവത്രേ. ഈ സമയം താമരയിലയും പൂവും നിറഞ്ഞുകിടന്ന വയലില്‍ വഴി തെളിഞ്ഞെന്നും ഇവര്‍ക്ക്‌ അക്കരെയെത്തി ഉത്സവം കാണാന്‍ കഴിഞ്ഞുവെന്നുമാണ്‌ ഐതിഹ്യം. ഇതിന്റെ ഓര്‍മയായാണ്‌ കെട്ടുകാഴ്‌ചയില്‍ താമര രൂപമുണ്ടായത്‌. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇവിടുത്തെ വീടുകളിലെ ഭാഗപത്രങ്ങളില്‍ താമരയുടെ അറ്റകുറ്റപ്പണികള്‍ക്കായി തുക വകമാറ്റി ചെലവഴിക്കണമെന്ന്‌ എഴുതി ചേര്‍ത്തിട്ടുണ്ട്‌.

കൈത വടക്ക്‌ കുതിരപ്പുര പുനര്‍നിര്‍മിക്കുന്നു

മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ നാലാമത്തെ കരയായ കൈത വടക്ക്‌ െൈഹന്ദവ കരയോഗം കുതിരപ്പുര പുനര്‍നിര്‍മിക്കുന്നു. നിലവിലുള്ളതിനെക്കാള്‍ ഉയര്‍ത്തി നീളത്തിലാണ്‌ പുതിയ കുതിരപ്പുര നിര്‍മിക്കുന്നത്‌. 17 ന്‌ രാവിലെ 9.30 നും 9.50 നും മധ്യേ ഇതിന്റെ ശിലാസ്‌ഥാപനം നടക്കും.

ചെട്ടികുളങ്ങര കുംഭഭരണി; വ്യവസായമേള 19 മുതല്‍

മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച്‌ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യവകുപ്പ്‌ ജില്ലാ കേന്ദ്രത്തിന്റെയും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേള നടത്തും. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ 19 മുതല്‍ 22 വരെയാണ്‌ മേള സംഘടിപ്പിക്കുന്നത്‌. 50 സ്‌റ്റാളുകളിലായി കരകൗശല വസ്‌തുക്കള്‍, കയര്‍ കൈത്തറി, റെഡിമെയ്‌ഡ് ഫര്‍ണിച്ചര്‍, ആയുര്‍വേദ-വസ്‌ത്ര-ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവ മേളയിലുണ്ടാകും. വ്യവസായ വകുപ്പ്‌, എക്‌സൈസ്‌ വകുപ്പ്‌, ശുചിത്വ മിഷന്‍ എന്നിവയുടെ ബോധവല്‍ക്കരണ പരിപാടികളും സെമിനാറുകളും നടക്കും.
20 ന്‌ രാവിലെ 10.30 ന്‌ യു.പ്രതിഭാഹരി എം.എല്‍.എ മേള ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.രഘുപ്രസാദ്‌ അധ്യക്ഷത വഹിക്കും. സ്‌റ്റാളുകള്‍ക്ക്‌ ബന്ധപ്പെടേണ്ട നമ്പര്‍: 9497338750.

ഭരണിയുടെ തനതു വിഭവം കൊഞ്ചും മാങ്ങയും

മാവേലിക്കര: ഓണാട്ടുകരയുടെ തനതു വിഭവമാണ്‌ കൊഞ്ചും മാങ്ങയും. ഭരണി ദിനത്തിലെ സദ്യയില്‍ പ്രധാന വിഭവം കൊഞ്ചും മാങ്ങയുമാണ്‌. ഉണക്ക കൊഞ്ചാണ്‌ ഇതിനുപയോഗിക്കുന്നത്‌. പച്ചമാങ്ങ, നാളികേരം, ചെറിയ ഉള്ളി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, പച്ചമുളക്‌, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്‌ എന്നിവയാണ്‌ ഇതിന്റെ അനുബന്ധ കൂട്ടുകള്‍. ഉണക്ക കൊഞ്ച്‌ വറുത്തെടുത്ത ശേഷം ചിരട്ട കൊണ്ട്‌ തേച്ചെടുക്കുക. തലയും വാലും പാറ്റി കളയണം. അവശേഷിക്കുന്ന കൊഞ്ച്‌ ഒന്നുകൂടി ചെറിയതായി പൊടിച്ചെടുക്കുക. മാങ്ങ ചെറു കഷ്‌ണങ്ങളാക്കി ഇളംചൂടുവെള്ളത്തില്‍ ഇട്ടുവയ്‌ക്കണം. കൂടുതല്‍ പുളി ഉണ്ടെങ്കില്‍ കളയാനാണിത്‌. അരമുറി നാളികേരം ചുരണ്ടിയെടുത്ത്‌ അഞ്ച്‌ ചെറിയ ഉള്ളി, ചെറിയ സ്‌പൂണ്‍ മുളകുപൊടി, രണ്ടു പച്ചമുളക്‌ ഇവയെല്ലാം ഒരുമിച്ച്‌ ചതച്ചെടുക്കുക. ചട്ടിയില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച്‌ തയാറാക്കി വച്ച കൊഞ്ച്‌, ചതച്ചെടുത്ത സാധനങ്ങള്‍, കറിവേപ്പില എന്നിവ ആവശ്യത്തിന്‌ വെള്ളവും ഉപ്പും ചേര്‍ത്ത്‌ ചട്ടിയില്‍ വേവിക്കുക. പകുതി തിളച്ച്‌ കഴിയുമ്പോള്‍ അടപ്പ്‌ മാറ്റിവച്ച്‌ ചെറിയ ചൂടില്‍ വീണ്ടും വേവിക്കുക. വെള്ളം വറ്റിക്കഴിയുമ്പോള്‍ വെളിച്ചെണ്ണ ചുറ്റി ഒഴിച്ച്‌ വാങ്ങി വയ്‌ക്കുക. കൊഞ്ചും മാങ്ങ പൂര്‍ണമായും തണുത്തതിന്‌ ശേഷം മാത്രമേ അടപ്പ്‌ വയ്‌ക്കാവൂ.

Ads by Google
Thursday 15 Feb 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW